Thursday 26 October 2023 03:49 PM IST

അടിക്കടി ഫ്രിജ് തുറക്കുന്നത്, ഷവറിലെ കുളി, വാഷിങ് മെഷീൻ ഉപയോഗം: കറന്റ് ബിൽ ഷോക്ക് നേരിടാൻ ടിപ്സ്

Chaithra Lakshmi

Sub Editor

electricity-bill

വെള്ളക്കരവും ഇനി വൈദ്യുതി ബില്ല് പോലെ ‘ഷോക് ട്രീറ്റ്മെന്റ് ’ ആയെത്തുമെന്നുറപ്പായി. ടാപ് വെറുതെ തുറന്നു കിടപ്പുണ്ടോ? വെള്ളം േചാരുന്നുണ്ടോ എന്നെല്ലാം നന്നായി ശ്രദ്ധിച്ചോളൂ. വാഷിങ് മെഷീൻ ദിവസം രണ്ടും മൂന്നും തവണ പ്രവർത്തിക്കുന്നതും ഫ്രിജിന്റെ ഡോർ അടിക്കടി തുറക്കുന്നതും കുറച്ചോളൂ. വൈദ്യുത സംരക്ഷണ മാർഗങ്ങൾ പിന്തുടർന്നാൽ വൈദ്യുതി ബില്ലിൽ 30 ശതമാനമെങ്കിലും കുറവു വരുത്താനാകും. വെള്ളം പാഴാകുന്നതു തടയുന്നതിലൂടെ ഭാവിയിൽ ജലദൗർലഭ്യമുണ്ടാകുന്നതു തടയാനും പ ണം നൽകി വെള്ളം വാങ്ങുന്നത് ഒഴിവാക്കാനുംസഹായിക്കും. ‘ബിൽ ഷോക്ക്’ നേരിടാൻ പുതിയ ശീലങ്ങളും ചിട്ടകളും പ്രാവർത്തികമാക്കണം. കുടുംബ ബജറ്റിന്റെ താളം തെറ്റാതിരിക്കാനും കയ്യിലെ പണം മുഴുവൻ ചോർന്നു പോകാതിരിക്കാനും ഇക്കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.

വെളിച്ചം ദുഃഖമാകില്ല

സാധാരണ ബൾബ് പ്രകാശിപ്പിക്കുന്നതിനു 60 വാട്സ് ൈവദ്യുതി വേണ്ടി വരും. അതേ അളവിൽ പ്രകാശം ലഭിക്കുന്നതിന് ഊർജക്ഷമതയുളള എൽഇഡി ബൾബ് ഉപയോഗിക്കാം. വെറും ഒൻപത് വാട്സ് വൈദ്യുതിയേ വേണ്ടി വരൂ. സീറോ വാട്ട് എന്ന പേരിൽ ഉപയോഗിക്കുന്ന കളർ ലാംപ് 15 മുതൽ 28 വരെ വാട്സ് ഉപയോഗിക്കും. ഇവയ്ക്കു പകരവും എൽഇഡി ബൾബ് ഉപയോഗിക്കാം.

അമൂല്യമാണ് ഓരോ തുള്ളിയും

∙ ടാപ് തുറന്നാണോ ദിവസവും രണ്ടു നേരം പല്ലു തേക്കുന്നത്? ഓേരാ തവണയും ഏഴു ലീറ്റർ വെള്ളമാണു നഷ്ടമാകുക. ഇതിനു പകരം മഗ്ഗിൽ വെള്ളമെടുത്തു പല്ലു തേച്ചോളൂ. കുറച്ചു വെള്ളം മതിയാകും.

∙ഷവറിൽ കുളിക്കുന്നതും ബാത്ടബ് ഉപയോഗിക്കുന്നതുമെല്ലാം വല്ലപ്പോഴുമാക്കാം. വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണിത്. പകരം ബക്കറ്റും മഗ്ഗും ഉപയോഗിച്ചാകാം കുളി. ഷവറിൽ 45 ലീറ്റർ വെള്ളവും ബാത് ടബിൽ 100 – 200 മി.ലീ. വെള്ളവുമാണു കുളിക്കാൻ വേണ്ടി വരിക. വേനൽക്കാലത്തു ബാത് ടബ് ഒഴിവാക്കാം.

∙ ദിവസവും വാഷിങ് മെഷീൻ ഉപയോഗിക്കുന്നതു വെള്ളവും വൈദ്യുതിയും പാഴാകാൻ ഇടയാക്കും. ഒരാഴ്ചത്തെ വസ്ത്രങ്ങൾ ഒരുമിച്ച് അലക്കിയാൽ വെള്ളം പാഴാകുന്നതു തടയാം.

∙ േഹാസിനു പകരം ബക്കറ്റും മഗ്ഗും ഉപയോഗിച്ചു നനയ്ക്കുകയും കാർ കഴുകുകയും ചെയ്യാം. അതിരാവിലെയോ സന്ധ്യയ്ക്കു ശേഷമോ ചെടികൾ നനയ്ക്കുക. ഇങ്ങനെ ചെയ്താൽ വെള്ളം പാഴാകുന്നതു തടയാം.

∙ ഉപകരണങ്ങളുടെ കേടുപാടുകളും ചോർച്ചയും മൂലം വെള്ളം പാഴാകാനിടയുണ്ട്. കൃത്യസമയത്ത് ഇവ പരിഹരിക്കാൻ ശ്രദ്ധിക്കണം.

∙രാമച്ചം പോലെയുള്ള ചെടികൾ പറമ്പിൽ നട്ടുവളർത്തുക. ഇവ വെള്ളം താഴാൻ ഉപകരിക്കും. ജൈവവേലി ഒരുക്കുന്നതും ഗുണകരമാണ്.

∙മുറ്റത്തു പൂർണമായും സിമന്റ്, ടൈൽ ഇവ വിരിച്ചാൽ ഭൂമിയിലേക്കു വെള്ളമിറങ്ങാതെ വരും. ഇതു ജലദൗർലഭ്യത്തിനും വെള്ളക്കെട്ടിനും ഇടയാക്കും. ഒരു മീറ്റർ സ്ഥലത്ത് അറ നിർമിച്ചാൽ ഭൂഗർഭജലം ഇറങ്ങും. വെള്ളക്കെട്ട് ഉണ്ടാകുകയുമില്ല.

∙ മഴവെള്ളം സംഭരിക്കുന്നതിലൂടെ ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കാം. അഞ്ചു സെന്റിൽ വീട് നിർമിക്കാനൊരുങ്ങുന്നവർക്കു പോലും കാർപോർച്ചിന്റെയോ ബെഡ്റൂമിന്റെയോ അടിയിൽ മഴവെള്ളസംഭരണിയൊരുക്കാം. ഫെേറാസിമന്റ് ഉപയോഗിച്ചു മഴവെള്ളസംഭരണിയൊരുക്കുന്നതാണ് ഏറ്റവും െചലവു കുറവ്.

∙ പറമ്പിൽ മഴക്കുഴിയൊരുക്കിയും വെള്ളം ഭൂമിക്കടിയിൽ താഴാൻ അവസരമൊരുക്കാം.

1905027643

ഷോക്കടിപ്പിച്ച വൈദ്യുതി ബിൽ

∙ ബിഇഇ സ്റ്റാർ ലേബലുള്ള ഊർജക്ഷമത കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാനാകും.

സാധാരണ ഫാൻ 55 വാട്സ് വൈദ്യുതിയാണ് ഉപയോഗിക്കുക. ഊർജക്ഷമത കൂടിയ ബിഎൽഡിസി ഫാൻ 28 വാട്സ് മാത്രമേ ഉപയോഗിക്കൂ. ഇതിലൂടെ മാസം 6. 48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം.

∙ ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നതിനൊപ്പം പ്ലഗ് ഊരിയിടുകയും വേണം.

∙ കാറ്റും വെളിച്ചവും നിറയുന്ന രീതിയിൽ അകത്തളങ്ങളൊരുക്കാം. ഇളംനിറങ്ങളിലെ ഇ ന്റീരിയറാണു നല്ലത്. ഭിത്തിയിലും മേൽക്കൂരയിലും ഇളം നിറം നൽകുന്നതു വെളിച്ചം പ്രതിഫലിപ്പിക്കും.

∙കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുയോജ്യമായ സംഭരണശേഷിയുള്ള റഫ്രിജറേറ്റർ തിരഞ്ഞെടുക്കുക.

ഫ്രോസ്റ്റ്ഫ്രീ റഫ്രിജറേറ്ററുകൾക്കു കൂടുതൽ വൈദ്യുതി വേണ്ടി വരും. ആവശ്യമെങ്കിൽ മാത്രം ഇവ ഉപയോഗിക്കാം.

∙ഫ്രീസറും റഫ്രിജറേറ്ററും നിർമാതാക്കൾ നിർദേശിച്ചിട്ടുള്ള താപനിലയിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണപദാർഥങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റഫ്രിജറേറ്ററിനുള്ളിൽ വയ്ക്കുക.

∙ സാധാരണ റഗുലേറ്ററിനു പകരം ഗുണനിലവാരമുള്ള ഇലക്ട്രോണിക് റഗുലേറ്ററുകൾ ഉപയോഗിച്ചു ഫാൻ പ്രവർത്തിപ്പിക്കാം.

അമിതോപയോഗം ഒഴിവാക്കാം

∙വൈകുന്നേരം ആറു മുതൽ 11 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം നടക്കുന്നത്.  ഈ സമയങ്ങളിൽ  വാഷിങ് മെഷീൻ, പമ്പുകൾ, ഇൻഡക്‌ഷൻ കുക്കർ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതു കഴിവതും ഒഴിവാക്കണം.  
ഈ സമയത്തു വോൾട്ടേജ് കുറവായതിനാൽ നിർദേശിച്ചിരിക്കുന്ന ശക്തിക്കു വേണ്ടി കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ വൈദ്യുതോപകരണങ്ങൾ പെട്ടെന്നു കേടാകാൻ സാധ്യതയുണ്ട്. ഇതു ൈവദ്യുതി ലാഭിക്കുന്നതിനും ഉപകരണങ്ങളുടെ ദീർഘായുസ്സു നിലനിർത്താനും സഹായിക്കും.
∙ ഫാൻ, എയർ കണ്ടീഷനർ തുടങ്ങിയവയുടെ ഉപയോഗം വേനൽക്കാലത്തു വളരെ കൂടുതലാണ്.  ഇതു വേനൽക്കാലത്തെ വൈദ്യുതി ചെലവ് കൂട്ടാൻ കാരണമാകും. എയർകണ്ടീഷനർ 25 ഡിഗ്രി സെൽഷസിലോ അതിൽ കുറഞ്ഞ താപനിലയിലോ പ്രവർത്തിപ്പിക്കുക. താപനില ഒരു ഡിഗ്രി സെൽഷസ് കുറയ്ക്കുന്നതിലൂടെ നാല് ശതമാനം ഊർജം സംരക്ഷിക്കാനാകും. ൈവദ്യുതി ബില്ലിൽ ഇതു പ്രതിഫലിക്കും.

299123942

പാഴാക്കാതെ പാത്രം കഴുകാം

 ∙സിങ്കിൽ വെള്ളം തുറന്നിട്ടു പാത്രം കഴുകുന്നതാണു പലരുടെയും ശീലം.  ഇങ്ങനെ ചെയ്താൽ ഓരോ മിനിറ്റിലും 20 ലീറ്റർ വെള്ളമാണു പാഴാകുക. കഴിയുമെങ്കിൽ ഒരു വലിയ പാത്രത്തിൽ വെള്ളം ശേഖരിച്ച്  അതു കൊണ്ടു പാത്രങ്ങൾ കഴുകാം.
∙ ആദ്യം കുറച്ചു പാത്രങ്ങൾ കഴുകുക. ഈ വെള്ളം ബക്കറ്റിലോ മറ്റോ ശേഖരിക്കണം. ശേഷിക്കുന്ന എ ണ്ണമെഴുക്കുള്ള പാത്രങ്ങൾ ആ വെള്ളത്തിൽ കഴുകുക. പിന്നീട് ശുദ്ധജലത്തിൽ കഴുകാം.
∙ ഡിഷ്‌വാഷറിൽ ഫുൾ ലോഡ് നിറച്ചു മാത്രം  കഴുകാൻ ശ്രദ്ധിക്കുക.

വൈദ്യുതി ലാഭിക്കാനും പണം നേടാനും സോളര്‍ പാനൽ

∙ വീടുകളിൽ സോളർ പാനൽ സ്ഥാപിച്ചാൽ വൈദ്യുതി ലാഭിക്കുന്നതിനൊപ്പം പണവും നേടാം. വീട്ടിലേക്ക് ആവശ്യമുള്ളതിൽ കൂടുതലായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി  കെഎസ്ഇബി എൽ ഗ്രിഡിലേക്കു കൈമാറാം. ഒരു വർഷ കാലയളവിൽ ഗ്രിഡിലേക്കു നൽകുന്ന അധിക വൈദ്യുതിക്ക് കെഎസ്ഇബി  നിശ്ചിത തുക ഇങ്ങോട്ടു നൽകും.
∙ സോളർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി മുടക്കുന്ന തുക നഷ്ടമായി കണക്കാക്കേണ്ട. വൈദ്യുതി ബില്ലിലുണ്ടാകുന്ന ലാഭം കണക്കുകൂട്ടി നോക്കിക്കോളൂ.  ഉപയോഗം അടിസ്ഥാനമാക്കി നാലു മുതൽ ആറു വർഷത്തിനകം മുടക്കിയ തുക തിരികെ പിടിക്കാനാകും.

∙ വരാനിരിക്കുന്നത് വൈദ്യുത വാഹനങ്ങളുടെ കാലമാണ്.  ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു ഗ്രിഡ് ബന്ധിത സോളർ പാനൽ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ചെലവ് കുറയ്ക്കാനാകും.   കുടുംബ ബജറ്റിൽ വലിയ ലാഭമാണിതു നൽകുക.

∙ ഒരു കിലോവാട്ട് സോളർ പാനൽ സ്ഥാപിക്കുന്നതിനു പുരപ്പുറത്തു നിഴൽ പതിക്കാത്ത 100 ചതുരശ്ര അടി സ്ഥലം വേണ്ടിവരും.  വൈദ്യുതി ബിൽ പൂജ്യമാകുന്നതിനു വേണ്ടി ഓേരാ വീട്ടിലും സ്ഥാപിക്കേണ്ട സോളർ പാനലിന്റെ ശേഷി തിരിച്ചറിയാൻ വഴിയുണ്ട്.  വൈദ്യുതി ബില്ലിൽ നിന്നു രണ്ടു മാസത്തെ ആകെ ഉപയോഗമെത്രയെന്നു മനസ്സിലാക്കാനാകും.
അതിൽ നിന്ന് ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതിയാണു ഉപയോഗിക്കുന്നതെന്നു കണ്ടുപിടിക്കണം. ഇതിനെ നാലു കൊണ്ട്  ഭാഗിച്ചാൽ മതി.
ഒരു കിലോവാട്ട് സോളർ പാനലിൽ നിന്ന് ദിവസേന ഏകദേശം നാലു യൂണിറ്റ് വൈദ്യുതിയാണു ലഭിക്കുക.

ചൈത്രാലക്ഷ്മി

വിവരങ്ങൾക്കു കടപ്പാട്:

ദിനേഷ് കുമാർ എ. എന്‍
ജോയ്ന്റ് ഡയറക്ടർ,
എനർജി മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം
സുഭാഷ് ചന്ദ്രബോസ്,
ജലവിഭവവകുപ്പ് മുൻഡയറക്ടർ,
പരിസ്ഥിതി ശാസ്ത്ര‍ജ്ഞൻ
വിശാഖ് എം. എസ്
ഡിസ്ട്രിക്ട് പ്രോജക്ട് എൻജിനിയർ
അനർട്ട്, തിരുവനന്തപുരം