Thursday 02 November 2023 03:13 PM IST

‘അമ്മയായാലും എന്റെ ശരീരം സുന്ദരം; മുന്‍പ് ഉണ്ടായിരുന്ന അതേ ആത്മവിശ്വാസം ഇപ്പോഴും’: മിസ്സിസ് കേരളാ ഫൈനലിസ്റ്റ് അഞ്ജലി പ്രതീക് പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

anjali-pratheek990

അമ്മയായാല്‍ പെണ്ണിന്റെ സൗന്ദര്യം പോയി എന്നോര്‍ത്ത് സങ്കടപ്പെടുന്നവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് അഞ്ജലി പ്രതീക് ജെയ്ന്‍. പ്രസവശേഷമുള്ള പത്താം മാസം സൗന്ദര്യ വേദിയില്‍ റാംപ് വോക് നടത്തി ആത്മവിശ്വാസത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ് ഈ മുപ്പതുകാരി. വയനാട് കല്‍പ്പറ്റയില്‍ നിന്നെത്തി മിസ്സിസ് കേരളാ 2023 ന്റെ വേദിയിലാണ് അഞ്ജലി പ്രതീക് നേട്ടം കൊയ്തത്. സെപ്റ്റംബര്‍ 23ന് ആലപ്പുഴയിലുള്ള കെയിംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് മിസ്സിസ് കേരളാ 2023 മത്സരങ്ങള്‍ നടന്നത്. 3000 മത്സരാര്‍ഥികളാണ് അപേക്ഷ അയച്ചത്. അത്രയും പേരെ പിന്തള്ളിയാണ് 27 ഫൈനലിസ്റ്റുകളില്‍ ഒരാളായി അഞ്ജലി തിരഞ്ഞെടുക്കപ്പെട്ടത്. 

മിസ്സിസ് കേരളാ മത്സരത്തില്‍ ഫൈനലിസ്റ്റാവുക എന്നതായിരുന്നു അഞ്ജലിയുടെ ആഗ്രഹം. ആ ലക്ഷ്യം കൈവരിക്കാന്‍ പറ്റിയ സന്തോഷത്തിലാണ് അഞ്ജലിയിപ്പോള്‍. ബെംഗളൂരു താമസമാക്കിയിട്ടുള്ള അഞ്ജലി ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. ഭര്‍ത്താവ് പ്രതീക് അമേരിക്കന്‍ എക്സ്പ്രസില്‍ ഡാറ്റാ എന്‍ജിനീയറാണ്. മത്സരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് അഞ്ജലി പ്രതീക് ജെയ്ന്‍. 

കുഞ്ഞുമോളെ വിട്ട് സൗന്ദര്യവേദിയില്‍ 

ടിയാര പ്രതീക് ജെയ്ന്‍ എന്നാണ് മോളുടെ പേര്. ഇപ്പോള്‍ അവള്‍ക്ക് ഒരു വയസു കഴിഞ്ഞു. മോള്‍ക്കു പത്തു മാസം പ്രായം ഉള്ളപ്പോഴാണ് ഞാന്‍ മിസ്സിസ് കേരളാ മത്സരത്തില്‍ പങ്കെടുക്കുന്നത്. മോളെ വീട്ടില്‍ അമ്മയുടെ അടുത്താക്കിയാണ് 10 മണിക്കൂര്‍ യാത്ര ചെയ്ത് ഞാന്‍ ആലപ്പുഴയില്‍ എത്തിയത്. നാലു ദിവസം മോളെ വിട്ടുനിന്നു. ഫീഡിങ് ആയിരുന്നു പ്രധാന പ്രശ്നം. നാലഞ്ചു മണിക്കൂര്‍ കുട്ടിയ്ക്ക് പാലു കൊടുക്കാതെ ഇരിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. 

anjalimrs88998

മോള്‍ക്ക് ഉറങ്ങുമ്പോള്‍ ഞാനടുത്തുവേണം, നാലു ദിവസത്തോളം അതൊരു പ്രശ്നമായിരുന്നു. പക്ഷേ, അമ്മയും അച്ഛനും വളരെ നന്നായി ആ സാഹചര്യം കൈകാര്യം ചെയ്തു. അവര്‍ മോളെ നല്ലതുപോലെ നോക്കിയതുകൊണ്ടാണ് എനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയത്. പിന്നീട് മോള്‍ അഡ്ജസ്റ്റ് ആയി.

കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ജോലിയ്ക്ക് പോകണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മക്കളെ ഒരുവിധം കൈകാര്യം ചെയ്യാന്‍ പറ്റുമെങ്കില്‍ അമ്മമാര്‍ ജോലിയ്ക്കു പോകണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. എത്ര ദിവസം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവോ അത്രയും കാലത്തെ പരിചയക്കുറവ് കരിയറില്‍ വരും. മികച്ച പ്രൊഫഷണല്‍ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഭാവിയില്‍ അതൊരു ബുദ്ധിമുട്ടായി മാറും. പ്രൊഫഷനും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകണം. വിവാഹം കഴിച്ചതുകൊണ്ടോ, കുഞ്ഞുങ്ങള്‍ ഉണ്ടായതു കൊണ്ടോ വീട്ടില്‍ അടച്ചിരിക്കണം എന്ന അഭിപ്രായം എനിക്കില്ല.

anjsalimrs567

ചെറുപ്പം മുതലേ മോഡലിങ് 

എനിക്ക് ചെറുപ്പം മുതലേ മോഡലിങ് ഇഷ്ടമായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ആരാകണമെന്നാണ് ആഗ്രഹം എന്നു ചോദിച്ചു, അന്നും മോഡല്‍ ആയാല്‍ മതി എന്നാണ് പറഞ്ഞത്. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ഫാഷന്‍ ഷോയില്‍ സെലക്റ്റ് ആയിരുന്നു. അന്ന് വേറൊരു ഫങ്ഷന്‍ ഉണ്ടായിരുന്നതുകൊണ്ട് പങ്കെടുക്കാന്‍ പറ്റിയില്ല. ആ സങ്കടമാണ് ഇപ്പോള്‍ തീര്‍ന്നത്. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടേയും പിന്തുണയുള്ളതു കൊണ്ടാണ് വീണ്ടും റാംപില്‍ എത്താന്‍ സാധിച്ചത്.

ഇനി മുന്നോട്ട് മോഡലിങ്ങില്‍ സജീവമാകണം എന്നാഗ്രഹമുണ്ട്. വരുന്ന മിസ്സിസ് ഗോള്‍ഡന്‍ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യയില്‍ സെലക്ഷന്‍ ആയിട്ടുണ്ട്. ചെന്നൈയില്‍ വച്ചാണ് മത്സരം. പക്ഷേ, കുടുംബത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിശേഷം വന്നതോടെ അതിലും പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം ആണ്. ഇനിയങ്ങോട്ട് ഏതു സ്റ്റേജ് ഉണ്ടെങ്കിലും അറ്റന്‍ഡ് ചെയ്യണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. 

anjalimrs44

മിസ്സിസ് കേരളാ മത്സരത്തിന്റെ മുന്നോടിയായി രണ്ടു ദിവസമായിരുന്നു ഗ്രൂമിങ് സെക്ഷന്‍. പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ്, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ദേവിപ്രിയ എന്നിവരായിരുന്നു ഞങ്ങള്‍ക്ക് ഗ്രൂമിങ് തന്നത്. ക്യാറ്റ് വോക്ക് എങ്ങനെ വേണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നില്‍ക്കണം, എങ്ങനെ തിരിയണം. ഐ കോണ്ടാക്റ്റ് എങ്ങനെ വേണം എന്നൊക്കെയാണ് പഠിപ്പിച്ചത്. നല്ലൊരു ഗ്രൂമിങ് സെക്ഷന്‍ കിട്ടിയതു കൊണ്ടാണ് സ്റ്റേജില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയത്. ഫിനാലെയില്‍ എന്റെ ഫസ്റ്റ് വോക്ക് കഴിഞ്ഞതും ദാലു സര്‍ നൈസ് എന്ന് പറഞ്ഞിരുന്നു. 

70 ല്‍ നിന്ന് 58 ലേക്ക്.. 

പ്രസവത്തിനു മുന്‍പും വ്യായാമം, യോഗ എന്നിവയെല്ലാം ചെയ്യുന്ന ഒരാളായിരുന്നു ഞാന്‍. ഡെലിവറിയുടെ മൂന്നു ദിവസം മുന്‍പുവരെ നടത്തം, ഓട്ടം, ചെറു വ്യായാമങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. നോര്‍മല്‍ ഡെലിവറിയാകണം എന്ന് അത്രയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ, നോര്‍മല്‍ ഡെലിവറി സാധിച്ചില്ല. എന്നിട്ടും തോറ്റ് പിന്മാറാന്‍ തോന്നിയില്ല. സിസേറിയന്‍ കഴിഞ്ഞു നാലു മാസം കഴിഞ്ഞതും ചെറിയ രീതിയില്‍ വര്‍ക് ഔട് തുടങ്ങി. 

anjalimrs89gjiiu

ഡെലിവറി സമയത്ത് 70 കിലോ ശരീരഭാരം ഉണ്ടായിരുന്നു. ആറു മാസം കൊണ്ട് 12 കിലോയോളം വണ്ണം കുറച്ച് 58 കിലോയില്‍ എത്തി. അതൊരു നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. മോള്‍ ജനിച്ചശേഷം ചെറിയ രീതിയില്‍ ഉത്കണ്ഠ, സ്ട്രസ് എന്നിവയുണ്ടായിരുന്നു. ശരിക്കും ഉറക്കം കിട്ടിയിരുന്നില്ല, പോരാത്തതിന് വിശ്രമവും. എന്നിട്ടും വര്‍ക്ക് ഔട്ട് ആരംഭിച്ചു. 

വര്‍ക്ക് ഔട്ടു തുടങ്ങിയശേഷം മനസ് കുറേകൂടി ഫ്രീയായി. കുഞ്ഞിനു പാലു കൊടുക്കുന്നതു കൊണ്ട് അവളുടെ ആരോഗ്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഭക്ഷണകാര്യത്തിലും ശ്രദ്ധിച്ചു തുടങ്ങി. ഒരു വര്‍ഷമായി പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാറില്ല. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് പ്രധാനം. 

ഇപ്പോഴും എന്റെ ശരീരം പഴയതുപോലെയാണെന്ന വിശ്വാസം എനിക്കുണ്ട്. അമ്മയാകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന പോസിറ്റീവ് എനര്‍ജിയും ആത്മവിശ്വാസവും ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞതും. 

Tags:
  • Fashion