Monday 16 May 2022 02:38 PM IST

‘വന്നു കൊണ്ടുപോയില്ലെങ്കിൽ ഈ കുഞ്ഞിനെയും അവർ കുഴിച്ചുമൂടും’: പ്രസവിക്കാതെ അമ്മയായ സിസ്റ്റർ അമ്മിണി

V R Jyothish

Chief Sub Editor

sister-ammini-feature

‘നിങ്ങൾ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സി ൽ ചോദ്യങ്ങൾ ഉയരുന്നതും എന്തിന്? എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മനസ്സിലാക്കുവിൻ.’

(വിശുദ്ധ ൈബബിൾ)

ഒൻപതു വർഷം മുൻപ് 2013 ഫെബ്രുവരി രണ്ടാം ലക്കം ‘വനിത’യിൽ ഒരമ്മയുടെയും 12 പെൺമക്കളുടെയും ജീവിതകഥ പ്രസിദ്ധീകരിച്ചു. ആദ്യമായിട്ടാണ് ആ അമ്മയുടെയും മക്കളുടെയും ജീവിതം പുറംലോകം അറിയുന്നത്.

ആരായിരുന്നു ആ അമ്മ? എങ്ങനെയാണ് അവർ 12 പെ ൺമക്കളുടെ അമ്മയായത്? അതറിയും മുൻപ് നമുക്ക് തമിഴ്നാട്ടിലെ ഉസലംപെട്ടിയിലേക്കൊന്നു പോയി വരാം.

പതിറ്റാണ്ടുകളായി വാർത്തകളാൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഉസലംപെട്ടി. കാപ്പിച്ചെടി പൂക്കുന്ന കുന്നുകളും ചോളം വിളയുന്ന പാടങ്ങളുമുണ്ടെങ്കിലും ദാരിദ്ര്യമാണ് അടിസ്ഥാനഭാവം. അതുകൊണ്ടാകണം ജനിച്ചു വീഴുന്നത് പെൺകുഞ്ഞാണെങ്കിൽ നാലു നെന്മണിയിലോ അരളിവേര് ഇടിച്ചു പിഴിഞ്ഞ നീരിലോ ആ കുഞ്ഞിനെ ഇല്ലാതാക്കുന്നത്. ഇപ്പോൾ അവസ്ഥയ്ക്കു മാറ്റമുണ്ട്. സർക്കാരും സന്നദ്ധസംഘടനകളും മുൻ കയ്യെടുത്ത് ഈ ക്രൂരതയ്ക്ക് അറുതി വരുത്തിയിരിക്കുന്നു.

ഇനി പറയുന്നത് ആ അമ്മയെക്കുറിച്ചാണ്. റാന്നിക്ക് അടുത്ത് മന്ദമരുതിയിൽ കാഞ്ഞിരത്തുംമൂട് കെ. സി. ഉമ്മന്റെയും ഏലിയാമ്മയുടെയും മകൾ അമ്മിണി. പതിനഞ്ചാം വയസ്സിൽ മാരകരോഗം ബാധിച്ച് മരണത്തിനരികിലേക്കു പോയ അമ്മിണി ജീവിതത്തിലേക്കു മടങ്ങിവന്നപ്പോൾ ഒരു തീരുമാനമെടുത്തു. ഇനിയുള്ള ജീവിതം ദൈവത്തിനു സമർപ്പിക്കുന്നു. അങ്ങനെ മാർത്തോമാ സഭയുടെ കീഴിൽ ദൈവവേലയ്ക്കായി അമ്മിണി പുറപ്പെട്ടു. പിന്നീട് സുവിശേഷപ്രചാരകയായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.

ഒരു യാത്രയ്ക്കിടയിലാണ് ആ സംഭവമുണ്ടായത്. സിസ്റ്റർ അന്ന് ഉസലംപെട്ടിയിലാണ്. അവിടെയുള്ള ചില സന്നദ്ധപ്രവർത്തകർ സിസ്റ്ററെ കാണാനെത്തി. അവർ പറഞ്ഞത് ജനിച്ചുവീഴുന്ന പെൺകുഞ്ഞുങ്ങളെ ദാരുണമായി കൊല ചെയ്യുന്ന ഉസലംപെട്ടിയെക്കുറിച്ചാണ്. പെണ്ണായതിന്റെ പേരിൽ മാതാപിതാക്കളും ബന്ധുക്കളും ചേ ർന്ന് കൊല ചെയ്യുന്ന നവജാതശിശുക്കളെക്കുറിച്ചോർ ത്തപ്പോൾ സിസ്റ്റർക്ക് ഉറക്കമില്ലാതായി. ‘ആ കുഞ്ഞുങ്ങളെ എനിക്കു തരൂ... ഞാനവരെ പൊന്നുപോലെ വളർത്താം.’ വന്നവരോടായി സിസ്റ്റർ പറഞ്ഞു.

കുഞ്ഞുങ്ങളെ വളർത്തേണ്ടതെങ്ങനെയെന്ന് അറിയില്ല. സഹായത്തിനാരുമില്ല. സാമ്പത്തികാവസ്ഥയുമില്ല.

മാലാഖയുെട വിളി

നാട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉസലംപെട്ടിയിൽ നിന്ന് ആദ്യത്തെ വിളി വന്നു. ഒരു കുഞ്ഞിനെ കിട്ടിയിട്ടുണ്ട്. ജനിച്ചിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. വന്നുകൊണ്ടു പോയില്ലെങ്കിൽ ഈ കുഞ്ഞിനെയും അവർ കുഴിച്ചുമൂടും. ആ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ അമ്മിണി സിസ്റ്റർ പുറപ്പെട്ടു. ജനിച്ചു 18 മണിക്കൂർ മാത്രം കഴിഞ്ഞ ആ മുഖത്ത് മാലാഖമാർ നൃത്തം ചെയ്യുന്നത് സിസ്റ്റർ കണ്ടു. ആ കുഞ്ഞിനെ മാറോടു ചേർത്ത് സിസ്റ്റർ വിളിച്ചു; ‘ഏഞ്ചൽ’

നവജാതശിശുവിനെയും കൊണ്ട് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്തേക്കു വന്നു. മാലാഖമാർ പിന്നെയും വന്നുകൊണ്ടിരുന്നു ഒന്നിനു പിറകേ ഒന്നായി; വലിയ പ്രായവ്യത്യാസമില്ലാതെ 12 പേർ.

ഈ അമ്മയെയും അവർ എടുത്തുവളർത്തിയ 12 പെൺമക്കളെയും കുറിച്ചാണ് 2013 ഫെബ്രുവരി രണ്ടാംലക്കം വ നിതയിൽ റിപ്പോർട്ടു ചെയ്തത്. ആ റിപ്പോർട്ടിനു വേണ്ടി അന്നു ഞങ്ങൾ പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് അടുത്ത് തലച്ചിറയിലുള്ള കാർമൽ മേഴ്സി ഹോമിൽ ചെല്ലുമ്പോൾ അവിടമൊരു കിളിക്കൂടു പോലെ തോന്നി. ഇപ്പോൾ അവിടെ കുട്ടികളുടെ കലപില ശബ്ദമില്ല. അവർ മുതിർന്നിരിക്കുന്നു. കൗമാരം കടന്നവരും വിവാഹിതരായവരുമായിരിക്കുന്നു. അമ്മിണി സിസ്റ്റർക്കു മാത്രം വ്യത്യാസമൊന്നുമില്ല. പെൺമക്കളുടെ അമ്മയായി പിന്നെ, അമ്മൂമ്മയായി അവർ ചിരിച്ചു.

‘‘എനിക്കിപ്പോൾ 68 വയസ്ലായി. ഇനി ഒൻപതു പേരെ കല്യാണം കഴിപ്പിച്ചയയ്ക്കണം. ഞാനല്ലാതെ എന്റെ കുഞ്ഞുങ്ങൾക്ക് വേറെയാരുമില്ല. കണ്ണടയും മുൻപ് ഇവരെ ഓരോരോ ൈകകളിലേൽപ്പിക്കണം. അതുവരെയെങ്കിലും ദൈവം എനിക്കു ആയുസ്സു തരുമെന്നാണു വിശ്വാസം.

ഇതുവരെ മൂന്നുപേരെ കല്യാണം കഴിപ്പിച്ചതും നല്ല നിലയിൽ തന്നെ. ആലോചനയുമായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും. കുഞ്ഞുങ്ങളുടെ അമ്മ ഞാനാണെങ്കിലും രക്ഷകർത്താവ് സർക്കാരാണ്. സാമൂഹ്യനീതി വകുപ്പിനു കീഴിൽ കാർമൽ മേഴ്സി ഹോം റജിസ്റ്റർ ചെയ്തിട്ടുണ്ട്.’’

sister-ammini-mother-of-twelve-girls-angel

ദൈവത്തിന്റെ ദാനം

മക്കളെ വളർത്താൻ ഉദാരമനസ്കരുടെ സഹായമുണ്ടായിരുന്നു എങ്കിലും പലപ്പോഴും ബുദ്ധിമുട്ടി. അഞ്ചുമക്കൾ ബിഎസ്‌സി നഴ്സിങ് കഴിയാറായി. ഒരാൾ എം‌എസ്‌സിക്കു പഠിക്കുന്നു. ഒരാൾ ടി‌ടി‌സിക്കും. മറ്റൊരാൾ അനിമേഷൻ കോഴ്സിന്. മൂന്നുപേരുടെ വിവാഹം കഴിഞ്ഞു. ബികോം കഴിഞ്ഞ് ഒരാൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.

‘‘ബിഎസ്‌സി നഴ്സിങ്ങിനു പഠിക്കുന്ന അഞ്ചുപേരിൽ നാലു പേരും വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിക്കുന്നത്. ശലോമിക്ക് മാത്രം ലോൺ കിട്ടിയില്ല. ‘ഒരു വീട്ടിൽ നിന്ന് അഞ്ചുപേർക്ക് എങ്ങനെ ലോൺ കൊടുക്കും’ എന്നാണ് ബാങ്കുകാർ ചോദിച്ചത്.

ദൈവകൃപയാൽ മക്കളെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. നാളെ ഞാനില്ലെങ്കിലും അവർ ജോലി ചെയ്ത് ജീവിച്ചുകൊള്ളും. ഏതു നിലയിൽ എത്തിയാലും സഹോദരങ്ങളാണെന്ന കാര്യം മറക്കരുതെന്ന് മക്കളോടു പറയാറുണ്ട്.

എല്ലാ മക്കളെയും ഇവിടെ ഒരുമിച്ചു കിട്ടിയത് കൊറോണക്കാലത്താണ്. അതുകഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചുപോയി. ഹോസ്റ്റലിൽ നിന്നാണ് എല്ലാവരും പഠിക്കുന്നത്. അതാണ് കൂടുതൽ സുരക്ഷിതത്വം. ഇപ്പോഴത്തെ കാലത്ത് യാത്ര കുറയ്ക്കണമെന്ന് മക്കളോടു പറയാറുണ്ട്.’’ അമ്മകരുതലോടെ സിസ്റ്റർ.

‘‘അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരുമായിരുന്നോ എന്ന് എന്റെ മക്കൾക്ക് ഒരിക്കലും തോന്നാൽ പാടില്ല. ഞാൻ ദൈവത്തോടാണ് ദാനം ചോദിക്കുന്നത്. ദൈവത്തിന്റെ ദാനത്തിനു കണക്കില്ല. മനുഷ്യന്റെ ദാനത്തിനു കണക്കുണ്ട്. ൈദവത്തെപ്പോലെ ചില മനുഷ്യർ ദാനം നൽകാറുമുണ്ട്.’’

സിസ്റ്റർക്ക് ആദ്യം കിട്ടിയ കുഞ്ഞാണ് ഏഞ്ചൽ. അവളിപ്പോൾ തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കോളജിൽ പഠിക്കുന്നു. സിസ്റ്ററോട് ഏറ്റവും അടുപ്പവും അവൾക്കു തന്നെ. ഒരു ദിവസം ഏഞ്ചൽ അമ്മയോടു പറഞ്ഞു; ‘അമ്മേ... എനിക്കൊരു ആഗ്രഹമുണ്ട്. സിവിൽ സർവീസ് പരീക്ഷ എഴുതണം.’

sister-ammini-mother-of-twelve-girls-new

‘നിനക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ നീ പരീക്ഷ എഴുതണം. എന്താ മോളുടെ ഉദ്ദേശ്യം?’

‘സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ടമ്മേ...’ അമ്മ ഒന്നും മിണ്ടിയില്ല. 22 വർഷം മുൻപുള്ള ഒരു തണുത്ത രാത്രിയാണ് ആ അമ്മയുടെ ഓർമയിലേക്കു വന്നത്. അന്ന് ഈ മാലാഖകുഞ്ഞിനെ നെഞ്ചോടു ചേർത്തപ്പോൾ അമ്മിണി സിസ്റ്റർ കരുതിയില്ല; തന്റെ മക്കളുടെ ജീവിതം ഇങ്ങനെ പൂത്തുലയുമെന്ന്, അവർ ഇതുപോലെ സ്വപ്നങ്ങൾ കാണുമെന്ന്...

sister-ammini-mother-of-twelve-girls-nine-year-back

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ