Thursday 23 September 2021 05:28 PM IST

‘അച്ഛൻ എഴുന്നേറ്റ് നടക്കുമെന്നാണ് അവൻ ഇപ്പോഴും വിശ്വസിക്കുന്നത്’: നടുവേദനയിൽ‌ തുടക്കം, അറിയണം രാമനുണ്ണിയുടെ അതിജീവനം

Binsha Muhammed

ramanunni

വീടിനു വിളക്കായി നിറഞ്ഞും തെളിഞ്ഞും കത്തിയൊരു പ്രഭ പൊടുന്നനെ അണഞ്ഞതു പോലെയായിരുന്നു ആ വിധി. സർവ വിധ ആരോഗ്യത്തോടെയും ജീവിച്ചൊരു മനുഷ്യൻ ഒരു സുപ്രഭാതത്തിൽ വീൽചെയറിലേക്ക് ചുരുങ്ങിപ്പോകുക. ആ കാഴ്ച സങ്കൽപ്പിക്കുമ്പോഴേ കണ്ണിൽ ഇരുട്ടു കയറും. നട്ടെല്ലിന് ചുറ്റും പടർന്നു കയറിയൊരു വേദനയിലായിരുന്നു കടന്നു വരാനിരിക്കുന്ന വലിയൊരു ദുരിതത്തിന്റെ വേരുകൾ പതിയിരുന്നത്. രാമനുണ്ണിയെന്ന മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയുടെ ആഴവും പരപ്പും ‘വിധിയെന്ന’ രണ്ടു വാക്കുകളിലൊതുക്കി നിസാരമാക്കാനാകില്ല. അത്രയ്ക്കുണ്ട് ആ പരീക്ഷണം.

‘വർഷം ഏഴാകുന്നു, ഞാനും ഈ വീൽച്ചെയറും സന്തതസഹചാരികളായിട്ട്. എന്റെ വിധിയും ശിഷ്ടകാല ജീവിതവും ഇങ്ങനെയൊക്കെയാണന്ന് ഞാനെന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു. പക്ഷേ എന്റെ മകൻ, അഭിലാഷ്... അവനിപ്പോഴും വിശ്വസിച്ചിരിപ്പാണ്. ഞാനെഴുന്നേറ്റ് നടക്കുമെന്ന്. സഹിക്കാൻ കഴിയാത്തത് അവന്റെ സങ്കടമാണ്.’

വീൽച്ചെയറിന്റെ കൈപ്പിടിയിൽ വിരലുകൾ മുറുക്കി. പെയ്യാൻ വെമ്പി നിന്ന കണ്ണീരിനെ രാമനുണ്ണി പുഞ്ചിരി കൊണ്ടു മറച്ചു പറഞ്ഞു തുടങ്ങി.

തോറ്റുപോയെന്ന് ആയിരംവട്ടം തോന്നിപ്പിച്ച ശരീരത്തെ, അതിലും എത്രയോ തവണ ഇല്ലെന്ന് ഉറക്കെ പറഞ്ഞ മനസു കൊണ്ട് പ്രതിരോധിച്ച രാമനുണ്ണിയുടെ കഥയാണിത്. 17 കൊല്ലം ബിഎസ്എൻഎല്ലിലെ കരാർ ജീവനക്കാരനായിരുന്ന മനുഷ്യന്‍ ഇന്ന് കിടന്ന കിടപ്പിൽ കുടയും നെറ്റിപ്പട്ടവുമുണ്ടാക്കി ജീവിതത്തെ തിരിച്ചു പിടിക്കുന്ന കാഴ്ച കാണണമെങ്കിൽ പാലക്കാട് ഏനാത്തു പറമ്പിലെ ഈ വാടക വീട്ടിലേക്ക് എത്തണം. അതിനെ നേരമ്പോക്കെന്ന് വിധിയെഴുതുന്നവരോട്, നിലനിൽപ്പിന്റെ പോരാട്ടമെന്ന് അടിവരയിട്ടു കൊണ്ട് രാമനുണ്ണി തന്റെ കഥപറയുന്നു. വേദനയുടെ, കഷ്ടപ്പാടിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ജീവിത കഥ, ‘വനിത ഓൺലൈനോട്.’

raman-

നിനച്ചിരിക്കാതെ വിധി

അന്ന് ചെയ്യാത്ത ജോലിയില്ല. മൊബൈൽ ഫോണുകളുടെ പ്രതാപ കാലത്തിനു മുമ്പ് വീടുകളിൽ മണിമുഴക്കിയ ലാൻഡ് ഫോണുകളുടെ എല്ലാമെല്ലാമായിരുന്നു ഞങ്ങൾ കരാർ ജീവനക്കാർ. ബിഎസ്എൻഎല്ലിലായിരുന്നു ജോലി. പുതിയ കണക്ഷൻ, പോസ്റ്റ് കുഴിച്ചിടൽ, കുഴിയെടുത്ത് മണ്ണിനടിയിലൂടെ കണക്ഷൻ വലിക്കൽ, സ്ലാബ് ഇടൽ എന്നു വേണ്ട കനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ജോലിയും ചെയ്തിട്ടുണ്ട്. ജോലി കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നു എന്ന് ആലോചിക്കുമ്പോൾ സന്തോഷമായിരുന്നു. പക്ഷേ എല്ലാ സന്തോഷങ്ങളെയും കെടുത്തി കളയുന്ന വേദനയുടെ വേര് എന്റെ ഉള്ളിന്റെ ഉള്ളിൽ വളരുന്നുണ്ടായിരുന്നു. ഞാന്‍ പോലുമറിയാതെ...– പോയകാല ഓർമ്മകളെ തിരികെ വിളിച്ച് രാമനുണ്ണി പറഞ്ഞു തുടങ്ങുകയാണ്.

2011ലാണ് അത് സംഭവിച്ചത്. ഒരു നടുവേദനയിൽ നിന്നായിരുന്നു തുടക്കം. നിസാരമെന്ന് തോന്നിച്ച വേദന ശരീരമാകെ പടർന്നു കയറുകയായിരുന്നു. ജോലിഭാരം കൊണ്ടുണ്ടായ ബുദ്ധിമുട്ടെന്ന് ആദ്യം കരുതി. ഭാരിച്ച ജോലികളൊക്കെ ചെയ്യുന്നുണ്ടേ... പക്ഷേ കാരണം അതല്ലായിരുന്നു. ആശുപത്രിയിലെ ടെസ്റ്റുകളും എംആർഐയും കഴിഞ്ഞപ്പോൾ അതു കുറച്ചു കൂടി വ്യക്തമായി.

നട്ടെല്ലിൽ സുഷുമ്ന നാഡിയുമായി ബന്ധപ്പെട്ട ഭാഗത്ത് ഒരു എല്ല് അധികമായി വളരുന്നുണ്ടത്രേ. അത് നമ്മളെ നിവർത്തി നിർത്തുന്ന നട്ടെല്ലിലെ ഞരമ്പിന്റെ പ്രവർത്തനത്തേയും രക്തയോട്ടത്തിനേയും ബാധിക്കുന്നുവെന്ന് കണ്ടെത്തി. സർജറിയായിരുന്നു മുന്നിലുള്ള പോംവഴി. അതോടെ എല്ലാം ശരിയാകുമെന്ന് ആശ്വസിക്കുകയും ചെയ്തു. തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം പതിയെ പതിയെ ജോലിയിൽ സജീവമാകുകയും ചെയ്തു. പക്ഷേ... അതില്‍ അവസാനിച്ചില്ല എന്റെ വിധിയും വേദനയും. വീണ്ടും സമാനമായ ബുദ്ധിമുട്ടുകൾ തലപൊക്കി. ആദ്യം പറഞ്ഞതു പോലെ എല്ലിന്റെ വളർച്ച നട്ടെല്ലിന്റെ മറ്റൊരു ഭാഗത്തേക്ക് വ്യാപിച്ചു. നട്ടെല്ലിന്റെ പ്രവർത്തനം തകരാറിലാക്കുന്ന വിധം അതു വീണ്ടും വളർന്നു. അങ്ങനെ 2014ൽ വീണ്ടും സർജറി. അവിടം കൊണ്ടെങ്കിലും എല്ലാം തീരുമെന്ന് ആശിച്ചു. പ്രാർത്ഥനയും വഴിപാടുമായി എന്റെ പ്രിയപ്പെട്ടവരും ഒപ്പം നിന്നു.ദിവസങ്ങൾ കടന്നു പോകേ, വേദനയും ബുദ്ധിമുട്ടുകളും ദുസഹമാകുന്നുവെന്നല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല.

raman-unni-4

നാളുകൾക്കു ശേഷം വീണ്ടും വേദനയുടെ നടുക്കടലിൽ നിന്നു കൊണ്ട് തൃശൂര്‍ മെഡിക്കൽ കോളജിലേ ആശുപത്രിയിലേക്ക് എത്തിയത്. ടെസ്റ്റുകളും പരിശോധനകളും ശരീരത്തില്‍ കയറിയിറങ്ങി. അന്ന് പുതിയൊരു കാര്യം കൂടി ഡോക്ടർമാർ അറിയിച്ചു. ശരീരത്തിന്റെ രണ്ടു ഭാഗത്തേക്കു കൂടി ആ ബോൺ വളർച്ച വ്യാപിച്ചുവത്രേ. അതിൽ ഒരെണ്ണം മാത്രം തത്കാലം സർജറിയിലൂടെ മാറ്റി. രണ്ടാമത് വീണ്ടുമൊരു സർജറി ശരീരം എന്റെ ശരീരം താങ്ങില്ലായിരുന്നു.

അന്ന് സർജറി കഴിഞ്ഞ് വീൽചെയറിലാണ് വീട്ടിലേക്ക് പോയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം വീൽചെയറില്ലാതെ നിവർന്നു നിൽക്കാനാകുമെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചതാണ്. അന്ന് അത് കഴിഞ്ഞതിനു ശേഷം ആഴ്ചകളും മാസങ്ങളും കടന്നു പോയി. നിവർന്നു നിൽക്കാൻ പോയിട്ട്, അരയ്ക്ക് താഴോട്ട് ഒന്ന് അനക്കാൻ പോലുമായില്ല.

മൂന്നു വട്ടവും അദ്ഭുതമൊന്നും സംഭവിച്ചില്ല, എല്ലാം ശരിയാകുമെന്ന ആശ്വാസ വാക്കുകൾക്കു നടുവിൽ ഞാനും മുന്നോട്ടു പോയി. ഫലമില്ലാത്ത സർജറികൾ, ജീവനറ്റ കാലുകൾ. ജീവിതം എന്നന്നേക്കുമായി വീൽചെയറിലായി പോകുമോ എന്ന് ഭയന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി, അവർക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. ഒന്നു മാത്രം ബോധ്യമായി. എന്റെ ജീവിതം എന്നന്നേക്കുമായി വീൽചെയറിലാകാൻ പോകുകയാണ്. ജീവിതം കീഴ്മേൽ മറിഞ്ഞു പോകുന്ന അവസ്ഥ...

തിരിച്ചു പിടിക്കുകയാണ് ജീവിതം

വർഷം ഏഴ് പൂർത്തിയാകുന്നു ഞാൻ ഇങ്ങനെയൊക്കയായിട്ട്. ഉണ്ടായിരുന്ന ജോലി പോയി. നിവർന്നു നിൽക്കുക പോയിട്ട് പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. ഞാൻ ബിഎസ്എൻഎല്ലിൽ ജോലി ചെയ്തിരുന്ന സമയത്ത് ഭാര്യ സരിത അടുത്തുള്ള ഒരു ലൈബ്രറിയിൽ നിസാര ശമ്പളത്തിന് ജോലിക്ക് പോകുമായിരുന്നു. ഞാനിങ്ങനെ വീൽ ചെയറിലായതിൽ പിന്നെ അവൾ വീട്ടു ജോലി വരെ ചെയ്യാനിറങ്ങി. എന്തു ചെയ്യാനാ... വീട്ടിൽ അടുപ്പെരിയേണ്ടേ... ഏറ്റവും സങ്കടപ്പെട്ടത് എന്റെ മകന്‍ അഭിലാഷായിരുന്നു. അച്ഛൻ‌ വയ്യായ്കയൊക്കെ മാറി എഴുന്നേറ്റു നടക്കുമെന്ന് ആറാം ക്ലാസുകാരനാ അവൻ ഇന്നും വിശ്വസിക്കുന്നു. പക്ഷേ സത്യം അതല്ലല്ലോ...

ഒന്നും ചെയ്യാനില്ലാത കിടന്ന കിടപ്പിൽ കിടക്കുന്നതിലും ഭേദം എന്തെങ്കിലും ഭേദം എന്തെങ്കിലും ചെയ്യണമെന്ന് മനസ് അതിയായി ആഗ്രഹിച്ചു. ‘സഹായി’ എന്ന സന്നദ്ധ സംഘടനയാണ് വേദനയുടെ നിമിഷങ്ങളിൽ ഞങ്ങളെ പോലുള്ളവർക്ക് തണലായത്. ഓൺലൈനിലൂടെയും അല്ലാതെയും പേപ്പർ പേന ഉണ്ടാക്കാൻ അവരെന്നെ പഠിപ്പിച്ചു. അതൊരു പുതിയ തുടക്കമായിരുന്നു, ജീവിതം തിരിച്ചു പിടിക്കുന്നതിന്റെ നല്ല തുടക്കം. പേപ്പർ പേന ഉണ്ടാക്കാനുള്ള മഷി, മെറ്റീരിയൽസ് എല്ലാം ബംഗളുരുവിൽ നിന്ന് എത്തിച്ചു നൽകും. ഒരു പേന ഉണ്ടാക്കുന്നതിന്, അതിന്റെ സാധനങ്ങൾക്ക് 4.50 രൂപയാണ് ചിലവു വരുന്നത്. അത് 8 രൂപയ്ക്ക് വിപണിയിലെത്തിച്ച് എന്നാലാകുന്നത് ഞാനും സ്വരുക്കൂട്ടി. ഉറുമ്പ് കൂന കൂട്ടുന്നത് പോലെ. പേപ്പർ പേനയില്‍ വൈദഗ്ധ്യം തെളിയിച്ചതോടെ നെറ്റിപ്പട്ട നിർമാണത്തിലും ഒരു കൈനോക്കി. വിജയകരമായി പരീക്ഷിച്ചു. എല്ലാം ‘സഹായിയുടെ’ സഹായത്തോടെ.

ഒന്നിനും സാധിക്കാത്തവൻ എന്ന അപകർഷതാ ബോധമൊന്നും ഇന്നെന്നെ വേട്ടയാടുന്നില്ല. ജീവിതത്തില്‍ എന്തൊക്കെയോ അർഥങ്ങളുണ്ട് എന്നൊരു തോന്നൽ. ദേ... ഈ വീൽചെയറിലിരുന്ന് ജീവിതം മുന്നോട്ടു നയിക്കുമ്പോൾ കുഞ്ഞൊരു ആഗ്രഹം ബാക്കിയാണ്. ഈ വാടക വീടിന്റെ ഞെരുക്കത്തിൽ നിന്നും സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറണം. എന്റെ വീൽചെയർ കടന്നു പോകാനുള്ള വഴിയെങ്കിലും വേണം. എന്റെയീ അവസ്ഥ വച്ച് ശുചിമുറിയിൽ പോകുന്നത് പോലും ശരിക്കും ബുദ്ധിമുട്ടാണ്. എനിക്ക് പ്രതീക്ഷയുണ്ട്, കനിവു വറ്റാത്തവർ എന്റെ ഈ അധ്വാനവും അവസ്ഥയും കാണാതിരിക്കില്ല. എല്ലാം മുകളിലിരിക്കുന്ന ദൈവം കാണും, എന്റെ ഈ ദുരിതം മാറും– രാമനുണ്ണിയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.