Saturday 04 April 2020 05:19 PM IST

കൂടുതൽ കരുതൽ വേണം വീട്ടിലുള്ള ഭിന്നശേഷിക്കാർക്ക് ; കോവിഡ് കാലത്ത് അവർക്കായി വീടൊരുക്കാം

Tency Jacob

Sub Editor

mentaknvdfhbufgv

ഭിന്നശേഷിക്കാർക്ക് കുറച്ചു കൂടുതൽ കരുതൽ വേണ്ട കാലമാണിത്. പടർന്നുപിടിക്കുന്ന വൈറസ് ബാധയും ഈ കത്തുന്ന വേനൽക്കാലവും അവർക്ക് അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സാധാരണ പനി പോലും അവർക്ക് ന്യൂമോണിയയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടാക്കാറുണ്ട്. ആ സമയത്ത് കോവിഡ് ബാധ കൂടി വന്നാലോ. അതുകൊണ്ട് അസുഖങ്ങൾ പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വെക്കണം. കുടുംബാംഗങ്ങൾ എല്ലാം വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് ഭിന്നശേഷിക്കാരിലുള്ള ശ്രദ്ധ കുറഞ്ഞു പോകരുത്. അവരെ നോക്കുന്നത് വീട്ടിലെ അമ്മയുടെയോ അച്ഛന്റെയോ മാത്രം ചുമതല ആകാതെ എല്ലാവർക്കും ആകാം അവരോടുള്ള കരുതൽ. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അവരെ അസുഖങ്ങളിൽ നിന്ന് മാറ്റി നിറുത്താൻ കഴിയും.

1. ഭിന്നശേഷിയുള്ളവരെ വീടിനു പുറത്തേക്ക് ഇറക്കാതിരിക്കുക എന്നതാണ് ആദ്യത്തെയും പ്രധാനപ്പെട്ടതുമായ കാര്യം. ഫ്ലാറ്റിലാണെങ്കിൽ താഴെ ഗ്രൗണ്ടിലോ തൊട്ടടുത്ത ഫ്ളാറ്റിലേക്കോ വിടുകയോ കൊണ്ടുപോവുകയോ ചെയ്യരുത്.

2. ഈ സമയത്ത് പുറത്തു പോയി ജോലി ചെയ്ത്‌ വരുന്നവർ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. അവർ തിരിച്ചു വീട്ടിലെത്തുമ്പോൾ ഭിന്നശേഷിയുള്ളവരെ തൊടാതിരിക്കാനും ബാഗ്, ഫോൺ മുതലായവ അവർ പിടിക്കാതിരിക്കാനും ശ്രദ്ധിക്കണം. കുളിച്ച ശേഷം മാത്രം അവരുമായി ഇടപഴകുക. അതുപോലെ പുറത്തു പോകാൻ ഉപയോഗിച്ച വസ്ത്രങ്ങൾ അവൾ സോപ്പ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുകയും വേണം ഫോൺ സാനിറ്റൈസർ ഉപയോഗിച്ച് തുടച്ച ശേഷം മാത്രം അവർക്ക് കൊടുക്കുക.

3. ജോലിക്കോ, കടയിലോ, മറ്റ് ആവശ്യങ്ങൾക്കോ പുറത്തുപോയി വന്നവർ തൊടാൻ സാധ്യതയുള്ള ഡോർ ഹാൻഡിലുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ സാനിറ്റൈസർ കൊണ്ട് കൊണ്ട് തുടയ്ക്കുക. ഭിന്നശേഷിയുള്ളവർ അവിടെ സ്പർശിച്ചിട്ടുണ്ടെങ്കിൽ അവരുടെ കൈ ഹാൻഡ് വാഷ് കൊണ്ടോ സാനിറ്റൈസർ കൊണ്ടോ വൃത്തിയാക്കാൻ പരിശീലിപ്പിക്കുകയോ അവരെക്കൊണ്ട് അത് ചെയ്യിക്കുകയും വേണം.

4. ഈ സമയങ്ങളിൽ അസുഖങ്ങൾ വന്നാൽ പോലും ഹോസ്പിറ്റൽ പോകാതിരിക്കുന്നതാണ് ബുദ്ധി.ഇവർക്ക് പൊതുവേ പ്രതിരോധശേഷി കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ അസുഖങ്ങൾ പിടികൂടാൻ സാധ്യതയുണ്ട്. ഒന്നുകിൽ വീട്ടിലുള്ള ആരെങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞ് മരുന്ന് വാങ്ങി വരാം.അല്ലെങ്കിൽ തൊട്ടടുത്തുള്ള ഹെൽത്ത് സെൻററിൽ സഹായം തേടാം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ ഡോക്ടേഴ്സിനെ വിളിച്ച് അവരുടെ സഹായം തേടാം.

5. വീട്ടിൽ ആർക്കെങ്കിലും പനിയോ ജലദോഷമോ തൊണ്ടവേദനയും ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ളവരുമായി ഇടപഴകാതെ മാറി നിൽക്കുന്നതാണ് നല്ലത്. കാരണം ആരോഗ്യമുള്ള ഒരു വ്യക്തിയിൽ കോവിഡ് 19 ഒരു സാധാരണ പനി, ജലദോഷം, തൊണ്ടവേദന, തലവേദന എന്നിങ്ങനെയൊക്കെയായി വന്നു പോകാം. എന്നാൽ ഭിന്നശേഷിക്കാരിൽ ഇത് വളരെ ഗുരുതരമായി ബാധിക്കും.

6. പനി, ജലദോഷം, തൊണ്ടവേദന ഇവയ്ക്ക് വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. പലപ്പോഴും തൊണ്ടവേദന, ശരീരവേദന പോലുള്ള അസുഖങ്ങൾ അവർക്ക് വീട്ടിലുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. അതുകൊണ്ട് അവരുടെമേൽ നിരന്തര നിരീക്ഷണം ആവശ്യമാണ്.

7. ഇടയ്ക്കിടെ ചൂടുവെള്ളം കുടിപ്പിക്കുക . അതുപോലെതന്നെ ചെറുചൂടുള്ള ഭക്ഷണമായിരിക്കണം കൊടുക്കേണ്ടത്. മധുരം അധികം കൊടുക്കാതിരിക്കുക. മൈദ കൊണ്ടുള്ള പലഹാരങ്ങളും.

8. ഫിസിയോ തെറാപ്പി പോലുള്ളവ ചെയ്യുന്നവരാണെങ്കിൽ അത് തുടരുക. പുറമേ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റുകൾക്ക്‌ വരാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ വീട്ടിലുള്ളവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി അവർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്. തെറാപ്പികൾ ഒരിക്കലും മുടക്കാൻ പാടുള്ളതല്ല.

9. പച്ചക്കറികൾ അരിയുക, തുണികൾ മടക്കുക, തുണികൾ അയയിൽ ഇടുക, അരി കഴുകിക്കുക, ചപ്പാത്തി മാവ് കുഴയ്ക്കുക, പാത്രങ്ങൾ കഴുകിക്കുക, സൂചിയിൽ നൂല് കോർക്കുക തുടങ്ങിയ കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കുന്നത് ഒക്കുപ്പേഷണൽ തെറാപ്പി യുടെ ഗുണം ചെയ്യും. അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക തന്നെ വേണം. സിമ്പതി കൊണ്ട് അവരെ ഇത്തരം കാര്യങ്ങളിൽ നിന്ന് മാറ്റി നിറുത്തരുത്.എന്നാൽ അവർക്ക് ക്ഷീണം തോന്നുകയാണെങ്കിൽ അവരെ വിശ്രമിക്കാൻ അനുവദിക്കുകയും വേണം.

ഇത്തരം വ്യക്തികൾ വിഷാദരോഗത്തിലേക്ക് പോകാനുള്ള സാധ്യത യുള്ളതുകൊണ്ട് അവരെ ഓരോ കാര്യങ്ങളിൽ വ്യാപൃതരാക്കുകയും കൂടുതൽ കരുതുകയും തന്നെയാണ് വേണ്ടത്.

10. ഈ സമയത്ത് വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്. അഴുക്കും എണ്ണമയവും അടിഞ്ഞുകൂടാൻ സാധ്യതയുള്ള ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.നിരന്തരം അവരെ അതു ബോധ്യപ്പെടുത്തുകയും വേണം.

11.എസി ഉപയോഗത്തിലുള്ള വീടുകളാണെങ്കിലും വായുസഞ്ചാരം കുറവുള്ള മുറികളുള്ള വീടുകൾ ആണെങ്കിലും നന്നായി ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ വായുവിൽക്കൂടി രോഗം പകരും എന്നതുകൊണ്ട് അകലെ നിന്നു മാത്രമേ ഭിന്നശേഷിയുള്ളവരോട് സംസാരിക്കാവൂ.രണ്ടു മീറ്റർ എന്നതാണ് സുരക്ഷിത അകലം.

12. കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ് ഈ കാലത്ത് കൂടുതൽ നല്ലത്. മുടി നന്നായി വളർന്നിട്ടുണ്ടെങ്കിൽ തല മൊട്ടയടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യാം . വീട്ടിലുള്ളവർക്ക് തന്നെ ഇത് ചെയ്തു കൊടുക്കാവുന്നതാണ്.

13. നടക്കുന്നവരാണെങ്കിൽ കുറച്ചു സമയം വീടിനുള്ളിൽതന്നെ ചെറു വ്യായാമങ്ങൾ ചെയ്യിക്കാം. അതുപോലെ വരയ്ക്കാനും കളർ പെയിൻറ് ചെയ്യാനും ഇഷ്ടമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ കൊടുക്കാം. പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ ദിവസവും കുറച്ചു സമയം കഴിഞ്ഞ വർഷം പഠിച്ച കാര്യങ്ങൾ ആവർത്തിച്ചു എഴുതിക്കാൻ ശ്രദ്ധിക്കാം.

ഡോ.മേരി അനിത സൈക്കോളജിസ്റ്, ചെയർമാൻ,സെൻറർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്മെന്റ്, കൊച്ചി.

Tags:
  • Spotlight