Friday 29 May 2020 02:33 PM IST

‘വീട്ടിലിരുന്ന് തന്നെ സെലിബ്രിറ്റി ലൈഫിലേക്ക് മാറുന്ന ഫീൽ’; ഓൺലൈൻ ബുട്ടീക്കിലൂടെ കൈനിറയെ വരുമാനം നേടി അനൂഷ!

Lakshmi Premkumar

Sub Editor

anooshaa

ജോലിക്ക് അപേക്ഷിക്കാം എന്ന് കരുതിയാൽ ദാ, ചുണ്ടിനും കപ്പിനുമിടയിൽ എയ്ജ് ഓവർ ആയി. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാമെന്ന് വച്ചാൽ അതിനൊക്കെ വലിയ മുടക്കു മുതൽ വേണ്ടേ?... അല്ലെങ്കിലും അതൊക്കെ വല്യ റിസ്കാ... ഒരു സേഫ് സോൺ നോക്കാതെ അങ്ങനെ ചാടിയിറങ്ങാൻ പറ്റുമോ? ഇങ്ങനെയിങ്ങനെ ചിന്തിച്ച് കാടു കയറുന്നതിനു മുൻപേ ഇവരെ പരിചയപ്പെട്ടോളൂ. സോഷ്യൽ മീഡിയയിലൂടെ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് ഇവർ. ഒപ്പം  ആവശ്യത്തിന് പണവും ഉണ്ടാക്കുന്നുണ്ട്.

മകൾ എന്റെ സെലിബ്രിറ്റി സ്റ്റാർ: അനൂഷ സുനോജ്, കോട്ടയം

‘ചേച്ചിയുടെ ഡ്രസ്സിങ് നല്ല ഭംഗിയാണ് ഞാൻ ഫോളോ ചെയ്യുന്നുണ്ട്’ ഒരു കല്യാണ വീട്ടിൽ വച്ച് എന്നെ ആദ്യമായി ഒരു പെൺകുട്ടി തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞതാണ്. ഇൻസ്റ്റാഗ്രാം തുടങ്ങിയ സമയമാണ്. ഞാനൊന്ന് ഞെട്ടി. ആളുകൾ എത്ര വേഗമാണ് തിരിച്ചറിയുന്നത്. അന്നാണ് സോഷ്യൽ മീഡിയയുടെ പവർ മനസ്സിലായതും അതിനെ കൂടെ കട്ടക്ക് കൂട്ടാൻ തീരുമാനിച്ചതും. ബെംഗളൂരുവിൽ എംബിഎ പഠിക്കുന്നതിനിടയിലായിരുന്നു വിവാഹം. വിവാഹത്തിന് ഞാനിട്ട ഗൗൺ എന്റെ സ്വന്തം ഡിസൈനാണ്. അതൊരു പരീക്ഷണമായിരുന്നെങ്കിലും മിക്കവർക്കും അത് ഏറെയിഷ്ടമായി. വിവാഹം കഴിഞ്ഞ് ആലുവയിൽ നിന്ന് സുനോജിന്റെ കോട്ടയത്തുള്ള വീട്ടിലേക്കെത്തിയപ്പോൾ കുടുംബം മുഴുവൻ ഫാഷന് ഫുൾ സപ്പോർട്ട്.

കല്യാണങ്ങൾക്കൊക്കെ പോകുമ്പോൾ സിംപിൾ സാരിയായിരിക്കും ഉടുക്കുക. പക്ഷേ, ബ്ലൗസിൽ എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ടു വരും. പലരും അതിനെ കുറിച്ച് ചോദിക്കുകയും അവർക്ക് ചെയ്ത് കൊടുക്കാമോ എന്ന് അന്വേഷിക്കാനും തുടങ്ങി. എങ്കിൽ പിന്നെ, ഇതൊരു ബിസിനസാക്കി മാറ്റിക്കൂടെയെന്ന് സുനോജും ചോദിച്ചു. അങ്ങനെയാണ്  2012ൽ ഓൺലൈൻ ബുട്ടീക്കായ സ്‌റ്റൈൽ ദിവ ലേബൽ ആ രംഭിക്കുന്നത്.  

മിയയ്ക്കു കിട്ടിയ ലൈക്സ്

മകൾ മിയ ഉണ്ടായ ശേഷം അവളുടെ വിഡിയോയും ഫോട്ടോസുമൊക്കെ ഇഷ്ടം പോലെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമായിരുന്നു. മകളുടെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും  ഉള്ള എക്സൈറ്റ്മെന്റ് കൊണ്ടാണ്. അതിനു ഫോളോവേഴ്സും വന്നു തുടങ്ങി. പേജ് ഹിറ്റ് ലിസ്റ്റിലേക്ക് മാറി.

ഫോളോവേഴ്സിന്റെ എണ്ണം കൂടിയപ്പോൾ കോസ്റ്റ്യൂംസും പ്രമോട്ട് ചെയ്യാൻ തുടങ്ങി. ഒാൺലൈൻ ബ്രാൻഡുകൾ സ്റ്റൈൽ ചെയ്തു കൊടുക്കാൻ തുടങ്ങിയതോടെ നിരവധി അന്വേഷണങ്ങൾ. വീട്ടിലിരുന്ന് തന്നെ സെലിബ്രിറ്റി ലൈഫിലേക്ക് മാറുന്ന ഫീൽ.

ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്, നൂറ. ഇടയ്ക്ക് അവളുടെ കുറുമ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. മിയയ്ക്കും നൂറയ്ക്കും ഇപ്പോൾ എന്നെക്കാൾ ഫോളോവേഴ്സാണ്.

Tags:
  • Spotlight
  • Inspirational Story