കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക.
ഭരണസമിതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് കലാമണ്ഡലം ക്ഷേമാവതി പ്രതികരിച്ചു. ചരിത്രപരമായ തീരുമാനമാണെന്നും കലാമണ്ഡലം ഭരണസമിതിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. ജീവിതം കൊണ്ടു തന്നെ കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ നർത്തകൻ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരണം നടന്നിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി നൽകുന്ന ചരിത്രതീരുമാനം കലാമണ്ഡലമെടുത്തത്. കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട്.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാന്‍ കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ രാമകൃഷ്ണനെ ക്ഷണിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങളാണ് വിവാദമായത്
ആർഎൽവി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നടത്തിയ പരാമർശം വിവാദമായതോടെയാണ് ആൺകുട്ടികൾ മോഹിനിയാട്ടം കളിക്കുന്ന വിഷയം ചർച്ചയായത്.
അധിക്ഷേപ പരാമർശം നടത്തിയ നർത്തകി സത്യഭാമക്കെതിരെ ആർ.എൽ.വി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടി ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.