Tuesday 17 January 2023 04:53 PM IST

കുറവുകൾ അറിയിച്ചില്ല, ‘കൊച്ചിനെ’ പൊന്നുപോലെ നോക്കിയ അമ്മ: ജോക്കുട്ടനുള്ള സ്വർഗത്തിലേക്ക് ശാന്ത ജോസഫും യാത്രയാകുന്നു

Tency Jacob

Sub Editor

pj-joseph-wife-santha

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറായിരുന്നു.

ഡോ. ശാന്ത ജോസഫിനെ ഓർക്കുമ്പോൾ അവര്‍ നിധിയെപ്പോലെ ജീവിതത്തോടു ചേർത്തുവച്ച ജോമോൻ കൂടി അറിയാതെ ഹൃദയത്തിലേക്കു കടന്നു വരും. ജോക്കുട്ടനെന്ന് അവർ പിജെ ജോസഫിന്റെ കുടുംബം സ്നേഹത്തോടെ വിളിച്ചിരുന്ന പൊന്നുമോൻ 2021ലാണ് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞത്. പരിമിതികളും വേദനകളും അറിയിക്കാതെ അവനെ പൊന്നു പോലെ വളർത്തിയ അമ്മയും അവനൊപ്പം സ്വർഗത്തിലേക്ക് യാത്രയാകുകയാണ്.

തന്റെ നല്ലപാതിയെക്കുറിച്ച് പിജെ ജോസഫ് ഒരിക്കൽ വനിതയോടു മനസു തുറന്നിരുന്നു. 43–ാം വയസിലാണ് ഡോ. ശാന്ത ജോസഫ് ജോക്കുട്ടൻ എന്ന ജോമോന് ജന്മം നൽകിയത്. അവന്റെ പരിമിതികളെ ആദ്യമേ തിരിച്ചറിഞ്ഞ ഡോ. ശാന്ത അതൊന്നും അറിയിക്കാതെ മറ്റുള്ളവർക്കു മുന്നിൽ അവനെ അഭിമാനത്തോടെ നിർ‌ത്തി. വനിത 2020 ഡിസംബർ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ജോക്കുട്ടന്റെ കണ്ണീരോർമ മാത്രമല്ല, ഡോ. ശാന്ത ജോസഫ് എന്ന അമ്മയുടെ പോരാട്ടകഥ കൂടിയാണ്.

പൂർണരൂപം വായിക്കാം:

മരണം വന്നു നിഴൽ വീശിപ്പോയ ആ വീട്ടിൽ സന്തോഷത്തിന്റെ ഒരു കുഞ്ഞുമാലാഖ ജീവിച്ചിരിപ്പുണ്ടായിരുന്നു. അസുഖങ്ങളോടെയും അസാധാരണത്വത്തോടെയുമായിരുന്നു അവന്റെ ജനനം.

ഏഴു വയസ്സുവരെയാണ് അവനു ആയുസ്സ് പറഞ്ഞതെങ്കിലും, കൂടെയുണ്ടായിരുന്നവർ സ്നേഹം കൊണ്ട് ഊട്ടി വളർത്തി 34 വർഷം അവനെ ഭൂമിയിൽ പിടിച്ചു നിർത്തി. നവംബർ ഇരുപതിനാണ് ഹൃദയാഘാതം വന്നു ജോമോൻ ഈ ലോകം വിട്ടുപോയത്.

തൊടുപുഴ പുറപ്പുഴയിലെ പാലത്തിനാൽ തറവാട്ടിലിരുന്ന് മകന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ. അപ്പച്ചന്റെ ചാരെയുണ്ട് മകൾ യമുനയും മൂത്ത മകൻ അപുവും ഇളയ മകൻ ആന്റണിയും. അനാരോഗ്യത്തിന്റെ അവശതകളോടെയെങ്കിലും ജോക്കുട്ടന്റെ അമ്മ ഡോ. ശാന്തയും അവർക്കരികിലിരുന്നു.

വൈകി വന്ന കൺമണി

‘‘ഞങ്ങൾ മുതിർന്നതിനു ശേഷമാണ് അവൻ ജനിച്ചത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ‘കൊച്ച്’ ആയിരുന്നു.ജോക്കുട്ടൻ ‘പെങ്ങൾ’ എന്നു സ്നേഹപൂർവ്വം വിളിച്ചിരുന്ന യ മുന അനിയനെ കുറിച്ചു പറഞ്ഞുതുടങ്ങി.

‘‘സ്കൂളിൽ നിന്നു വന്നാൽ അവനെ താലോലിക്കാനും എടുത്തുകൊണ്ടു നടക്കാനും തിടുക്കം കൂട്ടും. ഞങ്ങൾക്കെല്ലാം മക്കളുണ്ടായിട്ടും അവരേക്കാൾ മീതെ അവൻ ഞങ്ങളുടെ കൊച്ചായി തന്നെ തുടർന്നു.

അവനെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 43 വയസ്സുണ്ടായിരുന്നു. ജനനശേഷം ആദ്യം കണ്ടപ്പോഴേ ഡൗൺ സിൻഡ്രോമോടു കൂടിയ കുഞ്ഞാണെന്ന് അമ്മയ്ക്ക് മനസ്സിലായി. പക്ഷേ, അപ്പച്ചനോടോ ഞങ്ങളോടോ അതു പറഞ്ഞില്ല. സാധാരണ കുട്ടികളിൽ നിന്നു വ്യത്യസ്തമായി കമിഴ്ന്നു വീഴുന്നതും ഇരിക്കുന്നതുമെല്ലാം വൈകുന്നതു കണ്ട് എല്ലാവർക്കും സംശയമായി.‘അവൻ എല്ലാം വൈകിയേ ചെയ്യൂ...’ എന്ന ഒ റ്റ വാചകത്തിൽ വളരെ സൗമ്യമായാണ് അമ്മ അക്കാര്യം പറഞ്ഞത്.

പിന്നീട് ഒന്നര വയസ്സിൽ അസുഖം മൂർച്ഛിച്ചു മരണത്തോളമെത്തുന്ന സാഹചര്യത്തിലാണ് കൊച്ചിന്റെ അസുഖവിവരം അമ്മ വിശദമായി പറയുന്നത്.’’

‘‘എല്ലാം ശരിയാക്കിയെടുക്കാൻ പറ്റുമെന്നായിരുന്നു എ ന്റെ വിശ്വാസം. വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് യാഥാർഥ്യം മ നസ്സിലാകുന്നത്. ഇതൊരു ജനിതകവൈകല്യമാണെന്നും ചികിത്സയില്ലെന്നും.’’ ജീവിതത്തിൽ സങ്കടം തീണ്ടിയ ദിനങ്ങളെക്കുറിച്ച് പി. ജെ. ജോസഫ്.

‘‘ആ സമയത്ത് തൊടുപുഴയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി മികച്ച സ്ഥാപനം ഉണ്ടായിരുന്നില്ല. നാട്ടിലെ എല്ലാവരും കൂടി സപ്പോർട്ട് ചെയ്തിട്ടാണ് ‘പ്രതീക്ഷാഭവൻ’ എന്ന സ്ഥാപനം വളർത്തിയെടുക്കുന്നത്. അവൻ അവിടുത്തെ വിദ്യാർഥിയായിരുന്നു. ചെറിയ ജോലികൾ ചെയ്യാൻ അവിടെ പ്രായോഗിക പരിശീലനം കൊടുക്കുന്നുണ്ട്.

ശാന്തയായിരുന്നു അവിടത്തെ ഡോക്ടർ. കഴിഞ്ഞ ഡിസംബറിൽ വയ്യാതായതിനു ശേഷമാണ് അവൻ സ്കൂളിൽ പോകാതായത്. ക്രിസ്മസ് ആയാൽ സ്കൂളിലുള്ളവർക്കെല്ലാം കേക്ക് കൊണ്ടുപോകണമെന്നു നിർബന്ധമാണ്. അവിടെ എന്തു പരിപാടിയുണ്ടായാലും പാട്ടു പാടും. സിസ്റ്റേഴ്സിനെയെല്ലാം വലിയ കാര്യമായിരുന്നു. വാർഷികത്തിന് ഞാൻ സ്കൂളിൽ ചെല്ലണമെന്നു നിർബന്ധമാണ്. അവന്റെ പേരിൽ ട്രസ്റ്റുണ്ടാക്കിയതറിഞ്ഞ് പത്രക്കാർ വന്ന് അവനെ വളഞ്ഞപ്പോൾ കാലിൻമേൽ കാലും കയറ്റിവച്ചിരുന്ന ഇരിപ്പു ഒന്നു കാണണമായിരുന്നു.

എന്തെങ്കിലും കാര്യത്തിനു ഞാൻ വഴക്കു പറഞ്ഞാൽ ‘എ നിക്കു വോട്ടു ചെയ്യില്ലെന്നു’ ഭീഷണിപ്പെടുത്തും. അവൻ വോട്ടു ചെയ്തില്ലേൽ ഞാൻ ഒരിക്കലും ജയിക്കുകയുമില്ല, സർക്കാർ വണ്ടി കിട്ടുകയുമില്ല എന്നു കട്ടായം പറയും. തൊടുപുഴയിൽ എല്ലാക്കൊല്ലവും നടത്താറുള്ള കാർഷിക മേളയ്ക്ക് അമ്മയുടെ കയ്യും പിടിച്ചു എത്തും. അതിനോടനുബന്ധിച്ചുള്ള കലാസന്ധ്യയ്ക്ക് പോകാൻ ഞാനിറങ്ങുമ്പോഴേ പറയും.‘അപ്പച്ചാ, കാട്ടു കുറിഞ്ഞി പൂവും ചൂടി പാട്ട് പാടണേ. അതവനു കാണാതെ അറിയാമായിരുന്നു.’’ പി. ജെ. ജോസഫ് എന്ന അപ്പച്ചന്റെ ഹൃദയത്തിൽ നിറയെ ഓർമകളാണ്. ഓരോ ഓർമകളും ആ മുഖത്ത് അളവില്ലാത്ത സ്നേഹം വിരിയിക്കുന്നുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി

‘‘കുട്ടിക്കാലത്ത് അവനു സ്വന്തമായി ഒരു ടേപ് റിക്കോർഡർ ഉണ്ടായിരുന്നു. അതിൽ കസെറ്റിട്ടു പാട്ടു കേട്ടുകൊണ്ടിരിക്കുന്നതാണ് വിനോദം.’’ ചേട്ടൻ അപു അനുജന്റെ കുസൃതികളിലേക്കു കടന്നു. ‘‘ദേ, മാവേലി കൊമ്പത്ത്’ എന്ന കസെറ്റ് കൊച്ച് എത്രയാവർത്തി കേട്ടു കാണുമെന്നു ഞങ്ങൾക്കു തന്നെ അറിയില്ല. ടിവി സീരിയലിന്റെ കാലം വന്നപ്പോൾ അതു കാണാനായി ഇഷ്ടം. കഥ ആരെങ്കിലും ചോദിച്ചാൽ വിശദമായി പറഞ്ഞുകൊടുക്കും. സിനിമകളോടും പ്രിയമായിരുന്നു. അമ്മ നടി ഫിലോമിനയുടെ പോലെയാണ് എന്നാണ് പറയുക. അ പ്പച്ചനെ ആരുമായും സാമ്യപ്പെടുത്താറില്ല. പെങ്ങൾ ശോഭന, ഞാൻ ശങ്കരാടി, ആന്റണി മാമുക്കോയയുമാണ്. പക്ഷേ, അവ ൻ എപ്പോഴും സൂപ്പർ സ്റ്റാർ. മമ്മൂട്ടി, മോഹൻലാൽ അല്ലെങ്കി ൽ സുരേഷ്ഗോപി.

എപ്പോഴും സന്തോഷിച്ചിരിക്കാൻ ഇഷ്ടമുള്ള വ്യക്തിയായിരുന്നു. പക്ഷേ, അവന്റെ ഇടത്തിലേക്കു ഇടിച്ചു കയറിച്ചെന്നാൽ ആക്രമിക്കുകയും ചെയ്യും. ദേഷ്യം വന്നാലുള്ള അടിയൊക്കെ ഒന്നൊന്നര അടിയാണ്. ജീവിതത്തിനൊരു ചിട്ടയുണ്ട്. അതിനു തടസ്സം നേരിട്ടാലും അസ്വസ്ഥനാകും.

അപ്പച്ചന്റെ ഓഫിസ് മുറിയിൽ രാത്രി പത്തുമണി കഴിഞ്ഞ് ആരെങ്കിലും ഇരുന്നാൽ ഇഷ്ടമില്ല. കൊച്ചിനെ കാണുമ്പോഴേ സ്റ്റാഫിനും കൂടെയുള്ളവര്‍ക്കുമെല്ലാം കാര്യം മനസ്സിലാകും. ‘ജോക്കുട്ടന് ഉറങ്ങാറായി, ’ എന്നു പറഞ്ഞു അവരെല്ലാം സ്ഥലം വിടും. വാതിലുകൾ തഴുതിടുന്നതും ലൈറ്റണയ്ക്കുന്നതുമെല്ലാം കൊച്ചിന്റെ ജോലിയാണ്. കാലത്തു വാതിൽ തുറക്കുന്നതും അവനാണ്.

കഴിഞ്ഞ മാസം ഒരു ദിവസം അപ്പച്ചനെ കാണാൻ വന്നിരിക്കുന്നവരുടെ ഇടയിൽ ഗിറ്റാറെടുത്തുകൊണ്ടുപോയി ‘കൈതോല പായ വിരിച്ച്’ പാടി. അവനിത്രയും പാടാനറിയാമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ഒരു ദിവസം അപ്പച്ചനും ഞങ്ങളെല്ലാവരും ചേർന്നു രാഷ്ട്രീയം പറഞ്ഞു തർക്കിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു നിമിഷം നിശബ്ദത പരന്നപ്പോൾ പിന്നിൽ നിന്നൊരു പാട്ട്, ‘കൺഫ്യൂഷൻ തീർക്കണമേ...’

ഗുരുതര ഹൃദ്രോഗവുമായാണ് അവൻ ജനിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളതു കൊണ്ട് ഹൃദയശസ്ത്രക്രിയ നടത്താൻ സാധിച്ചില്ല. 14 വർഷമായി ജോക്കുട്ടന്റെ ഹൃദയത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ശ്വാസകോശ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഓക്സിജൻ സിലിണ്ടർ വീട്ടിൽത്തന്നെ വാങ്ങിവച്ചിട്ടുണ്ട്. ആവശ്യം വരുമ്പോൾ തനിയെ അതെടുത്തു ഉപയോഗിക്കാനൊക്കെ അറിയാം. ജനിച്ചപ്പോൾ ഏഴോ എട്ടോ വയസ്സു വരെയേ ആയുസ്സുണ്ടാകൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ഞങ്ങൾക്കെല്ലാം സന്തോഷം പകരാനാകാം ഇത്രയും നാൾ അവൻ ജീവിച്ചിരുന്നത്.

ഒന്നര വയസ്സുള്ളപ്പോൾ രണ്ടാഴ്ചയോളം കോമ സ്േറ്റജിലായിരുന്നു. തിരികെ വരുമോയെന്നു പോലും ഭയന്നു. പക്ഷേ, ഉറക്കത്തിൽ നിന്നെഴുന്നേറ്റു വരുന്ന പോലെ അവൻ തിരികെ വന്നു. ഇരുപതാം വയസ്സിലും അങ്ങനെയുണ്ടായി. ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തി തുടങ്ങിയെന്നു ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായി വരികയാണെങ്കിലും അവനെ ഒന്നിനും തടസ്സപ്പെടുത്താതെ ഇഷ്ടപ്രകാരം ജീവിക്കാനനുവദിച്ചു. അമ്മയുടെ പോളിസിയായിരുന്നു അത്. അതുകൊണ്ടാകാം ഇത്ര നാളും അവൻ ജീവിച്ചത്. അ സുഖമുണ്ടെന്ന തോന്നലൊന്നും അവനില്ലായിരുന്നു.

90 ശതമാനം കേടായ ശ്വാസകോശമാണ് എന്നതുകൊണ്ട്, അതിൽ ചെറിയ മാറ്റം വന്നാൽ പോലും ഹൃദയാഘാതം സംഭവിച്ചേക്കാമെന്നു ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. പലരും സ ഹതാപത്തോടെ പറയുന്നതു കേട്ടു, പി. ജെ. ജോസഫ് ഇത്രയും ദുഃഖാവസ്ഥയിലാണോ ജീവിച്ചിരുന്നത് എന്ന്. അവൻ ഞങ്ങൾക്ക് വേദനയോ ബാധ്യതയോ ഒന്നുമായിരുന്നില്ല. ചിലർ വ്യത്യസ്തമായി ജനിക്കുന്നു. സാധാരണയിൽ കൂടുതൽ സഹായം കൊച്ചിനു ആവശ്യമായിരുന്നു. അത്രയേയുള്ളൂ...’’

pj-remembering-son

അന്നു സംഭവിച്ചത്...


‘‘കൊച്ചിന് ഏറ്റവും ഇഷ്ടം ഭക്ഷണമായിരുന്നു. ബിരിയാണി, ചിക്കൻ ഫ്രൈ, ഡോനട്ട്, ഐസ്ക്രീമൊക്കെ കിട്ടിയാൽ സ ന്തോഷമാണ്.’’ ഇളയ ചേട്ടൻ ആന്റണി ആ ദിവസത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി.

നവംബർ ഇരുപതാം തീയതി അവൻ പോകുന്ന അന്നും, ബിരിയാണി കഴിക്കണമെന്നു മോഹം പറഞ്ഞു. അമ്മയുടെ കൂടെയിരുന്നു അതു കഴിച്ചു. എന്റെ ഇളയകുഞ്ഞിനു ഭക്ഷണം ക ഴിക്കാൻ മടിയാണ്. കുഞ്ഞിനു കുറച്ചു ബിരിയാണി വാരിക്കൊടുക്കുകയും ചെയ്തു. പിന്നെ, മുറിയിലേക്കു പോയി.

പത്തുമിനിറ്റു കഴിഞ്ഞ് അമ്മയെ നോക്കുന്ന ഹോംനഴ്സാണ് താഴെ വീണുകിടക്കുന്നത് കാണുന്നത്. ‘എന്താ ജോക്കുട്ടാ താഴെ കിടക്കുന്നത്?’ എന്നു ചോദിച്ചു കുലുക്കിയുണർത്താൻ നോക്കുമ്പോൾ അബോധാവസ്ഥയിലാണെന്നു മനസ്സിലായി. വേഗം ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.’’

‘‘ഞാൻ എറണാകുളത്തു നിന്നെത്തിയാണ് അമ്മയോടു വിവരം പറയുന്നത്.’’ യമുനയുടെ കണ്ണുകളിൽ നീർതിളക്കമുണ്ട്. ‘‘പോയോ? തിരിച്ചു കൊണ്ടു വരാൻ പറ്റില്ലേ?’എന്നു അമ്മ ചോദിച്ചു കൊണ്ടിരുന്നു.‘ഇല്ല അമ്മാ, എല്ലാം നോക്കി. കൊച്ച് ഇനി തിരിച്ചു വരില്ല’ എന്നു പറഞ്ഞപ്പോൾ പിന്നെ, അമ്മ ഒന്നും മിണ്ടിയില്ല.

ഉള്ളിൽ സങ്കടക്കടൽ ഇരമ്പുന്നുണ്ടായിരുന്നിരിക്കും. കൊച്ചിന്റെ സംസ്ക്കാരം കഴിഞ്ഞു വന്നശേഷം അമ്മ നിയന്ത്രണം വിട്ടു കരഞ്ഞു.

അമ്മയ്ക്കു ആകുലതകളുണ്ടായിരുന്നിരിക്കും. പക്ഷേ, ഒ രിക്കലും പ്രകടിപ്പിച്ചിരുന്നില്ല. അവന്റെ തമാശകൾക്കു പൊട്ടിച്ചിരിച്ചു. നേട്ടങ്ങൾ ആഘോഷിച്ചു. അവൻ വേച്ചു വീഴാതെ നടന്നത്, ആദ്യമായി ഒരു വാക്കു മിണ്ടിയത്, പാട്ടുപാടുന്നത് എല്ലാം ഞങ്ങൾ ആഹ്ലാദിക്കുന്ന നേട്ടങ്ങളായിരുന്നു. ഒരിടത്തും അമ്മ അവനെ മാറ്റി നിർത്തിയില്ല. പോകുന്നിടത്തെല്ലാം കൊണ്ടുപോയി. എത്ര വലിയ നേതാക്കൾ വന്നാലും അവനവരുടെ ഇടയിൽ ഇരിക്കാൻ അനുവാദം കൊടുത്തു. അവരോടു സംസാരിക്കുന്നതിൽ നിന്നും തടസ്സപ്പെടുത്താറുമില്ല. ഒരി ക്കലും മുറിയിലടച്ചിട്ടില്ല.

അമ്മ വയ്യാതെ ആയ ശേഷം ജോക്കുട്ടൻ രാവിലെ എഴുന്നേറ്റ് ആദ്യം പോയി അമ്മയ്ക്ക് നെറ്റിയിലൊരുമ്മ കൊടുക്കും. അ തുകഴിഞ്ഞേ എന്തും ചെയ്യൂ. പിന്നെ, അടുപ്പമുണ്ടായിരുന്നത് ഞങ്ങൾ കുഞ്ഞികൊച്ച് എന്നു വിളിക്കുന്ന ദേവകിയമ്മയോടായിരുന്നു. മക്കളില്ലാത്ത അവർക്ക് ജോക്കുട്ടൻ സ്വന്തം മകനെപ്പോലെയായിരുന്നു.

pj-son-j

അതുപോലെ അപ്പച്ചന്റെ ഡ്രൈവർമാരായിരുന്ന പ്രേമന്‍, ഫിലിപ്പ് എന്നിവരുമായിട്ടും നല്ല അടുപ്പമായിരുന്നു. മൂന്നുപേരും മരിച്ചു. ഞങ്ങൾക്കാകെയുള്ള ആശ്വാസം സ്വർഗത്തിൽ അ വനു കൂട്ടായി അവരെല്ലാം ഉണ്ടല്ലോ എന്നതാണ്.’’

‌കനിവിന്റെ ഉറവയുണ്ടാക്കിയ ജീവിതം

ഒാർമയിൽ ചില വരികൾ തെളിഞ്ഞതു പോലെ പെട്ടെന്ന് വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ ജോസഫ് പാടിത്തുടങ്ങി.

അപു ചേട്ടൻ ഓടി വരുന്നുണ്ടേ

യമുനചേച്ചി ആടി വരുന്നുണ്ടേ

അന്തുചേട്ടൻ ചാടി വരുന്നുണ്ടേ

ഈ ജോക്കുട്ടനു മിഠായി തരാൻ...

മകനെ മാത്രം കേൾപ്പിക്കാനായി, നിറഞ്ഞ ചിരി കാണാനായി അപ്പച്ചൻ സ്വയമുണ്ടാക്കി ഈണം നൽകിയ പാട്ട്.

‘‘ഞാനൊരിക്കൽ തൊടുപുഴ ഗസ്റ്റ്ഹൗസിലിരിക്കുമ്പോ ൾ കലക്ടർ ജീവൻ ബാബു കാണാൻ വന്നു. ഇടുക്കി ജില്ലയിലെ ആയിരം പാലിയേറ്റീവ് രോഗികൾക്ക് സഹായം ചോദിച്ചു കൊണ്ടാണ് വന്നത്. അവർക്കു ജീവിതച്ചെലവിനു മാസം ആയിരം രൂപയെങ്കിലും വേണം. അങ്ങനെ ആയിരം പേർക്കു ആയിരം രൂപ വീതം മാസം ഒരു ലക്ഷം രൂപ അടുത്ത മാസം മുതൽ തന്നേക്കാമെന്നു ഞാൻ സമ്മതിച്ചു.

വീട്ടിൽ വന്നു ശാന്തയോടു കാര്യങ്ങൾ പറഞ്ഞു. ശാന്ത മനക്കണക്കിന്റെ ആളാണ്. ആയിരം ഗുണം ആയിരം ഒരു ലക്ഷമല്ല, പത്തു ലക്ഷമാണെന്നു ശാന്ത പറയുമ്പോഴാണ് ശ്രദ്ധിക്കുന്നത്. ‘വാക്കു കൊടുത്തോ?’ എന്നു ശാന്ത ചോദിച്ചു. കൊടുത്തെന്നും പറഞ്ഞു. പറഞ്ഞ വാക്കു പാലിക്കണമെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പത്തു ലക്ഷം രൂപ കൊടുക്കണം.

ഞങ്ങളുടെ നാലുമക്കൾക്കും സ്വത്തിൽ തുല്യ അവകാശമാണ്. ജോക്കുട്ടന്റെ സ്വത്ത് സേവനപ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടിലെല്ലാവർക്കും സമ്മതം. അവന്റെ ഭാഗത്തിലുണ്ടായിരുന്ന ആ‍ഞ്ഞിലിയും തേക്കുമെല്ലാം മുറിച്ചു വിറ്റപ്പോൾ ആദ്യത്തെ മാസത്തെ തുക കൊടുക്കാനായി.

പറഞ്ഞ തുക മാസം തോറും കൊടുക്കണമെങ്കിൽ വർഷം ഒരു കോടി രൂപ വേണം. ഒരു വര്‍ഷത്തേക്കുള്ള തുകയ്ക്കായി ശാന്തയുടെ പെൻഷനും ഫിക്സഡ് ഡെപ്പോസിറ്റും ഫാമിൽ നിന്നു പാൽ വിൽക്കുന്നതിന്റെ തുക കിടന്നതെല്ലാമായി എഴുപതു ലക്ഷം മാറ്റി വച്ചു. പലയിടത്തു നിന്നു സംഭാവനയായി മുപ്പതു ലക്ഷത്തോളം കിട്ടി.

എന്റെ പെങ്ങളുടെ നിർദേശപ്രകാരമാണ് ‘ജോമോൻ ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ്’ ഉണ്ടാക്കിയത്. അതിനു വേണ്ടി അവന്റെ പേരിലുള്ള കുറച്ചു സ്ഥലം വിൽക്കാമെന്നു തീരുമാനിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പാലിയേറ്റീവ് രോഗികൾക്കും വീടില്ലാത്തവർക്കും വിദ്യാഭ്യാസ സഹായവുമെല്ലാം ഈ ട്രസ്റ്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം പ്രതീക്ഷാഭവൻ സ്പെഷൽ സ്കൂളിൽ ക്രിസ്മസ് പപ്പയായി വേഷം കെട്ടിയത് ജോക്കുട്ടനായിരുന്നു. അവന്റെ മരണശേഷം പെട്ടി തുറന്നു നോക്കിയപ്പോൾ, സാന്റക്ലോസിന്റെ വേഷം ഭംഗിയായി മടക്കി വച്ചിരിക്കുന്നു.

pj-son-1

ഇക്കൊല്ലവും അതണിയാമെന്നു കരുതിയിരുന്നിരിക്കും. പക്ഷേ, ഈ ക്രിസ്മസിന് അവൻ ഇല്ല. സന്തോഷവും സ്നേഹവുമെന്ന സമ്മാനങ്ങളുമായി ഞങ്ങളുടെ സാന്റ ഇനി ഒരിക്കലും ഈ വീട്ടിലേക്ക് തിരികെ വരില്ലല്ലോ.’’