ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ് ഇന്ത്യയിലെ ആദ്യത്തെ സാരി ബുട്ടീക് പ്രവർത്തനമാരംഭിച്ചത്. സാരിയുടെ വർണങ്ങളിലും ഭംഗിയിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വന്നു തുടങ്ങിയ കാലം. സത്യ പോൾ എന്ന ഡിസൈനറും അദ്ദേഹത്തിന്റെ മകനും ചേർന്ന് അന്നു മുതൽ ഇന്നോളം സാരിയുടെ തലവരയും ഉടൽവരയും പലവുരു മാറ്റി വരച്ചു. താരങ്ങളും സാധാരണക്കാരും ആ മാറ്റങ്ങളെ ഹൃദയത്തോടു ചേർക്കുകയും ചെയ്തു. ബോൾഡ് പ്രിന്റുകളും , ജ്യോമട്രിക് പാറ്റേണുകളും നിയോൺ നിറങ്ങളും , സാറ്റിൻ തുണിയിൽ അബ്സ്ട്രാക്ട് പ്രിന്റുകളുമൊക്കെയായി , തൊണ്ണൂറുകളെ പുളകം കൊള്ളിച്ച് സത്യ പോൾ എന്ന ലേബൽ കത്തിക്കയറി.

ഇന്ത്യൻ ഹാൻഡ്ലൂം തുണികൾ വിദേശത്തെ ഹൈ എൻഡ് റീടെയ്ൽ കടകളിലേക്ക് കയറ്റിയയക്കുന്ന വ്യാപാരത്തിൽ നിന്നാണ് ഇന്ത്യയിലെ ബുട്ടീക് സംസ്കാരത്തിന് സാരഥിയായി സത്യപോൾ എത്തിയത്. പ്രിന്റുകൾ ഡി എൻ എ ആക്കിയ ബ്രാന്റിലൂടെ സാരികളുടെ നവോത്ഥാന നായകനാകുകയായിരുന്നു അദ്ദേഹം. സാരികൾ മാത്രമല്ല മറ്റ് ആക്സസറികളും അദ്ദേഹം രൂപകൽപന ചെയ്തു. മറ്റെന്തിലുമുപരിയായി ആത്മാവു കൊണ്ട്, സത്യാന്വേഷണത്തിലും ആത്ഥ്യാത്മികതയിലും താൽപര്യമുണ്ടായതു കൊണ്ട് അദ്ദേഹം വ്യത്യസ്തനായ ഫാഷൻ ഡിസൈനറായി മാറി. ഓഷോയുടെ അനുഭാവിയായിരുന്ന സത്യ ,പിൽക്കാലത്ത് സദ്ഗുരുവിന്റെ ശിക്ഷണം സ്വീകരിച്ചു. കഴിഞ്ഞ ദിവസം മരിക്കുമ്പോഴും അദ്ദേഹം കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലായിരുന്നു. എഴുപത്തെട്ടു വയസായ അദ്ദേഹം ഇക്കഴിഞ്ഞ ഡിസംബറിൽ സ്ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.
മരണസമയത്ത് പ്രകടിപ്പിച്ച ആഗ്രഹവും സ്വതന്ത്രനാകണമെന്നായിരുന്നു. മരുന്നും ഇഞ്ചക്ഷനുകളിൽ നിന്നും ഒബ്സർവേഷനിൽ നിന്നുമൊക്കെ മാറി ഇഷ സെന്ററിൽ മരിക്കുന്നതിനു തൊട്ടു മുൻപെത്തിയതും ഇക്കാരണങ്ങളാലാണ്. ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ സത്യ പോളിന്റെ മകൻ പുനീത് നന്ദയാണ് മരണവാർത്ത വെളിപ്പെടുത്തിയത്.
വിദ്യാ ബാലൻ, റിമ കല്ലിങ്കൽ തുടങ്ങീ സത്യപോൾ സാരികളിൽ തിളങ്ങിയ മലയാളി താരങ്ങളുടെ ഫയൽ ചിത്രങ്ങളാണ് ഒപ്പം.