Saturday 04 February 2023 09:41 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ദീപയുടെ മകൾ... ഞങ്ങളുടെ കുടുംബത്തില്‍ ഇതാ ഒരു കുഞ്ഞു പിറക്കുന്നു’: സന്തോഷം പങ്കുവച്ച് രാഗ രഞ്ജിനി

ziya-zahad

സിയയുടെയും സഹദിന്റെയും കണ്ണീരും കാത്തിരിപ്പും കലർന്ന മാതൃത്വത്തിന്റെ കഥ വനിത ഓൺലൈനാണ് ആദ്യമായി സോഷ്യല്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. പെണ്ണുടലിൽ നിന്നും ആണായി മാറിയെങ്കിലും പ്രിയപ്പെട്ടവളുടെ ആഗ്രഹപ്രകാരം കുഞ്ഞുജീവനെ ഉദരത്തിലേന്തിയ സഹദിന് പ്രാർഥനയും പിന്തുണയുമായി സോഷ്യൽ മീഡിയ ഒന്നാകെ എത്തുകയും ചെയ്തു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ തന്റെ ചെറുമകൾ കൂടിയായ സിയയെക്കുറിച്ചും അവളുടെ പ്രിയപ്പെട്ടവനെക്കുറിച്ചും ഹൃദ്യമായി കുറിക്കുകയാണ് രാഗരഞ്ജിനി. ഒറ്റപ്പെട്ടും കഷ്ടപ്പെട്ടും ജീവിച്ച സിയ–സഹദ് ജോഡിയുടെ ജീവിതത്തിലേക്ക് ദൈവ നിയോഗം പോലെ എത്തുന്ന നിധിയാണ് ആ കുഞ്ഞെന്ന് രാഗ രഞ്ജിനി കുറിക്കുന്നു. ഫെയ്സ്ബുക്കിലാണ് ഇരുവരുടേയും മനോഹര ചിത്രത്തിനൊപ്പം രാഗ രഞ്ജിനി കുറിപ്പും പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ആദ്യം ഒറ്റപ്പെട്ട ജീവിച്ചു, പിന്നെ കൂടെയുള്ളവരെ കണ്ടെത്തി. ഈ ജീവിതം തിരഞ്ഞെടുക്കാൻ വേണ്ടി നാട് വിട്ട് അന്യ ദേശത്തേക്ക് പോകേണ്ടി വന്നു. മനസ്സ് പോലെ ശരീരം മാറ്റിയെടുത്തിട്ട്, സ്വന്തം നാട്ടിലേക്ക്. ഇനി ജീവിക്കുകയാണെങ്കിലും, മരിക്കുകയാണെങ്കിലും സ്വന്തം നാട്ടിൽ തന്നെ. ദൈവം നിയോഗം പോലെ, കൊച്ചി മെട്രോ ജോലി ലഭിച്ചു. അവിടെവെച്ച്, കൂടെ ജോലി ചെയ്ത ഒരു കുട്ടി ( എന്റെ സുൽഫി )അമ്മ എന്ന് വിളിക്കുകയും, എനിക്ക് അമ്മ മക്കൾ ബന്ധത്തോടൊന്നും താല്പര്യമില്ലാത്തതായിരുന്നു, ( കേരളത്തിൽ ).

കാരണം അതിനെപ്പറ്റി അറിയാത്ത ആൾക്കാരായിരുന്നു കൂടുതലും. മകളുടെ ജെൽസക്ക് കൂടെ ജോലി ചെയ്യുന്ന നാട്ടുകാരിയായ Arpitha P Nair കുട്ടി, എന്നേ മമ്മി എന്ന് വിളിക്കുമായിരുന്നു. ആ കുട്ടിയുടെ അടക്കവും ഒതുക്കവും, ആ സുന്ദരിക്കുട്ടിയെ മകൾ ആക്കണമെന്നൊരു ആശ. തുറന്നു പറഞ്ഞപ്പോൾ മോൾക്ക് അതിലേറെ സന്തോഷം. അവിടെ നിന്ന് ഒരു കുടുംബം ആരംഭിക്കായിരുന്നു.

ഒരുപാട് മക്കളുടെ അമ്മയായി, മക്കളുടെ മക്കൾ,അങ്ങനെ വലിയൊരു കുടുംബം. ഇത്രയും പേരെക്കൂടി ഒന്നിച്ചു പോവുക എന്ന് പറഞ്ഞാൽ തന്നെ വലിയൊരു ഉത്തരവാദിത്വമാണ്. ഇപ്പോഴിതാ കുടുംബത്ത് തന്നെ എന്റെ Deepa Rani Sivankutty മകൾ അമ്മ ആകുന്നു. അങ്ങനെ ആ ഒരു കുടുംബത്ത് ഒരു കുഞ്ഞു പിറകുകയാണ്.