Saturday 16 May 2020 04:05 PM IST

മൊട്ടയടിക്കാൻ ആരെ പേടിക്കണം ; ബോൾഡ് ആറ്റിട്യൂടുമായി ബാൾഡ് ലേഡീസ് !

Delna Sathyarathna

Sub Editor

delna

മുടി വെട്ടി ഷോർട് ആക്കാനും, മുടിയിൽ നിറങ്ങൾ പരീക്ഷിക്കാൻ പോലും നാലാമതും അഞ്ചാമതും മലയാളി സ്ത്രീ ചിന്തിക്കും. മുടിയിലാണ് സൗന്ദര്യമെന്നു കാലാകാലങ്ങളായി നമ്മൾ വിശ്വസിക്കുന്നു. ആണിന് മൊട്ടയടിക്കാം.. പക്ഷേ പെണ്ണ് മൊട്ടയടിച്ചാലോ? വിധവകൾ ചെയ്തിരുന്ന ചടങ്ങായതിനാലാകാം, മലയാളിക്ക് പെൺ -മൊട്ടയടി അത്ര പഥ്യമല്ല. പെണ്ണുകാണാൻ വരുന്ന ചെക്കനെ ആകർഷിക്കാൻ മുടി നല്ല നീളത്തിൽ തന്നെ വേണമെന്ന് പറഞ്ഞ് .. കല്യാണ പ്രായമായ പെൺകുട്ടികൾ തീരെ മുടി മൊട്ടയടിക്കില്ല. ഇന്ന് ഷോർട് ഹെയർ സ്റ്റൈലുകളൊക്കെ സാധാരണം. ആർക്കും അതിൽ പരിഭവങ്ങളുമില്ല. എന്നാൽ മകൾ മൊട്ടയടിച്ചു വീട്ടിലേക്കു വന്നാൽ മിക്ക അപ്പനമ്മമാരുടെയും മുഖം ചുളിയും. നാട്ടുകാരെന്തു പറയും എന്നൊക്കെയോർത്ത്, മാറ്റിവച്ച മൊട്ടത്തല മോഹം സ്വന്തമായപ്പോൾ സന്തോഷവും, സമാധാനവും, ആത്മവിശ്വാസവും കൂടിയ ചിലരെ പരിചയപ്പെടാം.

del33

വീട്ടുകാരുടെ സഹകരണത്തോടെ തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതാണ് കൃഷ്ണപ്രഭ. അമ്മയും ഒപ്പം മൊട്ടയടിച്ചു. കഴിഞ്ഞ വർഷത്തെ ലുലു ഫാഷൻ വീക്കിൽ, വെള്ള ഷർട്ടുമിട്ട് മുടിയില്ലാത്ത ബോൾഡ് തലയുമായി കൃഷ്ണപ്രഭ നടന്നത്, ആരാധകരുടെ ഹൃദയത്തിലേക്കാണ്. പിന്നെ ബാഡ് ഹെയർ ഡേ എന്നൊന്നില്ല. എവിടേക്കെങ്കിലും പോകണമെങ്കിൽ മുടി കെട്ടിയും മാറ്റിക്കെട്ടിയും സമയം കളയണ്ട. കുളിച്ചാൽ തല തുടയ്ക്കാനും തണുക്കാനും എന്തെളുപ്പം. നടിയായതു കൊണ്ട്, മേക്കപ്പ് ഇടുമ്പോൾ ഹെയർ സ്പ്രേ, ഹെയർ സ്ട്രൈറ്റനിങ്, കേർളിംഗ് ഒക്കെ ചെയ്യാതെ വയ്യ.. അങ്ങനെ പൊട്ടിയും ജീവനില്ലാതെയും ആകാൻ തുടങ്ങിയിരുന്നു മുടിയിഴകൾ. മൊട്ടയടിച് ഒരു വർഷം ആയപ്പോഴേക്കും മുടിക്ക് പുതു ജീവനാണ്. ഉള്ളും കൂടുതൽ.

ഇനി മൊട്ടത്തല ലക്ഷ്യം R J നീനയിലേക്ക് തിരിക്കാം, അഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന ആക്‌സിഡന്റിന്റെ പശ്ചാത്തലത്തിലാണ് നീന മൊട്ടത്തലയുടെ സുഖമറിയുന്നത്. അന്ന് കുറച്ചു മുടി നഷ്ടമായി. മുഖത്തും പരിക്കുകൾ. അപ്പോൾ പരിക്കുകളൊക്കെ സുഖമാകുന്നത് വരെ മുടിയും പോട്ടെയെന്നു തീരുമാനിച്ചു. മുഖത്ത് പുതിയ സ്കിൻ വളർന്നതിനൊപ്പം പുതുജീവനോടെ മുടിയും വളർന്നു. കുട്ടിക്കാലത്തു ബൈ പറഞ്ഞ മൊട്ടത്തലയോട് നീനയ്ക് പ്രണയമായി. അങ്ങനെ ഇടയ്ക്കിടെ മൊട്ടയടിക്കും.

dere

ലോക്ക് ഡൗൺ സമയത്തു നടി ജ്യോതിർമയിയും തന്റെ മൊട്ടത്തല കാട്ടി നമ്മളെ ഞെട്ടിച്ചു. ഈ ബാൾഡ് ആൻഡ് ബോൾഡ് സ്റ്റൈലിൽ താൻ ഏറെ കംഫർട്ടബിൾ ആണെന്ന് ജ്യോതിർമയിയും സമ്മതിക്കുന്നു. ലെനയും മൊട്ടത്തലയും ഷോർട് മുടിയും നന്നായി ക്യാരി ചെയ്യുന്ന വ്യക്തിയാണ്. ഇനി പേര് വെളിപ്പെടുത്താത്ത ഒരു പാവം പെണ്ണിന്റെ അനുഭവം കൂടെ പറയാം. തല മൊട്ടയടിച്ച ശേഷം തന്നെ ആൺകുട്ടികൾ കൂടുതൽ ശ്രദ്ധിക്കുന്നെന്നും, തന്റെ ആൺസുഹൃത്തുക്കളിൽ പലരും ക്രഷ് വെളിപ്പെടുത്തിയത് മൊട്ടത്തല കണ്ടാണെന്നും അവൾ പറയുന്നു. പിന്നെ ബോൾഡ് ആണെന്ന് രൂപത്തിൽ നിന്ന് വ്യക്തമായത് കൊണ്ട്, ആരും അനാവശ്യമായി ചൊറിയാൻ വരികയും ഇല്ലത്രെ. ബാർബർ ഷോപ്പും സലൂണുകളും തുറക്കാത്തതുകൊണ്ട്, ചേട്ടന്മാരുടെയും ഇഷ്ട ഹെയർ സ്റ്റൈൽ ട്രെൻഡ് ഇപ്പോ ബാൾഡ് ഹെഡ് തന്നെ.

Tags:
  • Fashion