Tuesday 15 June 2021 02:50 PM IST

കഴുത്തിനു താഴേക്കു തളര്‍ന്നു, നട്ടെല്ലു തകര്‍ന്നു: ടെറസിലെ തുണിയെടുക്കാനോടിയ ആ മഴയുള്ള രാത്രി: ഡോക്ടര്‍ മരിയയുടെ അതിജീവനം

V R Jyothish

Chief Sub Editor

maria

അസാധാരണമായ ഇച്ഛാശക്തിയാൽ വലിയൊരു വീഴ്ചയിൽ നിന്ന് തിരിെക പറക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതം...

‘‘ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്?

അവൻ ഇവിടെയില്ല ഉയിർപ്പിക്കപ്പെട്ടു.....’’- (ൈബബിൾ)

‘ഡോക്ടർക്ക് സങ്കടമില്ലേ?’

‘ഞാനെന്തിനാണു വിഷമിക്കുന്നത്? എനിക്ക് കാഴ്ചയുണ്ട്, േകള്‍വിയുണ്ട്, ഓർമയുണ്ട്, സംസാരിക്കാൻ കഴിയുന്നുണ്ട്. പിന്നെന്തിനാണു ഞാൻ വിഷമിക്കുന്നത്?‌’ ഡോക്ടർ മരിയയുടെ മറുപടി കേട്ട്, ചോദ്യമെറിഞ്ഞ പത്തുവയസ്സുകാരി അമ്പരന്നു നിന്നു. അതവൾക്ക് ഒരു പുതിയ അറിവായിരുന്നു. കുഞ്ഞുമനസ്സിൽ അപ്പോഴൊരു ചിന്ത പട്ടം പോലെ പറന്നുയർന്നിരിക്കണം. ‘ഞാൻ ഡോക്ടറെ പോലെ വീൽചെയറിലല്ലല്ലോ. ഒാടി നടക്കാനും പറ്റുന്നുണ്ട്. പിന്നെന്തിനാ ആരുമില്ലെന്നൊക്കെയോർത്ത് വിഷമിക്കുന്നേ...’

മട്ടാഞ്ചേരിയിൽ ഇറ്റാലിയൻ സിസ്റ്റേഴ്സ് നടത്തുന്ന അനാഥാലയത്തിൽ ജന്മദിനം ആഘോഷിക്കാനെത്തിയതാണ് ഡോക്ടർ മരിയ. അപ്പോഴാണ് കുഞ്ഞുസങ്കടങ്ങളുമായി ആ പത്തുവയസ്സുകാരി ഡോക്ടറുടെ അടുത്തെത്തിയത്. അൻപതോളം കുഞ്ഞുങ്ങൾ ഉണ്ടവിടെ. പല പ്രായക്കാർ. കുട്ടികൾ പിന്നെയും സംശയങ്ങൾ തുടർന്നു. അഞ്ചുവർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിനു ശേഷമാണ് ഡോക്ടർ വീൽചെയറിലായത് എന്നറിഞ്ഞപ്പോൾ കുഞ്ഞുമിഴികളിലും സങ്കടത്തിന്റെ നനവ്. ‘‘നമ്മൾ ഇന്നെവിടെയാണ് എന്നു മനസ്സിലാക്കുന്നതിനൊപ്പം നാളെ എവിടെ എത്തണം എന്ന ലക്ഷ്യം കൂടി മനസ്സിൽ വയ്ക്കണം. അങ്ങനെ ലക്ഷ്യം വച്ചു പഠിക്കാൻ വീൽചെയറിലിരുന്ന് എനിക്ക് പറ്റുമെങ്കിൽ ഓടി നടക്കുന്ന നിങ്ങൾക്ക് എത്ര വലിയ ആളുകളായി മാറാം.’’ വാക്കുകളുടെ വർണച്ചരടിൽ ഡോക്ടർ മരിയ നീട്ടുന്നു പ്രതീക്ഷയുടെ പട്ടം. അതോടെ കുട്ടികൾക്കെല്ലാം ഉത്സാഹമായി. പിന്നെ, കളിചിരികളും  പാട്ടും  മേളവുമായി  ജന്മദിനാഘോഷം ഗംഭീരമായി നടന്നു.

maria 2

ആ കുഞ്ഞുങ്ങൾ മാത്രമല്ല, തൊടുപുഴ അൽ–അസർ മെഡിക്കൽ കോളജിലെ രോഗികളിൽ പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ആശുപത്രി വാർഡുകളിലേക്ക് ഈ ഡോക്ടർ തന്റെ വീൽചെയറിൽ കടന്നുവരുമ്പോൾ ആദ്യമായി ഡോക്ടറെ കാണുന്നവരുടെ ചോദ്യം തന്നെ ഇതാകും.  ‘ഡോക്ടറേ... ഇതെന്തു പറ്റിയതാ...?’

‘അതൊക്കെ പറ്റി’ എന്നു പറഞ്ഞ് ഡോക്ടർ നിറയെ ചിരിക്കും. രോഗിയും ചിരിക്കും. ആ ചിരിയിൽ രോഗികൾ വേദന മറക്കും.

മുത്തശ്ശി പറഞ്ഞ വഴി

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന് ഗൾഫിൽ ബിസിനസായിരുന്നു. ഭാര്യ സുനി, രണ്ടുപെൺമക്ക ൾ മരിയയും മേരിയോണും.‌ രണ്ടുപേരും നന്നായി പഠിക്കും. അമ്പാടിമല മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ നഴ്സറി വിദ്യാർഥിയായി പോയ ആദ്യദിവസം മരിയ ഒരിക്കലും മറക്കില്ല, അന്ന് മുത്തശ്ശി മറിയാമ്മ ഒരു ആഗ്രഹം മരിയയോടു പറഞ്ഞു;

‘മോളു പഠിച്ച് ഡോക്ടറാകണം. മുത്തശ്ശിക്കൊരു ഡോക്ടറാകാൻ കഴി‍ഞ്ഞില്ല. മോളൊരു ഡോക്ടറായി മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചു തരണം.’

മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയാണ് മരിയ നഴ്സറി ക്ലാസിൽ പഠിക്കാൻ പോയത്. പിന്നീട് എറണാകുളത്തു നിന്നും ഷാർജയിലേക്ക് ബിജു പീറ്റർ സകുടുംബം താമസം മാറി. അങ്ങനെ ഷാർജയിലെ ഔവർ ഓൺ ഇംഗ്ലിഷ് സ്കൂളിലായി മരിയയുടെ പഠനം. മുത്തശ്ശിക്കു കൊടുത്ത വാക്ക് മറന്നില്ലെങ്കിലും സ്പോർട്സിലായിരുന്നു കൂടുത  ൽ താൽപര്യം. ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നിസ് അങ്ങനെ എല്ലാ ടീമിലും മരിയ ഉണ്ടാകും. പത്താം ക്ലാസിനു ശേഷം നാട്ടിലെത്തി. എറണാകുളം മരട് ഗ്രിഗോറിയൻ സ്കൂളിൽ നിന്ന് പ്ലസ്ടു പാസ്സായി.

സ്കൂൾ പഠനകാലത്ത് ജയ്പൂരിൽ വച്ചു നടന്ന നാഷ നൽ സ്പോർട്സ് മീറ്റിലേക്ക് കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത കുട്ടികളിൽ ഒരാളായിരുന്നു മരിയ. അത്‌ലറ്റിക് ഇനങ്ങളിലായിരുന്നു മത്സരം. ചിത്രരചന, പ്രസംഗം, ബുള്ളറ്റ് യാത്രകൾ അങ്ങനെ ഇഷ്ടങ്ങളുടെ മേഖലകൾ പിന്നെയും നീളുന്നു. ഒടുവിൽ മുത്തശ്ശി ആഗ്രഹിച്ചതു പോലെ മരിയയ്ക്ക് എംബിബിഎസ്സിനു അഡ്മിഷൻ കിട്ടി. തൊടുപുഴ അൽ–അസർ മെഡിക്കൽ കോളജിൽ. പക്ഷേ, മഴയായി പെയ്ത വിധിയുടെ ഇടപെടൽ ബിരുദപഠനത്തിന്റെ ആദ്യവർഷം തന്നെയെത്തി.

maria 1

മഴ പെയ്ത ആ രാത്രി

മഴക്കാലമായിരുന്നു അത്.

2016-ജൂൺ 5–ാം തീയതി. ഞായറാഴ്ച പകൽ മഴയ്ക്ക് ചെറിയ ശമനമുണ്ടായി. അതിനിടെ മലപ്പുറത്തുള്ള മരിയയുടെ സഹപാഠിയുടെ അമ്മയുടെ മരണവാർത്തയെത്തി. ഹോസ്റ്റലിലുള്ള കുട്ടികളെല്ലാം അങ്ങോട്ടു പോകാൻ പ്ലാനിട്ടു. പക്ഷേ, ആ യാത്ര നടന്നില്ല. ‘ഒരുപക്ഷേ, അന്നത് നടന്നിരുന്നെങ്കിൽ ആ അപകടം ഒഴിവാകുമായിരുന്നു.  പക്ഷേ, അതല്ലല്ലോ ദൈവത്തിന്റെ പദ്ധതി.’

രാത്രി അത്താഴത്തിന്റെ സമയത്ത് മഴ പിന്നെയും പെയ്യാ ൻ തുടങ്ങി. ടെറസ്സിൽ തുണി ഉണങ്ങാനിട്ടിട്ടുണ്ടല്ലോ എന്ന് മരിയയ്ക്ക് പെട്ടെന്ന് ഓർമ വന്നു. കാന്റീനിലേക്ക് പോയ സുഹൃത്തുക്കളോട് ‘ദേ, ഇപ്പോൾ വരാ’മെന്ന് പറഞ്ഞ് മരിയ ടെറസ്സിലേക്കോടി.

‘‘മഴ തുടങ്ങിയതേയുള്ളൂ. കാറ്റടിച്ച് ഒരു തുണി മാറിക്കിടന്നു. അതെടുക്കാനുള്ള ശ്രമത്തിലാണ് കാലു തെറ്റി വീ ണത്. പായലിന്റെ വഴുക്കലുണ്ടായിരുന്നു. പാരച്യൂട്ടിൽ പ റക്കുന്നതുപോലെ താഴേക്കു വന്നു. പിന്നെ, ഒന്നും ഓർമയില്ല. നീണ്ട ആറുമാസം ആശുപത്രിവാസം...

അൽ– അസറിൽ തന്നെയായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നു കോലഞ്ചേരി മെ‍ഡിക്കൽ മിഷൻ. പിന്നെ, അമൃതയിൽ സർജറി. അവിടെ നിന്നു വെല്ലൂർ െമഡിക്കൽ കോളജിൽ.’’ അന്ന്  മരിയ ഒന്നാംവർഷ െമഡിക്കൽ വിദ്യാർഥിനിയായിരുന്നു. ഇനി ജീവിതം വീൽചെയറിലായിരിക്കുമെന്ന് ചികിത്സയുടെ ആദ്യനാളുകളിൽ തന്നെ മരിയ അറിഞ്ഞു. ദൈവത്തിൽ മുഴുവനായി  മനസ്സർപ്പിച്ച് സ്വയം കൂടുതൽ കരുത്തയാകാൻ ശ്രമം തുടങ്ങി. ഒരു ചക്രക്കസേരയ്ക്കപ്പുറം ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ധൈര്യം ഉള്ളിൽ നിറയ്ക്കാൻ ദൈവത്തോട് പ്രാർഥിച്ചു.

മരുന്നിന്റെ മയക്കം വിട്ടുമാറി പുസ്തകങ്ങൾ വായി ക്കാം എന്ന അവസ്ഥ എത്തി. പഠിക്കാനുള്ള പുസ്തകങ്ങളായിരുന്നു മരിയ ആദ്യം ആവശ്യപ്പെട്ടത്. മെഡിക്കൽ വിദ്യാർഥിയാണെന്നറിഞ്ഞതോടെ ഡോക്ടർമാർക്കും ഉ ത്സാഹമായി. അങ്ങനെ ആശുപത്രിക്കിടക്കയിൽ വച്ച് മരിയ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി.

കഴുത്തിനു താഴേക്കു തളർന്നിരുന്നു. അത്രയ്ക്കും ഗുരുതരമായിരുന്നു പരുക്കുകൾ. ആറുമാസത്തിനു ശേഷം കൈകൾ ചലിപ്പിക്കാനായി. പക്ഷേ, പേന പിടിക്കാൻ കഴിയില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ തുടക്കത്തിൽ പരീക്ഷ എഴുതി. സ്വയം എഴുതി നേടണം മെഡിക്കൽ ബിരു ദം എന്ന മോഹത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.

ആദ്യമാദ്യം സ്വന്തമായി എഴുതാനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് വിരലുകൾക്കിടയിൽ പേന വച്ച് വെറുതെ വരകളിട്ടു. നഴ്സറിയിൽ കുഞ്ഞുങ്ങൾ വരയിടുന്നതുപോലെ. മരിയ ശ്രമിച്ചുകൊണ്ടിരുന്നു, വിജയിക്കുന്നതുവരെ. ഒ ടുവിൽ മനോഹരമായ കൈപ്പടയിൽ മരിയ എഴുതി തുടങ്ങി, ജീവിത വിജയത്തിന്റെ പുതിയ ദിനങ്ങൾ.

വെല്ലൂരിൽ നിന്നു കിട്ടിയ വെളിച്ചം

വെല്ലൂർ  സിഎംസി  മെഡിക്കൽ  കോളജിലെ  റീഹാബിലിറ്റേഷൻ വാർഡിൽ വച്ചായിരുന്നു മരിയയുടെ പുനർജന്മം. ഒരുപാടു നല്ല മനസ്സുകൾ പ്രത്യാശയുടെ പ്രകാശം ചൊരിഞ്ഞതോടെ മരിയ പഠനത്തിലേക്കു കടന്നു.‌‌ ‘‘സത്യത്തിൽ സിഎംസിയിലെ ഡോക്ടർമാരാണു വീണ്ടും ചിറകു തന്നതെന്നു പറയാം. പ്രത്യേകിച്ചും ഫിസിയോളജിയിലെ രേണു മാഡം.  

ആറുമാസത്തെ ചികിത്സ കഴിഞ്ഞ് പുതിയൊരാളായി ഞാൻ കോളജിൽ തിരിച്ചെത്തി. തുള്ളിച്ചാടി നടന്നിരുന്ന ഞാൻ വീൽചെയറിലായി. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി.  കോളജിൽ തിരിച്ചുവന്നപ്പോൾ വലിയ സ്വീകരണമാണ് എനിക്കു കിട്ടിയത്.  ആശുപത്രി മാനേജ്മെന്റ്  എനിക്കു സഞ്ചരിക്കാൻ റാംപ് ഉണ്ടാക്കി തന്നു. പ്രത്യേക ഹോസ്റ്റൽ മുറിയും അനുവദിച്ചു.

കൊറോണ കാരണം നീണ്ടുപോയ ഹൗസ് സർജൻസി കഴിഞ്ഞ മാസം തുടങ്ങി. അങ്ങനെയാണ് തൊടുപുഴയിലെ വാടകവീട്ടിലേക്കു മാറിയത്.’’ മരിയ പറയുന്നു. ഹൗസ് സർജൻസിയിലെ മറ്റുള്ളവരെപ്പോലെ തന്നെ വാർഡ് സന്ദർശനത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലും മരിയ സജീവം. വീൽ ചെയറിലാണെന്ന തോന്നലൊന്നുമില്ല. എല്ലായിടത്തുമുണ്ട് മരിയ.

ഒഴിവുസമയങ്ങളിൽ നല്ലൊരു പ്രഭാഷകയാകും ഡോ. മരിയ. ‘എനിക്കാകുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കാകില്ല.’ അതാണു മരിയയുടെ ചോദ്യം. ആ ചോദ്യം കേള്‍വിക്കാരുടെ മനസ്സിനെ ഉണർത്തും. ‘ഞാൻ ശ്രമിക്കും’ എന്നൊരു തീരുമാനവുമായാണ് പലരും മടങ്ങുന്നത്.

‘ഒരനുഭവമായിരിക്കാം ജീവിതത്തിൽ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നത്. എന്നാൽ അനുഭവങ്ങൾക്കു വേണ്ടി കാത്തുനിൽക്കാതെ ജീവിതത്തിൽ കാഴ്ചപ്പാടുകൾ ഉണ്ടാക്കണം.’മരിയ മറ്റുള്ളവരോടായി പറയുന്നു.

‘‘മുത്തശ്ശിക്കു കൊടുത്ത വാക്കാണ്. അതും സ്കൂളിൽ പോയ ആദ്യദിവസം. നല്ലൊരു ഡോക്ടറാകണം. അതാണ് എന്റെ ലക്ഷ്യം. മറ്റുള്ളവരെ സ്നേഹിക്കാൻ ഇതുപോലെ മറ്റൊരു ജോലിയില്ല. അതാണു മെഡിക്കൽ ഫീൽഡിന്റെ ഗുണം.’’ മരിയ പറയുന്നു.

അദ്ഭുതങ്ങൾക്കായുള്ള കാത്തിരിപ്പ്

തൊടുപുഴയിലെ വാടകവീട്ടിൽ മരിയയുടെ അച്ഛൻ ബി ജു പീറ്ററും അമ്മ സുനിയുമുണ്ട്. മരിയയുടെ അപകടമറിഞ്ഞ് നാട്ടിലെത്തിയതാണ് ബിജു. പിന്നെ, ഗൾഫിലേക്കു തിരിച്ചുപോയില്ല. മരിയയുടെ സഹോദരി മേരിയോൺ. തിരുവല്ല ബിലീവേഴ്സ് ചർച് മെഡിക്കൽ കോളജിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. തന്റെ ഇഷ്ടവിഷയം ഒഴിവാക്കി മേരിയോൺ മെഡിസിൻ തിരഞ്ഞെടുത്തതും ചേച്ചിക്കുവേണ്ടിയാണ്.

അപകടത്തിൽ മരിയയുടെ നട്ടെല്ലാണു തകർന്നത്. മരിയ പക്ഷേ, അങ്ങനെ വിശ്വസിക്കുന്നില്ല. കാരണം, തന്റെ ന ട്ടെല്ലായി അച്ഛൻ കൂടെയുണ്ട് എന്നതുകൊണ്ട് തന്നെ. മകളുടെ അപകടത്തിനു ശേഷം ബിസിനസ് ഉപേക്ഷിച്ച് നാട്ടിലെത്തിയ ബിജു പിന്നീടുള്ള ഓരോ ദിവസവും  മകൾക്കു വേണ്ടി മാറ്റി വച്ചാണ് ജീവിക്കുന്നത്.  അമ്മ സുനിയെക്കുറിച്ചു ചോദിച്ചപ്പോൾ മരിയ പറഞ്ഞു, ‘അമ്മ എന്റെ ശ്വാസമാണ്, അനുജത്തി എന്റെ ബലവും ആശ്വാസവും. പിന്നെ, സ്േനഹമുള്ള സുഹൃത്തുക്കൾ.’’

ൈദവം മാറ്റിവച്ച ആ അദ്ഭുതം  ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ജീവിത കഥയായി മാറണേ എന്ന് ആരും പ്രാർഥിച്ചു പോകും. ‘‘വൈദ്യശാസ്ത്രത്തിൽ എനിക്ക് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. സർജറിയാണ് ഇഷ്ടപ്പെട്ട വിഷയം. എന്റെ ശാരീരികാവസ്ഥ അനുവദിക്കുമോ എന്നറിഞ്ഞുകൂടാ. എങ്കിലും അതു നേടാനാകുമെന്നാണ് വിശ്വാസം. എന്തെങ്കിലും അദ്ഭുതം സംഭവിക്കുമായിരിക്കും.’’