Wednesday 03 January 2024 12:37 PM IST

കഴിഞ്ഞ നൂറു വർഷമായി വനിത അധ്യാപകർ മാത്രമുള്ള അപൂർവ ചരിത്രമുള്ള ഒരു പള്ളിക്കൂടം... പിന്നിൽ ഹൃദയംതൊടും കഥ

V R Jyothish

Chief Sub Editor

chovva-school

കണ്ണൂർ, ചൊവ്വ ദേശത്തിന്റെ ധാർമികവും സാംസ്കാരികവുമായ നവോത്ഥാനം മുൻനിർത്തി 1922-ൽ രൂപീകൃതമായ ഒരു മഹത്‌സ്ഥാപനമാണ് ചൊവ്വ ധർമസമാജം. ആര്യബന്ധു പി. കെ. ബാപ്പു അവർകളുടെയും ശ്രീ. എ. പി. പൊക്കൻ അവർകളുടെയും നേതൃത്വത്തിൽ സഹൃദയന്മാരും ഒത്തുേചർന്നു സമാരംഭിച്ചതാണു സമാജം.’

(ധർമസമാജം ചരിത്രരേഖകളിൽ നിന്ന്)

ഇരുപത്തിയേഴ് അമ്മമാരുടെ സ്നേഹത്തണലിലാണു കണ്ണൂർ ധർമസമാജം സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വളരുന്നത്. 24 അധ്യാപികമാരും മൂന്ന് ആയമാരും. സ്റ്റാഫിൽ പുരുഷനായുള്ളത് അറ്റൻഡർ സുജിത് മാത്രം. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രം ഈ വർഷം നൂറ്റാണ്ട് പിന്നിടുന്നു. ധർമസമാജം 1923ൽ ആരംഭിച്ച ബാലിക പാഠശാല കാലത്തിനൊപ്പം വളർന്നു ചൊവ്വ ധർമസമാജം യുപി സ്കൂളായി മാ റി. നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ഇത്തരത്തിലൊന്നു രാജ്യത്തു ത ന്നെ അപൂർവമായിരിക്കും.

‘‘1923–ൽ ഒരു ബാലികാ പാഠശാലയായി ഈ സ്കൂൾ തുടങ്ങുമ്പോൾ ആര്യബന്ധു പി.കെ.ബാപ്പുവിന് ഒരുകാര്യം നിർബന്ധമായിരുന്നു. പെൺകുട്ടികൾക്കു വിദ്യാഭ്യാസം കിട്ടണം. അതു മാത്രമല്ല ജോലിയും വേണം. അതിനു വേണ്ടി അദ്ദേഹം അവതരിപ്പിച്ച നി ർദേശമാണ് ഇവിടെ അധ്യാപികമാർ മാത്രം മതിയെന്ന തീരുമാനമായി മാറിയത്.’’ സ്കൂളിന്റെ ചരിത്രം പറഞ്ഞു തന്നതു പ്രധാന അധ്യാപിക ഷർണ ഗംഗാധരൻ. കണ്ണൂർ –കോഴിക്കോട് ഹൈവേയോടു ഏറെ ചേർന്നാണ് ഈ സ്കൂൾ. ഇടുങ്ങിയ ക്ലാസ്മുറികൾ. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ശബ്ദം അധികമുണ്ട്.

ദൂരെ നിന്നു കേൾക്കുമ്പോൾ എല്ലാ പള്ളിക്കൂടങ്ങൾക്കും ഒരേ ആരവം. അടുത്തടുത്തു ചെല്ലുമ്പോൾ ഓരോന്നിനുമുണ്ട് അതിന്റേതായ പ്രത്യേകത. ധർമസമാജം സ്കൂളിലേക്കു ചെന്നപ്പോൾ ആദ്യം മനസ്സു തൊട്ടതു കണ്ണൂർ ഭാഷയുടെ നിഷ്കളങ്ക മധുരമാണ്. ‘മിസ്സേ.. ’ എന്നു നീട്ടിയുള്ള കൊഞ്ചൽവിളികൾ. പച്ചയും വെള്ളയും ചേർന്ന മനോഹരമായ യൂണിഫോമിലാണു കുട്ടികൾ.

ബുധനാഴ്ചകളിൽ ആ യൂണിഫോം പിസ്തയുടെ പച്ചനിറത്തിൽ ഒന്നുകൂടി മനോഹരമാകും. ഉത്സാഹത്തോടെ ഓടി നടക്കുന്നുണ്ട് അവർ. അവരോടു ചോദിച്ചാൽ ഒരുപക്ഷേ, അവർക്കും അറിയണമെന്നില്ല ആരായിരുന്നു ആര്യബന്ധു പി.കെ.ബാപ്പു?

വനിതകൾക്കു സ്വാഗതം

കണ്ണൂരിന്റെ സാംസ്കാരികചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണ് ആര്യബന്ധു പി.കെ.ബാപ്പു. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നു ജീവിതം തുടങ്ങിയ അദ്ദേഹം കണ്ണൂരിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മാത്രമല്ല നെയ്ത്തുശാല പോലുള്ള വ്യവസായ സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി.

സ്ത്രീകൾ വരുമാനം നേടി സ്വന്തം കാലിൽ നിന്നാലേ സാമൂഹിക പുരോഗതി സാധ്യമാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കണ്ണൂരിന്റെ ദാഹമകറ്റാൻ ഒരു നൂറ്റാണ്ട് മുൻപ് 23 പൊതുകിണറുകളുണ്ടാക്കി. സാമൂഹിക മാറ്റത്തിനു ശക്തി പകരാൻ സ്വാതന്ത്ര്യസമരകാലത്തു മഹാത്മാഗാന്ധിയെ കണ്ണൂരിൽ വിളിച്ചുവരുത്തി സ്വീകരിച്ചു. ആ ശ്രമങ്ങളുടെ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനും കണ്ണൂരിലെത്തി. അങ്ങനെ കണ്ണൂരിൽ പി. െക. ബാപ്പു എന്ന വ്യവസായി നടത്തിയ സാമൂഹ്യമാറ്റങ്ങളുടെ ഫലമാണ് ഒരു നൂറ്റാണ്ടായി വനിതാ അധ്യാപികമാർ മാത്രം പഠിപ്പിക്കുന്ന ധർമസമാജം യു.പി. സ്കൂൾ.

‘‘അധ്യാപകർ സ്ത്രീകൾ മാത്രം മതിയെന്നു തീരുമാനിച്ചെങ്കിലും വിദ്യാർഥികളായി ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.’’ ധർമസമാജം ട്രസ്റ്റിന്റെ പ്രസി‍ഡന്റ് സദാനന്ദൻ മണ്ഡേൻ പറയുന്നു. എസ്എൻഡിപി യോഗത്തിന്റെ കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് കൂടിയായ സദാനന്ദനാണു പത്തുവർഷമായി ധർമസമാജം ട്രസ്റ്റിനെ നയിക്കുന്നത്. ട്രസ്റ്റിന്റെ കീഴിലാണു സ്കൂളിന്റെ പ്രവർത്തനം.

‘‘മുത്തച്ഛൻ ചെയ്ത ഏറ്റവും നല്ല സാമൂഹികനന്മകളിലൊന്ന് ഈ സ്കൂളും ഇവിടുത്തെ വനിതാ അധ്യാപകരുമാണ്’ പി.കെ. ബാപ്പുവിന്റെ ചെറുമകൻ വിജയൻ വിഷ്ണു പറയുന്നു. വിഷ്ണു ഇവരുടെ കുടുംബപ്പേരാണ്.

‘‘വിഷ്ണു എന്ന പേരിലായിരുന്നു മുത്തച്ഛൻ നെയ്ത്തുശാല തുടങ്ങിയത്. അതു കണ്ണൂരിലെ വലിയ സാംസ്കാരിക പ്രസ്ഥാനമായി മാറി. ’’ ധർമസമാജം ട്രസ്റ്റിലെ അംഗമാണ് വിജയൻ. സ്കൂളിലെ ഓഫിസ്മുറിയുടെ പരിമിതികളിലിരുന്നു വിജയൻ പറഞ്ഞു.

chovva-school-2

എവിടെയും നിറയുന്ന അമ്മക്കരുതൽ

‘‘ഇവിടെ ‍ഞങ്ങളുടെ കുട്ടികൾ ഒരുപാട് പരിമിതികൾ അനുഭവിക്കുന്നുണ്ട്. ക്ലാസ്മുറി, കളിസ്ഥലം, ശബ്ദമലിനീകരണം, അങ്ങനെ പലതരം. എന്നിട്ടും പാഠ്യവിഷയങ്ങളിലും പാഠ്യേതരവിഷയങ്ങളിലും മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.’’ ക്ലാസ്‌ മുറിയിൽ നിന്നു വന്ന സിന്ധു ടീച്ചറുടെ വാക്കുകൾ. സ്കൂളിലെ ഏറ്റവും മുതിർന്ന അധ്യാപികയാണു സിന്ധു ടീച്ചർ. ഹിന്ദിയാണു ടീച്ചർ പഠിപ്പിക്കുന്ന വിഷയം

‘‘ഇവിടെ പഠിക്കുന്ന സമയത്തൊന്നും എനിക്ക് അറിയില്ലായിരുന്നു ഇത്രയും ചരിത്രവും പാരമ്പര്യവുമുള്ള സ്കൂളാണ് ഇതെന്ന്. പിന്നീട് അധ്യാപികയായി ജോലി കിട്ടി വന്നപ്പോഴാണ് ഈ സ്കൂൾ മറ്റുള്ള സ്കൂളുകളിൽ നിന്ന് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകുന്നത്.’’ മറ്റൊരു അധ്യാപികയായ സിജിയുടെ വാക്കുകൾ.

മേലേ ചൊവ്വയിൽ റോഡിനു തൊട്ടരുകിലാണു സ്കൂ ൾ.പണ്ട് മലബാറിൽ നിന്നു തെക്കൻ കേരളത്തിലേക്കുള്ള രാജവീഥിയിലെ പ്രധാന ഇടത്താവളമായിരുന്നു ചൊവ്വ. അതുകൊണ്ടാണ് ബാപ്പു ഇവിടെയൊരു പൊതു കിണറും ചുമടുതാങ്ങിയും സ്ഥാപിച്ചത്. കാളവണ്ടികളായിരുന്നു അന്നത്തെക്കാലത്തു പ്രധാന വാഹനങ്ങൾ. കാളകൾക്ക് തീറ്റയും വെള്ളവും കൊടുക്കാനുമുള്ള കാലിത്തൊട്ടിയും അദ്ദേഹം സ്ഥാപിച്ചു.

‘‘മനുഷ്യനോടു മാത്രമല്ല മൃഗങ്ങളോടും കാരുണ്യത്തോടെ പെരുമാറിയ വ്യക്തിയായിരുന്നു ആര്യബന്ധു അതുകൊണ്ടാണ് അദ്ദേഹം കിണറ്റിനടുത്തു കാലിത്തൊട്ടി കൂടി സ്ഥാപിച്ചത്. രാവിലെ ആരെങ്കിലും ആ തൊട്ടിയിൽ വെള്ളം കോരി നിറച്ചിടും. വണ്ടിക്കാളകൾ മാത്രമല്ല അലഞ്ഞു നടക്കുന്ന കാലികളും ഇവിടെ നിന്നാണു വെള്ളം കുടിച്ചിരുന്നത്. കിണറും കാലിത്തൊട്ടിയും മാത്രമല്ല കാലത്തിന്റെ ശേഷിപ്പുകളിൽ ഒരു ശവമഞ്ചവുമുണ്ട്.

പണ്ട് ആംബുലൻസുകൾ ഇല്ലാത്ത കാലത്ത് മരിച്ചവരെ കൊണ്ടുപോയിരുന്നത് ഈ മഞ്ചലിലായിരുന്നു.’’ പ്രധാനാധ്യാപികയായി വിരമിച്ച സുജാത ടീച്ചറുടെ വാക്കുകൾ. നാൽപതു വർഷം ഇവിടെ അധ്യാപികയായിരുന്ന ടീച്ചറുടെ താമസവും സ്കൂളിന് അടുത്തു തന്നെ. സ്കൂളിലേക്കുള്ള ശുദ്ധജലം ഇപ്പോഴും എടുക്കുന്നത് പി.കെ ബാപ്പു കുഴിച്ചു കൊടുത്ത കിണറിൽ നിന്നാണ്. വണ്ടിക്കാളകളുടെ കാലം കഴിഞ്ഞെങ്കിലും കാലിത്തൊട്ടി ഇപ്പോഴുമുണ്ട്.

chovva-school-4

‘‘സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുമ്പോൾ അ ധികമാകുന്ന അധ്യാപകരെ മറ്റ് സ്കൂളുകളിൽ വിന്യസിക്കും. അങ്ങനെ കുറച്ചു കാലം ബാലൻ മാഷ് ഇവിടെ പഠിപ്പിച്ചിട്ടുണ്ട്. അതല്ലാതെ പുരുഷ അധ്യാപകൻ ഇവിടെ പഠിപ്പിച്ചതായി ആരും ഓർക്കുന്നില്ല.’’ വിരമിച്ച പ്രധാനാധ്യാപിക രജിത പറയുന്നു. രജിത ടീച്ചർ പറഞ്ഞതു സ്കൂളിലെ അധ്യാപിക ശ്രീകലയും ശരിവച്ചു. ‘‘സ്ഥിരോത്സാഹമുള്ള ചെറുപ്പക്കാരികളായ അധ്യാപികമാരാണു ഇവിടെ. അതുകൊണ്ടുതന്നെ നല്ലൊരു ടീം വർക്കായി കാര്യങ്ങൾ നടക്കുന്നുണ്ട്.’ അധ്യാപിക ലീനയുടെ വാക്കുകൾ.

‘മിസ്സേ....മിസ്സേ’ കുഞ്ഞുങ്ങളുടെ നീണ്ടവിളികൾ ഉയരുന്നുണ്ട് ചുറ്റും. ഉത്സാഹത്തോടെ കുട്ടികളുടെ അടുത്തേക്ക് എത്തുന്ന അധ്യാപികമാർ. അമ്മക്കരുതലിന്റെ ആ കാഴ്ച കാണുമ്പോൾ ആരുടെ മനസ്സിലും സന്തോഷം തോന്നും.

ഒരു പക്ഷേ, ആ കുഞ്ഞുങ്ങളിൽ പലരും അറിയുന്നുണ്ടാവില്ല, മാറ്റത്തിനു ചരിത്രം കുറിച്ച അങ്കണത്തിലാണു തങ്ങൾ പഠിച്ചു വളരുന്നതെന്ന്.

chovva-school-6

ഗുരുദേവൻ ഇരുന്ന കസേര

ജാതിഭേദമില്ലാതെ എല്ലാവരെയും മനുഷ്യരായി കാണാനുള്ള ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പി.കെ.ബാപ്പു. നൂറുവർഷത്തിനി‍ടയിൽ ധർമസമാജം സ്കൂളിൽ പല മഹാന്മാരും സന്ദർശകരായെത്തി. അവരിൽ ശ്രീനാരായണഗുരു, സ്വാമി സത്യവ്രതൻ, വാഗ്ഭടാനന്ദഗുരു, ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരി, ചിന്മയാനന്ദസ്വാമികൾ... അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു.

സ്കൂളിലെത്തിയ ശ്രീനാരായണഗുരുദേവനു വിശ്രമിക്കാൻ പ്രത്യേകം കസേര തയാറാക്കി കൊണ്ടുവന്നു. ശ്രീനാരായണഗുരു വിശ്രമിച്ചു എന്നു വിശ്വസിക്കുന്ന ആ കസേര ഇന്നും അമൂല്യനിധിയായി സ്കൂളിൽ സൂക്ഷിക്കുന്നു.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: സമീർ എ.ഹമീദ്