Thursday 08 December 2022 03:26 PM IST : By സ്വന്തം ലേഖകൻ

‘ചൊറിച്ചിലും തടിപ്പും മാത്രമല്ല, അപൂർവം ചിലരിൽ മരണം വരെ സംഭവിക്കാം’; അലർജിയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

allergyyyyfreee

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജി. ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്നു പറയുന്നത്. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ പടവെട്ടാനാണു ശരീരത്തിലെ പ്രതിരോധവ്യവസ്ഥ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ, അലർജിയുണ്ടാവാൻ സാധ്യതയുള്ളവരിൽ ഈ വ്യവസ്ഥ കുഴപ്പക്കാരല്ലാത്ത പ്രോട്ടീനുകൾക്കെതിരെയും പ്രതികരിക്കുന്നു. അതായത് ഒരുതരം വികലമായ പ്രതിരോധപ്രവർത്തനം. ചെറുതും വലുതുമായ അലർജികളുണ്ടാവാൻ പല കാരണങ്ങളുമുണ്ട്. പൊടി, ഭക്ഷ്യവസ്തുക്കൾ, ചില പൂമ്പൊടിയും മറ്റും, ചില രാസവസ്തുക്കൾ ഇവ അലർജിക്ക് കാരണമാകും. അലർജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലർജനുകൾ എന്നു പറയുന്നു.

പ്രധാനപ്പെട്ട അലർജിക് പ്രതിപ്രവർത്തനങ്ങൾ 

അലർജനുകൾ ഏതു തരമാണ്, അവ എങ്ങനെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു, അവ ഏത് അവയവത്തെയാണു ബാധിക്കുന്നത് എന്നതനുസരിച്ച് അലർജിയുടെ പ്രതിപ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അലർജനുകൾ മൂന്നു തരത്തിലുണ്ട്.

1. അന്തരീക്ഷത്തിലുള്ളവ (Aeroallergens): ഇവ മൂക്കിലും ശ്വാസകോശത്തിലും കടന്നു ശ്വാസതടസം, ചുമ, തുമ്മൽ ഇവ ഉണ്ടാക്കുന്നു. ഉദാ: പൊടി, പുക, വിവിധ പൂമ്പൊടികൾ, മൃഗങ്ങളുടെ രോമം എന്നിവ.

2. ഭക്ഷണത്തിലെ അലർജനുകൾ (Food allergens): ഇവ ഭക്ഷ്യ അലർജിക്കു കാരണമായി ചൊറിച്ചിൽ, തൊലിപ്പുറമേ തടിപ്പ് എന്നിവ ഉണ്ടാക്കുന്നു. (അലർജിക് ഡെർമറ്റൈറ്റിസ്, അർടിക്കേരിയ).

3. സമ്പർക്കത്തിലൂടെ അലർജിയുണ്ടാക്കുന്നവ (Contact allergens): ഇവ ത്വക്കിലെ അലർജിക്കു കാരണമാവുന്നു.

അലർജി മൂലം സാധാരണഗതിയിൽ ചൊറിച്ചിൽ, തടിപ്പ് എന്നിവയാണുണ്ടാവുന്നതെങ്കിലും അപൂർവം ചിലരിൽ ശ്വാസതടസവും, രക്തസമ്മർദം കുറയുകയും രോഗിക്കു ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാവുന്ന അതിഗുരുതരമായ അനാഫിലാക്ടിക് ഷോക്കും (Anaphylactic Shock) ഉണ്ടാവാം. കടന്നൽ, തേൾ, എട്ടുകാലി തുടങ്ങിയ ജീവികൾ കുത്തുമ്പോൾ ചിലർക്കു ഗുരുതരമായ റിയാക്ഷനുണ്ടാവാറുണ്ട്.

കണ്ടുപിടിക്കാം അലർജി 

അലർജി പരിശോധിച്ചു കണ്ടെത്താൻ എലീസാ ടെസ്റ്റ് പോലുള്ള രക്തപരിശോധന ലഭ്യമാണ്. ആഹാരസാധനങ്ങളോടുള്ള അലർജി കണ്ടുപിടിക്കാനും കഴിയും. കേരളത്തിൽ പല ലാബുകളിലും ഇതു ചെയ്യുന്നുണ്ട്. എന്നാൽ ഇവ ഇൻട്രാഡെർമൽ ടെസ്റ്റിന്റെയത്ര വിശ്വസനീയമല്ല. മാത്രമല്ല, ഇൻട്രാഡെർമൽ ടെസ്റ്റിനെക്കാൾ വളരെ ചെലവേറിയതുമാണ്.

ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ്

ഇൻട്രാഡെർമൽ ടെസ്റ്റിൽ അലർജൻ അടങ്ങിയ ലായനി ചെറിയ അളവിൽ തൊലിപ്പുറമേ കുത്തിവയ്ക്കുന്നു. തുടർന്നു ചുറ്റും ഉണ്ടാവുന്ന റിയാക്ഷൻ വിലയിരുത്തി അലർജനുകളിൽ ഏതിനോടൊക്കെയാണ് ഒരു വ്യക്തിയ്ക്ക് അലർജി എന്നു കണ്ടുപിടിക്കുന്നു. ആന്റിജൻ തൊലിപ്പുറമേ കുത്തിവച്ചു 20 മിനിറ്റിനു ശേഷമാണു റിയാക്ഷൻ വിലയിരുത്തുന്നത്. 

അന്തരീക്ഷത്തിലുള്ള വിവിധതരം അലർജനുകൾ (വീട്ടിനുള്ളിൽ കാണുന്ന പൊടി, പൂമ്പൊടികൾ, പാറ്റ. ഈച്ച, കൊതുക് മുതലായ പ്രാണികൾ, നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പൽ അഥവാ ഫംഗസുകൾ തുടങ്ങിയവ) ഡ്രഗ് അലർജി (മരുന്നുകളോടുള്ള അലർജി), ആഹാര സാധനങ്ങളോടുള്ള അലർജി എന്നിവയെല്ലാം കണ്ടുപിടിക്കാൻ ഈ ടെസ്റ്റ് സഹായിക്കും. ഈ അലർജി ടെസ്റ്റിങ് കൊണ്ടുള്ള പ്രയോജനങ്ങൾ രണ്ടാണ്.

1. ടെസ്റ്റ് ചെയ്ത് അലർജിയുണ്ടെന്നു കണ്ടെത്തിയ അലർജനുകളുമായുള്ള സമ്പർക്കം ഒഴിവാക്കാം. (പ്രത്യേകിച്ചും ആഹാരസാധനങ്ങൾ).

2. രോഗിയെ ഇമ്യൂണോതെറപ്പിക്ക് വിധേയനാക്കാം.

ഈ ടെസ്റ്റിനു 3- 4 ദിവസം മുന്‍പ് മുതൽ അലർജിക്കെതിരായ മരുന്നുകൾ കഴിക്കുന്നതു രോഗി നിർത്തണം. കാരണം, അവ കഴിച്ചുകൊണ്ടിരിക്കെ ടെസ്റ്റ് ചെയ്താൽ ശരീരം പ്രതികരിക്കില്ല. ചില രോഗികൾക്ക് ഇങ്ങനെ മരുന്നുകൾ നിർത്തുമ്പോൾ രോഗലക്ഷണങ്ങൾ അധികരിക്കാറുണ്ട്. അതിനാൽ രോഗം കുറച്ചെങ്കിലും നിയന്ത്രണവിധേയമാവുമ്പോൾ മാത്രമേ അലർജി ടെസ്റ്റിങ് ചെയ്യാവൂ. 

അതുപോലെ തന്നെ ചിലർക്ക് അലർജി ടെസ്റ്റിങ് ചെയ്യുമ്പോൾ തന്നെ കടുത്ത അലർജി, ബോധക്ഷയം, രക്തസമ്മർദം കുറയുക എന്നിവയുണ്ടാവാം. അതിനാൽ ഇതിനെതിരെയുള്ള മുൻകരുതലുകളും എടുക്കണം. മാത്രമല്ല, ഈ രംഗത്തു നല്ല പരിചയവും വൈദഗ്ധ്യവും ഉള്ള ഡോക്ടർമാർ മാത്രം നേരിട്ടു നടത്തേണ്ട ഒരു പരിശോധനയാണിത്. ലാബുകളിലും മറ്റും നടത്തുന്നതല്ല.

അലർജി ഷോട്സ്  

അലർജി ഷോട്സ് എന്നാൽ ഇമ്യൂണോതെറപ്പി എന്ന ചികിത്സാരീതിയാണ്. രോഗത്തിനു കാരണമാകുന്ന അലർജനുകൾ വളരെ ചെറിയ അളവിൽ നിശ്ചിത ഇടവേളയിൽ ശരീരത്തു കുത്തിവയ്ക്കുന്നു. അലർജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പർക്കം മൂലം ഒടുവിൽ ശരീരം മേൽപറഞ്ഞ അലർജനുകളോടു പ്രതികരിക്കാതാവുന്നു.

ആരംഭത്തിലേ ചികിത്സിച്ചാൽ അലർജി എന്ന രോഗം പാടേ ഇല്ലാതാക്കാൻ ഇമ്യൂണോതെറപ്പിയോളം ഫലപ്രദമായ മറ്റൊരു ചികിത്സാരീതിയില്ല. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ ചികിത്സ ഏറ്റവും ഫലപ്രദം. ചിലയാളുകൾക്കു കടന്നൽ, തേനീച്ച, ചിലയിനം ഉറുമ്പുകൾ, തേൾ മുതലായ ഷഡ്പദങ്ങളോടു കടുത്ത അലർജി കാണപ്പെടാറുണ്ട്. അത്തരക്കാർക്കു മേൽപ്പറഞ്ഞവയുടെ കടിയേറ്റാൽ മാരകമായേക്കാവുന്ന പ്രതികരണം (anaphylaxis) കണ്ടുവരുന്നു. പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം, രക്തസമ്മർദം കുറയുക മുതലായ ലക്ഷണങ്ങൾ പ്രകടമായേക്കാം. ഇത്തരം രോഗികൾക്ക് ഇമ്യൂണോതെറാപ്പി വളരെ പ്രയോജനം ചെയ്തു കാണുന്നു.

അലർജിക്കുള്ള മരുന്നുകള്‍

മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ (Pharmaco-therapy): ആന്റിഹിസ്റ്റമിനുകൾ, സ്റ്റീറോയ്ഡുകൾ എന്നീ ഔഷധങ്ങളാണ് അലർജി ചികിത്സയ്ക്കായി ഉപയോഗിക്കാറ്. സെട്രിസിൻ, ലീവോസെട്രിറ്റിസിൻ, ഡെസ്ലോറാറ്റിഡിൽ മുതലായ ആന്റിഹിസ്റ്റമിനുകളാണ് ഈ വിഭാഗത്തിൽ പെടുന്നവ. അലർജിക് റൈനൈറ്റിസിന്റെ ചികിത്സയ്ക്കാണ് ഇവ സാധാരണ ഉപയോഗിക്കാറ്. താരതമ്യേന പാർശ്വഫലങ്ങൾ കുറവാണെങ്കിലും ദീർഘകാലം കഴിക്കുന്നത് അഭികാമ്യമല്ല. മാത്രമല്ല, അമിതമായ ഉറക്കം, ക്ഷീണം, വണ്ണം വയ്ക്കുക മുതലായ പാർശ്വഫലങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്. മൂക്കിലടിക്കുന്ന സ്പ്രേയായും ലഭ്യമാണ്.

അലർജിയും ആസ്തമയും

അലർജി മൂലമുള്ള രണ്ടു രോഗങ്ങളാണു ദീർഘകാലം നീണ്ടുനിൽക്കുന്ന തുമ്മലും ജലദോഷവും (അലർജിക് റൈനൈറ്റിസ്) ആസ്തമയും. 40 ശതമാനം അലർജിക് റൈനൈറ്റിസ് രോഗികൾക്കു ഭാവിയിൽ ആസ്തമ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ആസ്തമ ചികിത്സയിലുപയോഗിക്കുന്ന ഇൻഹേലറുകളെപ്പോലെ നേസൽ സ്പ്രേയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയാണ്. ആന്റിഹിസ്റ്റമിനുകൾ മാത്രം, സ്റ്റീറോയ്ഡുകൾ മാത്രം, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ മൂന്നുതരം നേസൽ സ്പ്രേകൾ ലഭ്യമാണ്. 

വാസ്തവത്തിൽ സ്റ്റീറോയ്ഡ് സ്പ്രേകൾ പോലും തികച്ചും സുരക്ഷിതമാണ്. ദീർഘകാലം മരുന്നുകൾ കഴിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങൾ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം. സ്പ്രേകൾ എത്രനാൾ ഉപയോഗിച്ചാലും കാര്യമായ പാർശ്വഫലങ്ങളൊന്നും തന്നെയില്ല. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്കിടെ കൃത്യമായി ഡോസ് വ്യതിയാനങ്ങൾ നടത്തണമെന്നു മാത്രം. രോഗം കഠിനമായാൽ സ്റ്റീറോയ്ഡ് ഗുളികകളും വേണ്ടിവരാം.

അലർജിയും പാരമ്പര്യവും

മിക്കപ്പോഴും പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗമാണ് അലർജിയെങ്കിലും എപ്പോഴും അങ്ങനെയാവണമെന്നില്ല. മാതാപിതാക്കളിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി രോഗമുണ്ടെങ്കിൽ അവരുടെ കുട്ടികളിൽ 25 ശതമാനത്തിനും അലർജിയുണ്ടാവാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് ഇരുവർക്കും രോഗമുണ്ടെങ്കിൽ ഈ സാധ്യത 50 ശതമാനമായി വർധിക്കുന്നു.

Tags:
  • Health Tips
  • Glam Up