Thursday 30 April 2020 03:43 PM IST

'നാട്ടില്‍ പോകാന്‍ പറ്റാത്തപ്പോ ഞങ്ങളെ നോക്കിയ നാടല്ലേ'; മിച്ചം പിടിച്ച 52,000 ദുരിതാശ്വാസ നിധിയിലേക്ക്; നന്ദി ചൊല്ലാം ഈ ഭയ്യമാര്‍ക്ക്

Shyama

Sub Editor

bilas

ഈ കേരളം ഞങ്ങളെ കൈവിട്ടില്ലല്ലോ... പിന്നെ ഞങ്ങളെങ്ങനെ കേരളത്തെ മറക്കും?

ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശികളയാ 43 പേര്‍ കേരളത്തിന്റെ  ദുരിതാശ്വാസനിധിയിലേക്ക് കൊടുത്ത അന്‍പത്തിരണ്ടായിരം രൂപയ്ക്ക് മൂല്യം കൂട്ടുന്നത് അവര്‍ മലയാളികളല്ല എന്ന വസ്തുത തന്നെയാണ്!

ആകെ കിട്ടുന്നതില്‍ നിന്ന് മിച്ചം പിടിച്ചു അവര്‍ ഈ നാടിനു വേണ്ടി പണം നല്‍കിയപ്പോള്‍ 'ബംഗാളികള്‍' എന്ന് വിളിച്ച് പരിഹസിച്ച നമ്മള്‍ ഓരോരുത്തര്‍ക്കും അത് തിരുത്തി 'ബയ്യ' എന്ന് വിളിക്കാനുള്ള അവസരം കൂടിയാണ് അവര്‍ ഒരുക്കുന്നത്. 

കാഴ്ച്ചയില്‍ പോലും കാണാത്തൊരു വൈറസ് കാരണം ആളുകള്‍ കൈയകലം പാലിക്കുമ്പോള്‍ നമ്മള്‍ക്ക് ഈ സമയത്ത് മനസുകൊണ്ട് ഏറെ അടുക്കാനുണ്ടെന്ന് പറയുന്ന ഈ കാഴ്ച്ച 

bilas-1

തിരുവനന്തപുരം അയിരൂപ്പാറ കമ്പ്യൂടെക് എന്ന തേങ്ങയിടീല്‍ യൂണിറ്റില്‍ നിന്നാണ്. 

'ആടിനെ വിറ്റും വിഷുകൈനീട്ടം എടുത്ത് കൊടുത്തും ഒക്കെ ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതൊക്കെ കണ്ടിരുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ ആദ്യം എന്റെ ഒരു മാസത്തെ പെന്‍ഷന്‍ അതിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചു' സ്ഥാപന ഉടമ  മോഹന്‍ദാസ് എക്‌സ് സര്‍വീസ് മാനാണ്.  'നമ്മുടെ പിള്ളേരും ദിവസവും സി.എമ്മിന്റെ വാര്‍ത്ത സമ്മേളനം കാണാറുണ്ട്. ഞാനിങ്ങനെയൊരു കാര്യം പറഞ്ഞപ്പോ ഞങ്ങള്‍ക്കും സഹായിക്കണം എന്നവര്‍ ഇങ്ങോട് പറഞ്ഞു... ഞങ്ങള്‍ക്ക് നാട്ടില്‍ പോകാന്‍ പറ്റാത്തപ്പോ ഞങ്ങളെ നോക്കിയ നാടല്ലേ ഇത്, പറ്റും പോലെ ഞങ്ങളും കൊടുക്കട്ടെ എന്ന് ചോദിച്ചു... അവരുടെ വായില്‍ നിന്നത് കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. അടുത്ത ദിവസം തന്നെ അവരെല്ലാവരും കൂടി പണം പിരിച്ചു തന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാറിനെയാണ് ഞങ്ങള്‍ ഇത് ഏല്‍പ്പിച്ചത്.'

നാട്ടില്‍ തേങ്ങയിടാന്‍ ആളെ കിട്ടാതായപ്പോള്‍ ഏഴുകൊല്ലം മുന്‍പേ മോഹന്‍ദാസ് തുടങ്ങിയതാണ് കംപ്യൂറ്റെക് എന്ന സ്ഥാപനം. മലയാളികളെ കിട്ടാതായപ്പോഴാണ് കേരളത്തില്‍ വന്ന് ആദ്യമായി തെങ്ങ് കണ്ട അന്യസംസ്ഥാന തൊഴിലാളികളെ യന്ത്രപരിശീലനം കൊടുത്തു ഇതിലേക്കെടുത്തത്. നാട്ടുകാര്‍ക്ക് തേങ്ങയിടാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എവര്‍റെഡി.

ഈ നാല്പത്തിമൂന്നു പേര്‍ക്കും  മോഹന്‍ദാസ് താമസസൗകര്യവും ഭക്ഷണവും ഒക്കെ കൊടുക്കുന്നുണ്ട്. എല്ലാവര്‍ക്കും യൂണിഫോം,  സൈക്കിള്‍,  മെഷീന്‍ ഒക്കെ ഉണ്ട്. സാമൂഹിക അകലം പാലിച്ച് ഒരാള്‍ മാത്രമായി വിളിക്കുന്നിടത്ത് ജോലിക്ക് പോകാന്‍ അവര്‍ക്കിപ്പോള്‍ സാധിക്കുന്നുണ്ട്...