Friday 09 February 2024 04:12 PM IST : By സ്വന്തം ലേഖകൻ

വിട്ടുമാറാത്ത തലവേദനയും തലകറക്കവും കഴുത്തുവേദനയും; പല്ലിന്റെ ഘടനയിലുള്ള വ്യത്യാസം രോഗകാരണമാകാം! അറിയേണ്ടതെല്ലാം

heaad7788

മൈഗ്രേയ്നും സ്പോണ്ടിലൈറ്റിസും അതിനെ തുടർന്നുവരുന്ന തലകറക്കവും എത്ര ചികിത്സിച്ചിട്ടും മാറാതാകുമ്പോൾ പലരും വിഷാദത്തിലേക്കു വീണുപോകാറുണ്ട്. നിരാശപ്പെടുന്നതിനു പകരം പല്ലു ഡോക്ടറെ കൂടി ഒന്നു കണ്ടു നോക്കൂ. പല്ലും തലവേദനയും തലചുറ്റലും തമ്മിലെന്തു ബന്ധം എന്നൊരു സംശയം ഉണ്ടാകുന്നത് സ്വാഭാവികം. എംആർഐ സ്കാന്‍ വരെ എടുത്തു നോക്കിയിട്ടും കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാൻ കഴിയാത്തിടത്ത് ഒരു ഡെന്റൽ ഡോക്ടർ എന്തു ചെയ്യാനാണ് എന്നുപോലും തോന്നാം.

പല്ലിന്റെ ഘടനയിലുള്ള വ്യത്യാസം താടിയെല്ലിനുണ്ടാക്കുന്ന (Jaw Joints) അമിത സമ്മർദം തലവേദന, കഴുത്തു വേദന, തോൾ വേദന, വെർട്ടിഗോ എന്നിവയിലേക്കെല്ലാം ചിലപ്പോൾ നയിക്കാറുണ്ട്. പല്ലിന്റെ ഡിജിറ്റൽ ബൈറ്റ് സ്കാൻ റിപ്പോർട്ട് കാണിച്ചു ഡോക്ടർ വിശദീകരിച്ചാൽ മാത്രമേ പ്രശ്നങ്ങൾ നന്നായി മനസ്സിലാകൂ. പല്ലിന്റെ ഘടനയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഒരു ദിവസം കൊണ്ടുതന്നെ അസ്വസ്ഥതകൾക്ക് വലിയ മാറ്റം വരാം. നല്ല ഉറക്കം കിട്ടാൻ പോലും ഈ ചികിത്സ സഹായിക്കും.

ആരോഗ്യമുള്ള ചെറുപ്പക്കാരുടെയിടയിൽപോലും ഉറക്കക്കുറവും തലവേദനയും തോൾവേദനയും സർവസാധാരണമാണ്. തിരക്കുപിടിച്ച ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്നതാണ് ഈ അസുഖങ്ങൾ എന്ന നിഗമനത്തിലെത്തി ഇവയെ കൂടെപ്പിറപ്പാക്കുകയാണ് പലരും ചെയ്യുന്നത്. ഫലമോ ജീവിതകാലം മുഴുവൻ വേദനയും അസ്വസ്ഥതകളും സഹിച്ചു കഴിയേണ്ടി വരുന്നു. ഈ അസുഖങ്ങളുടെയെല്ലാം കാരണം എപ്പോഴും TMD  (Temporomandibular disorder) ആണെന്നല്ല പറഞ്ഞു വരുന്നത്. കൃത്യമായ കാരണം കണ്ടുപിടിക്കാതെ ഈ അസുഖങ്ങൾ സഹിച്ചു വരികയാണെങ്കിൽ TMD യെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണമെന്നു മാത്രം.

മുല്ലമൊട്ടു പല്ലാണെങ്കിലും...

പല്ലിനെക്കുറിച്ചുള്ള ബോധവത്കരണം വളരെ കുറവാണ് നമ്മുടെ നാട്ടിൽ. രണ്ടുനേരം പല്ലു തേക്കണം, ഭക്ഷണം കഴിഞ്ഞാൽ വായ കഴുകണം, കേടു വന്ന പല്ലുകൾ യഥാസമയം പറിച്ചു മാറ്റണം എന്നതിൽ തീർന്നു നമ്മുടെ ആരോഗ്യ അറിവ്. TMD യെക്കുറിച്ചോ ഭക്ഷണവും മറ്റും ശരിയായി ചവയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒട്ടും തന്നെ ധാരണയില്ല.

ചിരിക്കുമ്പോൾ പല്ലുകൾ മുല്ലമൊട്ടു പോലെ നിരയൊത്തതാണെങ്കിലും വായ തുറന്നു നോക്കുമ്പോൾ അങ്ങനെയാകണമെന്നില്ല. പുറത്തു കാണുന്ന പല്ലുകളുടെ ഭംഗി മാത്രമല്ല നാം ശ്രദ്ധിക്കേണ്ടത്. പുതുതായി വരുന്ന പല്ലുകളും പല്ലുകളുടെ യിടയിലുള്ള വിടവുകളും മറ്റും ഘടനയിൽ വ്യത്യാസമുണ്ടാക്കുന്നുണ്ടോ എന്നെല്ലാം കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ചെവിക്കും താടിയെല്ല് സന്ധിക്കു ചുറ്റും വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വായ മുഴുവനായി തുറക്കുമ്പോൾ മുഖത്തെ പേശികളിൽ വേദനയോ മുറുക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ചവയ്ക്കുമ്പോൾ മുകളിലേയും താഴത്തെയും പല്ലുകൾ തമ്മിൽ കൂടിച്ചേരുന്ന രീതിയാണ് ഇവിടത്തെ പ്രധാന വില്ലൻ.  

പല്ലും ചവയ്ക്കാനുപയോഗിക്കുന്ന മസിലുകളും താടിയെല്ലിലെ സന്ധികളും തമ്മിൽ വളരെയധികം യോജിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്കിടയിലെ ചെറിയ അസന്തുലിതാവസ്ഥ പോലും അമിത പ്രവർത്തനത്തിനു കാരണമാകും. മസിലുകളെ വളരെയധികം ആയാസപ്പെടുത്തുകയും ചെയ്യും.

രാത്രിയിൽ പോലും വിശ്രമിക്കാനുള്ള സമയം ഈ സന്ധികൾക്കോ മസിലുകൾക്കോ ലഭിക്കുന്നില്ല. തുടർച്ചയായ ഈ ആയാസപ്പെടുത്തൽ പിന്നീട് വേദനകളിലേക്കു നയിക്കുന്നു.ഇതു കൊണ്ടുണ്ടാകുന്ന തലവേദനയെ പലപ്പോഴും മൈഗ്രേയ്നായി തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് പല ചികിത്സകൾ നടത്തിയാലും മൈഗ്രേയ്ന് കുറവ് അനുഭവപ്പെടാത്തതും. ചെവി വേദനയും അസ്വസ്ഥതകളും, വെർട്ടിഗോ, കഴുത്തിൽ നിന്ന് തോളുകളിലേക്കും കൈകളിലേക്കും പടർന്നു കയറുന്ന വേദന തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഈ അവസ്ഥയാണ് ടെമ്പറോമാൻഡിബുലർ ഡിസോർഡർ (Temporomandibular disorder) അഥവാ TMD എന്നറിയപ്പെടുന്നത്.   

എളുപ്പം പരിഹാരം

ഇത് ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ വളരെ വേഗം ഫലം ലഭിക്കും. മരുന്നു കഴിക്കൽ ഇതിനൊരു പൂർണ പ്രതിവിധിയല്ല. പല്ലുകൾക്ക് അമിത സമ്മർദം കൊടുക്കാതെ ചവയ്ക്കാനായി പല്ലുകളുടെ നിര ക്രമീകരിക്കുന്നതിലൂടെ അസുഖങ്ങൾ പൂർണമായി മാറ്റാൻ കഴിയും.

ന്യൂറോമസ്കുലാർ ഡെന്റിസ്റ്ററി ഫോർ ടിഎംഡിയിൽ പരിശീലനം ലഭിച്ച ഡെന്റൽ ഡോക്ടറെ കണ്ടാണ് പരിശോധന നടത്തേണ്ടത്. പല്ലും താടിയെല്ലിലെ സന്ധിയും ചവയ്ക്കുന്നിടത്തെയും കഴുത്തിലെയും മസിലുകളും പരിശോധിക്കുന്നതിലൂടെ അവർക്ക് പ്രശ്നം  കണ്ടുപിടിക്കാൻ കഴിയും. T Scan, TENS, EMG, ഇമേജിങ് എന്നീ പരിശോധനകൾ ഇവ കണ്ടുപിടിക്കാൻ സഹായിക്കുന്നവയാണ്. ശരിയായ ചികിത്സ ഉറപ്പാക്കിയാൽ മണിക്കൂറുകൾ കൊണ്ടു തന്നെ മാറ്റം വരും.

പല്ലിന്റെ ഘടന

ടെമ്പോറോമാൻഡിബുലാർ ജോയിന്റ്സ്(TMJ) മുഖത്തിന്റെ ഇരുവശത്തും ചെവികൾക്കു മുന്നിലായി സ്ഥിതി ചെയ്യുന്നു.താടിയെല്ലിനെ തലയോട്ടിയിലേക്ക് ബന്ധിപ്പിക്കുന്നത് ഇവയാണ്. ശരീരത്തിലെ ചില സന്ധികൾക്ക്  വശങ്ങളിലേക്ക് തിരിയുന്നതിനും (Rotation) ചില സന്ധികൾക്ക് തെന്നി നീങ്ങുന്നതിനും (Sliding) ഉള്ള കഴിവാണുള്ളത്. എന്നാൽ  ടെമ്പോറോമാൻഡിബുലാർ ജോയിന്റ്സിന് ഈ രണ്ടു കഴിവും ഉള്ളതുകൊണ്ടാണ് വായ വിശാലമായി തുറക്കുവാനും താടിയെല്ലുകൾ വശങ്ങളിലേക്കു ചലിപ്പിക്കാനും സാധിക്കുന്നത്. അതുകൊണ്ടാണ് അവ സങ്കീർണമാണെന്നു പറയുന്നതും.

താടിയെല്ലിന്റെ മുകൾ ഭാഗത്തിനും തലയോട്ടിയിലെ സോക്കറ്റിനും ഇടയിൽ‌ തരുണാസ്ഥി ഡിസ്ക് (Intra Articular Disc) ഉണ്ട്. ഇത് കഴുത്തിലും പിന്നിലുമുള്ള ഡിസ്കുകൾ പോലെ ഷോക്ക് അബ്സോർബർ ആയാണ് നിൽക്കുന്നത്. പേശികളുടെയും കശേരുക്കളുടെയും കൂടി പ്രവർത്തനമാണ് താടിയെല്ലിന്റെ ചലനം. പല്ലുകൾ ഒന്നിച്ച് വന്ന് കടിക്കുക അല്ലെങ്കിൽ കൂട്ടിമുട്ടുക എന്ന പ്രവൃത്തിയിലൂടെയാണ്  ഈ ചലനം അവസാനിക്കുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അശ്വിൻ രാമകൃഷ്ണൻ MDS, അശോക ഹോസ്പിറ്റൽ, കോഴിക്കോട് 

Tags:
  • Health Tips
  • Glam Up