Monday 15 April 2024 04:54 PM IST

‘ജയിലിലെ സന്ദർശക മുറിയിൽ അച്ഛനെ കണ്ടു മോൾ പൊട്ടിക്കരഞ്ഞു’: ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രാഗേഷിന്റെ പോരാട്ടകഥ

Roopa Thayabji

Sub Editor

qatar-ragesh രാഗേഷും ചിത്രയും കുഞ്ഞു നീഹാരയും (ഫയൽ ചിത്രം)

നീഹാരം എന്ന ഈ വീട്, പേരു പോലെ തന്നെ ഇപ്പോൾ സന്തോഷത്തിന്റെ മഞ്ഞുകൂട്ടിലാണ്. പതിനെട്ടു മാസം മൂടൽമഞ്ഞു പോലെ തങ്ങിനിന്ന സങ്കടമെല്ലാം ഒരൊറ്റ ഫോൺ വിളിയിൽ അലിഞ്ഞു പോയിരിക്കുന്നു. ചാരക്കേസ് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച മലയാളിയായ മുൻ നാവികസേന ഓഫിസർ രാഗേഷ് ഗോപകുമാരൻ നായരുടെ തിരുവനന്തപുരം താന്നിവിളയിലെ വീടാണിത്.

2024 ഫെബ്രുവരി 11. വിവാഹവാർഷിക ദിനത്തിൽ തന്നെ കുറ്റവിമുക്തനായി വീട്ടിലെത്തിയ സന്തോഷത്തിലാണു രാഗേഷിനെയും ഭാര്യ ചിത്രയെയും മകൾ നീഹാരയെയും കണ്ടത്. രാഗേഷിന്റെ കയ്യിൽ മുറുകെ പിടിച്ചു ചിത്ര പറഞ്ഞു തുടങ്ങിയതിങ്ങനെ, ‘ഒരു പേടിസ്വപ്നം കണ്ട് ഉ ണർന്നതു പോലെയാണു തോന്നുന്നത്. വാർത്ത ആദ്യം കേട്ടപ്പോൾ മനസ്സു പറഞ്ഞു, ഞാൻ തളർന്നാൽ അദ്ദേഹവും വീണുപോകും. ഏതു നാട്ടിൽ നിന്നായാലും രാഗേഷേട്ടനെ ജീവനോടെ തിരികെ കൊണ്ടുവരും. ആ ധൈര്യത്തിലാണ് ഈ നിമിഷം വരെ പിടിച്ചുനിന്നത്.’ പതിനെട്ടു മാസങ്ങളിലെ വേദനയുടെയും അതിജീവനത്തിന്റെയും കഥ ചിത്ര ആദ്യമായി ഒരു മാധ്യമത്തോടു തുറന്നു പറയുന്നു.

കൈവിടാത്ത സ്നേഹത്തണൽ

രാഗേഷിന്റെ അച്ഛൻ ഗോപകുമാരൻ നായർക്കു ഗൾഫിൽ ബിസിനസായിരുന്നു. രാഗേഷും അനിയത്തി രാഗിയും ജനിച്ചതും എട്ടാം ക്ലാസ് വരെ പഠിച്ചതും യുഎഇയിലാണ്. അമ്മ രമാദേവിക്കൊപ്പം നാട്ടിലേക്കു വന്ന രാഗേഷ് ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നാണു പത്താം ക്ലാസ് പാസ്സായത്. അതിനു പിറകേ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നതാണു ജീവിതത്തിലെ ആദ്യത്തെ ടേണിങ് പോയിന്റ് എന്നു ചെറുചിരിയോടെ രാഗേഷ് പറയുന്നു.

‘‘അവിടെ ക്ലാസ്‌മേറ്റ് ആയിരുന്നു ചിത്ര. ആദ്യകാഴ്ചയി ൽ തന്നെ തോന്നിയ പ്രണയം. ഞാൻ പ്രീഡിഗ്രിക്കു ശേഷം പൈലറ്റ് ട്രെയ്നിങ് കോഴ്സിനു ചേർന്നു. പരിശീലനം ന ന്നായി പോയെങ്കിലും ആയിടയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിനു പ്രവർത്തനാനുമതി താൽകാലികമായി നഷ്ടപ്പെട്ടു. ആ ബ്രേക്കിലാണു നേവിയുടെ എൻട്രൻസ് എഴുതിയത്. ജോലി കിട്ടിയാൽ ധൈര്യമായി ചിത്രയുടെ വീട്ടിലേക്കു കല്യാണമാലോചിച്ചു ചെല്ലാമല്ലോ.

ചിത്രയുടെ അച്ഛൻ രാജശേഖരൻ നായർ സിആർപിഎഫിലായിരുന്നു, അനിയൻ രാഹുൽ ആർമിയിൽ മേജറും. ചിത്ര ബിഎഡിനു പഠിക്കുന്ന സമയത്താണു വിവാഹക്കാര്യം അവളുടെ വീട്ടിൽ അവതരിപ്പിച്ചത്. ആർമി ഫാമിലി ആയതുകൊണ്ട് അവിടെ എല്ലാവർക്കും സമ്മതമായിരുന്നു. ചിത്ര എംഎസ്‌സിക്കു പഠിക്കുന്ന സമയത്താണു കല്യാണം, 2007 ഫെബ്രുവരി 11ന്. തൊട്ടടുത്ത വർഷം മോൾ ജനിച്ചു. ആ സമയത്തു ‍ഞാൻ മുംബൈ നേവൽ ബേസിലാണു ജോലി ചെയ്യുന്നത്. ചിത്രയെയും മോളെയും പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ട് ആ ലീവു കഴിഞ്ഞു പോകുമ്പോൾ അവരെയും കൊണ്ടുപോയി.’’

ജീവിതത്തിലെ ആദ്യത്തെ ട്രെയിൻ യാത്രയായിരുന്നു അതെന്നു പറഞ്ഞു ചിത്ര സംസാരത്തിനിടയിൽ കയറി. ‘‘അച്ഛൻ പട്ടാളച്ചിട്ടയിൽ വളർത്തിയതുകൊണ്ടു സിനി മയ്ക്കോ പുറത്തു ഭക്ഷണം കഴിക്കാനോ ഒന്നും പോയിട്ടില്ല. തിയറ്ററിൽ പോയി ആദ്യമായി സിനിമ കാണുന്നതു തന്നെ വിവാഹത്തിനു ശേഷമാണ്. മുംബൈയിലേക്കു പോകുമ്പോൾ മോൾക്കു മൂന്നുമാസമേ പ്രായമുള്ളൂ. എങ്കിലും ആദ്യ ട്രെയിൻ യാത്ര ഞങ്ങൾ നന്നായി ആസ്വദിച്ചു. പക്ഷേ, അവിടെ ചെന്നപ്പോഴേക്കും ഒരു പ്രതിസന്ധി കാത്തിരിക്കുന്നുണ്ടായിരുന്നു.

മുംബൈ 26/ 11

ഒക്ടോബർ മാസമാണു ഞങ്ങൾ മുംബൈയിൽ എത്തിയത്. കുറച്ചു ദിവസം ഞങ്ങൾ ആ തിരക്കും രുചികളുമൊക്കെ ആഘോഷമാക്കി. അപ്പോഴേക്കും ചേട്ടന് അറിയിപ്പു കിട്ടി, അടുത്ത മാസം നേവി ടീമിനൊപ്പം മറ്റൊരിടത്തേക്കു ഡ്യൂട്ടിക്കു പോണം, കുറച്ചധികം ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരാനാകൂ. ഭാഷയറിയാത്ത നാട്ടിൽ എന്നെയും മോളെയും ഒറ്റയ്ക്കു നിർത്താൻ പറ്റാത്തതിനാൽ ഞങ്ങൾക്കു നാട്ടിലേക്കു ടിക്കറ്റു ബുക് ചെയ്തു.

പോരേണ്ടതിന്റെ തലേന്നു വീട്ടിലേക്കു ഫോൺ, ‘പുറത്തിറങ്ങരുത്, അപകടമാണ്.’ ടിവി ഓൺ ചെയ്തപ്പോൾ ഞെട്ടിപ്പോയി, മുംബൈയിൽ ഭീകരാക്രമണം നടക്കുന്നു. ഞങ്ങൾ താമസിക്കുന്ന നേവൽ ബേസിനു തൊട്ടടുത്താണു ഭീകരർ നാശം വിതച്ച താജ് ഹോട്ടൽ. മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷനിലെ സ്ഫോടനത്തെ തുടർന്നു ട്രെയിനുകളെല്ലാം നിർത്തി വച്ചിരിക്കുകയാണ്. ചേട്ടൻ ഡ്യൂട്ടിക്കായി പോയി പിന്നെയും ദിവസങ്ങൾ കഴിഞ്ഞാ ണു സ്ഥിതിഗതികളെല്ലാം ശാന്തമായി ഞങ്ങൾ നാട്ടിലേക്കു ട്രെയിൻ കയറിയത്.

രണ്ടു വർഷത്തെ മുംബൈ ജീവിതത്തിനു ശേഷം ഞ ങ്ങൾ കൊച്ചിയിലെത്തി. മോളെ ഒന്നാം ക്ലാസ്സിലാക്കേണ്ട സമയത്താണ് അടുത്ത ട്രാൻസ്ഫർ വന്നത്, വിശാഖപട്ടണത്തേക്ക്. എന്റെ കൂടെ പഠിച്ച മിക്കവരും അപ്പോൾ ജോലിക്കു കയറിയിരുന്നു. പിജി പഠനം പൂർത്തിയാക്കണമെന്നും ജോലി വാങ്ങണമെന്നുമുള്ള മോഹം കാരണം ഞങ്ങൾ തിരുവനന്തപുരത്തേക്കു മടങ്ങി. മോളെ ആർമി പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ്സിലും ഞാൻ പിഎസ്‌സി കോച്ചിങ്ങിനും ചേർന്നു. രണ്ടുവർഷം കൂടി കഴിഞ്ഞു സൈനിക സേവനം പൂർത്തിയാക്കി ചേട്ടൻ നാട്ടിലെത്തി. വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പിടുന്ന കരാർ ജോലികൾ ഏറ്റെടുത്തു നടത്തി തുടങ്ങി.’’

അപകടവും വിശ്രമവും

ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ അപകടത്തിന്റെ രൂപത്തിലാണു തിരിച്ചടി വന്നതെന്നു രാഗേഷ് പറയുന്നു. ‘‘2018ൽ സ്കൂട്ടറിൽ നിന്നു വീണ് ഇടതു കാൽമുട്ടിനു സർജറി വേണ്ടി വന്നു. ആ സമത്താണു നേവി ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടത്, ഖത്തറിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ജോലിക്ക് അവസരം. സ്വന്തമായി വീടു വയ്ക്കണമെന്ന മോഹം മനസ്സിൽ കയറിയ സമയമാണ്, പോയിട്ടു വരൂ എന്നു ചിത്രയും പറഞ്ഞു. മൂന്നു മാസത്തെ പ്രൊബേഷനു ശേഷം മികച്ച പാക്കേജ് ഓഫർ വന്നതോടെയാണു തുടരാൻ തീരുമാനിച്ചത്. പിന്നാലെ നാട്ടിൽ വീടുപണി തുടങ്ങി.

എല്ലാ വിവാഹവാർഷികത്തിനും ലീവെടുത്തു വരുമായിരുന്നു. നേവി കാലം തൊട്ടേ മുടക്കാത്ത ശീലമാണത്. 2020 ൽ വിവാഹവാർഷികം ആഘോഷിക്കാൻ വന്നു തിരികെ പോയതിനു പിന്നാലെയാണു ലോക്ഡൗൺ. ലോകം മുഴുവൻ നിശ്ചലമായി. 2022 ഏപ്രിലിൽ പുതിയ വീടിന്റെ പാലുകാച്ചലിനാണു പിന്നെ, നാട്ടിലേക്കു വന്നത്. അപ്പോഴേക്കും വെങ്ങാനൂർ ഗവ. യുപി സ്കൂളിൽ അധ്യാപികയായി ചിത്രയ്ക്കു ജോലി കിട്ടിയിരുന്നു. അതിന്റെയും പുതിയ വീടിന്റെയുമൊക്കെ സന്തോഷം മനസ്സിൽ നിറച്ചാണു ഖത്തറിലേക്കു തിരികെ പോയത്.’’

ജീവിതം ഏറ്റവും സന്തോഷത്തോടെ മുന്നോട്ടുപോയ ദിവസങ്ങൾക്കു മേൽ വിധി കരുതിവച്ച തിരിച്ചടികളോർത്തു രണ്ടുപേരും നിശബ്ദരായി, പിന്നെ സംസാരിച്ചതു ചിത്രയാണ്. ‘‘രണ്ടു നാട്ടിലാണെങ്കിലും എല്ലാ കാര്യവും ആ ദ്യം പറയുന്നത് എന്നോടാണ്. എപ്പോഴും വിഡിയോ കോൾ ചെയ്യും. രാവിലെ ആറേ മുക്കാലിനാണു മോളുടെ സ്കൂൾ ബസ് വരുക. അതിനു ശേഷം വീട്ടുജോലികൾ തീർക്കുന്നതിനിടെയാകും ആദ്യത്തെ വിഡിയോ കോൾ. അപ്പോൾ ചേട്ടൻ ജോലിക്കു പോകുകയാകും. ഒൻപതു കഴിയുമ്പോ ൾ ഞാൻ സ്കൂളിലേക്കു പോകും.

ചേട്ടൻ ജോലി കഴിഞ്ഞു ജിമ്മിലേക്കു പോകുന്ന വഴിക്കാകും അടുത്ത വിളി വരുക, അപ്പോൾ ഞങ്ങൾ അത്താഴമൊക്കെ കഴിച്ചിട്ടുണ്ടാകും. തിരികെ വരുമ്പോൾ വിളിക്കാം എന്നു പറഞ്ഞാണു കോൾ കട്ട് ചെയ്യാറെങ്കിലും ആ വിളി വരുമ്പോഴേക്കും ഞങ്ങൾ ഉറങ്ങും, ഖത്തറിലെ സമയവുമായി നമുക്കു രണ്ടര മണിക്കൂർ വ്യത്യാസമുണ്ടല്ലോ.

ആ ദിവസം മറക്കില്ല

2022 ഓഗസ്റ്റ് 29. ജിമ്മിലേക്കു പോകും വഴി ചേട്ടൻ വിളിച്ചു. ഞാനും മോളും സംസാരിച്ചിട്ടു കിടന്നുറങ്ങി. രാവിലെ നോക്കുമ്പോൾ മിസ്ഡ് കോൾ ഒന്നും ഇല്ല. മോളെ സ്കൂളിലേക്കു വിട്ടു കഴിഞ്ഞു ‍ഞാനൊരു മെസേജ് അയച്ചെങ്കിലും ഡെലിവേഡ് ആയില്ല. സ്കൂളിലെ ഇന്റർവെൽ സമയത്താണു വീണ്ടും ഫോൺ നോക്കിയത്. മെസേജ് അപ്പോഴും ഡെലിവേഡ് ആയിട്ടില്ല.

ഒറ്റയ്ക്കു ഫ്ലാറ്റിൽ താമസിക്കുന്ന ചേട്ടന് ഉറക്കത്തിലോ മറ്റോ വല്ല അസുഖവും വന്നോ എന്നാണ് ആദ്യം ചിന്തിച്ചത്. പരിചയക്കാരെയും സുഹൃത്തുക്കളെയുമൊക്കെ വെപ്രാളത്തോടെ വിളിച്ചു നോക്കിയെങ്കിലും ആരും ഫോൺ എടുക്കുന്നില്ല. ഓഫിസ് നമ്പരുകൾ പ്രിന്റ് എടുത്തതു വീട്ടിലുണ്ട്. ഹെഡ്മിസ്ട്രസ്സിനോട് അനുവാദം വാങ്ങി സ്കൂളിൽ നിന്നിറങ്ങി. സ്കൂട്ടറോടിക്കുമ്പോൾ ചുറ്റും ഭൂമി കറങ്ങുന്നുണ്ടായിരുന്നു. ഒന്നാമത്തെ നമ്പർ മുതൽ വിളിച്ചിട്ടും ആരും ഫോണെടുക്കുന്നില്ല. അവസാനം ഒരാളെ കിട്ടി. ‘രാഗേഷ് ഒരു ട്രെയ്നിങ്ങിനു പോയതാണ്. എംഡി കൂടെ ഉള്ളതു കൊണ്ടാണു ഫോണിൽ കിട്ടാത്തത്.’ അദ്ദേഹത്തിന് ആരോഗ്യപ്രശ്നമൊന്നും ഇല്ല എന്നതിൽ ആശ്വാസം തോന്നിയെങ്കിലും ഒരു മെസേജ് പോലും അയയ്ക്കാത്തതിൽ ആശങ്ക ഉണ്ടായിരുന്നു.

അന്നു വൈകിട്ടു ചേട്ടനൊപ്പം ജോലി ചെയ്യുന്ന മിഥുൻ എന്ന സുഹൃത്ത് വിളിച്ചു, ‘രാഗേഷ് അടക്കം എട്ടുപേരെ ഖത്തർ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. നാളെയോ മറ്റന്നാളോ വിടും, പേടിക്കേണ്ട.’ അനിയന്റെ നിർദേശ പ്രകാരം ഖത്തറിലെ ഇന്ത്യൻ എംബസിയിൽ കാര്യമന്വേഷിച്ചു. ‘കേസും അറസ്റ്റും സത്യമാണ്, പക്ഷേ, പേടിക്കാനൊന്നുമില്ല’ എന്നാണ് അവിടെ നിന്നു കിട്ടിയ മറുപടി.

അപ്പോഴും എന്തു കേസെന്നോ, നാളെ എന്തു സംഭവിക്കുമെന്നോ ഒരു അറിവുമില്ലായിരുന്നു. ജയിലിലാക്കപ്പെട്ട എട്ടുപേരുടെയും ഭാര്യമാർ പരസ്പരം വിളിച്ച് അന്വേഷിക്കും, എന്തെങ്കിലും വിവരമുണ്ടോ? കയ്യിലുള്ള എല്ലാ നമ്പരിലേക്കും എല്ലാ ദിവസവും ഞങ്ങൾ വിളിക്കും, അവർ ജീവനോടെ ഉണ്ടോ എന്നു പോലും ആർക്കും അറിയില്ല.

Qatar.indd

ജീവൻ നൽകിയ ഫോൺകോൾ

അറസ്റ്റു ചെയ്യപ്പെട്ടതിന്റെ 31ാം ദിവസം, എനിക്കൊരു കോൾ വന്നു, മറുതലയ്ക്കൽ നിന്നു ചേട്ടന്റെ ശബ്ദം കാതിൽ, ‘ഞാൻ സേഫായി ഇരിക്കുന്നു. നീയും മോളും വിഷമിക്കരുത്.’ ഒരു മിനിറ്റു നീണ്ട സംസാരം. അതിനു പിന്നാലെ എംബസി ഉദ്യോഗസ്ഥർക്കു ജയിലിൽ സന്ദർശനാനുമതി ലഭിച്ചു. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്നും കേസിൽ ഇന്ത്യ അഭിഭാഷകനെ നിയമിച്ചിട്ടുണ്ട് എന്നും അറിയിപ്പു കിട്ടി. നാട്ടിലേക്കു ഫോൺ വിളിക്കാൻ അനുവാദം കിട്ടിയത് അതിനു പിറകേയാണ്. പരസ്പരം ഇംഗ്ലിഷിലേ സംസാരിക്കാവൂ എന്ന കർശന നിർദേശമുള്ളതു കൊണ്ടു പറയാനുള്ളതെല്ലാം നോട്ട്ബുക്കിൽ കുറിച്ചു വയ്ക്കും. ഒരു മിനിറ്റിനുള്ളിൽ ഒന്നും വിട്ടു പോകരുതല്ലോ.

തടവിലാക്കപ്പെട്ടവരുടെ എട്ടു കുടുംബങ്ങളും ചേർന്നു Bring Our Men Back എന്ന വാട്സാപ് ഗ്രൂപ് തുടങ്ങി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സാറിനെ ഞാൻ നേരിട്ടുകണ്ടു മോചനത്തിനായി ഇടപെടണമെന്ന് അഭ്യർഥിച്ചു. എല്ലാ സഹായവും ചെയ്യാമെന്ന് അദ്ദേഹം വാക്കുതന്നു. മറ്റുള്ളവർക്കു വേണ്ടി അവരുടെ സംസ്ഥാനത്തു നിന്നും ഇടപെടലുകൾ ഉണ്ടായി. ജയിലിൽ ചെന്നു പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ അനുമതി ലഭിച്ചെന്ന് എംബസിയിൽ നിന്ന് അറിയിപ്പു കിട്ടിയ പിറകേ ഞാനും മോളും പോയി. 15 ദിവസം ഖത്തറിൽ തങ്ങിയെങ്കിലും രണ്ടു വട്ടം മാത്രമാണു ചേട്ടനെ കാണാനായത്. ജയിലിലെ സന്ദർശക മുറിയിൽ വച്ച് അച്ഛനെ കണ്ടു മോൾ പൊട്ടിക്കരഞ്ഞു.

നാട്ടിലേക്കു തിരികെ വന്നപ്പോൾ ബന്ധുക്കൾക്കൊക്കെ സമ്മാനം വാങ്ങിയിരുന്നു, സ്കൂളിലെ കുട്ടികൾക്കു മിഠായിയും. ഖത്തറിലുള്ള ഭർത്താവിന്റെ അടുത്തേക്കു ക്രിസ്മസ് വെക്കേഷൻ ആഘോഷിക്കാൻ പോകുന്നു എന്നാണ് എല്ലാവരോടും പറഞ്ഞത്. അടുത്ത ഏപ്രിലിൽ ഒരു മാസത്തേക്കു വീണ്ടും ഖത്തറിലെത്തി, അന്നും ആകെ നാലു വട്ടമാണു സന്ദർശനാനുമതി കിട്ടിയത്.

ആദ്യമായി വിമാന യാത്ര ചെയ്യുമ്പോൾ ‍ഞാനോർത്തതു മറ്റൊന്നാണ്. ഖത്തർ വേൾഡ് കപ്പ് നടക്കുന്ന സമയത്തു ഞങ്ങളെ കൊണ്ടുപോകാൻ ചേട്ടൻ പ്ലാൻ ചെയ്തിരുന്നു. അതിനു വേണ്ടിയാണു പാസ്പോർട്ട് എടുത്തത്. ഞങ്ങൾക്കു താമസിക്കാനായി ഫ്ലാറ്റെടുത്തു, കാറു വാങ്ങി. പക്ഷേ, വിധി കരുതിവച്ചത് ഈ യാത്രയാണ്.

ragesh-2

പ്രതീക്ഷകൾ മങ്ങുന്നു

2023 ജൂൺ, മോൾ പത്താം ക്ലാസ്സിലായി. ഖത്തറിലെ ഇന്ത്യൻ അംബാസഡർ എല്ലാ മാസവും ജയിലിലെത്തി ഇവരെ കാണുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അനുകൂല വിധിയാകും വരികയെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കുകയാണ്. ഒക്ടോബർ 26, ഉച്ച കഴിഞ്ഞാണ് ആ വാർത്ത എത്തിയത്, എട്ടു പേർക്കും വധശിക്ഷ വിധിച്ചു. തൊട്ടുപിന്നാലെ എംബസിയുടെ ഓൺലൈൻ മീറ്റിങ് നടന്നു. ‘ഒരു കാരണവശാലും പേടിക്കരുത്, നമ്മൾ അപ്പീൽ പോകും, ഒന്നും സംഭവിക്കില്ല’ എന്ന് അവർ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും എട്ടു കുടുംബങ്ങളുെട കൂട്ടക്കരച്ചിലിൽ ആ വാക്കുകൾ മുങ്ങിപ്പോയി.

ചാനലുകളിൽ വാർത്തകൾ വന്നു തുടങ്ങി. അപ്പോഴാണു കുടുംബത്തിനു പുറത്തേക്ക് എന്റെ കാത്തിരിപ്പിന്റെ കഥ അറിഞ്ഞത്. ആരൊക്കെയോ ഫോണിൽ വിളിച്ചെങ്കിലും ആരോടും സംസാരിച്ചില്ല. അന്നു പകലും രാത്രിയും പിന്നിട്ടതും അറിഞ്ഞില്ല. വീട്ടുകാരുടെ സ്നേഹപൂർണമായ നിർബന്ധം കൊണ്ടു പിറ്റേന്നു സ്കൂളിൽ പോയി. രാവിലെ അസംബ്ലിയിൽ പതിവുപോലെ ഒരു കുട്ടി ഇന്നത്തെ പ്രധാനവാർത്തകൾ വായിച്ചു, ‘മലയാളിയായ നാവിക ഉദ്യോഗസ്ഥനടക്കം എട്ട് ഇന്ത്യാക്കാർക്കു ഖത്തറിൽ വധശിക്ഷ.’ ഒരുവട്ടം കൂടി എന്റെ ലോകം നിശ്ചലമായി.

ശിക്ഷാവിധി വന്നതിനു പിന്നാലെ എട്ടു കുടുംബങ്ങളും ഡൽഹിയിൽ ചെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ടു. അദ്ദേഹം സമാധാനിപ്പിച്ചു, ‘ആരോട് അപേക്ഷിക്കേണ്ടി വന്നാലും ശരി, എട്ടുപേരെയും ജീവനോടെ നാട്ടിലെത്തിക്കും.’ പിന്നാലെ എനിക്കു ഖത്തറിൽ നിന്നു ചേട്ടന്റെ ഫോൺ വന്നു. ‘ഒന്നും സംഭവിക്കില്ല, പേടിക്കരുത്’ എന്നൊക്കെ ഞാൻ ആശ്വസിപ്പിക്കുന്നതിനിടയിൽ ചേട്ടൻ ചോദിച്ചു, ‘എന്താണു വിധി ?’ ഞാൻ മറുപടി പറയുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്നൊരു വിങ്ങിപ്പൊട്ടൽ കേട്ടു. ഈ 18 മാസത്തിനിടയിൽ ഞാൻ തളർന്നുപോയ ഏക നിമിഷം അതാണ്.’’

തിരികെ വന്നതു പ്രാണൻ

വിധിക്കെതിരേ ഇന്ത്യ നൽകിയ അപ്പീലിനെ തുടർന്നു വധശിക്ഷ ഇളവു ചെയ്തു എന്ന വിവരം കിട്ടിയതോടെ പ്രതീക്ഷകൾക്കു ചിറകു വച്ചെന്നു ചിത്ര പറയുന്നു. ‘‘2022ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ രണ്ടു രാജ്യങ്ങൾ സൗദി അറേബ്യയും ഖത്തറുമാണ്. ഈ കണക്കുകളൊക്കെ ഓരോ ദിവസവും ഉറക്കം കെടുത്തി.

രണ്ടുവട്ടം കൂടി എട്ടു കുടുംബങ്ങളും ഡൽഹിയിലെത്തി കേന്ദ്രമന്ത്രി എസ്. ജയശങ്കറിനെ കണ്ടു. അതിനിടെ 2023 ഡിസംബറിൽ ഒരിക്കൽ കൂടി ഖത്തറിൽ പോയികാണാൻ അവസരം കിട്ടി. ചേട്ടൻ ജോലി ചെയ്തിരുന്ന കമ്പനി പൂട്ടണമെന്ന് ഉത്തരവായിരുന്നതു കൊണ്ട് ആ യാത്രയുടെ ചെലവുകളെല്ലാം വഹിച്ചത് എംബസിയാണ്.

പുതിയ വീട്ടിലെ രണ്ട് ഓണവും കണ്ണീരിലാണു കടന്നു പോയത്. പ്രാർഥനയാണ് ഈ നാളിലെല്ലാം പിടിച്ചു നിർത്തിയത്. ജോലിക്കു പോകുന്നതും കുട്ടികളോട് ഇടപഴകുന്നതുമൊക്കെ കുറച്ചു സമയത്തേക്കെങ്കിലും വിഷമങ്ങൾ മറക്കാൻ സഹായിച്ചു. ഫെബ്രുവരി മാസം തുടങ്ങിയപ്പോഴേക്കും വല്ലാതെ നിരാശ തോന്നി.

ഫെബ്രുവരി 11, ഞങ്ങളുടെ പതിനാറാം വിവാഹ വാർഷിക ദിവസം. വെളുപ്പിന് രണ്ടരയ്ക്കു ഫോൺ റിങ് ചെയ്യുന്നതു കേട്ടു ഞെട്ടിയുണർന്നു. അസമയത്തു ഡൽഹിയിലെ ഡെപ്യൂട്ടി അംബാസഡറുടെ നമ്പർ കണ്ടപ്പോൾ ഭയം അരിച്ചുകയറി. ഫോൺ അറ്റന്‍ഡ് ചെയ്യുമ്പോൾ കൈ വിറച്ചു. അങ്ങേത്തലയ്ക്കൽ നിന്നു ചേട്ടന്റെ ശബ്ദം, ‘ഞാൻ നാട്ടിലെത്തി, ഡൽഹിയിൽ നിന്നാണു വിളിക്കുന്നത്. ഉടനേ വീട്ടിലേക്കു വരും.’

സ്വപ്നം കാണുകയാണോ എന്നു പോലും തിരിച്ചറിയാനാകാത്ത അവസ്ഥ മാറിയതു ചേട്ടൻ വീട്ടിലെത്തിയപ്പോഴാണ്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള രാജ്യത്തിന്റെ നയതന്ത്ര നീക്കങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ ഇടപെടലുകളും ചർച്ചയാകുമ്പോൾ ഞങ്ങൾക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളൂ, നന്ദി, എ ന്റെ പ്രാണൻ തിരിച്ചു തന്നതിനു നന്ദി.’’

രൂപാ ദയാബ്ജി

ഫോട്ടോ: അരുൺ സോൾ