Friday 22 January 2021 12:44 PM IST : By സ്വന്തം ലേഖകൻ

‘നിലത്തു വീണുകിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി വാരിക്കഴിക്കുന്ന അമ്മിണി; വീട്ടിൽ കണ്ട ദയനീയാവസ്ഥ’: ജനപ്രതിനിധി പറയുന്നു

ammini885rdfggg

"വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളിൽ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും. ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണമാണ് മകനും ഭാര്യയും നൽകിയിരുന്നത്."- കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അമ്മിണി (76) ചെറിയ ഓർമയിൽ പറയുന്നു.

"അടുത്ത് ബന്ധുക്കൾ താമസിക്കുന്നുണ്ടെങ്കിലും ഇവർ ഭക്ഷണം നൽകുന്നത് മകനും മരുമകൾക്കും ഇഷ്ടമായിരുന്നില്ല. ബന്ധുക്കൾ തരുന്ന ഭക്ഷണം പലപ്പോഴും ഭയം കാരണം വാങ്ങിയിരുന്നില്ല. തീപ്പെട്ടി വാങ്ങാൻ മാത്രമാണ് അയൽവീടുകളിൽ പോകുന്നത്."- അവർ പറഞ്ഞു. 

ഒരു മുറിയിൽ 2 കട്ടിലിട്ടാണ് അമ്മിണിയും പൊടിയനും (80) കിടന്നിരുന്നത്. കട്ടിലിലെ തടി നശിച്ചിട്ടു മരക്കമ്പ് നിരത്തിയാണ് അമ്മിണി കിടന്നിരുന്നത്. ഈ കട്ടിലുകളുടെ നടുവിലായി ഇഷ്ടിക വച്ച് അടുപ്പ് കൂട്ടിയാണ് ഇവർ തന്നെ വല്ലപ്പോഴും ഭക്ഷണം ഉണ്ടാക്കിയിരുന്നത്. സഹോദരി തങ്കയുടെ മകൾ ഷൈലയാണ് ഇപ്പോൾ ആശുപത്രിയിൽ കൂടെയുള്ളത്.

ഇത്രയും ബുദ്ധിമുട്ടുണ്ടെന്നു കരുതിയിരുന്നില്ലെന്നു ഷൈല പറഞ്ഞു. ആർപ്പൂക്കര നവജീവൻ ട്രസ്റ്റാണ് അമ്മിണിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണവും ചികിത്സയും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.ആരോഗ്യം മെച്ചപ്പെട്ട ശേഷം ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ ട്രസ്റ്റ് തന്നെ സംരക്ഷിക്കുമെന്നു മാനേജിങ് ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു.

മകൻ പറയുന്നത് ഇങ്ങനെ;

പൊടിയന്റെ ആരോഗ്യസ്ഥിതി തീർത്തും മോശമായത് ഒരാഴ്ച മുൻപാണെന്നു മകൻ റെജി പറയുന്നു. ഒരു വർഷത്തിനു മുൻപു പൊടിയനു മൂത്രത്തിൽ പഴുപ്പു രൂപപ്പെട്ടിരുന്നു. തുടർന്നു കുറച്ചുനാൾ കിടപ്പിലായി. പിന്നീട് ആരോഗ്യം വീണ്ടെടുത്തെങ്കിലും 6 മാസത്തിനു ശേഷം വീണ്ടും അവശനിലയിലായി.

ഒരാഴ്ച മുൻപാണു പൂർണമായും കിടപ്പിലായത്. കഞ്ഞിവെള്ളം മാത്രം കഴിക്കാവുന്ന നിലയിലായിരുന്നു. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളാണെന്നാണു കരുതിയതെന്നും രാവിലെ കഞ്ഞിവെള്ളം കൊടുത്തതിനു ശേഷമാണു ജോലിക്കു പോയിരുന്നതെന്നും റെജി പറയുന്നു.

വീട്ടിൽ ആദ്യമെത്തിയ ജനപ്രതിനിധി പറയുന്നു; 

"ആശാവർക്കർ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയാവസ്ഥ മനസ്സിൽ നിന്നു മായുന്നില്ല. നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി അമ്മിണി വാരിക്കഴിക്കുന്നു. പൊടിയന് ഈ സമയത്ത് അനക്കം പോലുമില്ല. ചെറിയ പൾസ് ഉണ്ടായിരുന്നതു കൊണ്ടാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. അടുക്കളയിൽ നോക്കിയപ്പോൾ ചോറും ഇറച്ചിക്കറിയും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഇവർക്കു നൽകിയിട്ടില്ല. പലതവണ ആശാ വർക്കർമാർ ഇവിടെ എത്തിയിരുന്നെങ്കിലും പൊടിയനെയും അമ്മിണിയെയും കാണാ‍ൻ മകൻ സമ്മതിച്ചില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ ജനപ്രതിനിധികളും പൊലീസും എത്തിയപ്പോഴും മകൻ എതിരു നിന്നു."- സിനിമോൾ,  തടത്തിൽ 9–ാം വാർഡ് അംഗം മുണ്ടക്കയം പഞ്ചായത്ത്.

മരണം പട്ടിണി കാരണം തന്നെ

"ഈ മരണം പട്ടിണി മൂലമാണ്. മകനും മരുമകളും ഭക്ഷണവും വെള്ളവും നൽകാൻ തയാറായിരുന്നെങ്കിൽ അച്ഛന്റെ ജീവൻ നഷ്ടമാകില്ലായിരുന്നു. ഇവർക്കെതിരെ നടപടി വേണം. ഇത്തരം സംഭവങ്ങൾ പഞ്ചായത്തിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ എന്തു ചെയ്യാനാകും എന്നതിനെപ്പറ്റി ആലോചിക്കാൻ അടിയന്തര യോഗം ചേർന്നു."- രേഖ ദാസ്, പ്രസിഡന്റ്, മുണ്ടക്കയം പഞ്ചായത്ത്.

Tags:
  • Spotlight