Friday 06 October 2023 10:12 AM IST

‘കടലിന്റെ അടിത്തട്ടിൽ മനുഷ്യനെ എത്തിക്കുന്ന ദൗത്യം’: മുന്നില്‍ ആ വലിയ ലക്ഷ്യം: ബീന... ചന്ദ്രയാനു പിന്നിലെ പെൺകരുത്ത്

V R Jyothish

Chief Sub Editor

chandrayaan-beena

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതു 1969 ജൂലൈ 20–ാം തീയതിയാണ്. പിന്നെയും ഇരുപത്തിയാറു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15–നാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. ആദ്യത്തെ ഉ പഗ്രഹം സോവിയറ്റ് യൂണിയനിൽ നിന്നു വിക്ഷേപിക്കുന്നതു പിന്നെയും ആറു വർഷം കഴിഞ്ഞാണ്. ഇപ്പോഴിതാ അൻപത്തിനാലു വർഷങ്ങൾക്കിപ്പുറം ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ഇന്ത്യൻ ബഹിരാകാശഗവേഷണംമ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.

ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനുശേഷം ബെംഗളൂരു ഇസ്റോ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അപൂർവമായൊരു ഗ്രൂപ് ഫോട്ടോയിൽ പങ്കാളിയായി. ചന്ദ്രയാൻ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച നൂറുകണക്കിനു വനിതാ ശാസ്ത്രജ്ഞരോടൊപ്പമാണു പ്രധാനമന്ത്രി ഫോട്ടോെയടുത്തത്. ഇത് ‘നാരീശക്തി’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി 2047–വരെയുള്ള ഇസ്റോയുടെ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിന് ശാസ്ത്രജ്ഞരെ ക്ഷണിച്ചു. ഭാവിയിൽ പെൺകുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള വലിയ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദ്രയാന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച നൂറുകണക്കിനു വനിത ശാസ്ത്രജ്ഞരിൽ നിന്ന് ഏതാനും മലയാളികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മൂന്നു പതിറ്റാണ്ടിലേറെയായി ഇവർ ഇസ്റോയുടെ ഭാഗമാണ്. രാഷ്ട്രപുനർനിർമാണത്തിൽ പങ്കാളികളാണ്. യുവതലമുറയെ പ്രത്യേകിച്ചും പെൺകുട്ടികളെ ഏറെ പ്രചോദിപ്പിക്കുന്നതാണ് ഇവരുടെ ജീവിതവും വാക്കുകളും.

അഭിമാനം ചന്ദ്രനോളം

ബീന എ. പി.

(ഡെപ്യൂട്ടി ഡയറക്ടർ വിഎസ്‌എസ്‌സി ആൻഡ്

അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടർ ഗഗൻയാൻ)

കൊല്ലം കുരീപ്പുഴ ചാമയിൽ വീട്ടിൽ പരമേശ്വര ൻ പിള്ള സമർഥനായ മാത്‍സ് അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജായിരുന്നു അദ്ദേഹത്തിന്റെ കർമമണ്ഡലം. അദ്ദേഹത്തിന്റെ മകൾ ബീനയ്ക്കും കുഞ്ഞുനാളിലേ സയൻസ് വിഷയങ്ങളോടു വല്ലാത്ത ഒരിഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടമാണ് ഇപ്പോൾ ഇന്ത്യയുെട അഭിമാനപദ്ധതിയായ ചന്ദ്രയാനിലൂടെ അംഗീകരിക്കപ്പെടുന്നത്.

യൂണിവേഴ്സിറ്റി കോളജിൽ അധ്യാപകനായതിനുശേഷം പരമേശ്വരൻ പിള്ള ഭാര്യ ആനന്ദവല്ലിയോടും മക്കളോടുമൊപ്പം കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്കു താമസം മാറി. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലായിരുന്നു ബീനയുടെ സ്കൂൾ വിദ്യാഭ്യാസം. ഇപ്പോഴത്തെ അഡി. ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ സ്കൂളിൽ ബീനയുടെ സഹപാഠിയായിരുന്നു.

വിമൻസ് കോളജിൽ നിന്നു സയൻസ് ഗ്രൂപ്പെടുത്തു പ്രീഡിഗ്രി പാസായി. പിന്നീടു തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. സർക്കാർ സർവീസിൽ ഒരു ജോലിയായിരുന്നു ലക്ഷ്യം. എന്നാൽ വീട്ടിൽ നിന്നുള്ള നിർബന്ധം കാരണം ഉപരിപഠനത്തിനു ചേരുകയായിരുന്നു. അതിനുശേഷമാണ് വി‌എസ്‌എസ്‌സിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ആകാശഗവേഷണങ്ങളുടെ ഭാഗമാകുകയായിരുന്നു ഈ ശാസ്ത്രപ്രതിഭ.

വിക്ഷേപണവാഹനത്തിന്റെ രൂപകൽപനയായിരുന്നു ബീനയുടെ പ്രവൃത്തിമേഖല. ഉപഗ്രഹത്തെ സൂക്ഷ്മമായി വഹിച്ചുകൊണ്ട് അമിതവേഗതയിൽ സഞ്ചരിക്കുന്ന, അന്തരീക്ഷമർദത്തെയും ചൂടിനെയും താങ്ങാൻ കഴിവുള്ള വിക്ഷേപണവാഹനങ്ങളുടെ ഡിൈസനിങ് എന്നും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

ചന്ദ്രയാൻ ദൗത്യത്തിലും ഉണ്ടായിരുന്നു ഇത്തരം വെല്ലുവിളികൾ. വിക്ഷേപണവാഹനത്തിന്റെ ഭാരം കൂടിയാൽ അത് ഉപഗ്രഹങ്ങളെയും പേലോ‍ഡുകളെയും ബാധിക്കും. വിക്ഷേപണവാഹനത്തിന്റെ ഭാരത്തിൽ ഓരോ ഗ്രാമിനും പ്രാധാന്യമുണ്ട്. അതുകൊണ്ട് സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രയാൻ പേടകം ഡിസൈൻ ചെയ്തത്. അത് വിജയം കാണുകയും ചെയ്തു.

ചന്ദ്രയാൻ പദ്ധതി പോലെ തന്നെ ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് ഗഗൻയാൻ. ഒരു ഇന്ത്യാക്കാരനെ ഇന്ത്യയുെട തന്നെ വിക്ഷേപണവാഹനത്തിൽ ബഹിരാകാശത്തു കൊണ്ടുപോവുക എന്ന ലക്ഷ്യം കാണാൻ ഇനി അധികം നാളു വേണ്ട എന്നാണു കരുതുന്നത്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നതിനെക്കാൾ സങ്കീർണമാണ് സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നത്. ഗഗൻയാ ൻ പദ്ധതിയുടെ ക്രൂ മോഡ്യൂളിലും എസ്കേപ്പ് സിസ്റ്റത്തിലും വേണ്ട സ്ട്രക്ചേഴ്സിന്റെ ഡിസൈനിങ്ങിലും വിക്ഷേപണവാഹനത്തിന്റെ രൂപഘടനയിലും ബീനയ്ക്ക് നിർണായകമായ പങ്കുണ്ടായിരുന്നു.

ഗഗൻയാൻ പദ്ധതി പോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ദൗത്യത്തിലാണ് ഇന്ത്യ. കടലിന്റെ ഏറ്റവും അടിത്തട്ടിലേക്കു മനുഷ്യനെ എത്തിക്കാനുള്ള ദൗത്യം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി വിഭാവനം ചെയ്യുന്ന ഈ പദ്ധതിയുടെ ഏറ്റവും നിർണായകമായ ഘടകം സമുദ്രാന്തർഭാഗത്തേക്കുള്ള പേടകത്തിന്റെ രൂപഘടനയാണ്. ആഴക്കടലിലെ സമ്മർദം തരണം ചെയ്യുക എന്നതാണ് പേടകത്തിന്റെ രൂപഘടനയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ആ ദൗത്യം പൂർത്തിയാക്കിയതും ബീന ഉൾപ്പെടുന്ന സംഘമാണ്.

‘തുടക്കകാലത്ത് പല പ്രോജക്ടുകളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും രാത്രിയിലും അവധിദിവസങ്ങളിലുമൊക്കെ ജോലി െചയ്യേണ്ടി വരും. അപ്പോഴൊക്കെ വ്യക്തമായ ഒരു ലക്ഷ്യം മുന്നിലുണ്ടായിരുന്നു. ഒരിക്കലും നിരാശപ്പെട്ടിട്ടില്ല.’ ബീന പറയുന്നു. എനർജി മാനേജ്മെന്റ്് സെന്ററിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ജി. അനിലാണ് ഭർത്താവ്. എൻജിനീയർമാരായ രാംഗോപാലും ഹരിഗോപാലുമാണ് മക്കൾ.


ഫോട്ടോ: അരുൺ സോൾ
സാങ്കേതികസഹായം : ഹരികൃഷ്ണൻ ആർ.
(ഗ്രൂപ് ഡയറക്ടർ ടെക്നോളജി ട്രാൻസ്ഫർ
ആൻഡ് ഡോക്യുമെന്റേഷൻ ഗ്രൂപ്, വിഎസ്‌എസ്‌സി)