Friday 28 September 2018 12:02 PM IST : By സ്വന്തം ലേഖകൻ

മലപ്പുറത്ത് പട്ടിയിറച്ചി വിളമ്പി, കഴിച്ചവരെല്ലാം അവശനിലയിൽ; നായകളുടെ തലകൾ കിട്ടിയതോടെ സംഭവം ഉറപ്പിച്ച് അധികാരികളും

dog

ആവി പറക്കുന്ന പ്ലേറ്റിൽ ചൂടോടെ മുന്നിലെത്തിയ സാധനം തട്ടിവിട്ടപ്പോൾ ആരും അറിഞ്ഞിരുന്നില്ല. തങ്ങളുടെ വയറ്റിലേക്കെത്തിയത് പട്ടിയിറച്ചി ആണെന്ന്. പക്ഷേ സംഭവം അറിഞ്ഞപ്പോഴേക്കും കഴിച്ചവർ ഛർദ്ദിച്ച് ഒരു വഴിയായിരുന്നു. നിലമ്പൂർ കാളികാവിലാണ് മാനിറച്ചിയെന്നു കരുതി പട്ടിയിറച്ചി ചിലർ അകത്താക്കിയത്.

ഒരു കൂട്ടം ഭക്ഷണപ്രേമികൾക്ക് വേട്ടക്കാരാണ് പണികൊടുത്തത്. മാനിന്റെ ഇളം ഇറച്ചിയെന്ന വ്യാജേന പട്ടിയിറച്ചി ഇവർക്കു നൽകുകയായിരുന്നു. ആക്രാന്തത്തോടെ തട്ടിവിട്ട ഇവർ സംഭവത്തിനു ശേഷം ഛർദ്ദിച്ച് അവശരായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു.

കാട്ടിൽ കയറി മാനിനെ വേട്ടയാടി ശുദ്ധമായ വെടിയിറച്ചി നൽകാമെന്നായിരുന്നു വേട്ടക്കാരുടെ പ്രലോഭനം. മാനിറച്ചിയെന്ന വ്യാജേന ഉയർന്ന വിലയ്ക്ക് ഇവർക്ക് ഇറച്ചി വിൽക്കുകയും ചെയ്തു. ചിലർക്ക് ഇറച്ചി വേവിച്ചപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. കൂടുതൽ സമയം എടുത്തിട്ടും ഇറച്ചി വേവാത്തതാണ് ചിലരിൽ സംശയം ജനിപ്പിച്ചത്. കൂടാതെ, കാളികാവ് മലയുടെ അടിവാരത്തിൽ നിന്നും നിരവധി നായകളുടെ അറുത്തെടുത്ത തലകൂടി കിട്ടിയപ്പോൾ സംഗതി ഉറപ്പിച്ചു. പലരുടേയും അകത്തുപോയിരിക്കുന്നത് പട്ടിയിറച്ചിയാണെന്ന്.

പട്ടിയിറച്ചി തിന്ന് ഛർദ്ദിച്ച് ഒരു വഴിയായവർക്ക് പൊലീസിൽ പരാതി നൽകാനും ഭയമാണ്. വന്യമായ മാനിറച്ചിക്കായി കാശിറക്കിയത് നിയമപരമായി ഗുരുതര കുറ്റമാണ്. എന്നാൽ ഇതു സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.