Friday 01 March 2024 03:14 PM IST : By സീനാ ടോണി ജോസ്

‘ഭരതനാട്യത്തിന് പട്ടുസാരിക്കുപകരം കോട്ടൻ സാരി മതിയെന്ന് ആദ്യമായി തീരുമാനിക്കുന്നത് ഞാനായിരിക്കും’; സാരി വിശേഷങ്ങളുമായി രാജശ്രീ വാരിയർ

rajasree-warrrr ഫോട്ടോ: അരുൺ സോൾ

സാരിയുടെ നിറങ്ങൾ ജീവിതത്തിന് ഊർജമായി മാറുന്ന അനുഭവം പറയുന്നു രാജ്യത്തെ തന്നെ മികച്ച ഭരതനാട്യം നർത്തകിയും ദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ രാജശ്രീ വാരിയർ

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ നിറങ്ങൾ  അവയുടെ വർണാഭമായ ഉടലുകളുമായി മുന്നിൽ ചുവടുവയ്ക്കുംപോലെയാണ്. കാണാനും തൊടാനുമാകാത്ത  സന്തോഷകിരണങ്ങൾ ആ നിറങ്ങളിൽ നിന്നു പ്രസരിക്കും പോലെ തോന്നും. എ ന്റെ ഉള്ളു നിറയ്ക്കും പോലെയും.    

അതേസമയം മനസ്സ് അലങ്കോലമാണെങ്കിൽ ധരിക്കാൻ തിരഞ്ഞെടുക്കുക പേസ്റ്റൽ നിറമുള്ള സാരിയാണ്. ചിലപ്പോൾ വെള്ളനിറം പോലുമായിരിക്കും. അറ്റത്ത് ചുവപ്പ്, ഒാറഞ്ച്, കറുപ്പ് ഒക്കെ ബോർഡർ ഉള്ള വെള്ളസാരിക്ക് എന്തൊരു മിഴിവാണ്.

ഇളം നിറങ്ങൾ ചുറ്റുമ്പോൾ മനസ്സ് അലകൾ അടങ്ങി ശാന്തമായ കടൽ പോലെയാകും. നിർമലമായ മനോവിചാരങ്ങളാൽ ഞാൻ ധ്യാനത്തിലെന്നപോലെയാകും. മൗനം പോലും മധുരമാകും. ഇളംനിറത്തോടും കടുംനിറത്തോടും ഒരുപോലെ ഇഷ്ടമുള്ളതുകൊണ്ടാകും എന്റെ സാരി ശേഖരത്തിലേക്ക് എല്ലാ നിറങ്ങളും കയറിവന്നത്.

കോട്ടൻ സാരികളോടാണ് എല്ലാക്കാലത്തും പ്രിയം. കുറഞ്ഞ വിലയുള്ള മധുര കോട്ടൻസാരി മുതൽ വിലയേറിയ സാംബൽപൂരി, ധാർവാർ, മൽ കോട്ടൻ സാരികൾ എല്ലാം ഒരുപോലെ ഇഷ്ടമാണ്. സാരിയുടുത്താൽ ഇണങ്ങുന്ന  മാലയണിയണം, വളയണിയണം എന്നൊക്കെ ആയിരുന്നല്ലോ പൊതുവെ വിചാരം. അതൊക്കെ അവഗണിച്ചു മാലയും കമ്മലും വളയുമൊന്നുമിടാതെയായിരുന്നു പ്രഭാഷണങ്ങൾക്കും ഡാൻസ് വർക്‌ഷോപ്പുകൾക്കുമെല്ലാം പോയിരുന്നത്. സാരി സ്വന്തമായി നിലനിൽപ്പുള്ള വസ്ത്രമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. സപ്പോർട്ട് ചെയ്യാൻ ആഭരണങ്ങളുടെ ആവശ്യമെന്ത് ?

DSCF4495-2-copy

സമ്മാനിക്കാൻ ഒരു സാരി

സാരിയുടെ കാര്യത്തിൽ അൽപംപോലും പൊസ്സസീവ് അല്ല ഞാൻ. രണ്ടു ദിവസം എ ന്റെ കൂടെ വീട്ടിൽ വന്നു താമസിക്കുന്നവർ എന്റെ അലമാരയിൽ നിന്ന് ഒന്നോ രണ്ടോ സാരിയെങ്കിലും കൊണ്ടേ പോകൂ. സമ്മാനമായി സാരി കൊടുക്കാനുമുണ്ട് വലിയ ഉത്സാഹം. സ്വീകരിക്കുന്നവരുെട അഭിരുചിക്ക് ഇ ണങ്ങുന്ന സാരി നൽകാനും ശ്രദ്ധിക്കും.

ഒരിക്കൽ സാരി എന്നെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ നൃത്ത പരിപാടി കഴിഞ്ഞ് എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരാൾ വർധിച്ച അദ്ഭുതത്തോടെ ഒാടിവന്നു പരിചയപ്പെടുന്നു. എന്റെ ടെലിവിഷൻ പരിപാടിയും നൃത്തവുമെല്ലാം കണ്ടാസ്വദിക്കാറുള്ള അദ്ദേഹത്തിന് അവിടെവച്ച് ഒരു സമ്മാനം തന്നേ തീരൂ. എയർപോർട്ടിലെ ബംഗാൾ സാരി എംപോറിയത്തിലേയ്ക്ക് ഒാടിക്കയറിയ അയാൾ  ത്രെഡ്‌വർക്ക് ബോർഡർ ഉള്ള ബ്രൈറ്റ് യെല്ലോ സാരിയുമായി തിരികെയെത്തി. ആ പ്രവൃത്തിയിൽ വല്ലാതെ പരിഭ്രമിച്ചു പോയെങ്കിലും ഇന്നിപ്പോൾ എന്റെ സാരികൾക്കിടയിലെ റാണിയാണ് ആ മഞ്ഞ സാരി. അത്രമേൽ ആരാധനയോടെ നൽകുന്ന ഏതു സമ്മാനമാണ് പ്രിയങ്കരമല്ലാതിരിക്കുക?

സാരിയോടൊപ്പമുള്ള വിത് ബ്ലൗസ് പീസുകൾ അങ്ങനെ ഉപയോഗിക്കാറില്ല. പകരം ബ്ലൗസുകൾ മാറി മാറി നൽകി സാരിയെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കും.  എത്ര പഴകിയാലും പലപ്പോഴും സാരിയുപേക്ഷിക്കാൻ മനസ്സുവരാറില്ല. ബോഡി ചീത്തയായാൽ ബോർഡർ, മുന്താണി എല്ലാം അഴിച്ചെടുത്തു സൂക്ഷിച്ചു വയ്ക്കും. അവസരം പോലെ പ്ലെയിൻ സാരികളിൽ അതു ചേർത്തു പുതിയ സാരി നിർമിക്കും. ചില ഭംഗിയുള്ള ഡിസൈനുകൾ മുറിച്ചെടുത്തു ദുപ്പട്ട ആക്കും. ബോർഡർ വെട്ടി കട്ടിയുള്ള തുണിയുടെയും ചാക്കിന്റെയുമെല്ലാം നാലുവശത്തും അടിച്ച് ഫ്ലോർ മാറ്റുകൾ ഉണ്ടാക്കും. ടേബിൾ റണ്ണർ, ചെയർ ബായ്ക്ക്... ഇങ്ങനെ ഉടലിൽ സ്നേഹത്തോടെ മയങ്ങിക്കിടന്ന എല്ലാ സാരികളും പിന്നീട് എന്റെ വീടിന് അലങ്കാരമായി മാറിയിട്ടുണ്ട്.

ഭരതനാട്യത്തിന് പട്ടുസാരിക്കുപകരം കോട്ടൻ സാരി മതിയെന്ന് ആദ്യമായി തീരുമാനിക്കുന്നത് ഒരുപക്ഷേ, ഞാനായിരിക്കും. കേരളം പോലെ ഹ്യൂമിഡിറ്റി ഉള്ള ഒരു സ്ഥലത്ത് എന്തിനാണ് കട്ടിയുള്ള പട്ടുടുത്ത് വിയർത്തുകുളിച്ചു നൃത്തം ചെയ്യുന്നത്? സഫോക്കേഷൻ സ്റ്റേജിലായാലും ജീവിതത്തിലായാലും സഹിക്കേണ്ട ആവശ്യമില്ലല്ലോ. നൃത്ത പരിപാടിയുടെ പണച്ചെലവും നേർപകുതിയായി കുറയ്ക്കാൻ പറ്റും.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ചിലങ്കയിട്ടു നൃത്ത വേദിയിൽ കയറുന്നത്. ടീച്ചറുടെ പതിനെട്ടുമുഴം പട്ടുസാരിയിൽ ഇത്തിരിപ്പോന്ന ഞാൻ ഒരു വലിയ പൊതിക്കെട്ടു പോലെയായിരുന്നു. പിന്നീട് എത്രയോ വേദികൾ. സംഗീതവും പരിശീലിച്ചിരുന്നതുകൊണ്ട് സ്കൂളിലും കോളജിലും പരീക്ഷയുടെ തലേദിവസം പോലും നൃത്തപരിപാടികൾ, പാട്ടു കച്ചേരികൾ... പലരും അച്ഛനോടും അമ്മയോടും ചോദിക്കുന്നതു കേട്ടിട്ടുണ്ട്, ‘ഇതെന്താ, കുട്ടിയെ ഇങ്ങനെ വിട്ടിരിക്കുകയാണോ?’

ഒറ്റയ്ക്കുള്ള യാത്ര  

കേന്ദ്രസർക്കാർ ജീവനക്കാരായിരുന്നു അച്ഛൻ രാജ ശേഖര വാരിയരും അമ്മ ശ്രീദേവിയും. എന്റെ കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ മുഴുവൻ സ്വാതന്ത്ര്യവും തന്ന അച്ഛനമ്മമാർ. അതുകൊണ്ടാണ് എന്റെ മകൾ ലാവണ്യയ്ക്കു ഞാൻ മാത്രം മതി എന്ന് ഒരുഘട്ടത്തിൽ തീരുമാനിക്കാനായത്. സിംഗിൾ മദർ എന്ന കൺസപ്റ്റ് നമ്മൾ കേട്ടുതുടങ്ങിയിട്ടില്ലാത്ത കാലമായിരുന്നു. സത്യത്തിൽ ഒരു സ്ത്രീയുടെ സിംഗിൾ സ്റ്റേച്ചറിനെ അൽപമെങ്കിലും അംഗീകരിക്കാൻ നമ്മുടെ സമൂഹം തയാറായിട്ടുള്ളത് ഇപ്പോൾ മാത്രമാണ്.

ആ ജീവിതയാത്രയിൽ വേദനകൾ ഉണ്ടായിട്ടില്ലേ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയാനാകില്ല. പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞതുപോലെ കൂടെ കൊണ്ടുനടക്കുന്ന ശത്രുവാണ് മിത്രം എന്നു മനസ്സിലാക്കി തന്ന ഒരനുഭവം ഒരിക്കൽ ഉണ്ടായി. അതോടെ ഞാൻ ഡിപ്രഷനിലായി. അതെനിക്കു തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും  മകൾ പെട്ടെന്നു  മനസ്സിലാക്കി. ആ ദിവസങ്ങളിൽ അവൾ എനിക്ക് അമ്മയും ഞാൻ അവളുെട മകളുമായി.

മകൾ ചാർട്ടേർഡ് അക്കൗണ്ടന്റായ ശേഷം ആദ്യ ശമ്പളത്തിൽ നിന്നു  വാങ്ങിത്തന്നതാണ് ഈ പിങ്ക് സാരി. അമ്മ സ്നേഹത്തോടെ സമ്മാനിച്ചതാണ് ആദ്യ ചിത്രത്തിലെ മെറൂൺ നിറമുള്ള ഖാദി സിൽക് സാരി.

ഇൻട്രോവെർട്ട് ആയിരുന്ന, ആളുകളോടു സംസാരിക്കാൻ പോലും ഇഷ്ടമല്ലാതിരുന്ന ഞാൻ ഇപ്പോൾ ഒരുപാടു മാറി. കുറച്ചുകൂടി റിയലിസ്റ്റിക് ആകൂ എന്നൊക്കെ പറഞ്ഞ് എന്റെ മനസ്സിനെ ഈ ലോകത്തിനോടു കൂടുതൽ ഇണക്കിച്ചേർക്കുന്ന ഒരാളുണ്ട് ഇപ്പോൾ.

പരിചയത്തിന്റെയും മനസ്സിലാക്കലിന്റെയും ഭാഗമായി ജീവിതത്തിലേക്കു വന്നണഞ്ഞതാണ് അനിൽ എസ്. നായരുമായുള്ള വിവാഹം. നാൽപതു വയസ്സുവരെയൊക്കെ സിംഗിൾ ആയി ജീവിച്ച ഒരാൾക്ക് മറ്റൊരാളെ ജീവിതത്തിൽ ഉൾക്കൊള്ളുക അത്ര എളുപ്പമല്ല. മറുവശത്തും അങ്ങനെയാകും. രണ്ടുപേർക്കും ആവശ്യമായ സ്പേസ് നൽകിക്കൊണ്ടേ ആ ബന്ധം നിലനിൽക്കൂ.

മകൾ ഇന്ന് വിവാഹിതയാണ്. അച്ഛൻ എന്ന സാന്നിധ്യത്തെ ഈ അടുത്തകാലത്താണ് അവൾ തിരിച്ചറിയുന്നത്. കല്യാണപന്തലിൽ കയറുമ്പോൾ അച്ഛൻ കൈ പിടിച്ചു നൽകുന്ന നിമിഷം അവൾ കാത്തിരിക്കുകയായിരുന്നു, അദ്ദേഹവും. ഇതുപോലെ നിറഭംഗിയുള്ള മുഹൂർത്തങ്ങളുടെ ഒരു കളക്‌ഷൻ ആയി ജീവിതത്തെ കാണാനല്ലേ നമ്മളൊക്കെ ആഗ്രഹിക്കുന്നത്? മനോഹരമായ സാരികൾ അടുക്കിവച്ച അലമാരയെന്നപോലെ.

സീനാ ടോണി ജോസ്

ഫോട്ടോ: അരുൺ സോൾ

Tags:
  • Fashion
  • Trends