Monday 25 April 2022 03:04 PM IST

‘അങ്ങനെയെങ്കിലും അവരൊന്ന് വണ്ണം കുറയ്ക്കട്ടന്നേയ്’: അധിക്ഷേപിച്ചിട്ട് ജാമ്യം എടുക്കുന്ന സൈക്കോ വില്ലൻസ്

Shyama

Sub Editor

body-shame-attitude

‘ഇരുട്ടത്ത് നടക്കാതെ... നിന്റെ പല്ല് മാത്രമേ കാണൂ...’

‘മുറുകെ പിടിച്ചോ, കാറ്റു വന്നാൽ പറന്നു പോകും...’

‘േദഹം മുഴുവനും എത്ര രോമമാണ്, മനുഷ്യനോ കരടിയോ?’ ഇത്തരം പ്രയോഗങ്ങളൊക്കെ ഒരു കാലത്തു ‘തമാശ’ ആയിരുന്നു. പിന്നെപ്പിന്നെ പ ലർക്കും ഇത് ബോഡി ഷെയ്മിങ് ആ ണെന്നും ഒരാളുടെ നിറത്തെയോ രൂപത്തെയോ കളിയാക്കുന്നത് തമാശയല്ലെന്നും മനസ്സിലായി.

ഇത്തരം ‘തമാശകൾ’ ഇന്ന് ചിരി ഉണര്‍ത്തുന്നില്ല. പകരം, ‘എങ്ങനെ ഇ ങ്ങനെ പറയാന്‍ തോന്നി?’ എന്നു ചിന്തിക്കാനും മാത്രം നമ്മൾ മാറി. പ്രിയ നടി പാർവതിയുടെ ചിത്രത്തിനടിയിൽ മോശം കമന്റ് ചെയ്തവരെ എ തിർത്ത് ഒരുപാടുപേർ രംഗത്ത് വന്നതും നമ്മൾ ഈയിടെ കണ്ടു.

പക്ഷേ, കാലം മാറുന്നതറിയാതെ നിൽക്കുന്നവരുമുണ്ട്. ‘ഇതൊക്കെ ചിരിച്ചു തള്ളിയാൽ പോരേ’ എന്നു ചോദിച്ച് സ്വയം അപഹാസ്യരാകുന്നവര്‍.

ശരീരത്തിനു േനരെയുണ്ടാകുന്ന ‘വാക്കാക്രമണം’ നേരിടുന്നവരുെട മാനസികാവസ്ഥയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ല. േബാഡിഷെയ്മിങ്ങിന് ഇരയാകാത്തതു മൂലമോ കാലങ്ങളായുള്ള കണ്ടീഷനിങ് കൊണ്ടോ അതിന്‍റെ േവദനയും അറിയുന്നില്ല.

ഓസ്കാര്‍ അവാര്‍ഡ്ദാന േവദിയില്‍ ക്രിസ് േറാക്ക് എന്ന അവതാരകന്‍റെ കരണത്തേറ്റ ഒറ്റയടിയാണ് തുടക്കം. പല തവണ ചർച്ച ചെയ്ത ബോഡി ഷെയ്മിങ് വീണ്ടും ചർച്ചാവിഷയമായി. നടന്‍ വിൽ സ്മിത്തിന്റെ ഭാര്യ ജെയ്ഡയുടെ രോഗാവസ്ഥയെ കുറിച്ച് ക്രിസ് നടത്തിയ പരാമർശമാണ് വിൽ സ്മിത്തി നെ െചാടിപ്പിച്ചതും അടിയിൽ കലാശിച്ചതും.

ബോഡി ഷെയ്മിങ് മോശമാണ്. എന്നിരുന്നാലും താ ൻ പ്രതികരിച്ച രീതി െതറ്റാണെന്ന് വില്‍ സ്മിത്ത് പിന്നീടു പരസ്യമായി പറഞ്ഞ് മാപ്പപേക്ഷിച്ചു. ശാരീരിക അക്രമണം തെറ്റാണെന്നു സമ്മതിച്ചവര്‍ പോലും മാനസികമായി ഒരാൾക്ക് ഏൽക്കുന്ന ആഘാതത്തോട് മൗനം പാലിക്കുന്ന വിരോധാഭാസം പുരോഗമനം പറയുന്ന സമൂഹം വീണ്ടും കാട്ടി എന്നതാണ് പരിതാപകരം.

വൈവിധ്യത്തെ ഉൾക്കൊള്ളുക

ചുറ്റുമൊന്നു നോക്കിയാൽ പല രൂപത്തിലും നിറത്തിലും ശരീരപ്രകൃതിയിലുമൊക്കെ ആള്‍ക്കാരെ കാണാം. ഇതൊ ക്കെ പ്രകൃതിയുടെ സവിശേഷതയാണെന്നു മനസ്സിലാക്കാതെ ചിലർ ഇപ്പോഴും അവരുടെ സങ്കൽപങ്ങളിൽ മാത്രം ശരിയെന്നു തോന്നുന്ന അളവുകോലുകള്‍ വച്ച് സൗന്ദര്യത്തെയും വ്യക്തിയുടെ നിലനിൽപ്പിനെ തന്നെയും തെറ്റായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. ശരീരികമായി അപമാനിക്കുന്നു, ഇതാണ് ബോഡി ഷെയ്മിങ്.

ബോഡി ഷെയ്മിങ്ങിന് രണ്ടു തലമുണ്ട്.

ഒന്ന്: സമൂഹം മാതൃകാപരമെന്ന് നിശ്ചയിച്ചിരിക്കുന്ന ചി ല അളവുകോലുകൾ വച്ച് ഒരാൾ മറ്റൊരാളെ അളക്കുന്നു, കുറ്റപ്പെടുത്തുന്നു.

രണ്ട്: സ്വന്തം ശരീരത്തെ സ്വയം അധിക്ഷേപിക്കുന്നു. അ തും ശരീരത്തെ ആക്ഷേപിക്കൽ തന്നെയാണ്.

ഇതു രണ്ടും ഒരു വ്യക്തിയിൽ മോശമായ സ്വാധീനമുണ്ടാക്കും. എന്നിരുന്നാലും നമ്മുടെ സ്വാതന്ത്യ്രത്തിൽ കടന്നുവന്ന് മറ്റൊരാൾ നമ്മളെയോ നമുക്ക് ചുറ്റും നിൽക്കുന്നവരേയോ അധിക്ഷേപിക്കുന്നത് സാമൂഹിക ജീവി എന്ന നിലയ്ക്കുള്ള മനുഷ്യന്റെ വളർച്ചയെ പിന്നോട്ട് വലിക്കുന്നുണ്ട്.

വ്യക്തിയെ ഏതെങ്കിലുമൊരു ശാരീരിക മാനദണ്ഡം വച്ച് മാത്രം അളക്കുക എന്നത് തെറ്റ് തന്നെയാണെന്ന ചിന്താരീതി സമൂഹത്തിൽ വളർന്ന് വരേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ.

സമൂഹമാധ്യമങ്ങളുടെ വരവോടു കൂടി അതിലൂടെ അ പഹസിക്കാനുള്ള പ്രവണത കൂടിയിട്ടുണ്ട്. മുഖം കാണിക്കാതെ പറയാം എന്നുള്ളതു കൊണ്ട് നിയന്ത്രണമില്ലാതെ വാക്കുകൾ പ്രയോഗിക്കുന്ന അവസ്ഥയും ഉണ്ട്. പരിഹാസ ശരങ്ങൾ അനുഭവിക്കുന്നവർക്ക് മാനസിക വിഷമം വ്യക്തമായി തുറന്നു പറയാനുള്ള വേദികൾ ഉണ്ടാകുന്നു എന്നതാണ് ഇതിന്റെ മറുവശം. അതൊക്കെ കണ്ടും വായിച്ചും ബോഡി ഷെയ്മിങ് പാടെ ഉപേക്ഷിക്കുന്നവരുമുണ്ട്

ജീവിതത്തിലെ ബ്ലോക് ഓപ്ഷൻ

ബോഡി പോസിറ്റിവിറ്റി നിലനിർത്തുക എന്നതിന്റെ ആദ്യപടി സ്വന്തം ശരീരത്തെ സ്നേഹിക്കുക എന്നത് തന്നെയാണ്. ഏത് നിറമായാലും രൂപമായാലും അതിനൊക്കെ അതിന്റേതായ സൗന്ദര്യമുണ്ടെന്ന് അറിയുക. ഒരാളെ ബോഡി ഷെയിം ചെയ്യാൻ തുടങ്ങുമ്പോൾ അതുപോലെ നമ്മളോടും മറ്റൊരാൾ ചെയ്താൽ എത്ര വേദനയുണ്ടാക്കുമെന്നും ഓർക്കാം. പലപ്പോഴും സ്വയം മതിപ്പില്ലാത്തവരാണ് മറ്റുള്ളവരെ അധിക്ഷേപിക്കാൻ മുൻകയ്യെടുക്കുന്നത്.

അധിക്ഷേപിച്ച ശേഷം ജാമ്യമെടുക്കുന്നൊരു കൂട്ടരുണ്ട്. ‘ഞാനത് നല്ല ഉദ്ദേശത്തിൽ പറഞ്ഞതാണന്നേ. അങ്ങനെയെങ്കിലും അവരൊന്ന് വണ്ണം കുറയ്ക്കട്ടന്നേയ്.’ എ ന്നൊക്കെ പറയുന്ന ‘സൈക്കോ വില്ലൻസ്’. ഒരാളെ വിഷമിപ്പിക്കാതിരിക്കുന്നതാണ് ന്യായം പറയുന്നതിലും നല്ലതെന്ന് ഇവർക്ക് എന്നു മനസ്സിലാകും ?

ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ആർക്കും ‘പ്രചോദനമായി’ എടുക്കാൻ പറ്റില്ല. മാത്രമല്ല മാനസിക പിരിമുറുക്കത്തിലേക്കും കൂടുതൽ അപകർഷതാബോധത്തിലേക്കും എത്തിക്കുകയും ചെയ്യും.

മറ്റൊരു കൂട്ടരുണ്ട് ‘ഞാൻ കളിയാക്കിപ്പോയി. പക്ഷേ, നിങ്ങൾക്ക് രോഗാവസ്ഥയുള്ളതായി എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നവർ. രോഗത്തിന്റെ ഭാഗമാണോ അല്ലയോ എന്ന് നോക്കിയല്ല, മറിച്ച് ഇനി ആരെയും ബോഡി ഷെയിം ചെയ്യില്ല എന്നാണ് തീരുമാനിക്കേണ്ടത്.

‘ഞാനെന്താണോ അതിൽ ഞാൻ അഭിമാനിക്കുന്നു’ എ ന്നു പറയാനുള്ള കെൽപ് ആർജിക്കുക എന്നതാണ് കേൾവിക്കാർ എടുക്കേണ്ട സമീപനം. വളരെയധികം മാനസികാധ്വാനം വേണ്ടി വരുന്ന, ജയിച്ചാലും ഇടയ്ക്ക് തോൽക്കുന്ന ഒരു പ്രക്രിയ തന്നെയാണത്.

പരിഹസിക്കപ്പെടുമെന്നോർത്ത് പുറത്തേക്കിറങ്ങാൻ പോലും മടിക്കുന്ന ആളുകൾ നമുക്കു ചുറ്റും ധാരാളമുണ്ടെന്ന് മാനസികവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആത്മവിശ്വാസം തിരികെ നേടാൻ തെറപ്പികൾ പോലും വേണ്ടി വരാറുണ്ട്. മാനസികാരോഗ്യതലത്തിൽ ശാരീരികാധിക്ഷേപം പല പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്:

1. ആത്മാഭിമാനത്തിന് ശോഷണം വരിക

2. വിഷാദം

3. ഉത്കണ്ഠ

4. സാമൂഹിക ഉത്കണ്ഠ (സാമൂഹത്തിൽ ഇടപെടാനുള്ള വൈമനസ്യം).

5. തുടർച്ചയായി അധിക്ഷേപം കേട്ട് അവനവന്റെ ശരീരത്തെ കുറിച്ച് മുൻപില്ലാത്ത ആശങ്കകൾ കടന്നു കൂടുക.

6. ഈറ്റിങ് ഡിസോർഡേഴ്സ് (ഭക്ഷണം അമിതമായി കഴിക്കുകയോ ഒട്ടും കഴിക്കാതിരിക്കുകയോ).

ശാരീരികമായി അധിക്ഷേപിക്കുന്നവരെ അവർ അർഹിക്കുന്ന അകലത്തിൽ തന്നെ നിര്‍ത്താനോ പൂർണമായി ഒ ഴിവാക്കാനോ സാധിക്കണം. സമൂഹമാധ്യമങ്ങളിൽ ‘ബ്ലോക്’ ഓപ്ഷൻ ഉള്ള പോലെ യഥാർഥ ജീവിതത്തിലും ‘ബ്ലോക്’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിൽ യാതൊരു മടിയും വിചാരിക്കേണ്ട.

മാറ്റം വരുന്നൊരു തലമുറ

സ്കൂളുകളിലും സംഘടനകൾ വഴിയും ഒക്കെ ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ചർച്ചകളും പഠനങ്ങളും നടക്കുന്നുണ്ട്. പല കുട്ടികളും മുതിർന്നവരെ പോലും തിരുത്തി ‘ഇതു തമാശയല്ല’ എന്ന് തുറന്നു പറയുന്ന സാഹചര്യമുണ്ട്. ബോഡി ഷെയ്മിങ്ങിനെതിരെ സൈബർ പരാതികളും പൊലീസ് കേസും കൊടുക്കുന്നുമുണ്ട്. ശക്തമായ നിയമങ്ങളും നമ്മുടെ നാട്ടിൽ നിലവിലുണ്ടെന്ന് ഓർക്കാം.

എല്ലാവരെയും ഉൾക്കൊള്ളുന്ന മാറ്റം വരാൻ ഇനിയും സമയമെടുത്തേക്കാം. എന്നാലും നല്ല മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. മോശം കമന്റുകൾ പറയുന്നത് തമാശയല്ലെന്നും അത് ആ വ്യക്തിയുടെ മാനസിക വലുപ്പമില്ലായ്മയാണെന്നും സമൂഹം തിരിച്ചറിയുന്ന നാളെകൾ ഉണ്ടായി വരും. അ ത്തരക്കാർ ഒറ്റപ്പെടുക തന്നെ ചെയ്യും.

ഒരാൾക്ക് നിങ്ങൾ പറഞ്ഞിട്ട് വേണ്ട എത്ര ഭക്ഷണം ക ഴിക്കണം, എന്തു വ്യായാമം ചെയ്യണം, എന്തു ധരിക്കണം, സ്വന്തം ശരീരത്തിലെ രോമം നീക്കം ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാൻ എന്നോർക്കുക. പരസ്പരം പഴിക്കുന്നവരാകാതെ പരസ്പരം കൈത്താങ്ങാകുന്നവരാകാം നമുക്ക്...

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സി.ജെ.ജോൺ
മാനസികാരോഗ്യ
വിദഗ്ധൻ,
മെഡിക്കൽ ട്രസ്റ്റ്
ആശുപത്രി,
എറണാകുളം