Friday 28 September 2018 11:30 AM IST : By സ്വന്തം ലേഖകൻ

വേദനയിലും മുളകുപുരട്ടുന്ന ചില പുഴുക്കുത്തുകൾ; ബാലഭാസ്കറിനെതിരെ അശ്ലീല കമന്റ്, പ്രവാസി യുവാവിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

comment

മറ്റൊരുവന്റെ വേദനയ്ക്കു മേൽ മുളകുപുരട്ടി രസിക്കുന്ന ചില സൈബർപുഴുക്കുത്തുകളുണ്ട്. സാഹചര്യമോ സന്ദർഭമോ നോക്കാതെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ തൊടുത്തു വിടുന്ന ചില അപരിഷ്കൃതർ. പ്രളയനാളുകളിൽ പിന്നിൽ നിന്നു കുത്തിയവരും ദുരിതാശ്വാസ ക്യാമ്പിലേക്ക് കോണ്ടം വിതരണം ചെയ്യട്ടേ എന്നു ചോദിച്ച വിവരദോഷിയും ആ പേരുദോഷം അടിവരയിടാൻ പോന്നവരായിരുന്നു. എന്നാൽ വിമർശമനങ്ങളോ ഒറ്റപ്പെടുത്തലോ ഒന്നും കൊണ്ട് ഇക്കൂട്ടങ്ങൾ പാഠം പഠിക്കില്ല എന്ന് പുതിയൊരു സംഭവം അടിവരയിടുന്നു.

മകൾ നഷ്ടപ്പെട്ടു എന്നു പോലുമറിയാതെ ആശുപത്രിയുടെ ശീതികരിച്ച മുറിയിൽ മരണത്തിന്റെ നൂൽപ്പാലം കടക്കാൻ വെമ്പുന്ന ബാലഭാസ്കറിനേയും ഒരു ‘മഹാൻ’ വെറുതേ വിട്ടില്ല. ‘മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അവന് അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ, ഇനിയും കുഞ്ഞിനെ ഉണ്ടാക്കാമല്ലോ.’ എന്നതായിരുന്നു മേൽപ്പറഞ്ഞയാളുടെ അറപ്പുളവാക്കുന്ന ആ സോഷ്യൽ മീഡിയ കമന്റിന്റെ സാരം. മനസിൽ കുഷ്ഠം നിറച്ച പ്രവാസി യുവാവിന്റെ പേര് പ്രബേ ലിഫിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഒരു നാട് മുഴുവൻ ബാലഭാസ്കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയ്ക്കെത്തുമ്പോഴാണ് വിഷം തീണ്ടിയ ഈ വാക്കുകൾ എന്നോർക്കണം. ബാലഭാസ്കർ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന സന്തോഷവാർത്തയ്ക്കായി ആശുപത്രിയുടെ ഇടനാഴിയിൽ ഒരു കൂട്ടം സൗഹൃദങ്ങൾ വഴിക്കണ്ണുമായി കാത്തിരിക്കുമ്പോഴാണ് ഈ നശിച്ച നാവ് പൊങ്ങിവന്നതെന്നതും മറന്നു കൂടാ. അത്രമേൽ ക്രൂരമാണ് ആ വാക്കുകൾ.

പ്രബേ ലിഫിയെന്ന പേരുകാരനേയും ക്രൂരമായ അവന്റെ വാക്കുകളേയും സോഷ്യൽ മീഡിയ പ്രതിഷേധം കൊണ്ട് പൊതിയുമ്പോൾ ബാലഭാസ്കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസും രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യത്വമില്ലാത്ത വാക്കുകൾ പുലമ്പി നിറച്ച ഇയാളെ കണ്ടെത്തണമെന്നും ഫിറോസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. തെറ്റുബോധ്യപ്പെടുത്തി കൊടുത്ത് അയാളെ കൊണ്ട് മാപ്പു പറയിക്കണമെന്നും ഫിറോസ് വ്യക്തമാക്കുന്നു.

ഫിറോസിന്റെ കുറിപ്പ് വായിക്കാം;

ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത് .ബാലഭാസ്കർ എന്ന അതുല്യനായ കലാകാരന്റെ നൂറുകണക്കിന് സുഹൃത്തുക്കൾ ആശുപത്രി വരാന്തയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് കഴിഞ്ഞ നാലു ദിവസമായി എങ്ങുംപോകാതെ അവിടെത്തന്നെയുണ്ട് .അവർക്കായാണ് ,ആ നൊമ്പരങ്ങൾക്കും,പിന്നെ ലക്ഷക്കണക്കിന് ലോകമലയാളികൾക്കുമായാണ് ഈ കുറിപ്പ്‌ .

ബാലുച്ചേട്ടന്റെ അപകടം നടന്ന ദിവസത്തിൽ മനസ്സു വിങ്ങിയപ്പോൾ സങ്കടം കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ഓർമ പങ്കുവച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു .അത് ഒരുപാടുപേർ കാണുകയും പ്രാർത്ഥനകൾ പങ്കുവയ്ക്കുകയുമുണ്ടായി .ലക്ഷക്കണക്കിന് പേരുടെ അകമഴിഞ്ഞ പ്രാർഥനകൾക്കിടയിൽ ,ഈ സഹോദരൻ ,ഇയാൾ മാത്രം പറയാൻ പാടില്ലാത്തത് കമന്റ് ചെയ്തു .വളരെ പെട്ടെന്ന് ആ പ്രൊഫൈൽ അപ്രത്യക്ഷമാവുകയും ചെയ്തു .പിന്നീട് ഇയാളുടെ രാഷ്ട്രീയവും ഇയാളുടെ ദുബായിലെ ജോലിയും ഒക്കെ ചർച്ചയായി .

ആശുപത്രിയിലെ നോവുഭാരങ്ങൾക്കിടയിൽ ബാലുച്ചേട്ടന്റെ അടുത്ത സുഹൃത്തുക്കൾ ഇയാളുടെ പിറകെ പോയതുമില്ല . പക്ഷേ ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ ചെന്നപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദനയോടെ ബാലുച്ചേട്ടന്റെ ഒപ്പം എല്ലായ്പ്പോഴും ഒരുമിച്ചുള്ള സുഹൃത്തുക്കൾ ഇവന്റെ കമന്റിനെക്കുറിച്ചും എന്തിനാണിവനെങ്ങനെ പറഞ്ഞതെന്നതും ഒക്കെ ചർച്ചയാക്കി.

രാഷ്ട്രീയവൽക്കരിക്കരുത് ഈ ആവശ്യത്തെ .ദുബായിലുള്ള എന്റെ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾ prabe lify എന്ന ഈ ചെറുപ്പക്കാരനെ ഒന്ന് കണ്ടെത്തണം . എന്നിട്ടവനോട് പറയണം , ഇവിടെ ഈ ആകാശത്തിനു കീഴിൽ അടക്കം ചെയ്യപ്പെട്ട ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാവയെ കാണാനാകാതെ ബോധമില്ലാത്ത ഒരച്ഛനെ കുറിച്ചാണ് അവൻ മനുഷ്യത്വമില്ലാത്ത വാക്കുകൾ പുലമ്പി നിറച്ചതെന്ന് .

പതിനാറു വർഷത്തിനൊടുവിൽ കാത്തിരുന്നു കിട്ടിയകണ്മണിക്കുരുന്നിനെ ലാളിച്ചു തീരും മുന്നേ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന് .
അത്യാസന്ന മുറിയിൽ നിന്നും പോസിറ്റീവ് ആയി ഒരു വാക്കുകേൾക്കാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന വലിയവരും ചെറിയവരും ,അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറോളം സുഹൃത്തുക്കളെ ഇവൻ വല്ലാതെ ബാധിച്ചു കളഞ്ഞെന്ന് !

ഇവനെ ഒന്ന് കണ്ടെത്തിത്തരണം .

ഒരൊറ്റ നോട്ടത്തിൽ ആത്മാവുരുകി ചാമ്പലാക്കാനുള്ള ശാപങ്ങൾ അവനെ കാത്തിരിക്കുന്നെന്ന് പറയണം.
തെറ്റുപറ്റിയെന്ന് ബോധ്യമുണ്ടെങ്കിൽ മാപ്പ് എന്ന രണ്ടക്ഷരങ്ങൾ ആശുപത്രിക്കിടക്കയിലുള്ള ഒരച്ഛന്റെയും അമ്മയുടെയും കാല്പാദങ്ങളിൽ കൊണ്ട് വയ്ക്കാൻ പറയണം .
അവൻ പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം .

ബാലുച്ചേട്ടൻ തിരികെ വരും .വരികതന്നെ ചെയ്യും .ആരോഗ്യനില പുരോഗതിയിൽ തന്നെയാണ് .ആ മനുഷ്യന്റെ നേരിയ ചലനങ്ങൾ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങൾ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾ ബാലുച്ചേട്ടന് കാവലുണ്ട് !!