Wednesday 22 July 2020 02:52 PM IST

126 കിലോയിൽനിന്ന് 97ലേക്ക് അമ്പരപ്പിക്കുന്ന ട്രാൻസ്ഫർമേഷൻ; നാലു മാസംകൊണ്ട് ബിലാൽ കുറച്ചത് 29 കിലോ ഭാരം

Nithin Joseph

Sub Editor

bilal1

അമിതവണ്ണം ബിലാലിനെ ഒരിക്കലും തളർത്തിയിട്ടില്ല. വണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകളും ഇദ്ദേഹം വകവച്ചിട്ടില്ല. ആരോഗ്യമുള്ള ശരീരം മാത്രമായിരുന്നു ബിലാലിന് ആവശ്യം. അതുകൊണ്ട് തന്നെ, ശരീരത്തെ കൺട്രോളിൽ നിർത്താൻ അധികം പ്രയാസപ്പെടേണ്ടി വന്നതുമില്ല. 130 ദിവസംകൊണ്ട് ശരീരഭാരം 29 കിലോ കുറച്ച്, ആരെയും അമ്പരപ്പിക്കുന്ന ട്രാൻസ്ഫർമേഷൻ നടത്തി തലയുയർത്തി നിൽക്കുകയാണ് ഈ ഇടുക്കിക്കാരൻ. ഫിറ്റ്നസ് നിലനിർത്താൻ മണിക്കൂറുകളോളം ജിംനേഷ്യത്തിൽ പോയി വർക്ഔട്ട് ചെയ്യേണ്ടതില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു, ബിലാൽ കെ നവാദ് എന്ന ഇരുപത്തിയെട്ടുകാരൻ.

‘ചെറുപ്പം മുതൽക്കെ സാമാന്യം നല്ല പൊക്കവും വണ്ണവും ഉണ്ടായിരുന്ന ആളാണ് ഞാൻ. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പുതുതായി അഡ്മിഷനെടുത്ത ഒരു കുട്ടി എന്നെ കണ്ടയുടനെ പറഞ്ഞത് ‘ഗുഡ് മോണിങ് സാർ’ എന്നാണ്. ഞാൻ സ്കൂളിലെ അധ്യാപകനാണെന്ന് തെറ്റിദ്ധരിച്ച അവളെ കുറ്റം പറയാൻ പറ്റില്ല. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു എനിക്കന്ന്. പക്ഷേ, എന്റെ വണ്ണം എന്നെ ഒരിക്കലും അസ്വസ്ഥനാക്കിയിട്ടില്ല. വണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകളും എന്റെയടുത്ത് വിലപ്പോവില്ലായിരുന്നു. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ സ്പോർട്സിലെല്ലാം സജീവമായിരുന്നു. ക്രിക്കറ്റാണ് ഇഷ്ടവിനോദം.’

bilal2

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖത്തറിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന ബിലാൽ സ്വന്തം ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കുന്നത് ഏതാനും മാസങ്ങൾക്കു മുൻപാണ്.

‘ഭക്ഷണകാര്യത്തിൽ യാതൊരു നിയന്ത്രണങ്ങളും ഇല്ലായിരുന്നു. ചോക്ലേറ്റും നോൺ വെജും ഇല്ലാത്തൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല. മൂന്നുനേരവും ഇറച്ചി കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അടുത്തിടെയൊന്നും വെയിറ്റ് നോക്കിയിട്ടില്ല. എങ്കിലും ഏകദേശം 100–105 കിലോഗ്രാം ഭാരം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വെയിറ്റ് നോക്കിയപ്പോൾ ‍ഞെട്ടിപ്പോയി, 126 കിലോ. ഭാരം കുറയ്ക്കണമെന്ന ചിന്ത ആദ്യമായിട്ട് വന്നത് അപ്പോഴാണ്. തീരെ ക്ഷമയില്ലാത്ത ആളാണ് ഞാൻ. എല്ലാത്തിനും പെട്ടെന്ന് തന്നെ റിസൽട്ട് കിട്ടണം. ജിമ്മിൽ പോയാലും ഒരു മാസം കഴിയുമ്പോൾ വ്യക്തമായ റിസൽട്ട് ഇല്ലെങ്കിൽ ഞാൻ പരിപാടി നിർത്തും. കീറ്റോ ഡയറ്റ് പോലെയുള്ള മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. എന്റെ ശരീരത്തിന് അത്തരം മാർഗങ്ങൾ പറ്റില്ല എന്ന് മനസ്സിലായി.

ജനുവരിയിൽ ഖത്തറിൽനിന്ന് നാട്ടിലെത്തിയ ഞാൻ ഇവിടെ ലോക്ഡൗണിൽ പെട്ടുപോയി. ആ സമയം ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചു. കുറെ റിസെർച്ച് നടത്തി, സ്വന്തമായി ഒരു ഡയറ്റ് രൂപപ്പെടുത്തി. വീട്ടിൽതന്നെ വർക്കൗട്ട് ആരംഭിച്ചു. രണ്ടുമാസംകൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. ആ കോൺഫിഡൻസായിരുന്നു ഊർജം. ഇപ്പോഴത്തെ ഭാരം 97 കിലോഗ്രാം. 29 കിലോഗ്രാം ഭാരം കുറയ്ക്കാൻ എനിക്ക് വേണ്ടിവന്നത് 130 ദിവസമാണ്. ഇതിൽ അദ്ഭുതങ്ങൾ ഒന്നുമില്ല. എനിക്ക് സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കും. ’

bilal3

ബിലാലിന്റെ ദിനചര്യകൾ ഇങ്ങനെ,

രാവിലെ ഒന്നര മണിക്കൂർ ബാഡ്മിന്റൺ കളി. വൈകുന്നേരം ഒരു മണിക്കൂർ വീട്ടിൽതന്നെ വെയ്റ്റ് ട്രെയിനിങ്. ഇത്രയുമാണ് വർക്ഔട്ട്.

ഭക്ഷണകാര്യത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. മധുരവും ജങ്ക് ഫൂഡും പൂർണമായി ഒഴിവാക്കി. കഴിക്കുന്ന ചോറിന്റെ അളവ് കുറച്ചു.

ഏഴരയ്ക്ക് ബ്രേക്ഫാസ്റ്റ്. പുഴുങ്ങിയ മുട്ട രണ്ടെണ്ണം, ഏതെങ്കിലുമൊരു പഴം, കുറച്ച് നട്സ്. രണ്ടു മണിക്കൂറിനു ശേഷം വീണ്ടുമൊരു പഴം കഴിക്കും.

ഉച്ചയ്ക്ക് ഒരു ചെറിയ കപ്പ് ചോറിനൊപ്പം ചിക്കൻ, മട്ടൺ, മീൻ, ബീഫ് ഇവയിലേതെങ്കിലും ചേർത്ത് കഴിക്കും. കൂടെ ഒരു സാലഡും. ചില ദിവസങ്ങളിൽ ചോറിനു പകരം ചപ്പാത്തിയാവും.

വൈകുന്നേരം പുഴുങ്ങിയ മുട്ട ഒരെണ്ണവും കുറച്ച് നട്സും. രാത്രി അത്താഴത്തിന് സാലഡ്, അല്ലെങ്കിൽ ഓട്സ്.

‘ഇടുക്കി ജില്ലയിലെ ശാന്തൻപാറയിലാണ് എന്റെ വീട്. ഇതുപോലെയൊരു ഗ്രാമത്തിൽ ഫിറ്റ്നസ് നോക്കി ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തൽ പ്രയാസമാണെന്ന ചിന്ത പലർക്കുമുണ്ട്. അത് വളരെ തെറ്റാണ്. ഫിറ്റ്നസ് നിലനിർത്താൻ ഇന്ന ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് നിയമമൊന്നുമില്ല. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ ആവശ്യത്തിന് ലഭിക്കുന്ന നല്ല ഭക്ഷണം, കൃത്യമായ അളവിൽ കഴിച്ചാൽ മതി. നമ്മുടെ നാട്ടിൽ കിട്ടുന്ന ചക്ക, മാങ്ങ, കപ്പ, ഇതെല്ലാം ചേർത്ത് മികച്ച ഡയറ്റ് ക്രമീകരിക്കാവുന്നതാണ്.’

ഇതോടൊപ്പം ഡയറ്റ് ആൻഡ് നൂട്രീഷൻ കോച്ചിങ്ങിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കാനും ബിലാൽ മറന്നില്ല. പല സുഹൃത്തുക്കളും ബിലാലിന്റെ നേട്ടം കണ്ട് ശിഷ്യപ്പെട്ടു കഴിഞ്ഞു. ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ബിലാൽ എപ്പോഴും റെഡി.

Tags:
  • Spotlight