Saturday 21 July 2018 02:57 PM IST

ഒണക്കക്കൊള്ളി പോലിരുന്ന ഞാൻ മണിച്ചേട്ടനാകാൻ പഠിച്ച പണികൾ മതി ആ മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ച ത്യാഗങ്ങൾ മനസ്സിലാക്കാൻ!

Binsha Muhammed

senthil1_banner

‘ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഒാട്ടിനടന്നവണ്ടി എന്റെ കുടുംബത്തിൽ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി’...

‘മ്മ്ടെ മണിയുടെ പാട്ടല്ലേ ആ കേൾക്കണേ’. ചാലക്കുടിക്കാരുടെ ഉൾത്തുടിപ്പായ മണിച്ചേട്ടന്റെ ആ ഗാനം ഓട്ടോറിക്ഷാ സ്റ്റാൻഡിന്റെ പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കുകയാണ്. ഓടിയെത്തിയവർ കണ്ടത് ചെവിയിൽ കുങ്കുമവും പുരട്ടി കാക്കി ഷർട്ടും കളർ മുണ്ടും അണിഞ്ഞ് ഓട്ടോക്കാരുടെ ഒപ്പം നൃത്തം ചവിട്ടുന്ന അവരുടെ സ്വന്തം മണിച്ചേട്ടനെ! ഒപ്പം ധർമ്മജനും ശ്രീകുമാറും ഒക്കെയുണ്ട്. പെട്ടെന്നാണ് ആ ശബ്ദം ഉയർന്നു കേട്ടത്. സീൻ ഒകെ... കട്ട് ഇറ്റ്... സംവിധായകൻ വിനയന്റെ ശബ്ദം. ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു അത്. കലാഭവൻ മണിയായി സെന്തിൽ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.

കണ്ണുനട്ട് നിന്ന ചാലക്കുടിക്കാരുടെ നെഞ്ചിൽ ഓർമ്മളുടെ കടലിരമ്പം. നിമിഷങ്ങളെ കീറിമുറിച്ച് അവർ പിന്നോട്ട് പോയിട്ടുണ്ടാകണം. സംവിധായകൻ കട്ട് പറയേണ്ട താമസം അവിടെ കാത്തുനിന്ന മധ്യവയസ്കൻ നായകനെ ചേർത്ത് പിടിച്ച് കരഞ്ഞു... ‘ഞങ്ങളുടെ മണി തിരിച്ചു വന്നെന്നൊരു തോന്നൽ’. സ്മരണയുടെ മച്ചകങ്ങളിൽ പ്രതിഷ്ഠിച്ച കലാഭവൻ മണി എന്ന ഒറ്റവാക്കിലേക്ക് പലരും ചുരുങ്ങി. സച്ചിന്‍, ധോണി, സഞ്ജയ് ദത്ത്, മേരികോം തുടങ്ങി ജീവിക്കുന്ന ഇതിഹാസങ്ങൾ അഭ്രപാളികളിൽ ബയോപിക്കായി പുനരവതരിക്കുന്ന കാലത്താണ് കലാഭവൻ മണിയുടെ ജീവിതവും സിനിമയാകുന്നത്.

ഇല്ലായ്മ വല്ലായ്മകളുടെ അണിയത്തു നിന്നും സിനിമയുടെ പ്രേക്ഷകരുടെ ഹൃദയ സിംഹാസനങ്ങളിലേക്കും നടന്നുകയറിയ കലാഭവൻ മണിയെന്ന പച്ച മനുഷ്യന്റെ ജീവിതം സിനിമയാകുമ്പോള്‍ ആ വേഷമണിയാനുള്ള നിയോഗം യുവ കലാകാരനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ചിരപരിചിതനുമായ സെന്തിൽ കൃഷ്ണയ്‌ക്കാണ്‌. മണിയുടെ സിനിമ–വ്യക്തി ജീവിതങ്ങളെ ഒരു കണ്ണാടിയിലെന്ന പോലെ കണ്ടറിഞ്ഞ വിനയനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് ‘ചാലക്കുടിക്കാരൻ ചങ്ങാതി’. ബയോപിക്കുകൾ സാധാരണ പലരുടെയും അറിയപ്പെടാത്ത സ്വകാര്യ ജീവിതങ്ങളിലേക്കാണ് വെളിച്ചം വീശുക. പക്ഷേ മലയാളി ഉൾത്തുടിപ്പായി നെഞ്ചിൽ പ്രതിഷ്ഠിച്ച ഒരു മനുഷ്യന്റെ ജീവിതം അതേപടി സിനിമയാകുമ്പോൾ അതിനെ ബയോപിക്ക് എന്ന് എങ്ങനെയാണ് വിശേഷിപ്പുക. ‘ബാക്കിവച്ചു പോയ ഓർമ്മകളിലേക്ക് ഒരു തിരികെ നടത്തം’. അങ്ങനെയേ പറയാനാകൂ– സെന്തിൽ പറയുന്നു.

മണിയെന്ന രണ്ട് അക്ഷരത്തിൽ കടലോളം കാരുണ്യം ഒളിപ്പിച്ച ആ വലിയ കലാകാരന്റെ വേഷത്തെക്കുറിച്ച് ചോദിക്കുമ്പോൾ സെന്തിലിന്റെ ആമുഖം ഒറ്റവാക്കിലൊതുങ്ങും ‘മുജ്ജന്മ പുണ്യം’. സെന്തിൽ മനസു തുറക്കുകയാണ്, മണിയായുള്ള പരകായ പ്രവേശത്തെക്കുറിച്ചും സിനിമാ സ്വപ്നങ്ങളെക്കുറിച്ചും വനിത ഓൺലൈനോട്.

senthil003

ദൈവം എനിക്കായ് കാത്തുവച്ച വേഷം’

‘പ്രേക്ഷകരുടെ കണ്ണിൽ വെറും കോമഡി പീസാണ് ഞാൻ. മിമിക്രി വേദികളിലും ടെലി സീരിയലുകളിലും കോമഡി വേഷങ്ങൾ അവതരിപ്പിച്ച് നടന്ന ഞാൻ നായക വേഷം സ്വപ്നം കണ്ടിട്ടു പോലുമില്ല. പക്ഷേ അപ്രതീക്ഷിതമായിരുന്നു ആ വിളി. അങ്ങേത്തലയ്ക്കൽ വിനയൻ സാറാണ്. ‘മണിയുടെ ജീവിതം സിനിമയാക്കുകയാണ്. നിന്നെയാണ് നായകനായി കണ്ടുവച്ചിരിക്കുന്നത്’. ഒരു നിമിഷം കൈയ്യിലൊന്നു നുള്ളി നോക്കി. സംഗതി സ്വപ്നമല്ലെന്ന് ഉറപ്പിക്കണമല്ലോ?– സെന്തിൽ ഭാഗ്യം വന്ന വഴി പറയുന്നു.

മണിച്ചേട്ടനെപ്പോലെ മണിച്ചേട്ടൻ മാത്രമേയുള്ളൂ. അങ്ങനെയുള്ള ഞാൻ ആ വേഷം എങ്ങനെയവതരിപ്പിക്കും. ഉറക്കം പോകാൻ ഈ സംശയങ്ങളൊക്കെ തന്നെ ധാരാളം. ഞങ്ങളെ പോലെ നൂറു കണക്കിന് മിമിക്രിക്കാർക്ക് മണിച്ചേട്ടനെന്നാൽ ഒരു സിലബസാണ്. അദ്ദേഹം ബാക്കിവച്ചു പോയ അതിജീവനത്തിന്റെയും ഇല്ലായ്മ വല്ലായ്മകളുടെയും കഥകൾ വള്ളിപുള്ളി തെറ്റാതെയറിയാം. അതുമാത്രമാണ് ഏക ധൈര്യം. പക്ഷേ അതു പോരല്ലോ? ഞങ്ങൾ കാണാത്ത, അറിയാത്ത ചാലക്കുടിക്കാരൻ ചങ്ങാതിയെ അടുത്തറിയുക എന്നതു മാത്രമായി ലക്ഷ്യം. മനസിൽ ഒന്നു മാത്രം കുറിച്ചിട്ടു. ജീവിതത്തിൽ നടിക്കാനറിയാത്ത കലാകാരനെയാണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. അണുവിട പിഴയ്ക്കരുത്. അന്നു പഠിച്ചു തുടങ്ങി മണിച്ചേട്ടനെന്ന പുസ്തകത്തെ– സെന്തില്‍ പറഞ്ഞുതുടങ്ങുകയാണ്.

senthil005

ങ്യാ ഹ ഹാ.... ചിരിയും ചാലക്കുടി സ്ലാംഗും

മണിച്ചേട്ടന്റെ മാനറിസങ്ങളും ചാലക്കുടി സ്ലാംഗും പഠിക്കുക എന്നതായിരുന്നു എന്റെ അടുത്ത ഹോംവർക്ക്. മണിച്ചേട്ടന്റെ ചങ്ക് പോലത്തെ ചങ്ങാതിമാർ അതിന് എന്നെ നന്നായി ഹെൽപ്പ് ചെയ്തു. പിന്നാലെയെത്തി വിനയൻ സാറിന്റെ അടുത്ത ഓർഡർ. ‘ഡാ... മണിയെ അറിയാല്ലോ, നിന്നെ പോലെ മെലിഞ്ഞുണങ്ങിയ രൂപമല്ലത്. കരിവീട്ടി കടഞ്ഞതു പോലിരിക്കുന്ന ആ രൂപം എനിക്കു കിട്ടണം. നിന്റെ രൂപമൊക്കെ അടിമുടി മാറ്റിക്കോ...’

പാടത്തും പറമ്പിലും പന്ത് കളിച്ചു നടന്ന ഞാൻ അന്നാദ്യമായി ജിമ്മിനെ ആശ്രയിക്കാൻ തുടങ്ങി. ഒന്നരമാസം നന്നായി വർക്ക്–ഔട്ട് ചെയ്തു. നന്നായി ഭക്ഷണം കഴിച്ചു. അതിന് ഫലമുണ്ടായി. 12 കിലോയാണ് അന്ന് കൂട്ടിയത്. അവിടെയും തീർന്നില്ല, മണിച്ചേട്ടനെ പോലെയാകാൻ തെങ്ങ് കയറ്റം പടിച്ചു, ഓട്ടോ ഓടിക്കാൻ ശീലിച്ചു, കായലിൽ നീന്താൻ പഠിച്ചു. അതിൽനിന്നു മാത്രം മനസിലാക്കാൻ സിനിമയിലേക്കാൾ കൂടുതൽ വേഷങ്ങൾ ആ മനുഷ്യൻ ജീവിതത്തിൽ ആടിത്തീർത്തിട്ടുണ്ടെന്ന്.

മനസു കൊണ്ടും ശരീരം കൊണ്ടും ഞാൻ മണിച്ചേട്ടനായ നാളുകളായിരുന്നു അത്. എന്നിരുന്നാലും മലയാളികളുടെ മനസിൽ പതിഞ്ഞ രൂപം മാറാത്തിടത്തോളം കാലം ഞാനൊരു കഥാപാത്രം മാത്രമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷേ ആ ജീവിതത്തോട് നീതി പുലർത്താൻ ഞാൻ അധ്വാനിച്ചിട്ടുണ്ട്. ഒപ്പം വിനയൻ സാറും എന്നെ ഏറെ സഹായിച്ചു. ബാക്കി വിധിയെന്തെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ.–സെന്തില്‍ കാത്തിരിക്കുകയാണ്.

senthil004

ചാലക്കുടിക്കാരുടെ മുന്നിലേക്കിറങ്ങാൻ പേടി തോന്നി’

‘മേക്ക്–അപ്പും കോസ്റ്റ്യൂമുമിട്ട് ചാലക്കുടിക്കാരുടെ മുന്നിലേക്ക് ഷൂട്ടിംഗിനിറങ്ങുമ്പോൾ വല്ലാത്ത പേടിയായിരുന്നു. അവരുടെ സങ്കൽപ്പത്തിലെ മണിക്ക് ഞാനെന്ന മണിയുമായി പുലബന്ധം പോലുമില്ലെങ്കിൽ കഴിഞ്ഞു കഥ. പക്ഷേ നിറഞ്ഞ സ്നേഹവും കൈയ്യടികളും മാത്രമാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്. അവർക്കറിയാം, മണി അവരോടൊപ്പമില്ലെന്ന്. പക്ഷേ മണി സമ്മാനിച്ച ഓർമ്മകൾക്കൊപ്പം അവർ ഞങ്ങളേയും ചേർത്തു പിടിച്ചു. മണിച്ചേട്ടന്റെ ഓർമ്മകളുറങ്ങുന്ന പാഡി ഞങ്ങൾ സെറ്റിടുകയായിരുന്നു. പക്ഷേ ആ ഓർമ്മകളെ ഞങ്ങൾ പുനസൃഷ്ടിക്കുമ്പോഴും എല്ലാത്തിനും മൂകസാക്ഷിയായി അവരുണ്ടായിരുന്നു.

‘ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഒാട്ടിനടന്നവണ്ടി’ എന്ന മണിച്ചേട്ടന്റെ ഹിറ്റ് ഗാനം ഞങ്ങൾ ചിത്രത്തിൽ റീമിക്സ് ചെയ്ത് ഉപയോഗിച്ചിരുന്നു. ആ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് പലരുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പലരും എന്നെ ചേർത്ത് പിടിച്ച് വിതുമ്പി. ഒരു കലാകാരന് ഇതിലപ്പുറം എന്ത് വേണം?’–സെന്തിലിന്റെ കണ്ണുകളിൽ ഈറൻ.

senthil002

മണിനാദം നിലച്ച ആ വീട്

സിനിമ തുടങ്ങുന്നതിനു മുമ്പ് മണിച്ചേട്ടന്റെ കുടുംബത്തെ കാണാൻ പോയിരുന്നു. വിനയൻ സാർ എന്നെ പരിചയപ്പെടുത്തി. സത്യം പറഞ്ഞാൽ അവരോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എനിക്കും അവർക്കുമിടയിൽ എല്ലാം ഒളിപ്പിച്ച മൗനം. മനസു കൊണ്ട് അവർ എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകണം. ഓർമ്മകളുറങ്ങുന്ന ആ വീടിനുള്ളിലിരുന്നപ്പോൾ മനസ്സുകൊണ്ട് ഒരായിരം വട്ടം ഞാൻ കേട്ടു, മണിച്ചേട്ടന്റെ ശബ്ദം.

മണിച്ചേട്ടന്റെ സഹോദരൻ ആർഎൽവി രാമകൃഷ്ണന്‍ ചേട്ടനെ കാണാൻ പോയതാണ് ഒരിക്കലും മറക്കാത്ത നിമിഷം. മണിച്ചേട്ടനെക്കുറിച്ചുള്ള ഓരോ വാക്കിലും ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു. നിനക്ക് നന്നായി ചെയ്യാന്‍ പറ്റുമെടാ... എന്ന് എന്റെ തോളിൽ തട്ടി അദ്ദേഹം ആശ്വസിപ്പിച്ചു. മണിച്ചേട്ടന്റെ സ്നേഹവായ്പുകൾ എങ്ങും പോയിട്ടില്ല. അത് ഇവരിലൂടെ അങ്ങനെതന്നെ നിൽപ്പുണ്ട്.

kalabhavan-mani
ഫയൽ ചിത്രം

ദുരൂഹതകളിലേക്ക് ക്യാമറ തിരിക്കുമോ

‘ചാലക്കുടിക്കാരൻ ചങ്ങാതി നല്ലൊരു അഡാപ്റ്റേഷനാണ്. ചെറ്റക്കുടിലിൽ നിന്നും തെന്നിന്ത്യയിലെ താരസിംഹാസനം വരെയുള്ള അദ്ദേഹത്തിന്റെ യാത്ര. അദ്ദേഹം നേരിട്ട അവഗണനകളും ദുരിതങ്ങളുമെല്ലാം ഈ ചിത്രത്തിൽ അതേപടി ആവിഷ്ക്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം വരെയുള്ള സംഭവ ബഹുലമായ യാത്ര ഈ ചിത്രത്തിലുണ്ടാകും. അതിൽ അതിഭാവുകത്വങ്ങളോ കൂട്ടിച്ചേർക്കലുകളോ ഒന്നുമുണ്ടാകില്ല.’– മണിച്ചേട്ടന്റെ മരണം സംബന്ധിച്ചുയർന്ന ദുരൂഹതകൾ ചിത്രത്തുലുണ്ടാകുമോ എനിക്ക് പറയാൻ അവകാശമില്ല. ചിത്രം വരുന്നത് വരെ കാത്തിരുന്നേ മതിയാകൂ...– ചോദ്യത്തിൽ നിന്നും സെന്തിൽ ഒഴിഞ്ഞുമാറി.

കാലഭേദങ്ങളെ അതിജീവിച്ച മണിയെന്ന സ്നേഹാക്ഷരം വെള്ളിത്തിരയിൽ പുനർജനിക്കുമ്പോൾ പ്രേക്ഷകരെ പോലെ സെന്തിലും പ്രതീക്ഷയിലാണ്. ‘ചാലക്കുടിക്കാരൻ ചങ്ങാതിയെ’ പ്രേക്ഷകർ ഹൃദയത്തിലേറ്റു വാങ്ങുമ്പോൾ അവിടെ തനിക്കും ഒരിടമുണ്ടാകുമെന്ന് ഈ കലാകാരൻ ഉറച്ചു വിശ്വസിക്കുന്നു. നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഈ കലാകാരൻ. ‘ആ കാത്തിരിപ്പിനും ഒരു സുഖമൊക്കെയുണ്ടെന്നേ....’–സെന്തിൽ പറഞ്ഞുനിർത്തി.