Thursday 13 April 2023 03:23 PM IST

‘48 നാൾ ഭജനമിരുന്ന ആര്യാംബ, ഒടുവിൽ സ്വപ്നത്തിൽ ദർശിച്ചു ആ അദ്ഭുതം’: കഥകളുറങ്ങുന്ന ശങ്കര ജന്മഭൂമിയിലേക്ക്

V R Jyothish

Chief Sub Editor

aadi-sankara ആദിശങ്കര കീർത്തിസ്തംഭ പാദുകമണ്ഡപം

നീണ്ട യാത്രയായിരുന്നു ആദിശങ്കരന്റെ ജീവിതം. നാലു ദിശകളിലേക്കുമുള്ള യാത്ര. എറണാകുളം ജില്ലയിലെ കാലടിയെന്ന ഗ്രാമത്തി ൽ നിന്നു തുടങ്ങി കശ്മീർ ശാരദാക്ഷേത്രത്തിലെ സർവജ്ഞപീഠം വരെ നീണ്ട യാത്ര. കേവലം 32 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ആ അദ്ഭുതമനുഷ്യന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു ശ്രീശങ്കരന്റെ ജന്മസ്ഥലമായ കാലടി. ഏപ്രിൽ 25 നാണ് ഈ വർഷം ആദിശങ്കര ജയന്തി.

കാലടി വഴി കടന്നുപോയവർ കണ്ടിട്ടുണ്ടാകും റോഡരികിൽ എട്ടു നിലകളിലായുള്ള ശങ്കരസ്തൂപം. ‘ആദിശങ്കര കീർത്തിസ്തംഭ പാദുകമണ്ഡപം’ എന്നാണ് ആ സ്തംഭത്തിന്റെ മുഴുവൻ പേര്. ശ്രീശങ്കരന്റേത് എന്നു സങ്കൽപിച്ച പാദുകങ്ങളാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.

മണ്ഡപത്തിലേക്കു കയറുമ്പോൾ തന്നെ കാണുന്നതു ശങ്കരഭാഷ്യങ്ങളിൽ കലങ്ങിത്തെളിയുന്ന ഒരുപദേശം. ‘മനസ്സ് ശുദ്ധീകരിക്കുക. അങ്ങനെയെങ്കിൽ വ്യക്തികൾക്കു ദൈവഭാവം കൈവരും. ഭേദചിന്തകൾ വഴിമാറും. അദ്വൈതത്തിന്റെ ഫലപ്രാപ്തിയിൽ മനുഷ്യൻ എത്തിപ്പെടും. അപ്പോൾ ഭൂമിയൊരു സ്വർഗമാകും.’ ‌

അതേ അദ്വൈതചിന്തകളുടെ കളിസ്ഥലമാണ് ഈ ശ ങ്കരജന്മഭൂമി. കീർത്തിമണ്ഡപത്തിലേക്കു കയറുമ്പോൾ ത ന്നെ സപ്തമോക്ഷപുരികളെയാണു പരിചയപ്പെടുത്തുന്നത്. അവന്തിക, മായ, അയോധ്യ, മഥുര, വാരാണസി, ദ്വാര ക, കാഞ്ചിപുരം അങ്ങനെ ഏഴു മോക്ഷ കവാടങ്ങൾ.

‘‘എത്രയോ കോടി ജനങ്ങൾ ഈ കവാടം കടന്നു മോക്ഷപ്രാപ്തിയിലെത്തിയിരിക്കുന്നു. ഇനിയും എത്രയോ പേർ ഈ കവാടം കടന്നുകിട്ടാൻ കാത്തിരിക്കുന്നു. ജ്ഞാനം നൽകുന്ന ഉൾവെളിച്ചമാണ് ഓരോരുത്തരുടെയും സ്വത്വം. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതാണ് ശങ്കരവിജയം. അതുകൊണ്ടാകും ശ്രീശങ്കരജന്മസ്ഥാനം തേടി വിശ്വാസികൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.’’ ഇത് പറഞ്ഞു പാദുക മണ്ഡപത്തിന്റെ മാേനജർ കെ. എസ്. വെങ്കിടേശ്വരൻ ഒരുനിമിഷം കൈകൂപ്പി. തൃശൂരാണ് അദ്ദേഹത്തിന്റെ സ്വദേശം.

ശിൽപങ്ങൾ പറയുന്ന കഥകൾ

എട്ടു നിലകളിലും ആലേഖനം ചെയ്യപ്പെട്ട ചുമർശിൽപങ്ങൾ. ഒന്നാംനില പിന്നിട്ടാൽ ആദിശങ്കരജന്മം ൈകലാസനാഥന്റെ അവതാരമാണെന്ന ഐതിഹ്യത്തിന്റെ ചിത്രീകരണമാണ്. മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയായെന്നു കരുതപ്പെടുന്ന ഈ ഋഷിവര്യൻ നടന്നു തീർത്ത വഴികൾ കാണുമ്പോൾ ഒരു മനുഷ്യജന്മത്തിന് ഇത്രയും സാധ്യമോ എന്നു തോന്നാം. ഒരുപക്ഷേ, ശങ്കരജന്മത്തിന്റെ സാധൂകരണത്തിനാകാം അവതാരകഥയുടെ പൊരുൾ.

ശ്രീശങ്കരന്റെ ജീവിതവും ആത്മീയയാത്രയും പ്രാഥമികമായി മനസ്സിലാക്കാനുള്ള വഴി കൂടിയാണ് ശങ്കരസ്തൂപം. സ്തൂപത്തിൽ ചുമർശിൽപങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട് ശങ്കരാചാര്യരുടെ ജീവിതം.

അച്ഛൻ ശിവഗുരുവും അമ്മ ആര്യാംബികയും തൃശൂ ർ വടക്കുംനാഥക്ഷേത്രത്തിൽ ഭജനമിരുന്നു. ഭഗവാന്റെ അ നുഗ്രഹമാണ് ശ്രീശങ്കരന്റെ പിറവി എന്നാണു വിശ്വാസം. ഇതിഹാസ കാവ്യങ്ങളുടെ മട്ടിൽ എഴുതിയിട്ടുള്ള ശങ്കരവിജയങ്ങൾ എന്ന കാവ്യഗ്രന്ഥങ്ങളാണ് ഇത്തരം അറിവുകളുടെ ഉറവിടം.

ശങ്കരവിജയപ്രകാരം വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്തെ വിദ്യാധിരാജന്റെ മകനാണ് ശിവഗുരു. പ ഠനശേഷം ശിവഗുരു പിറവത്തിനടുത്തു പാഴൂർ ഇല്ലത്തെ ആര്യാംബയെ വിവാഹം കഴിച്ചു. സന്താനഭാഗ്യത്തിനായി ഇവർ തൃശൂർ വടക്കുംനാഥക്ഷേത്രത്തിൽ 48 ദിവസം ഭജനമിരുന്നത്രേ. ആ കാലത്ത് ആര്യാംബയ്ക്ക് സ്വപ്നത്തിൽ ശ്രീപരമേശ്വര ദർശനമുണ്ടായി. അങ്ങനെ മഹാദേവ ചൈതന്യത്തോടെ പിറന്ന മകന് അവർ ശിവനാമമായ ശങ്കരൻ എന്നു പേരിട്ടു. ശങ്കരന് കുട്ടിക്കാലത്തേ അച്ഛനെ നഷ്ടമായി. അച്ഛന്റെ വേർപാടു നൽകിയ ക്ലേശങ്ങൾ അനുഭവിച്ചായിരുന്നു ശങ്കരന്റെ ബാല്യം.

aadi-sankara-4 ശ്രീശങ്കരക്ഷേത്രത്തിലെ ശങ്കര വിഗ്രഹം

ശ്രീശങ്കര ജന്മഭൂമിയിൽ

ശങ്കരസ്തൂപത്തിനു കുറച്ചകലെയാണു ശങ്കരജന്മഭൂമി. ഇ രുവശങ്ങളിലും ചുമർചിത്രങ്ങൾ ആലേഖനം ചെയ്ത രാജഗോപുരം കടന്നാണു ശ്രീശങ്കരജന്മഭൂമിയിലേക്കു പ്രവേശിക്കുന്നത്. പെരിയാറിന്റെ തീരത്താണ് ആദിശങ്കരക്ഷേത്രം. 1200 വർഷത്തിലധികം പഴക്കമുള്ള ശ്രീശങ്കരജന്മസ്ഥലം വീണ്ടെടുത്തത് 1910 ലാണ്. ഒരു നൂറ്റാണ്ടു മുൻപ് ആദി ശങ്കരന്റെ ജനനസ്ഥലത്തെക്കുറിച്ചു വ്യക്തമായ ധാരണ ശ്യംഗേരിമഠത്തിനും ഉണ്ടായിരുന്നില്ല.

അന്നത്തെ മൈസൂർ രാജാവായിരുന്ന ശ്രീകൃഷ്ണരാജ ഉടയാരാണ് തന്റെ ദിവാനായിരുന്ന ശേഷാദ്രി അയ്യരുടെയും തിരുവിതാംകൂർ ദിവാനായിരുന്ന മാധവരായരുടെയും സഹായത്തോടെ ശ്രീശങ്കരജന്മസ്ഥലം കണ്ടെത്തിയത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ ഈ സ്ഥലം ഏറ്റെടുത്തു ശൃംഗേരിമഠത്തിനു സംഭാവനയായി നൽകി. ആര്യാംബയുടെ സമാധിസ്ഥലത്തു പുരാതനമായ കൽവിളക്കും തുളസിത്തറയും ഉണ്ട്. ആര്യാംബ ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന കിണർ ഇപ്പോഴുമുണ്ട്.

aadi-sankara-3 ശങ്കര ജന്മഭൂമിയിലെ അഗ്രഹാരങ്ങൾ

അറിവിന്റെ കെടാവിളക്ക്

ശ്രീശങ്കരജന്മസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തു പൂർണാനദിക്ക് അഭിമുഖമായാണു സന്യസ്തരൂപത്തിലുള്ള ശ്രീശങ്കര ഭഗവത്പാദരുടെ പഞ്ചലോഹവിഗ്രഹം. അതിനു മുന്നിൽ ഒളിമങ്ങാത്ത കെടാവിളക്ക്.

കിഴക്കുഭാഗത്തു ബ്രാഹ്മിരൂപത്തിൽ ശ്രീശാരദ പ്രതിഷ്ഠയാണ്. ഹൃദയകമലത്തിന്റെ എട്ട് ഇതളുകൾ പോലെ ശ്രീശാരദ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ, പിന്നെ ഏറ്റവും പ്രാധാന്യമുള്ള ബ്രാഹ്മിരൂപത്തിലുള്ള സരസ്വതി ഇങ്ങനെ സപ്തമാതാക്കളെയാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീശങ്കരജന്മക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത അപൂർവമായ ശക്തിഗണപതി പ്രതിഷ്ഠയാണ്.

ക്ഷേത്രഭിത്തിയിൽ ശ്രീശങ്കരന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ‘‘ശ്രീശങ്കരൻ പറഞ്ഞതെല്ലാം ശാസ്ത്രമാണ്. അതുകൊണ്ടുതന്നെ അ ദ്ദേഹത്തിന്റെ ജന്മസ്ഥാനവും ശാസ്ത്രീയമായി ഒരുക്കിയിരിക്കുന്നു.’’ ശ്രീശങ്കര ജന്മക്ഷേത്രത്തിന്റെ മാനേജർ പ്രഫ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. സമാധി മണ്ഡപവും മുതലക്കടവും ചേർന്ന 26 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു ശ്യംഗേരിമഠത്തിനു കൈമാറുകയായിരുന്നു.

‘‘ൈദവികതയുടെ പതിനാറു കലകളെ പ്രതിനിധീകരിക്കുന്ന ഷോഡശകോണാകൃതിയാണു ശ്രീശങ്കരപ്രതിഷ്ഠയുള്ള കോവിലിനുള്ളത്.’’ ക്ഷേത്ര പൂജാരി സൂര്യനാരായണന്റെ വാക്കുകൾ. കാസർകോടുകാരനാണു സൂര്യനാരായണൻ.

ആദിശങ്കരന്റെ കുലദേവനായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ജന്മഭൂമിക്കു തൊട്ടടുത്ത്. ശങ്കരന്റെ പിതാവ് ശിവഗുരുവും മാതാവ് ആര്യാംബയും പിന്നെ, ശങ്കരനും ഇവിടുത്തെ ഉപാസകരായിരുന്നു. ഇന്നും പൗരാണികത നിറഞ്ഞു നിൽക്കുന്ന ക്ഷേത്രത്തിലെ പുതിയ നിർമിതികൾ ബലിക്കൽപുരയും ആനപ്പന്തിയും മാത്രം. കനകധാരാസ്തവം മുഴങ്ങുന്ന നടപ്പന്തൽ. അദൃശ്യമായ ശങ്കരസാന്നിധ്യം. മനസ്സിൽ സ്വർണനെല്ലിക്ക പൊഴിയുന്ന അനുഭൂതി.

ക്ഷേത്രത്തിലെ മേൽശാന്തി, കാപ്പിള്ളിമനയിലെ ശ്രീകുമാർ നമ്പൂതിരിയാണ്. ‘‘ശ്രീശങ്കരന്റെ കൈപ്പിള്ളി മന ഉൾപ്പെടെ പത്ത് മനകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. പിന്നീടതു മൂന്നായി ചുരുങ്ങി. അതിൽ രണ്ടുമനക്കാർ ഇവിടെ ഇപ്പോഴുമുണ്ട്.’’ അദ്ദേഹം പറയുന്നു.

aadisankara-5 ആര്യാംബയുടെ സമാധി മണ്ഡപം

വൈശാഖമാസത്തിലെ പ്രഥമ മുതൽ പഞ്ചമി വരെയുള്ള അഞ്ചു ദിവസമാണ് ഇവിടെ കനകധാരാ യജ്ഞം (ഈ വർഷം ഏപ്രിൽ 20 മുതൽ 25 വരെ) നടക്കുന്നത്. ശ്രീശങ്കരന്റെ 32 ജന്മവർഷങ്ങളുടെ പ്രതിനിധികളായി 32 ആചാര്യന്മാർ ചേർന്ന് ഒരു ലക്ഷത്തിലധികം തവണയാണു കനകധാരാസ്തവം ഉരുവിടുന്നത്. സ്വർണത്ത്, പാഴൂർ, കാപ്പിള്ളി, തലയാറ്റുംപിള്ളി മനകളിൽ നിന്നുള്ളവരായിരിക്കും യജ്ഞത്തിൽ പങ്കെടുക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി വേദപാഠശാല സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നു പെരിയാറിലെ സ്നാനഘട്ടത്തിലേക്കു പടിക്കെട്ടുകളിറങ്ങാം. മുതലക്കടവ് എന്ന് അറിയപ്പെടുന്ന ഈ കടവിൽ വച്ചാണു ശങ്കരനെ മുതല പിടിച്ചതെന്നും സന്യാസത്തിലേക്കു അമ്മയുടെ അനുവാദം ശങ്കരൻ വാങ്ങിയതെന്നും ഐതിഹ്യം. മുതലക്കടവിനു തൊട്ടടുത്താണു വേദവേദാന്ത പാഠശാല എന്ന് അറിയപ്പെടുന്ന സദ്‌വിദ്യ സഞ്ജീവനി ഋക്‌‌വേദപാഠശാല. ഏഴുവയസ്സുള്ള കുട്ടികളെയാണ് ഇവിടെ ചേർക്കുന്നത്. ഏഴുവർഷം വേദപഠനം. പത്താംക്ലാസ്സിനു തുല്യമായ സർട്ടിഫിക്കറ്റാണു ലഭിക്കുന്നത്.

പിന്നീട് അവരവരുടെ ഇഷ്ടവഴികളിലേക്കു തിരിയാം. ചിലർ ആത്മീയരംഗത്തു തുടരും. ചിലർ ലൗകിക ജീവിതത്തിലേക്കും. ഇപ്പോഴിവിടെ ഇരുപതോളം കുട്ടികൾ താമസിച്ചു പഠിക്കുന്നു. അതിൽ മലയാളികൾ ആരുമില്ല.

അഗ്രഹാരങ്ങൾക്കുമപ്പുറം

ശങ്കരജന്മക്ഷേത്രത്തിനു തൊട്ടടുത്തു നൂറ്റാണ്ട് പഴക്കമുള്ള അഗ്രഹാരം ഇപ്പോഴുമുണ്ട്. ശ്രീശങ്കരന്റെ ഇല്ലക്കാരും ബന്ധുക്കളുമാകും ഇവിടെ താമസിച്ചിട്ടുണ്ടാകുക. പതിനെട്ടു വീടുകൾ ഇവിടെ ഇപ്പോഴുമുണ്ട്. ശങ്കരദ്വിഗ്‌വിജയത്തിനു നിശബ്ദസാക്ഷ്യം വഹിച്ച അഗ്രഹാരത്തിലെ വീടുകൾ അടഞ്ഞുകിടക്കുന്നു. പച്ച വിരിച്ച തെങ്ങിൻതോട്ടമാണു ചുറ്റും. തണൽ വിരിച്ച വഴികൾ. വൃക്ഷത്തലപ്പുകളിലിരുന്ന് കിളികൾ ചൊല്ലുന്നത് ശങ്കരസൂക്തങ്ങളാകും. സർവജ്ഞപീഠം കയറിയ ശ്രീശങ്കരന്റെ ജന്മസ്ഥലത്തു വീഴുന്ന കാറ്റിൽ പോലുമുണ്ടു ശ്രുതികളുെടയും സ്മൃതികളുടെയും സുഗന്ധം. ശങ്കരപ്രതിഷ്ഠയ്ക്കു മുന്നിൽ നിന്നു കേട്ടു; ‘മനുഷ്യരാശിക്ക് അനുഗ്രഹമായ ശ്രുതി, സ്മൃതി, പുരാണങ്ങൾ എന്നിവയുടെ ശ്രീകോവിലായ, ശ്രീശങ്കരാചാര്യ രൂപത്തിലുള്ള ഭഗവാന്റെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു...’

aadi-sankara-2 ആദിശങ്കരന്റെ കുലദൈവമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആരോ ചൊല്ലുകയാണ്;

‘ശ്രുതി, സ്മൃതി, പുരാണാനാം

ആലയം കരുണാലയം

നമാമി ഭഗവത്പാദ ശങ്കരം

ലോകശങ്കരം...’

വി. ആർ. ജ്യോതിഷ്

ഫോട്ടോ: സുനിൽ ആലുവ