Friday 01 January 2021 02:16 PM IST

അമ്മയുടെ ആമാടപ്പെട്ടിയിൽ മാത്രമല്ല, മകളുടെ ഹൃദയത്തിലും ചേക്കേറാൻ തയ്യാറായി പുതുവർഷ ആഭരണങ്ങൾ

Delna Sathyaretna

Sub Editor

J1

 യെലോ..യെലോ..‍ഡേര്‍ട്ടി ഫെലോയെന്ന് പാടി നടക്കുന്ന കൗമാരക്കാരെ സ്വർണമണിയിക്കാൻ അൽപം പാടാണ്. ഫാൻസി ആഭരണങ്ങൾക്കു പിന്നാലെ അവരങ്ങനെ തുമ്പിപ്പെണ്ണായി പാറി നടക്കാനാഗ്രഹിക്കും. ജങ്കും ഫങ്കും അടിപൊളിയുമൊക്കെയാണ് അവരുടെ കിന്നാരങ്ങൾ. അമ്മയുടെ കരിമണിയും കയറുപിരിയും ഒക്കെയിട്ടാൽ ആന്റി ലുക്കാകുമെന്നാണ് പരാതി. ന്യൂജൻ അമ്മമാരും ആന്റി ലുക്ക് ഇഷ്ടപ്പെടുന്നവരല്ല. പുതുവർഷത്തിലെ ട്രെന്റിങ് ആഭരണങ്ങൾ അവരുടെ പുതിയ ഇഷ്ടങ്ങളെയും നെഞ്ചോടു ചേർക്കുന്നു. ലൈറ്റ് വെയ്റ്റ്, സ്മാർട്ട്, മഞ്ഞയിൽ മാത്രമൊതുങ്ങാതെ പല നിറങ്ങൾ.

J2


മലയാളിയുടെ സ്വർണത്തിലെ പുതിയ കാഴ്ചകൾ ഇങ്ങനെയൊക്കെയാണ്. ബട്ടർഫ്ലൈ പോലെ കുട്ടിത്തമുള്ള ഡിസൈനുകളിലും ഇനാമൽ വർക്കിന്റെ നിറശോഭയിലും കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം ,മകൾക്കായുള്ള കരുതലും അവളുടെ സന്തോഷവുമാകുന്നു. ആഭരണങ്ങളിൽ പല ഷേഡുകൾ വരുന്നത് കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ ട്രെൻഡിന്റെ മുൻനിരയിൽ തന്നെയുണ്ട്. വെള്ള, കോപ്പർ, യെലോ, റോസ് ഗോൾഡ് ഫിനിഷുകൾക്ക് ഒരേ ആഭരണത്തെ ഏറ്റവും സുന്ദരിയാക്കാനാകും. പല വസ്ത്രങ്ങൾക്കൊപ്പവും മാച്ച് ചെയ്യാനും എളുപ്പമാകും.

J3


പിന്നെയുള്ളത് ലൈറ്റ് വെയ്റ്റ് ഫാൻസി ഡിസൈൻ കമ്മലുകളും , വള പകുതിയും ബ്രേസ്ലെറ്റ് പകുതിയുമായ ആഭരണങ്ങളുമാണ്. 18 കാരറ്റ് സ്വർണത്തിൽ തീർത്തിരിക്കുന്നതു കൊണ്ട് മടുപ്പിക്കുന്ന മഞ്ഞനിറവും കുറവായിരിക്കും. സ്മാർട്ട് ഉപയോഗം നൽകുന്ന ആഭരണങ്ങളോടും യുവരക്തത്തിന് ഹരമുണ്ട്. പകുതിയിളക്കിമാറ്റി രണ്ടു രീതിയിൽ ഉപയോഗിക്കാവുന്ന പെന്ററന്റോടു കൂടിയ മാലകൾ ഈ കുടുംബത്തിൽ പുതിയ അംഗമാണ്. ഇരു വശങ്ങളും ഉപയോഗിക്കാവുന്ന മാലകളും കമ്മലുകളും മുൻവർഷങ്ങളിൽ താരമായിരുന്നു.
 
കടപ്പാട്: ചുങ്കത്ത് ജ്വല്ലറി

Tags:
  • Fashion Tips
  • Latest Fashion
  • Fashion