Thursday 09 June 2022 11:56 AM IST

‘പ്രശ്നങ്ങൾ വരുമ്പോഴും സങ്കടം വരുമ്പോഴും ഞാൻ ലഡാക്കിനെ കുറിച്ചോർക്കും’: താക്മചികിലെ കാഴ്ചകൾ

Tency Jacob

Sub Editor

geethu-mohandas

മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ.

ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്.

നാല് സോളോ ട്രാവലേഴ്സിനേയും ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുന്ന നാലു താരങ്ങളെയും കേട്ടോളൂ. ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും.

ലഡാക്കിൽ പൂക്കൾ പൊഴിയുമ്പോൾ

ഗീതു മോഹൻദാസ്–സംരംഭക

ആപ്പിളും ഏപ്രിക്കോട്ടും നിറയെ പൂത്തു നിൽക്കുന്നു. ആ പൂക്കൾക്ക് വെള്ളനിറമാണ്. ഉച്ച നേരത്ത് കാറ്റു വീശുമ്പോൾ മഞ്ഞു മൂടിയ താഴ്‌വരയിലേക്ക് പൂക്കൾ പാറി വീഴും. സഹ്യന്റെ താഴ്‌വരയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥലമായ ലഡാക്കിലേക്ക് പൂക്കൾ പാറി വീഴുന്ന ആ കാഴ്ച കാണാനായി മാത്രം ഞാനെത്ര തവണ യാത്ര െചയ്തെന്നോ?

ചെറിയ ദൂരമാണെങ്കിൽ പോലും ഓരോന്നിനും അതിന്റെതായ ഭംഗിയുണ്ട്. എന്നെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിക്കുന്ന സ്ഥലം മഞ്ഞിന്റെ പീഠഭൂമി എന്നു വിളിക്കുന്ന ലഡാക്കാണ്. അവിടത്തെ ജനങ്ങൾ, സംസ്ക്കാരം എല്ലാം നേരിൽ കണ്ടറിയേണ്ടതാണ്. ആറു മാസം തണുപ്പു കാലം കഴിഞ്ഞ് ബാക്കി ആറുമാസമാണ് കൃഷിയും ടൂറിസവും. ആ സമയത്താണ് അവിടെയുള്ള ആളുകളുടെ ജീവിതം പച്ചപിടിക്കുന്നതും.

എല്ലാ സ്ത്രീകളും കാണേണ്ട കാഴ്ചകൾ

എല്ലാ സ്ത്രീകളും ലഡാക് കാണണമെന്നാണ് എന്റെ ആഗ്രഹം.‘സൃഷ്ടി’ എന്ന ഗ്രൂപ്പിലൂടെ ഞാൻ സ്ത്രീകളെ കൊ ണ്ടു പോകുന്നുമുണ്ട്. ഭർത്താവ് ആദിഷ് അജയകുമാറി നൊപ്പം ബെംഗളൂരുവിലാണ് ഞാൻ താമസിക്കുന്നത്.

പരിമിതമായ സൗകര്യങ്ങൾക്കിടയിലും സന്തോഷത്തോടെയാണ് ലഡാക്കിലുള്ളവർ ജീവിക്കുന്നത്. എനിക്കെന്തെങ്കിലും പ്രശ്നം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാൻ ലഡാക്കിനെ കുറിച്ചോർക്കും. ലഡാക്കിലെ പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയോ ഇന്റർനെറ്റോ കടന്നു ചെന്നിട്ടില്ല.

അവിടത്തെ വീടുകളിൽ അതിഥികൾക്കു മാത്രമിരിക്കാനായി ഒരു മുറിയുണ്ട്. അതു നന്നായി അലങ്കരിച്ചു വച്ചിട്ടുണ്ടാകും. അതിഥികളുടെ ചായക്കപ്പ് ഒരിക്കലും ഒഴിയരുതെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട്, വെണ്ണയും ഉപ്പും ചേർത്ത ‘ഗുർ ഗുർ ടീ’ വിളമ്പിക്കൊണ്ടിരിക്കും.

ഒരിക്കൽ ഞാൻ ഒരു ഗ്രൂപ്പിനെ ഒപ്പം കൊണ്ടുപോകുന്ന സമയത്താണ് ഡ്രൈവർ പറയുന്നത്. ‘നമ്മൾ പോകുന്നതിനിടയിലാണ് എന്റെ ഗ്രാമം. വീട്ടിൽ ഒന്നു കയറിയിട്ടു പോകാം.’ തിയ എന്ന ഗ്രാമത്തിലെ ഒരു കുഞ്ഞു വീട്. ഞങ്ങൾ വീട്ടിലെത്തുമ്പോൾ അയാളുടെ അച്ഛനും അമ്മയും ഭാര്യയുമെല്ലാം കാത്തുനിൽക്കുകയാണ്. എവിടെയോ വച്ചു മൊബൈൽ റേഞ്ച് കിട്ടിയപ്പോഴാണ് അയാൾ ഞ ങ്ങൾ വരുന്ന വിവരം വീട്ടിൽ പറയുന്നത്. പതിനഞ്ചോളം ലഡാക്ക് വിഭവങ്ങളൊരുക്കിയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങളെല്ലാവരും സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കരഞ്ഞു പോയി.

നമ്മളെന്തോ ഭയങ്കര സംഭവമാണെന്നു തോന്നുമ്പോഴും അങ്ങനെയല്ലെന്നു തോന്നുമ്പോഴും യാത്ര ചെയ്യുക. ഏറ്റവും എളുപ്പത്തിൽ സ്വയം വീണ്ടെടുക്കാൻ അതാണ് എളുപ്പവഴി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.