Saturday 03 February 2018 10:13 AM IST

ദേർ ഈസ് എ ബേഡ്! രോഹിണി പങ്കുവയ്ക്കുന്നു, നടൻ രഘുവരനെക്കുറിച്ചുള്ള ആ രഹസ്യം

Priyadharsini Priya

Senior Content Editor, Vanitha Online

rohini005

"അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം.." രഘുവരന്റെ ഓർമകളിലേക്ക് ഊളിയിടുമ്പോൾ രോഹിണിയുടെ മനസ്സിൽ അറിയാതെ കടന്നുവരുന്ന വരികൾ. വ്യവസ്ഥിതികളോടു കലഹിച്ച് അഭിനയത്തിൽ തന്റേതായ പാത വെട്ടിത്തുറന്ന രഘുവരൻ വെള്ളിവെളിച്ചവും കഥയും കഥാപാത്രങ്ങളുമില്ലാത്ത ലോകത്തേക്ക് മാഞ്ഞുപോയിട്ട് ഒൻപതു വർഷങ്ങൾ കഴിയുന്നു.

നടനെന്ന നിലയിൽ രഘുവരനെ അടുത്തറിയുന്നവർക്കു പോലും അറിയാത്ത ഒരു രഹസ്യമുണ്ട്. രഘുവരനിലെ പാട്ടുകാരനെ. ജീവിതസഖിയായിരുന്ന രോഹിണി തന്നെയാണ് ഈ രഹസ്യം പങ്കുവയ്ക്കുന്നത്. അച്ഛൻ പാടി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് ഗാനങ്ങൾ മ്യൂസിക് ആൽബമായി പുറത്തിറക്കിയിരിക്കുകയാണ് മകൻ ഋഷിവരൻ. മകന് എല്ലാ പിന്തുണയും നൽകിയതാകട്ടെ അമ്മ രോഹിണിയും അച്ഛമ്മ കസ്തൂരിയും. ചെന്നൈയിൽ നടന്ന ചടങ്ങിൽ സൂപ്പർതാരം രജനീകാന്ത് ആൽബം പുറത്തിറക്കിയപ്പോൾ അതു പ്രിയപ്പെട്ടവനുള്ള അവരുടെ സമ്മാനമായി മാറി. രഘുവരനെക്കുറിച്ചുള്ള വിശേഷങ്ങൾ 'വനിത' ഓൺലൈനുമായി പങ്കുവയ്ക്കുമ്പോൾ പലപ്പോഴും രോഹിണിയുടെ ശബ്ദം ഇടറി.

rohini003

ദേർ ഈസ് എ ബേഡ്...

രഘു പോയിട്ട് ഒൻപതു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴാണ് അദ്ദേഹത്തിന്റെ മ്യൂസിക് ആൽബം പുറത്തിറക്കാൻ കഴിഞ്ഞത്. ജനുവരി 31 നാണു യൂട്യൂബിൽ 'ദേർ ഈസ് എ ബേഡ്' എന്ന പേരിൽ മ്യൂസിക് വിഡിയോ അപ്ലോഡ് ചെയ്യുന്നത്. ഇത്രയ്ക്ക് നീണ്ടുപോയതു മറ്റൊന്നും കൊണ്ടല്ല, അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോഴോ ഫോട്ടോസ് കാണുമ്പോഴോ ഞാൻ വൈകാരികമായി വല്ലാത്തൊരു അവസ്ഥയിലാകും. അന്നൊന്നും എനിക്കതിനു കഴിയില്ലായിരുന്നു. പിന്നെ ഇക്കാര്യം ഋഷി തന്നെ ചെയ്യണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇക്കാലങ്ങളിലെല്ലാം അവനും മാനസികമായി വലിയ വിഷമത്തിൽ ആയിരുന്നു.

രണ്ടുവർഷം മുൻപാണ് അദ്ദേഹത്തിന്റെ പാട്ടുകൾ ആൽബം ആക്കണമെന്ന തീരുമാനത്തിൽ എത്തുന്നത്. അങ്ങനെ മ്യൂസിക് ട്രാക്‌സ് എല്ലാം എടുത്ത് ക്ളീൻ ചെയ്യിച്ചു. പിന്നീട് ആൽബം ചെയ്യാനായി മ്യൂസിക് ലേബൽസിനെ സമീപിക്കുകയായിരുന്നു. അങ്ങനെ 'സരിഗമ'യാണ് കഴിഞ്ഞ വർഷാവസാനം മ്യൂസിക് ആൽബം ചെയ്യാമെന്ന് ഏറ്റത്. അങ്ങനെയവർ രഘുവിന്റെ അമ്മയുടെ പേരിലും ഋഷിയുടെ പേരിലും ഒരു കരാർ എഴുതി നിയമപരമായി മുന്നോട്ടുപോയി. മ്യൂസിക് ട്രാക്സ് എല്ലാം ക്‌ളീൻ ചെയ്തെടുത്തു. അങ്ങനെയാണ് ഏറെ ആഗ്രഹിച്ച മ്യൂസിക് ആൽബം തയാറായത്.

rohini002

ഋഷിയിപ്പോൾ വിദേശത്ത് മെഡിസിൻ സെക്കന്റ് ഇയർ പഠിക്കുകയാണ്. അതുകൊണ്ട് ലോഞ്ച് പ്ലാൻ ചെയ്തത് ഋഷിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു. ആൽബം ലോഞ്ചിന്റെ ഉദ്‌ഘാടനം രജനികാന്ത് സാർ തന്നെ നിർവഹിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഋഷി നാട്ടിലുള്ള സമയത്ത് രജനി സാറിന്റെ ഡേറ്റ് കിട്ടണം. അങ്ങനെയാണ് ഓഡിയോ ലോഞ്ച് പിന്നെയും നീണ്ടുപോയത്. കഴിഞ്ഞ ജൂൺ- ജൂലൈയിൽ തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ ആ സമയത്തു ഋഷി പഠനവും പാർട്ട് ടൈം ജോലിയുമായി തിരക്കിലായിരുന്നു. കഴിഞ്ഞ അവധിക്കാലത്താണ് രണ്ടുപേരെയും ഒരുമിച്ച് കിട്ടിയത്. ചെന്നൈയിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച്. ആറോളം മ്യൂസിക് ട്രാക്‌സുകളായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഒരുമിച്ചു റിലീസ് ചെയ്തു.

അമ്മ നൽകിയ സംഗീതം

രഘുവിനെ സ്നേഹിക്കുന്ന സിനിമാരംഗത്തുള്ള സുഹൃത്തുക്കൾക്കെല്ലാം വളരെ സന്തോഷമായി. കുറച്ചുപേർക്ക് രഘു പാടുമെന്ന് അറിയാമായിരുന്നു. പലർക്കും ഇതൊരു പുതിയ അറിവായിരുന്നു. എല്ലാവരും കൂടി ഇത് ആഘോഷമാക്കി എന്നുവേണമെങ്കിൽ പറയാം. കീബോർഡിൽ കമ്പോസ് ചെയ്ത പാട്ടുകളാണ് ഇവ. ഇംഗ്ലീഷിൽ മാത്രമാണ് പാട്ടുകൾ കമ്പോസ് ചെയ്തിരിക്കുന്നത്. മലയാളം, തമിഴ് പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. വീട്ടിൽ സംഗീതത്തിന്റെ വലിയ ശേഖരം തന്നെയുണ്ട്.

രഘുവിന്റെ അമ്മയാണ് പാടാനുള്ള എല്ലാ പ്രോത്സാഹനവും നൽകിയത്. രഘു പത്തിൽ പഠിക്കുമ്പോൾ ഒരു ഗിറ്റാർ വേണമെന്ന ആവശ്യവുമായി അച്ഛന്റെ അടുത്തുചെന്നു. എന്നാൽ അച്ഛൻ പറഞ്ഞു ‘നീ പത്താം ക്ലാസ്സാണ് ഇപ്പോൾ ഗിറ്റാറൊന്നും വേണ്ട, പഠിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്ന്.’ അന്ന് അമ്മ സ്വന്തം കയ്യിലുള്ള വള ഊരിക്കൊടുത്തിട്ട് പറഞ്ഞു, 'നീ വേണമെങ്കിൽ പോയി വാങ്ങിക്കോ' എന്ന്. അങ്ങനെയാണ് രഘു ആദ്യമായി ഒരു മ്യൂസിക് ഇൻസ്ട്രുമെന്റ് സ്വന്തമാക്കുന്നത്. പിന്നീട് 'റോക്ക് ഓൺ' എന്ന ബാൻഡ് തുടങ്ങി. കൂട്ടുകാരുടെ കൂടെ റസ്റോറന്റുകളിൽ പോയി പാടി തുടങ്ങി.

വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ രഘു പറഞ്ഞു, അമ്മയ്‌ക്ക് രണ്ടു വള വാങ്ങിക്കൊടുക്കണം. ഗിറ്റാർ വാങ്ങാൻ വേണ്ടി അമ്മ വള ഊരി നൽകിയ കഥ എന്നോട് പറഞ്ഞു. അങ്ങനെ അമ്മയ്‌ക്ക് ഞങ്ങൾ വളകൾ വാങ്ങിനൽകി. ഇപ്പോഴും അമ്മയ്‌ക്ക് വേണ്ടിയിട്ടാണ് പെട്ടെന്നുതന്നെ മ്യൂസിക് ആൽബം പുറത്തിറക്കിയത്. അമ്മയുടെ ആഗ്രഹമായിരുന്നു എത്രയും പെട്ടെന്ന് ആൽബം റിലീസ് ചെയ്യണം എന്നത്. ഞാനിത്രയും കാലം ഋഷി ഇമോഷണലായി ബ്രേക്ക് ഡൗൺ ആകേണ്ട എന്നുകരുതി മിണ്ടാതിരുന്നതാണ്. അമ്മയുടെ അടുത്ത് രഘുവും പറഞ്ഞിരുന്നു, പാട്ടുകൾ എങ്ങനെയെങ്കിലും റിലീസ് ചെയ്യണം എന്ന്.

rohini004

അച്ഛനും മകനും തമ്മിൽ..

എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു ഋഷിയുടെ ജനനം. മോൻ ജനിച്ചയുടനെ അവനെ ആദ്യമായിട്ട് എന്നെ കാണിച്ചത് രഘുവാണ്. ഞാൻ ആദ്യം അവനെ കാണുന്നത് രഘുവിന്റെ മുഖത്തോടൊപ്പമാണ്. രഘു പോയപ്പോൾ എനിക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല, ഋഷിയെ രഘുവിന്റെ ഒപ്പമല്ലാതെ എങ്ങനെ കാണാൻ കഴിയുമെന്ന്. അത്രയ്‌ക്കൊരു അടുപ്പം അദ്ദേഹത്തിന് മകനുമായിട്ടുണ്ട്. രഘു എപ്പോഴും പറയാറുണ്ടായിരുന്നു അവനൊരു വലിയ സയന്റിസ്റ്റ് ആകുമെന്ന്. എന്നാൽ ഋഷിക്ക് ഇഷ്ടം മെഡിസിനാണ്. അവന് സിനിമയിലേക്കു വരുന്നതിനോട് വലിയ താൽപ്പര്യമില്ല. പിന്നെ കാലം എന്താകും കരുതി വച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ? അവൻ രഘുവരന്റെ മകനല്ലേ, ആ പാരമ്പര്യം അവന്റെ രക്തത്തിലുള്ളതല്ലേ?