Saturday 30 April 2022 11:26 AM IST

‘പരിപാടിയില്ലായിരുന്നെങ്കിൽ ഉറക്കം തൂങ്ങി വയറുംചാടി ഒന്നിനും ഉത്സാഹം ഇല്ലാതെ വീട്ടിലിരുന്നേനെ’: ചടുലതയോടെ ഈ അമ്മമാർ

Tency Jacob

Sub Editor

vayomithram-dance

എഴുപതു കഴിഞ്ഞ ‘ചെറുപ്പക്കാരി’കളുടെ ഡാൻസ് ട്രൂപ്പ് വിശേഷങ്ങൾ

ജയ ജനാർദനാ കൃഷ്ണാ രാധികാപതേ

നന്ദ നന്ദനാ കൃഷ്ണാ രുഗ്മിണീ പതേ

ഭാർഗവിയമ്മയുടെ പാട്ടിനൊത്തു എട്ടു നർത്തകികൾ ചുവടു വയ്ക്കുന്നു. കണ്ടുകണ്ടങ്ങിരിക്കാൻ തോന്നി പോകുന്ന ലാസ്യനടനം.

‘‘ചുമ്മാ കണ്ണും തള്ളി ഇരിക്കാതെ ഞങ്ങളുടെ പ്രായം പറഞ്ഞേ?’’ ഉത്സാഹം ചോരാതെ വന്നു അരികത്തിരിക്കുമ്പോൾ അവർ പ്രായക്കണക്കിന്റെ കടങ്കഥയെറിഞ്ഞു. പാട്ടു പാടിയ ഭാർഗവി രാമകൃഷ്ണന് വയസ്സ് തൊണ്ണൂറ് നടപ്പാണ്. രാഗിണി മോഹനൻ (63), പി.കെ. സരസ്വതി (74),മോളി കാർത്തികേയൻ (64), ചന്ദ്രികാ ബാബു (72),നിർമല സി. മേനോൻ (67), വത്സല വിജയൻ (81), സരസ്വതി പ്രഭാകരൻ (75). തൃപ്പൂണിത്തുറ മേക്കര വയോമിത്രം ക്ലബ്ബിലെഅംഗങ്ങളാണ് എല്ലാവരും.

ചന്ദ്രികാ ബാബു – 2016 ലാണ് വയോമിത്രം രൂപികരിക്കുന്നത്. ആദ്യത്തെ ഓണാഘോഷത്തിനു ഞങ്ങളെല്ലാം ചേർന്നു ഓണപ്പാട്ടു പാടിയിരുന്നു. ആ തിമിർപ്പു കണ്ടാണ് അന്നത്തെ കോർഡിനേറ്ററായ ദിവ്യ ഗീത് ഞങ്ങളോട് തിരുവാതിര കളിക്കാൻ താല്പര്യം ഉണ്ടോയെന്നു ചോദിക്കുന്നത്. ഞങ്ങളെല്ലാവർക്കും സമ്മതമായിരുന്നു. വയോമിത്രത്തിലെ പുരുഷന്മാരും നല്ല പിന്തുണ തന്നു. രാഗിണിയാണ് കോൽക്കളിയും കൈകൊട്ടിക്കളിയും നിർദേശിച്ചത്. പ്രധാനമായും തിരുവാതിരയും കോൽക്കളിയുമാണ് ഞങ്ങൾ വേദികളിൽ അവതരിപ്പിക്കുന്നത്. സിനിമാപാട്ടൊന്നും വച്ചു ഞങ്ങളിതുവരെ കളിച്ചിട്ടില്ല.

രാഗിണി മോഹനൻ – ഞാൻ സ്കൂളിൽ ഡാൻസ് പഠിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷം കരയോഗത്തിന്റെ പരിപാടികൾക്ക് കളിക്കുമായിരുന്നു. എനിക്ക് സന്തോഷാ ഇവരെ പഠിപ്പിക്കാൻ. തെറ്റിപ്പോയാലും വഴക്കൊന്നും പറയില്ലാട്ടോ.

പി.കെ. സരസ്വതി – തലേദിവസം വരെ ഞങ്ങൾ തെറ്റു കളിക്കും. തട്ടേൽ കേറിയാൽ പിന്നെ തെറ്റൊന്നും വരില്ല. (സരസ്വതി വയോമിത്രം സെക്രട്ടറി കൂടിയാണ്)

പൊലീസിനും മനസ്സിലായി

മോളി കാർത്തികേയൻ – കുമാരമംഗലം ക്ഷേത്രത്തിലാണ് ഞങ്ങളുടെ ആദ്യ പരിപാടി. ഭയങ്കര കയ്യടിയായിരുന്നു. ആ കയ്യടി കേട്ട് ഞങ്ങൾ ഒടുക്കം സ്േറ്റജിൽ കിടന്നു തുള്ളലായിരുന്നു. എന്തൊരു സന്തോഷമായിരുന്നു.

നിർമല സി. മേനോൻ – കോവിഡിനു മുൻപുള്ള വനിതാ ദിനത്തിന് പൊലീസ് സ്േറ്റഷനിൽ പരിപാടിക്കു വിളിച്ചിരുന്നു. ഏറ്റവും അവസാനമാണ് ഞങ്ങൾക്ക് അവസരം തന്നത്. ഞങ്ങൾ വയസ്സായവരല്ലേ, വലിയ ഓളമൊന്നും ഉണ്ടാക്കില്ലെന്നു വിചാരിച്ചു കാണും. പക്ഷേ, കളി തുടങ്ങിയപ്പോൾ അതുവരെ ആടിത്തൂങ്ങിയിരുന്ന ആളുകളൊക്കെ തുള്ളാൻ തുടങ്ങി. ഒടുവിൽ പൊലീസുകാർ വന്നു ക്ഷമ പറ‍ഞ്ഞു.‘നിങ്ങളുടെ പരിപാടി ആദ്യം വച്ചാൽ മതിയായിരുന്നു’വെന്ന്.

ഭാർഗവി രാമകൃഷ്ണൻ – ഞങ്ങൾക്കേ മനസ്സിൽ പതിനാറാണ് പ്രായം. ഇപ്പോഴത്തെ െചറുപ്പക്കാരികൾ പലരും ഞങ്ങളേക്കാൾ പ്രായമായവരുടെ അവസ്ഥയിലാണ്. പത്തുമിനിറ്റിൽ കൂടുതൽ സമയമെടുക്കുന്നതാണ് തിരുവാതിര കളി. പിന്നെ അരമണ്ഡലത്തിലുള്ള നിൽപ്പ്. എല്ലാം കൂടി ഞങ്ങളുടെ ശരീരത്തിനു നല്ല സുഖമുണ്ട്. അല്ലെങ്കിൽ ഒന്നനങ്ങുമ്പോഴേക്കും ‘ഹമ്മേ, ഹാവൂ’ എന്നെല്ലാം വലിഞ്ഞു നടന്നവരാണ്.

വത്സല വിജയൻ – അരമണ്ഡലത്തിലല്ലാട്ടോ, മുക്കാൽ മ ണ്ഡലത്തിലാണ് ഞങ്ങളുടെ ഇരിപ്പ്. ഒരിക്കൽ ഡാൻസ് ക ളിക്കാൻ ഒരുങ്ങിപ്പോയി. പക്ഷേ, അവിടെച്ചെന്നപ്പോഴാണ് അറിയുന്നത്. ആരോ മരിച്ചിട്ട് പരിപാടി മാറ്റിവച്ചെന്ന്. കളിക്കാതെ തിരിച്ചു പോന്നു. അന്നു വലിയ സങ്കടമായി.

പി.കെ. സരസ്വതി – ഒരുക്കംന്നു പറഞ്ഞാൽ, കുറച്ചു പൗഡ റിടും. ഒരേപോലത്തെ ബ്ലൗസും സെറ്റും ഉടുക്കും. കുറച്ചു മുല്ലപ്പൂ വയ്ക്കും. തീർന്നു. അല്ലേലും പൊന്നും കുടത്തിനെന്തിനാ പൊട്ട്.

‘അതേ’ എന്ന് എല്ലാവരും കോറസായി തലകുലുക്കി.

രാഗിണി മോഹനൻ – ഇനി ഗുരുവായൂരമ്പലത്തിൽ പോയി കളിക്കണമെന്നാണ് ഞങ്ങളുടെ ആശ. (കൈ ചുരുട്ടി മൈക്ക് പോലെ പിടിച്ച് നാടകീയ ശബ്ദത്തിൽ) ഗൾഫിൽ പരിപാടിക്കു വിളിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഞങ്ങളെല്ലാവരും റെഡിയാണ്. വീസ വേഗം അയച്ചു തന്നാൽ മാത്രം മതി. (അഭിനയിച്ചു കൊണ്ടാണ് വർത്തമാനം)

ചന്ദ്രികാ ബാബു – ഇതുവരെ അമ്പതോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കല്യാണത്തലേന്ന്, വീടുകളിലും പോയി കളിക്കാറുണ്ട്. കൂട്ടം കൂടി നടക്കുന്നതു തന്നെ രസമല്ലേ.

സരസ്വതി പ്രഭാകരൻ – കളിയില്ലെങ്കിലും ഞങ്ങൾ ഇടയ്ക്കിടെ ഒത്തുചേരും. എല്ലാവരുടേയും പിറന്നാളാഘോഷിക്കും. പിന്നെ വയോമിത്രത്തിന്റെ വക ഉല്ലാസയാത്രയും ഉണ്ട്.

മോളി കാർത്തികേയൻ – അറുപതു വയസ്സാകണം വയോമിത്രത്തിൽ ചേരാൻ. ‘വേഗം വയസ്സായാൽ മതിയായിരുന്നു. ഞങ്ങൾക്കു ഡാൻസു കളിക്കണം’ എന്നു അമ്പതു വയസ്സു കഴിഞ്ഞവരൊക്കെ പറയുന്നതു കേൾക്കുമ്പോൾ ചിരി വരും. ഇപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ സ്ത്രീകളുടെ തിക്കുംതിരക്കുമാണ്.

ഭാർഗവി രാമകൃഷ്ണൻ– പരിപാടിയില്ലായിരുന്നെങ്കിൽ ഉ റക്കം തൂങ്ങി വയറും ചാടി ഒന്നിനും ഉത്സാഹം ഇല്ലാതെ വീട്ടിലിരുന്നേനെ. നൃത്തം തുടങ്ങിയതിൽ പിന്നെ, ആർക്കും ശരീര വേദനയില്ല. അതാണ് സത്യം.

സന്തോഷത്തോടെ ജീവിക്കണം

65 വയസ്സു തികഞ്ഞ മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാരിന്റെ വയോജന സംരക്ഷണ പദ്ധതിയാണ് വയോമിത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു സാമൂഹിക സുരക്ഷാ മിഷനാണ് ഇതു കേരളത്തിൽ നടപ്പിലാക്കിയത്. ബോധവത്കരണ ക്ലാസുകൾ, ഉല്ലാസയാത്രകൾ, മെഡിക്കൽ ക്യാമ്പുകൾ, ആഘോഷപരിപാടികളെല്ലാം സംഘടിപ്പിക്കാറുണ്ട്. കോർഡിനേറ്റർ സിൻസി അനൂപ് എപ്പോഴും കൂടെയുണ്ട്. പ്രായം എന്നൊരു സംഗതി മാറ്റി വച്ചാൽ ഇവരൊക്കെ അടിപൊളിയാണ്. സന്തോഷത്തോടെ ജീവിക്കാനല്ലേ ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ട്’’ വയോമിത്രം ട്രഷറർ എ.കെ. വേണുഗോപാൽ പറയുന്നു.

ടെൻസി ജെയ്ക്കബ്

ഫോട്ടോ ശ്യാം ബാബു