Tuesday 04 August 2020 12:45 PM IST : By സ്വന്തം ലേഖകൻ

പരിഹാസങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ടു; ശാരീരിക പരിമിതിയുടെ പേരിൽ സ്വപ്നങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഇടുന്നവർ ആരതിയെ അറിയണം!

arathi-ias445

ശാരീരിക പരിമിതികളുടെ പേരിൽ സ്വപ്നങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഇടുന്നവർ ആരതിയെ അറിയണം. പുതു തലമുറയിലെ പെൺകുട്ടികൾക്ക്  പ്രചോദനമാകുകയാണ് മൂന്നടി ആറിഞ്ചു മാത്രം പൊക്കമുള്ള ആരതി ഡോഗ്ര ഐഎഎസ്. സിവിൽ സർവീസ് 2006 ബാച്ചുകാരിയാണ് ആരതി. രാജസ്ഥാനിൽ അജ്‌മേർ ജില്ലാ കലക്ടറായി ജോലി ചെയ്യുകയാണ് ആരതിയിപ്പോൾ. 

ഡെറാഡൂണിൽ ജനിച്ച ആരതിയ്ക്ക് ജീവിതത്തിൽ ഉടനീളം വളർച്ച കുറവിന്റെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഈ പരിഹാസങ്ങളൊക്കെ പുഞ്ചിരിയോടെയാണ് ആരതി നേരിട്ടത്. വിജയ് കോളനിയില്‍ കേണല്‍ രജേന്ദ്ര ഡോഗ്രയുടെയും അധ്യാപികയായ കുംകുവിന്റെയും മകളായി 1979 ജൂലൈ 18 നാണ് ആരതി ജനിച്ചത്. 

വളര്‍ച്ച കുറവുള്ള മകളെ സാധാരണ കുട്ടിയെ പോലെ വളർത്താനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്‌. അതുകൊണ്ടുതന്നെ അവർ  മറ്റൊരു കുഞ്ഞിനെ പോലും വേണ്ടെന്നുവച്ചു. ഡോക്ടർമാർ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരതിയുടെ മാതാപിതാക്കൾ ഒരു കുഞ്ഞു മതി എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. 

aarthi885443

മകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ അവർ നൽകി. പഠനത്തില്‍ മിടുക്കിയായിരുന്ന ആരതി ഇക്കേണോമിക്സില്‍ ബിരുദം എടുത്തത് ഡല്‍ഹിയിലാണ്. തുടർന്ന് ഇക്കേണോമിക്സില്‍ തന്നെ പിജിയ്ക്കായി ഡെറാഡൂണിലെത്തി. അവിടെവച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മനീഷാ പവാറിനെ കണ്ടുമുട്ടിയതോടെ സിവിൽ സർവീസ് മനസ്സിൽ കയറിക്കൂടി. 2005 ല്‍ ആദ്യ പരിശ്രമത്തില്‍ തന്നെ 56 മത്തെ റാങ്ക് നേടി ആരതി ഐഎഎസ് സ്വന്തമാക്കി. 

രാജസ്ഥാന്‍ കേഡറാണ് തിരഞ്ഞെടുത്തത്. ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം ഉദയ്പൂരില്‍ എഡിഎമ്മായി ആദ്യ നിയമനം. ശേഷം ബൂന്ദി ജില്ലാ കലക്ടര്‍, മുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചു. 2019 മുതല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരുന്നു. മുഖം നോക്കാതെ നടപടിയെടുക്കുന്ന കർക്കശക്കാരി ഉദ്യോഗസ്ഥയായ ആരതിയ്ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Tags:
  • Spotlight
  • Social Media Viral