Friday 24 May 2024 12:07 PM IST

‘സർജറി നടത്തി ഒച്ചവയ്ക്കാൻ പോലുമാകാതെ കിടക്കുന്നവളെയാണ് പീഡിപ്പിച്ചത്’: കണ്ണില്ലാത്ത ക്രൂരത... നീതിയുടെ പക്ഷംപിടിച്ച അനിത

Roopa Thayabji

Sub Editor

sister-anitha

ഇളയ കുഞ്ഞിന് 72 ദിവസം മാത്രമുള്ളപ്പോഴാണ് അനിതയുടെ ഭർത്താവു മരിച്ചത്. കരഞ്ഞു കണ്ണീരു വറ്റിയ ഒരു ദിവസം അ നിത തീരുമാനിച്ചു, എന്തു സംഭവിച്ചാലും ഇനി കരയില്ല. ജീവിതാനുഭവങ്ങൾ പൊള്ളിച്ചപ്പോഴൊക്കെ അച്ഛന്റെയും അമ്മയുടെയും കരുത്തിൽ നിവർന്നുനിന്ന അനിതയെ ഇന്നു നാടറിയുന്നതു മറ്റൊരു തരത്തിലാണ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു അതിജീവിതയ്ക്കൊപ്പം നിന്ന കുറ്റത്തിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതിന്റെ പേരിൽ. നടപടിക്കെതിരേ ഹൈക്കോടതിയിൽ വാദിച്ചതിന്റെ പേരിൽ. ജോലി തിരികെ കിട്ടാനായി സമരം ചെയ്തതിന്റെ പേരിൽ.

കോഴിക്കോടു പറമ്പിൽ കടവിലെ വീട്ടിൽ വച്ചാണ് അനിതയെ കണ്ടത്. മകൾ കൃഷ്ണവേണിയുടെ 30 ദിവസം മാത്രം പ്രായമുള്ള മകനെ കയ്യിലെടുത്ത് അനിത പറഞ്ഞു തുടങ്ങിയത് ഇങ്ങനെ, ‘‘പ്രശ്നങ്ങളെല്ലാം അവസാനിച്ചതിനു പിന്നാലെ ഇരട്ടി മധുരമായാണ് ഇവന്റെ ജനനം. ഇനി ഈ കുഞ്ഞിച്ചിരി കണ്ടിരിക്കണം.’’

anitha-sister-4

സേവനമാണു കരുതൽ

അനിതയുടെ അമ്മ അംബികയുടെ വീട് ആലപ്പുഴയിലെ മുഹമ്മയിലാണ്. എഫ്സിഐയിലായിരുന്നു അച്ഛൻ ബാലകൃഷ്ണനു ജോലി. ചേർത്തല എസ്എൻ കോളജിൽ നിന്നു പ്രീഡിഗ്രി പാസ്സായ ശേഷം കോഴിക്കോട് പിവിഎസ്സിൽ നഴ്സിങ്ങിനു ചേരുമ്പോഴേ അനിത തീരുമാനിച്ചിരുന്നു, സേവ നമാണു പ്രധാനം.

‘‘അവസാന റിസൽറ്റ് വരുന്നതിനു മുൻപേ പിഎസ്‌സി പരീക്ഷയെഴുതി. പിന്നെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ ജോലിക്കു കയറി. ആ സമയത്തായിരുന്നു ദിനേശേട്ടനുമായുള്ള വിവാഹം. മോൾക്കു പത്തു വയസ്സുള്ളപ്പോഴാണു മോന്റെ ജനനം. അവനു മൂന്നുമാസം തികയും മുൻപ് അദ്ദേഹം പോയി. പിന്നെ മക്കൾ മാത്രമായി ലോകം.

2004ലാണു സ്റ്റാഫ് നഴ്സായി സർവീസിൽ കയറിയത്. കോഴിക്കോടു മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലായിരുന്നു ആദ്യ നിയമനം. 2018 ജനുവരിയിൽ ഹെഡ് നഴ്സായി പ്രമോഷനോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു പോയി. മൂന്നു വർഷം കഴിഞ്ഞു കോഴിക്കോടു തിരിച്ചെത്തി. അന്നു നാട്ടിലെങ്ങും കോവിഡായിരുന്നു. അതൊക്കെ മാറിയ പിറകേ വാർഡ് 20ന്റെ ചാർജ് കിട്ടി, സ്ത്രീകളുടെ ജനറൽ സർജറി വാർഡാണത്. മൂന്നു യൂണിറ്റിനു കീഴിലായി നൂറിലധികം രോഗികൾ അവിടെ എപ്പോഴും കാണും.’’

അവളുടെ ചിരിയും കരച്ചിലും

2023 മാർച്ച്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് അവൾ വന്നത്. എപ്പോഴും ചിരിച്ചുകൊണ്ടു സംസാരിക്കുന്ന 32 വയസ്സുകാരി.

ഏപ്രിൽ 30നു എന്റെ മോളുടെ വിവാഹം തീരുമാനിച്ചിരുന്നു. കല്യാണം വിളിക്കാനും മറ്റുമായി മാർച്ച് 18നും 19നും ഞാൻ ലീവെടുത്തു. 18നു വൈകിട്ടു വാർഡിലെ സ്റ്റാഫ് നഴ്സിന്റെ ഫോൺ, ‘‘നമ്മുടെ വാർഡിൽ നിന്നു സർജറിക്കായി കൊണ്ടുപോയ പെൺകുട്ടിയെ ഒരാൾ പീഡിപ്പിച്ചു. സർജറിക്കു ശേഷം ഐസിയുവിലേക്കു കൊണ്ടുപോയ അറ്റൻഡർ ശശീന്ദ്രന്റെ പേരാണ് ആ കുട്ടി പറയുന്നത്. ഐസിയുവിൽ കിടക്കാൻ ഭയമുള്ളതു കൊണ്ടു ന മ്മുടെ വാർഡിൽ തന്നെ കിടത്തണം എന്നു പറയുന്നു.’’ കഴുത്തിൽ സർജറി നടത്തി ഒച്ചവയ്ക്കാൻ പോലുമാകാതെ കിടക്കുന്നവളെ ദ്രോഹിക്കാൻ ശ്രമിച്ചവന്റെ ക്രിമിനൽ ബുദ്ധി. അവൾ ഇവിടേക്കു തിരികെ വന്നതിന്റെ കാരണം ആ രോടും പറയരുതെന്നും, അവളോട് ആരും അനാവശ്യമായി സംസാരിക്കരുതെന്നും ഞാൻ നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചു പോക്സോ കേസുകളും മറ്റും വരുമ്പോൾ മെഡിക്കൽ ബോർഡ് കൂടുന്നതും നിർദേശങ്ങൾ നൽകുന്നതുമൊക്കെ നേരിട്ടറിഞ്ഞുള്ള പരിചയം വച്ചാണ് അങ്ങനെ ചെയ്തത്.

anitha-sister

ലീവ് കഴിഞ്ഞ് എത്തിയ ഉടനേ റൂമിൽ ചെന്ന് അവളെ കണ്ടു. അവൾ ഉടുപ്പ് ഊരി എന്നെ കാണിച്ചു, നെഞ്ചിലാകെ നീല നിറത്തിലുള്ള പാടുകൾ. മറ്റു പലയിടങ്ങളിലും നീറ്റലും പുകച്ചിലുമുണ്ട് എന്നു പറഞ്ഞു വിങ്ങിക്കരഞ്ഞു.

ആരാണു തെറ്റു ചെയ്തത്?

ഓപ്പറേഷൻ കഴിഞ്ഞ രോഗിയെ അതീവസുരക്ഷിതമായാണ് ഐസിയുവിലേക്കു മാറ്റേണ്ടത്. ആരെങ്കിലും സ്പർശിച്ചാൽ പോലും അണുബാധ വന്നേക്കാം. പക്ഷേ, ഐസിയുവിലേക്കു കിടത്താനായി ബെഡുമായി വരുന്ന അറ്റൻഡറാണു രോഗികളെ ഐസിയുവിലേക്കു കയറ്റി കിടത്തുന്നതത്രേ. 14 കിടക്കകളും അഞ്ചാറു വെന്റിലേറ്ററുകളുമുള്ള ഐസിയുവിനും പതിനാലാം വാർഡിനും കൂടി ഒരേയൊരു അറ്റൻഡറേയുള്ളൂ, അതും പുരുഷൻ.

ഓപ്പറേഷൻ കഴിഞ്ഞ് അവളെ ഐസിയുവിലേക്ക് അ യാൾ കൊണ്ടുചെല്ലുമ്പോൾ അവിടെയുള്ള നഴ്സും ഇന്റേൺ കുട്ടിയും രോഗം കലശലായ ഒരു രോഗിക്ക് അടിയന്തിര ചികിത്സ നൽകുന്ന തിരക്കിലായിരുന്നു. അതു മനസ്സിലാക്കിയാണ് അയാൾ അവളെ ഉപദ്രവിച്ചത്.

പിന്നീടു ശസ്ത്രക്രിയ കഴിഞ്ഞ മൂന്നു രോഗികളെ കൊണ്ടുവന്നപ്പോഴും അയാൾ അവളുടെ അടുത്തെത്തി പീഡനം തുടർന്നു. അനസ്തേഷ്യയുടെ മരവിപ്പിൽ കൈ പോലും അനക്കാനാകാതെ, ശബ്ദമുണ്ടാക്കി കരയാൻ പോലുമാകാതെ അവൾ നിസ്സഹായയായി കിടന്നു.

sister-anitha-1

സംസാരിക്കാൻ സാധിച്ചതിനു പിറകേ അവൾ കാര്യങ്ങൾ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞു, പൊലീസിൽ പരാതിയും നൽകി. സംഭവം വാർത്തയായതോടെ വാർഡിനു മുന്നിൽ കാഴ്ചക്കാരുടെ തിക്കും തിരക്കുമായി. ആശുപത്രി സെർജന്റിനോടു പറഞ്ഞ് സെക്യൂരിറ്റിയെ ഇടേണ്ടിവന്നു. അന്നു തന്നെ മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തി. അതിനു പിന്നാലെ പല വാർഡുകളിൽ നിന്നായി ശശീന്ദ്രന്റെ സുഹൃത്തുക്കൾ അവളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമെത്തി. ‘പണത്തിനു വേണ്ടി കള്ളക്കേസ് കൊടുത്തു’ എന്നായിരുന്നു ഒരാളുടെ വാദം. ‘ശശീന്ദ്രൻ തികച്ചും മാന്യനാണ്, സുന്ദരിയായ ഭാര്യയുമുണ്ട്. അപ്പോൾ പീഡിപ്പിക്കേണ്ട ആവശ്യമില്ല’ എന്നാണു മറ്റൊരാൾ പറഞ്ഞത്. നിങ്ങൾ മാനസികരോഗിയല്ലേ, അതുകൊണ്ടല്ലേ ചികിത്സ തേടിയത് എന്നായിരുന്നു അടുത്തയാളുടെ വാദം. ‘ഭർത്താവും മൂന്നു കുട്ടികളുമുള്ളതല്ലേ. പിന്നെ ഒന്നു പിടിച്ചാലെന്താ...’ എന്നു ചോദിച്ചയാളുടെ ലക്ഷണം അവർ കൃത്യമായി ഓർത്തുവച്ചു.

പിറ്റേന്ന് ഇതു വ്യക്തമാക്കി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. നേരിട്ടെത്തി കാര്യങ്ങൾ അ ന്വേഷിച്ച അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഓഫിസ് മെമ്മോ ബുക്കിൽ സെക്യൂരിറ്റിയെ ആവശ്യപ്പെട്ടു ഞാൻ കുറിപ്പ് എഴുതി.

കാര്യങ്ങൾ തലകീഴായതു പിറ്റേ ദിവസം മുതലാണ്. ചീഫ് നഴ്സിങ് ഓഫിസർ സുമതി മാഡത്തിന്റെ നിർദേശപ്രകാരം എന്നു പറഞ്ഞു നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണി മാഡം വിളിച്ചു, അതിജീവിതയ്ക്കു വേണ്ടി എന്തൊക്കെ സൗകര്യങ്ങൾ വാർഡിൽ ചെയ്തു കൊടുത്തു എന്ന് എഴുതി കൊടുക്കണം എന്നാണ് ആവശ്യം.

എഴുതുന്നതിനിടെ അടുത്ത വിളി, ഭീഷണിപ്പെടുത്തിയവരുടെ തിരിച്ചറിയൽ പരേഡ് പൊലീസ് നടത്തുന്നു, വേഗം വരണം. സംശയിക്കുന്നവരുടെ ലിസ്റ്റിലുള്ളവരെല്ലാം വന്നതു കളർ ഡ്രസ്സിലാണ്. എങ്കിലും നാലു പേരെയും അവൾ തിരിച്ചറിഞ്ഞു, ഒരാൾ കൂടി ഉണ്ടെന്നും അവൾ പറഞ്ഞു. അവരെല്ലാം കുറ്റം സമ്മതിച്ചതിനു പിന്നാലെ അഞ്ചുപേരെയും സസ്പെൻഡ് ചെയ്തു. തിരികെ വാർഡിലെത്തിയ ‍ഞാൻ വീണ്ടും റിപ്പോർട്ട് എഴുതാൻ ഇരിക്കുമ്പോഴേക്കും ചീഫ് നഴ്സിങ് ഓഫിസർ ഒരു ചെറു കുറിപ്പുമായി വന്നു.

സിസിടിവി പരിശോധിച്ചു പൊലീസ് തിരിച്ചറിഞ്ഞ പ്രതികളുടെ പേരുകളാണ് അതിൽ എന്നു പറഞ്ഞ് അവ കൂടി റിപ്പോർട്ടിൽ നിർബന്ധിച്ച് എഴുതിച്ചു.

എഴുതി പൂർത്തിയാക്കും മുൻപ് ഐസിയുവിലെ തെളിവെടുപ്പിനായി ചെല്ലണമെന്നു പറ‍ഞ്ഞു വീണ്ടും വിളിയെത്തി. തിരികെ വരുമ്പോഴേക്കും ഞാൻ എഴുതി പൂർത്തിയാക്കാതിരുന്ന ആ കത്തു സുമതി മാഡം തന്നെ പ്രിൻസിപ്പലിനെ ഏൽപ്പിച്ചിരുന്നു. പിറ്റേന്നു തന്നെ അതിൽ ഒപ്പിടണം എന്ന സ്നേഹത്തോടെയുള്ള ഫോൺവിളി പിന്നാലെ വന്നു.

എന്റെ തെളിവ് സത്യം

മകളുടെ കല്യാണത്തിന്റെ തിരക്കുകളിൽ പലതും വിട്ടുപോകാൻ ഇടയുള്ളതു കൊണ്ട് എല്ലാ രേഖകളും ഫോണിൽ ഫോട്ടോ എടുത്തു വയ്ക്കുന്ന പതിവുണ്ട് എനിക്ക്. അന്നു വൈകിട്ട് വെറുതേ എടുത്തു നോക്കിയപ്പോഴാണു മനസ്സിലായതു കത്ത് ഞാൻ എഴുതി പൂർത്തിയാക്കിയിട്ടു പോലുമില്ല. പിന്നെ, എന്തിന് അതു പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചു എന്ന സംശയത്തിന് ഉത്തരം കിട്ടിയതുമില്ല.

അന്നു നഴ്സിങ് സൂപ്രണ്ടും ചീഫ് നഴ്സിങ് ഓഫിസറും കൂടി വന്ന് പ്രിൻസിപ്പലിന്റെ ഓഫിസിലേക്കു നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി.

വഴിക്കു വച്ചു ‘പാവം ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനു കാരണക്കാരായ നിങ്ങളെയാണു പുറത്താക്കേണ്ടത്’ എന്നു പറഞ്ഞ് യൂണിയൻ ഭാരവാഹികൾ തട്ടിക്കയറി. വിവരമറിഞ്ഞു പലരും മുന്നറിയിപ്പു തന്നു, ‘സൂക്ഷിക്കണം.’ ഏപ്രിൽ 30നു മകളുടെ വിവാഹം ഭംഗിയായി നടന്നു.

നീതി തേടി പോരാട്ടം

കേസിൽ അന്വേഷണം നടത്തിയ അ‍ഞ്ചു സംഘങ്ങളോടും എനിക്കു പറയാനുണ്ടായിരുന്നത് ഒരേ കാര്യമാണ്. പക്ഷേ, നഴ്സിങ് സൂപ്രണ്ടിന്റെയും ചീഫ് നഴ്സിങ് ഓഫിസറുടെയും മൊഴികൾ പലപ്പോഴും താളം തെറ്റി. ഞാനാണു പ്രതികളുടെ പേരുകൾ പരാതിയിൽ നൽകിയത് എന്നവർ വാദിച്ചപ്പോൾ ഫോണിലെ ഫോട്ടോകൾ കാണിച്ചു കൊടുത്തു.

അതിനു പിന്നാലെ തിരുവനന്തപുരത്തെ മെഡിക്കൽ എജ്യുക്കേഷൻ ‍ഡയറക്ടറേറ്റിലേക്കു വിളിപ്പിച്ചു. കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു ചോദ്യം. തിരുവനന്തപുരത്തേക്കല്ല ഇനി ഡൽഹിയിലേക്കു വിളിപ്പിച്ചു ചോദിച്ചാലും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കും എന്നു തന്നെ മറുപടി നൽകി.

നവംബർ 30ന് അച്ചടക്ക നടപടികളുടെ ഭാഗമായി ഇടുക്കിയിലേക്കു സ്ഥലംമാറ്റ ഓർഡർ കിട്ടി. പിറ്റേന്നു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു, ഉച്ചയോടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. പിറ്റേന്ന് ഇതുമായി മെഡിക്കൽ കോളജിലെത്തിയപ്പോൾ ഉത്തരവിന്റെ പ്രിന്റ് ഔട്ട് ഇല്ലാതെ ജോലിയിൽ പ്രവേശിപ്പിക്കില്ല എന്നു പറഞ്ഞു പുറത്തിരുത്തി.

വൈകിട്ട് ഉത്തരവു കിട്ടിയെങ്കിലും ഡിഎംഇയിൽ നിന്ന് ഓർഡർ വരാതെ നടപടിയെടുക്കാനാകില്ല എന്നായി. അതു വൈകുമെന്നും നാളെ വന്നാൽ മതിയെന്നുമായി അ വസാനവാദം. വൈകിട്ട് ആറു കഴിഞ്ഞാണു റജിസ്റ്ററിൽ ഒപ്പിട്ടത്.

വാർഡ് 20ലെ നഴ്സിങ് സ്റ്റേഷനോടു ചേർന്ന റൂമിൽ അതിജീവിതയെ കിടത്തിയില്ല എന്നതടക്കമായിരുന്നു എ നിക്കെതിരേയുള്ള കുറ്റാരോപണങ്ങൾ. അങ്ങനെയൊരു റൂം പോലുമില്ല. എന്റെ ഭാഗം കേൾക്കാതെ ട്രൈബ്യൂണൽ നടപടിയെടുത്തു എന്നു കാണിച്ചു നൽകിയ അപേക്ഷയിൽ സെക്രട്ടേറിയറ്റിലെ ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി നേരിട്ടു വിളിച്ചു വിവരങ്ങൾ ആരാഞ്ഞു. അവിടെയും എന്റെ സത്യങ്ങൾ ബോധ്യപ്പെടുത്തി.

നീതി കിട്ടും വരെ സമരം

2024 ജനുവരി 18. ഉച്ചയ്ക്ക് രണ്ടരയ്ക്കു ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ബസിലിരിക്കുമ്പോൾ ഓഫിസിൽ നിന്നു ഫോൺ, ഇടുക്കിയിലേക്കു റിലീവ് ചെയ്യാനുള്ള ഉത്തരവ് വന്നിട്ടുണ്ട്. പകരമുള്ള ആൾ ഇവിടെ ജോയിൻ ചെയ്തു. വീണ്ടും ട്രൈബ്യൂണലിനു മുന്നിലേക്ക്. എനിക്കു പകരം ആളു വന്നതുകൊണ്ടു കേസ് തള്ളിപ്പോയി. കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ‘എന്താണ് അനിത ചെയ്ത തെറ്റ്?’ എന്നാണ് ആദ്യം ചോദിച്ചത്. ഒരു വീഴ്ചയുമില്ല എ ന്നായിരുന്നു സർക്കാർ വക്കീലിന്റെ മറുപടി.

2024 മാർച്ച് ഒന്നിനു ജഡ്ജി വിധിച്ചു, ‘ഏറ്റവുമടുത്ത ഒഴിവിൽ കോഴിക്കോടു തന്നെ നിയമനം നൽകണം. ഏപ്രിൽ ഒന്നിന് അനിത ജോലിയിൽ ജോയിൻ ചെയ്തിരിക്കണം, തെറ്റു ചെയ്യാത്ത അനിതയുടെ സർവീസ് ബുക്കിൽ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ല.’

ഉത്തരവു പ്രകാരം ഏപ്രിൽ ഒന്നിന് ജോലിയിൽ ജോയിൻ ചെയ്യാനെത്തിയ എനിക്ക് സമരം ചെയ്യേണ്ടി വന്നു. അതിജീവിതയും പിന്തുണയുമായി സമര പന്തലിലെത്തി. ആറു ദിവസത്തെ സമരത്തിനു ശേഷം സർക്കാർ അയഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവു കിട്ടി.

എന്നേക്കാൾ അർഹതയുള്ള 28 പേരെ പിന്നിലാക്കിയാണു നിയമനം നൽകിയത് എന്നുകാണിച്ച് സർക്കാർ നൽകിയ റിവ്യൂ പെറ്റിഷൻ വേനലവധിക്കു ശേഷം കോടതി പരിഗണിക്കും. ഈ പോരാട്ടത്തിനിടെ മകളുടെ വിവാഹവും അച്ഛന്റെ ഹൃദ്രോഗ ചികിത്സയും അമ്മയുടെ കാൻസർ ഓപ്പറേഷനും മകന്റെ പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞു. മെഡിക്കൽ കോളജ് ഐസിയുവിൽ നടന്ന പീഡനത്തിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ എന്നെ കുറ്റക്കാരിയാക്കിയത് എന്തിനെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ, എന്റെ സത്യം തെളിയിക്കാൻ ‍പോരാട്ടം തുടരുക തന്നെ ചെയ്യും.’’

രൂപാ ദയാബ്ജി

ഫോട്ടോ: അരുൺ പയ്യടിമീത്തൽ