Wednesday 10 October 2018 05:24 PM IST

‘മലയാളിപ്പെണ്ണിനും സൈസ് സീറോയാകാം’; ലോക സൗന്ദര്യവേദിയിൽ അർച്ചന രവി കിരീടമണിഞ്ഞതിങ്ങനെ

Binsha Muhammed

archana-cover

‘മൈ ഹാപ്പിനസ് ഈസ് മൈ ബ്യൂട്ടി...ഹാപ്പിയായിട്ടിരിക്കാൻ റെഡിയാണോ എങ്കിൽ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും.’ അത് പറയുമ്പോൾ അർച്ചനയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ  നറുപുഞ്ചിരി വിടരും.

സൗന്ദര്യവേദികളുടെ കുത്തക ൈകയ്യടക്കിവച്ചിരുന്ന ഉത്തരേന്ത്യൻ സുന്ദരിമാരുടെ ഇടയിലേക്ക് ഈ മലയാളിപ്പെണ്ണെത്തുമ്പോൾ അസൂയക്കണ്ണെറിഞ്ഞ ചിലരെങ്കിലും ഉണ്ടായിരുന്നു. ‘ഇതാരപ്പാ, ലോകസൗന്ദര്യ വേദികളിൽ മാറ്റുരയ്ക്കാൻ തക്കവണ്ണമുള്ള സൈസ് സീറോ സുന്ദരിമാർ ഇങ്ങ് കേരളത്തിലുമുണ്ടോ?’ എന്ന മട്ടിലായിരുന്നു പലരുടേയും ഭാവം.

archana-4

മുൻവിധികൾ ഈ ചങ്ങനാശേരിക്ക് മുന്നിൽ മാറ്റിയെഴുതപ്പെടാൻ അധികനേരം വേണ്ടി വന്നില്ല. അഴകളവുകളുടെ അവസാന വാക്കുകളായ യൂറോപ്യൻ സുന്ദരിമാരും മിഡിൽ ഈസ്റ്റിലെ സൗന്ദര്യ ധാമങ്ങളും അണിനിരന്ന മിസ് സൂപ്പർ ഗ്ലോബ് സൗന്ദര്യ വേദിയിൽ അർച്ചന മിസ് റണ്ണർ അപ്പ് കിരീടമണിഞ്ഞു. ലോക സൗന്ദര്യമത്സര വേദിയിൽ പാർവ്വതി ഓമനക്കുട്ടന് ശേഷം കീരിടം ചൂടുന്ന മലയാളി പെൺകൊടിയായി.

archana-10

‘ഈ ലോകം നമ്മുടേത് കൂടിയാണെന്ന് ചിന്തിച്ചാൽ, നമ്മെ കൈപിടിച്ചുയർത്താൻ നമുക്കേ കഴിയൂ എന്ന ബോധ്യമുണ്ടായാൽ നേട്ടങ്ങൾ നമ്മുടെ പിന്നാലെ വരും. ആഗ്രഹിച്ചതെല്ലാം സൗന്ദര്യമത്സര വേദി എനിക്കു തന്നു. അതിലെ തിളക്കമുള്ള ഏടാണ് മിസ് സൂപ്പർ ഗ്ലോബിലെ ഈ വിജയ കീരിടം. മറ്റൊരു തരത്തിൽ എന്റെ സ്വപ്നങ്ങളുടെ നാന്ദികുറിക്കൽ കൂടിയാണീ നേട്ടം.’–സൂപ്പർഗ്ലോബ് കിരീടത്തിലെ തിളക്കം അർച്ചനയുടെ മുഖത്തും.

ആശിച്ചതെല്ലാം തന്ന സൗന്ദര്യ വേദികൾ, ലോകസുന്ദരിമാരെ കവച്ചു വച്ച സൗന്ദര്യരഹസ്യം, സിനിമാ സ്വപ്നങ്ങൾ.... വിജയകിരീടത്തിലെ ചുവന്ന മുത്തുകൾ പോലെ തിളക്കമുള്ള അധ്യായങ്ങൾ. അർച്ചന മനസു തുറക്കുകയാണ് വനിതാ ഓൺലൈനുമായി.

archana-1

നമ്മളും സൈസ് സീറോയാണ് ഭായ്

‘കരിമീനും നെയ്‍മീനുമെല്ലാം കൂട്ടി ഇഷ്ടം പോലെ ചോറുണ്ട് പൊറോട്ടയേയും ബീഫിനേയും അത്രയേറെ പ്രണയിച്ച് കാലം കഴിക്കുന്നവരാണ് മലയാളികളെന്നൊരു ധാരണയുണ്ട്, മലയാളി സുന്ദരിമാരെക്കുറിച്ച്. നമ്മുടെ നായികമാരെയൊക്കെ കണ്ടിട്ടായിരിക്കണം ആ തെറ്റിദ്ധാരണ. ഒന്ന് മനസ് വച്ചാൽ സൈസ് സീറോയാകാൻ നമ്മളെ കൊണ്ടു പറ്റും ഭായ്’.–അർച്ചന പറഞ്ഞു തുടങ്ങുകയാണ്.

മിസ് സൗത്ത് ഇന്ത്യൻ റണ്ണർ അപ്പ്, മിസ് മില്ലേനിയൽ റണ്ണർ അപ്പ്, മിസ് ക്യൂൻ കേരള, മിസ് ബോഡി പെർഫെക്ട് ഇന്ത്യ അങ്ങനെ സൗന്ദര്യരംഗത്തെ അത്യാവശ്യം മേൽവിലാസമെല്ലാം നേടിയെടുത്ത് കൊണ്ടാണ് കോഴിക്കോട് നടന്ന സൂപ്പർ ഗ്ലോബ് ഇന്ത്യ മത്സര വേദിയിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യയിലങ്ങോളം ഇങ്ങോളം നടന്ന സൗന്ദര്യമത്സരവേദിയിലെല്ലാം തിളങ്ങിയ ‘വൻപുലികളോടാണ്’ ഏറ്റുമുട്ടേണ്ടത്.

ഞാൻ പറഞ്ഞല്ലോ, നമ്മളെ കൈപിടിച്ചുയർത്താൻ നമ്മൾ മാത്രമല്ലേ ഉള്ളൂ ചേട്ടാ...അതിന് മറ്റൊരാളുടെ ചന്തം കണ്ട് അമ്പരന്നിട്ടെന്തു കാര്യം. വിശ്വാസം അതല്ലേ എല്ലാം, ആരെയും കൂസാക്കാതെ മത്സരിച്ചു. പുള്ളിക്കാരൻ എന്നെ കൈവിട്ടില്ല, മിസ് സൂപ്പർ ഗ്ലോബ് മത്സരവേദിയിൽ ജയിച്ചു തുടങ്ങി. തുടക്കം ഗംഭീരം.’

archana3

ദുബായിയിൽ എന്റെ സ്വപ്നം

‘മിസ് സൂപ്പർ ഗ്ലോബ് ദുബായ്.’ കേൾക്കുമ്പോൾ തന്നെ ഒരു ഗുമ്മൊക്കെ ഇല്ലേ. അവിടുന്ന് കിട്ടുന്ന കിരീടത്തിനും അതേ ഗ്ലാമറാണ്. ഒന്നോർത്താൽ എന്റെ ഭൂതകാലത്തേയും ഭാവിയേയുമെല്ലാം കണക്റ്റ് ചെയ്യുന്ന ചൂണ്ടുപലക. നീലക്കണ്ണുള്ള യൂറോപ്യൻ സൗന്ദര്യധാമങ്ങളേയും ആഫ്രിക്കൻ സുന്ദരിമാരുടെ നിശ്ചയദാർഢ്യത്തേയുമാണ് ആ വേദിയിൽ ഞാൻ എതിരിടേണ്ടത്. ഇതു വരെ കഴിഞ്ഞതെല്ലാം നമ്മുടെ പപ്പുച്ചേട്ടൻ പറഞ്ഞ മാതിരി ചെർത്. ചിട്ടയായ പരിശീലനം വേണം. റാമ്പ് വോക്കിൽ മികവു പുലർത്തണം, ഡ്രസിംഗിൽ തിളങ്ങണം, ബുദ്ധിശക്തിയും വിവേകവും തേച്ചു മിനുക്കണം. അതിന് ചില്ലറ ചെലവൊന്നുമല്ല കേട്ടോ...

ദൈവാനുഗ്രമെന്ന് പറയാമല്ലോ കോൺഫിഡന്റ് ഗ്രൂപ്പിലെ റോയി സാർ എന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. പിന്നെ നേരെ പറന്നു മുംബൈയിലേക്ക്. അവിടെ എന്നെ കാത്തിരുന്നത് ഏതൊരു സുന്ദരിയും കൊതിക്കുന്ന അവസരം. ലോകസുന്ദരി മാനുഷി ഛില്ലറിനെ അടക്കം പരിശീലിപ്പിച്ച അലീസിയ റൗട്ടിനു മുന്നിലേക്കായിരുന്നു ‘പാവം ഞാൻ’ ചെന്നു പെടുന്നത്. പക്ഷേ സംഭവം വർക്ക് ഔട്ട് ആയി. അലീസിയ മാം ശരിക്കും എന്നെ മാറ്റിയെടുത്തു. റാമ്പ് വോക്ക് ഉൾപ്പെടെയുള്ള സംഗതികളിൽ ശ്രദ്ധിക്കേണ്ട സംഗതികള്‍ പച്ച വെള്ളം പോലെ ക്ലിയർ. സജ്ന സാരാ, ആത്രേയ് എന്നിവിടങ്ങവളിലെ ഡിസൈനർമാർ കൂടി ആയപ്പോൾ സംഗതി ഉഷാർ. അർച്ചന രവി ഈസ് റീ ലോഡഡ്.

archana-8

ഹെവി ഫുഡിനോട് ഗുഡ്ബൈ

എത്രയൊക്കെ ഭംഗിയുണ്ടെന്നു പറഞ്ഞാലും നമ്മുടെയൊക്കെ നമ്മുടെ ശരീരത്തിലേക്കും അതിന്റെ അഴകളവുകളിലേക്കുമാണ് പലരും കണ്ണെറിയുന്നത്. അറുപത്തിയൊമ്പതു കിലോ ഭാരവും വച്ച് സൂപ്പർ ഗ്ലോബ് വേദിയുടെ പടി പോലും കടക്കാൻ  ആകില്ലെന്നുറപ്പായിരുന്നു. അവിടെ തുടങ്ങുന്നു എന്റെ ഓപ്പറേഷൻ സൈസ് സീറോ. 80 ശതമാനം ഭക്ഷണ നിയന്ത്രണം. 20 ശതമാനം വ്യായാമം ഇതായിരുന്നു എന്റെ ബ്യൂട്ടി മന്ത്ര. ഇറച്ചിയോടും മധുര പലഹാരങ്ങളോടും സ്നാക്സുകളോടും ആദ്യമേ പറഞ്ഞു ഗുഡ്ബൈ. ചോറ്, ചപ്പാത്തി, എണ്ണ ചേർത്തുള്ള കറികൾ എന്നിവയെ ഗെറ്റ് ഔട്ട് അടിച്ചു. ഭക്ഷണത്തിൽ സാലഡുകളും പഴങ്ങളും മാത്രം ഉൾപ്പെടുത്തി. ജിമ്മിലെ ചിട്ടയായ പരിശീലനം വേറെയും. ശരീരത്തെ വരുതിയിൽ നിർത്താൻ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. ഒടുവിൽ ഇക്കണ്ട അധ്വാനങ്ങൾക്കെല്ലാം ഫലമുണ്ടായി 57 കിലോയാക്കി കുറച്ചു കൊണ്ട് സ്വപ്നവേദിയിലേക്ക് എന്റെ പ്രയാണം.  

archana-7

കാത്തിരുന്ന വിജയകിരീടം

നമ്മളെ വിമർശിക്കാൻ നൂറല്ല, ആയിരം പേരുണ്ടാകും. നമ്മളാണ് ബെസ്റ്റ് എന്ന ബോധ്യമുണ്ടെങ്കിൽ, നമ്മെ ജയിക്കാൻ മറ്റാരുമുണ്ടാകില്ല. മിസ് സൂപ്പർ ഗ്ലോബ് മത്സരവേദിയുടെ പ്രാഥമിക റൗണ്ടിൽ ഈ ലോകത്തോട് എനിക്ക് പറയാനുണ്ടായിരുന്ന വാക്കുകളായിരുന്നു. തുടക്കം മോശമാക്കിയില്ലെന്ന് വേണം പറയാൻ. ചോദ്യങ്ങൾക്കു മുന്നിൽ ഒരു ഘട്ടത്തിൽ പോലും പതറിയില്ല. മുഖത്തെ പ്രസന്നതയും സന്തോഷവും കീപ്പ് ചെയ്യുന്നതായിരുന്നു വേദിയെ അഭിമുഖീകരിക്കുമ്പോഴുള്ള ആറ്റിറ്റ്യൂഡ്. റാംപ് വോക്കിലെ വിവിധ റൗണ്ടുകളിൽ മറ്റുള്ളവരുടെ പ്രകടനം എന്നെ അസ്വസ്ഥമാക്കിയതേയില്ല. എന്റെ പ്രകടനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ഒടുവിൽ ആ മൊമന്റ് വന്നെത്തി. മിസ് സൂപ്പർ ഗ്ലോബ് 2018 റണ്ണർ അപ് ഗോസ് ടു....പിന്നെ നടന്നതിനെയെല്ലാം ഒരു സ്വപ്നമെന്ന് വിളിക്കാനാണിഷ്ടം.

archana-5

ടൊവിനോ എന്റെ സ്വപ്നനായകൻ

ഒരു ഫാന്റസി വേൾഡിലാണ് ഞാനിപ്പോൾ. വിജയകീരീടം നേടിയതിന്റെ ഹാങ് ഓവർ ഇനിയും തീർന്നിട്ടില്ല. ഇനിയെന്റെ സ്വപ്നം സിനിമയാണ്. പണ്ടുമുതലേ മനസിൽ ഉറപ്പിച്ച സ്വപ്നം. ടൊവിനോയാണ് എന്റെ ഡ്രീം ഹീറോ. ശരിക്കും കട്ടഫാൻ. കക്ഷിയുടെ നായികയായി തന്നെ തുടങ്ങിയാൽ ഡബിൾഹാപ്പി. പിന്നെ എന്റെ അവസരം അതിനായി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. തലവരയുടേയും ഭാഗ്യപരീക്ഷണങ്ങളുടേയും വേദി കൂടിയാണ് സിനിമ. എല്ലാം ഒത്തു വന്നാൽ വെരിസൂൺ, ഞാനും സിനിമയിലെത്തും. പിന്നെല്ലാം വിധി പോലെ...

archana-11

അഭിമുഖം അവസാനിപ്പിക്കുമ്പോൾ അർച്ചനയ്ക്ക് പറയാനുള്ളത് ഒന്നു മാത്രം. നഷ്ടപ്പെട്ടതിന്റെ പേരിൽ എന്തിന് ദുഖിച്ചിരിക്കണം. ഒന്നും നമ്മൾ കൊണ്ടു വന്നതല്ലല്ലോ? ‘ബീ ഹാപ്പി ഓൾവേയ്സ്....’

archana-6