Thursday 07 November 2019 06:26 PM IST

അർജുൻ റെഡ്ഡിയിൽ ഇല്ലാത്ത എന്തു സ്ത്രീവിരുദ്ധതയാണ് കസബയിലുള്ളത്? മൂന്നര വർഷത്തെ ഇടവേള നൽകിയ അനുഭവമാണ് കാവൽ!

Priyadharsini Priya

Sub Editor

Photo credits: Nithin Renji Panicker, facebook page

മൂന്നര വർഷമായി മമ്മൂട്ടി നായകനായ കസബ റിലീസ് ചെയ്തിട്ട്. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ല. വാക്കുകളിൽ അഗ്നിയൊളിപ്പിച്ചു തീയറ്ററുകൾ ആവേശത്തിന്റെ പൂരപ്പറമ്പുകളാക്കി മാറ്റിയ രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരുടെ കന്നി ചിത്രം അങ്ങനെ ആയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. ഇടവേള കഴിഞ്ഞു, നിഥിൻ വീണ്ടുമെത്തുകയാണ്, ‘കാവൽ’ എന്ന പുതിയ ചിത്രവുമായി. ഇക്കുറി നായകൻ സുരേഷ് ഗോപി. ഇടവേളയ്ക്കു ശേഷം ഇടിവെട്ട് ആക്ഷനിലേക്ക് സുരേഷ്ഗോപിയുടെ മടക്കയാത്ര കൂടിയാകും ചിത്രം. കസബ പഠിപ്പിച്ച പാഠങ്ങളും പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുമ്പോൾ നിഥിന്റെ വാക്കുകളിൽ അച്ഛന്റെ അതേ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും.  

ലേലം 2 അല്ല ‘കാവൽ’

കാവൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മുണ്ടും തോക്കുമൊക്കെ കണ്ട് ലേലം 2 ആണോയെന്ന് സംശയിച്ചവരുണ്ട്. ലേലത്തിന്റെ രണ്ടാംഭാഗമല്ല കാവൽ. ഹൈറേഞ്ച് പശ്ചാത്തലമാക്കിയാണ് കാവലിൽ കഥ പറയുന്നത്. കട്ടപ്പന പോലൊരു ഗ്രാമത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന കഥാപാത്രം ആയതുകൊണ്ട് അവരുടെ ശീലത്തിന്റെ ഭാഗമായിട്ടാണ് മുണ്ട് നൽകിയത്. ലേലം മനസ്സിൽ ഉള്ളതുകൊണ്ട് അറിയാതെ വന്നതായിരിക്കാം ഈ സാമ്യത. കാവലിന് ശേഷം അടുത്തവർഷം തന്നെ ലേലം 2 ഉണ്ടാകും. കഴിഞ്ഞ മൂന്നു വർഷമായി പ്രേക്ഷകരെ പോലെ ഞാനും സുരേഷ് അങ്കിളും അതിനായി കാത്തിരിക്കുന്നു. അച്ഛൻ രൺജി പണിക്കരാണ് തിരക്കഥ എഴുതുന്നത്. അദ്ദേഹത്തിന്റെ തിരക്ക് മൂലമാണ് ചിത്രം വൈകുന്നത്. 

രണ്ടു ഗെറ്റപ്പിൽ സുരേഷ്‌ഗോപി 

കാവൽ കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങാനിരുന്നതായിരുന്നു. ഇപ്പോൾ വർക്കുകളൊക്കെ ഏകദേശം പൂർത്തിയായി. ജനുവരിയോടെ ഷൂട്ടിങ് ആരംഭിക്കും. ഫൈനൽ കാസ്റ്റിംഗ് ഇതുവരെ ആയിട്ടില്ല. ചില താരങ്ങളുടെ ഡേറ്റ് അനുസരിച്ച് മാറാൻ സാധ്യതയുണ്ട്. സുരേഷ് ഗോപി, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുക. രണ്ടു ഗെറ്റപ്പിലാണ് സുരേഷ് ഗോപി. നായകനു പുറമേ 60 വയസ്സിനടുത്ത് പ്രായമുള്ള കഥാപാത്രമായും സുരേഷ് ഗോപി എത്തുന്നു. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ലാൽ ചെയ്യുന്നത്. 

സായ ഡേവിഡ്, മുത്തുമണി, ബേസിൽ, അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ, സുജിത് ശങ്കർ, പത്മരാജ് രതീഷ്, ഉണ്ണി രാജൻ പി ദേവ്, ബിജു പപ്പൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ ഹൈപ്പ് ഒന്നും വേണ്ട, ഒരു ആക്ഷൻ പടം. സസ്പെൻസ്, ഡ്രാമ, ഫാമിലി സെന്റിമെൻസ്, ആക്ഷൻ, റൊമാൻസ് എന്നിങ്ങനെ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത എലമെന്റ്സാണ് കൂടുതൽ. സിനിമയിൽ അച്ഛന് റോൾ ഒന്നുമില്ല.

കാവൽ സിനിമയിൽ കസബ പോലെയുള്ള വിവാദങ്ങൾക്ക് സ്കോപ്പുകൾ ഒന്നുമില്ല. ഇനി മറ്റെന്തെങ്കിലും വിഷയം ഉണ്ടെങ്കിലേ ഉള്ളൂ... എന്നാൽ വിവാദം ഉണ്ടാക്കാനാണെങ്കിൽ അതിനൊരു ചെറിയ സ്കോപ്പ് ഞാൻ കാണുന്നുമുണ്ട്. പിന്നെ ഇതൊക്കെ ബോംബ് ആകുമെന്ന് കരുതി മനഃപൂർവം ഇടുന്നതല്ലല്ലോ. കസബ മുൻനിർത്തി ചിന്തിക്കുമ്പോൾ അടുത്തുവരുന്നതും ബോംബാണോ എന്ന് ആളുകൾ ചോദിക്കുന്നത് സ്വാഭാവികം.   

അച്ഛൻ ഓക്കെ ആയാൽ ഡബിൾ ഓക്കെ

സ്ക്രിപ്റ്റ് എഴുതുമ്പോൾ ആദ്യത്തെ നാല് ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞ ശേഷം അച്ഛന് വായിക്കാൻ കൊടുക്കാറാണ് പതിവ്. അച്ഛൻ അതിൽ എന്തെങ്കിലും കറക്ഷൻ ഉണ്ടെങ്കിൽ പറയും. പിന്നെ അതിനെപ്പറ്റി ഞങ്ങൾ ഒരുമിച്ചിരുന്ന് ഡിസ്കസ് ചെയ്ത ശേഷം വീണ്ടും എഴുത്തു തുടരും. നമ്മൾ എഴുതിവച്ച സംഭവം രണ്ടാഴ്ച കഴിഞ്ഞു വായിച്ചാൽ നമുക്ക് തന്നെ ബോറടിക്കും. പിന്നീടത് റീ- റൈറ്റ് ചെയ്യേണ്ടിവരും. അച്ഛൻ ഫ്രീയാകുന്ന സമയത്ത് വായിച്ച് പറയുന്ന അഭിപ്രായങ്ങൾ ഞാൻ പൂർണമായും ഉൾക്കൊള്ളാറുണ്ട്. പിന്നെ ടെൻഷൻ ഫ്രീയാണ്. 

മൂന്നര വർഷത്തെ ഗ്യാപ്പ്... 

സിനിമയിൽ നിന്ന് മൂന്നര വർഷം ഗ്യാപ്പ് എടുത്തത് മനഃപ്പൂർവമല്ല. കസബ കഴിഞ്ഞാലുടൻ ലേലം 2 തുടങ്ങണം എന്നായിരുന്നു പ്ലാൻ. എന്നാൽ ഓരോ കാരണങ്ങളാൽ അത് നീണ്ടുപോകുകയായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് വിശ്വസിക്കുന്നു. ഇനിയൊരു ഗ്യാപ്പ് ഉണ്ടാകാതെ ശ്രദ്ധിക്കണം. അടുത്ത വർഷം ഒട്ടേറെ പ്രോജക്റ്റുകൾ പ്ലാൻ ചെയ്യുന്നുണ്ട്. ദിലീപേട്ടന്റെ കൂടെയും പൃഥ്വിരാജിനൊപ്പവും ഓരോ സിനിമകൾ ചർച്ചയിലുണ്ട്. രണ്ടും വലിയ പ്രോജക്റ്റുകളാണ്. അതിനുശേഷം പുതിയ ആൾക്കാരെ വച്ച് ഒരു അർബൻ പ്രോജക്ട് ചെയ്താൽ കൊള്ളാമെന്നുണ്ട്. അതിന്റെ ആലോചനകൾ നടക്കുന്നു. ഇനി വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. 

പബ്ലിസിറ്റിക്ക് ഒരു കുറവുമില്ല! 

‘നോ പബ്ലിസിറ്റി ഈസ് ബാഡ് പബ്ലിസിറ്റി’ എന്നാണല്ലോ? എന്നെ സംബന്ധിച്ചെടുത്തോളം ‘കസബ’ ടേണിങ് പോയിന്റ് ആയിരുന്നു. സിനിമ കണ്ട ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസർക്ക് ലാഭമുണ്ടാക്കി കൊടുത്തു. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഏതോ ഒരു ചർച്ചയിൽ എന്റെ പേര് വരുന്നത്. ആ കോലാഹലങ്ങൾ കുറേകാലം നീണ്ടുനിന്നു. 

ആദ്യത്തെ പടത്തിനു ശേഷം മൂന്നര വർഷത്തോളം ഗ്യാപ്പ് എടുത്ത ഒരാൾ ഈ ഫീൽഡിൽ ഒരു പരിധിവരെ അപ്രസക്തമായി പോകുമായിരുന്നു. എന്നാൽ എന്റെ ആദ്യ സിനിമയുടെ പേര് പറയുമ്പോൾ തന്നെ എല്ലാവർക്കുമറിയാം. ആളുകൾ എന്നെ തിരിച്ചറിയുന്നു. 

കസബയ്ക്ക് അത്തരം ചർച്ചകൾ പോയതുകൊണ്ട് ഇനിയൊരു സിനിമ ചെയ്യുമ്പോൾ മാറ്റം വരുത്തണം എന്നൊന്നും മനസ്സിൽ വച്ചിട്ട് ഞാൻ എഴുതാറില്ല. ഇനി നാളെ കസബ റീമേക്ക് ചെയ്യുകയാണെങ്കിലും അതിലെ ഒരു സീനോ ഡയലോഗോ പോലും ഞാൻ മാറ്റില്ല. ‘കാവലിൽ’ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്. ഉള്ള കഥാപാത്രങ്ങൾ ആണെങ്കിൽ പഞ്ച പാവവും. അവയെല്ലാം പോസിറ്റീവ് ക്യാരക്ടർ ആയതിനാൽ ചീത്ത വിളിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ!

പുലിവാലായ സ്ത്രീവിരുദ്ധത!

കസബയിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന് പറഞ്ഞാൽ ഇന്നും ഞാൻ അംഗീകരിച്ചു തരില്ല. കേരളത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വലിയ ക്രൈം ചെയ്തത് ഒരു സ്ത്രീയല്ലേ? ഇതിൽ നിന്ന് ഒരുകാര്യം മനസ്സിലാക്കി കൂടെ, ആണിലും പെണ്ണിലും നല്ലതും കെട്ടതും ഒക്കെയുണ്ട്. ആണുങ്ങളെ ചീത്ത വിളിച്ചാൽ ചോദിക്കാൻ ആരും വരില്ല. എന്നാൽ സ്ത്രീകളെ ചീത്ത വിളിച്ചാൽ ചോദിക്കാൻ ആയിരം പേരുണ്ടാവും. 

സ്ത്രീയെയും പുരുഷനെയും, മറ്റേത് സ്ത്രീയും കാണുന്നതിനേക്കാൾ തുല്യമായിട്ടാണ് ഞാൻ കാണുന്നത്. ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന സ്ത്രീകൾ പോലും എനിക്ക് താഴെയും സ്ത്രീകൾ ഉണ്ടല്ലോ എന്ന് ചിന്തിക്കും. എന്നാൽ ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല. സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കാണുന്നതുകൊണ്ടാണ് കഥാപാത്രങ്ങൾ എഴുതുമ്പോൾ മുഖം നോക്കാതെ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്നത്. കസബയിൽ മമ്മൂക്കയുടെ കഥാപാത്രം ചെയ്തതും അതുതന്നെയാണ്.  

കസബ അനാവശ്യ ഡിസ്കഷനിലേക്ക് പോയപ്പോൾ മമ്മൂക്കയ്ക്ക് ബുദ്ധിമുട്ട് തോന്നിയിരിക്കണം. പക്ഷേ, അതൊന്നും എന്നോട് പറഞ്ഞിട്ടില്ല. മഹായാനം, ഇൻസ്‌പെക്ടർ ബൽറാം, കരിയിലക്കാറ്റുപോലെ, ദി കിംഗ് ചെയ്തപ്പോഴൊന്നും സ്ത്രീവിരുദ്ധത പറഞ്ഞ് ആരും പ്രതിഷേധിച്ചിട്ടില്ല. അന്നത്തെ കാലത്ത് അതെല്ലാം ആളുകളെ രസിപ്പിക്കുന്ന സിനിമകൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് ആളുകളിലേക്ക് കാര്യങ്ങൾ വളരെ പെട്ടെന്ന് എത്തുന്നു. പലതും ഇമോഷണൽ ആയി കാണുന്നു. ഇന്ന് ആർക്കും ആരെയും വിമർശിക്കാം. വഴിയെ പോകുന്ന ആളുകളെല്ലാം അഭിപ്രായം പറയുന്നു, ചീത്ത വിളിക്കുന്നു. 

സോഷ്യൽ മീഡിയയിൽ റിവ്യൂ എഴുതാൻ വേണ്ടി മാത്രം സിനിമ കാണുന്നവരാണ് കൂടുതലും. ഓരോരുത്തർ അവർക്കിഷ്ടമുള്ളതുപോലെ  സ്റ്റാറുകൾ കൊടുത്ത് സിനിമയെ വിലയിരുത്തുന്നു. വാഴ്ത്തപ്പെടുന്ന സിനിമകൾ പലതും സാധാരണ പ്രേക്ഷകർക്ക് ദഹിക്കാത്തതായിരിക്കും. കസബ ഇറങ്ങിയശേഷം വന്ന 30 സിനിമകളിലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീവിരുദ്ധതയുണ്ട്. സ്ത്രീപക്ഷ സിനിമ എന്ന ലേബലിൽ ഇറങ്ങിയ ചില സിനിമകളിലും കാണാം. എന്നാൽ അതൊന്നും ആരും ഇവിടെ ചർച്ചയാക്കാറില്ല. 

അർജുൻ റെഡ്ഢി എന്ന സിനിമ ഇറങ്ങിയപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. നെറ്റ്ഫ്ലിക്സിൽ വരുന്ന എത്രയോ സിനിമകൾ  വാഴ്ത്തപ്പെടുന്നുണ്ട്. ബോളിവുഡിൽ നവാസുദ്ദീൻ സിദ്ദീഖി പരസ്യമായി സെക്സ് ചെയ്താലും, ഭയങ്കര ബുദ്ധിജീവി എന്ന് പറയും. നമ്മുടെ പടത്തിൽ ഒരു പൊലീസുകാരിയുടെ ബെൽറ്റിൽ കയറി പിടിച്ചാൽ വലിയ പ്രശ്നമാണ്. ഞാൻ ഇത്തരം ബുദ്ധിജീവികൾക്ക് വേണ്ടിയല്ല സിനിമയെടുക്കുന്നത്. രണ്ടര മൂന്ന് മണിക്കൂർ ബോറടിയില്ലാതെ സിനിമ കാണാൻ കഴിയണം. സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, സന്തോഷിപ്പിക്കുന്ന സിനിമകൾ ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.

Tags:
  • Spotlight
  • Celebrity Interview
  • Movies