Thursday 28 March 2024 11:57 AM IST

‘ഞങ്ങൾ തഴയപ്പെട്ടവരായിരുന്നു, ഇപ്പോൾ ഞങ്ങൾക്ക് ഒരച്ചനുണ്ട്’: ശബ്ദമില്ലാത്തവരുടെ ലോകത്തെ മഹാനന്മ: ഫാ. ബിജുവിന്റെ ജീവിതം

Binsha Muhammed

father-biju

എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തത് ( മത്തായി 25: 40)

സംഗീതത്തിനും പ്രാർഥനകൾക്കും പകരം മൗനം ഈണമാക്കിയ അൾത്താര. കുർബാന അർപ്പിക്കുന്ന വൈദികന്റെ ചുണ്ടുകളല്ല ചലിക്കുന്നത്, കൈകളാണ്. ആംഗ്യഭാഷ കൊണ്ട് ഈ ൈവദികർ ചേർത്തുപിടിക്കുന്നതു ശബ്ദമില്ലാത്തവരുടെ ഹൃദയങ്ങളെയാണ്.

ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കുകയും കേൾവി പരിമിതിയുള്ളവരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഫാ. ബിജു ലോറൻസ് മൂലക്കരയുടെ ജീവിതം.

നവധ്വനി – ഉയരുന്ന പുതു ശബ്ദം

കേൾവിപരിമിതിയുളളവർക്കു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണു ദൈവത്തെ കൂടുതൽ അടുത്തറിഞ്ഞതായി തോന്നിയത്.

കേൾവിപരിമിതിയുള്ളവർക്കു വേണ്ടിയുള്ള നവധ്വനി എന്ന പ്രസ്ഥാനത്തിന്റെ ഡയറക്ടറായ ഫാദർ ബിജു ലോറൻസ് മൂലക്കര പറയുന്നു. ഹോളിക്രോസ് സഭയുടെ കോട്ടയം അയ്മനത്തെ സെമിനാരിയുടെ സുപ്പീരിയർ കൂടിയായ ഫാദർ ബിജു തിരഞ്ഞെടുത്ത വഴിയെക്കുറിച്ചു ഹൃദയം തുറക്കുന്നു.

തിരുവനന്തപുരം കാഞ്ഞിരംകുളത്തിനടുത്തുള്ള മരപ്പാലമാണു സ്വദേശം. സബ്ഇൻസ്പെക്ടറായിരുന്ന അച്ഛ ൻ ലോറൻസും അമ്മ േമരിയും ആത്മീയവഴി തിരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനത്തിനൊപ്പം നിന്നു. ‌

അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഹോളിക്രോസ് സഭയുടെ സെമിനാരിയിൽ ചേർന്നു. പുണെ ജെഡി കോ ളജിൽ തത്വശാസ്ത്രം പഠിക്കുന്ന കാലത്താണു ഒരിക്കൽ ബസ് യാത്രയ്ക്കിടെ രണ്ടു പേർ തമ്മിൽ ആംഗ്യം കാണിക്കുന്നതു കണ്ടു. എന്തോ കോഡ് ആണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അവർ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുകയാണെന്നു മനസ്സിലായത്. ആ ഭാഷയെക്കുറിച്ചുള്ള കൗതുകം അന്നേ മനസ്സിൽ കടന്നു കൂടി.

2003 ൽ ഹോളിക്രോസ് മേജർ സെമിനാരിയിൽ നിൽക്കുന്ന സമയത്താണ് കേൾവി പരിമിതിയുള്ളവർക്കായി പ്രവർത്തിക്കുന്ന കനേഡിയൻ വൈദികനായ ഹാരി സ്റ്റോക്സ് ആംഗ്യഭാഷ പഠിക്കാനായി ഞങ്ങളിൽ ചിലരെ ക്ഷണിച്ചത്. ഈ ഭാഷയോടുള്ള താൽപര്യം കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനായി. ഫാദർ ഹാരി കർശനചിട്ടകളുള്ള അധ്യാപകനാണ്. ആംഗ്യഭാഷ പഠിച്ചെടുക്കുക അത്ര എളുപ്പമല്ല. ഭൂരിഭാഗം പേരും പഠനം പൂർത്തിയാക്കിയില്ല. ദൈവാനുഗ്രഹത്താൽ എനിക്കു പഠനം മുഴുമിപ്പിക്കാൻ കഴിഞ്ഞു.

കേൾവി പരിമിതിയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ തിയോളജി പഠനസമയത്തു പോകുകയും അവരുമായിആശയവിനിമയം നടത്തുകയും ചെയ്യുമായിരുന്നു.

ആംഗ്യഭാഷയിലെ ആദ്യ കുർബാന

‘‘2008 ൽ പൗരോഹിത്യം സ്വീകരിച്ച് ആദ്യ ദിവ്യബലിയർപ്പിക്കേണ്ട സമയമെത്തിയപ്പോൾ എന്തുകൊണ്ടു കുർബാനയർപ്പിക്കുന്നത് ആംഗ്യഭാഷയിലായിക്കൂടാ എന്ന് തോന്നി. പ്രത്യേക പരിശീലനം നേടിയ ശേഷം ബെംഗളൂരുവിലെ കേൾവി പരിമിതിയുളളവരുടെ സമൂഹത്തിനു വേണ്ടി ആംഗ്യഭാഷയിലാണു ഞാൻ ആദ്യമായി കുർബാനയർപ്പിച്ചത്.

അയ്മനത്തെ സെമിനാരിയിൽ വൊക്കേഷൻ പ്രൊമോട്ടറായി നിയമനം ലഭിച്ചു. ആ സമയത്തു കേൾവിപരിമിതർക്കു വേണ്ടി പ്രവർത്തനം തുടങ്ങി. ഇതിനിടെ എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇൻറർപ്രെറ്റിങ് പിജി ഡിപ്ലോമ, തമിഴ്നാട് ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഹിയറിങ് ഇംപെയർമെന്റിൽ സ്പെഷൽ ബിഎഡ് ഇവ പഠിച്ചു.

എംഎസ്‌സി സൈക്കോളജി, കൗൺസലിങ് ബിരുദം, എംബിഎ എന്നീ കോഴ്സുകളും പൂർത്തിയാക്കി. 2016 ലാ ണു കേൾവി പരിമിതിയുള്ളവർക്കു വേണ്ടി മാത്രമായി പ്രവർത്തിക്കണമെന്ന ആഗ്രഹം ഹോളിക്രോസ് സഭയെ അ റിയിച്ചത്. ഡെഫ് മിനിസ്ട്രി ആരംഭിക്കാൻ സഭ അനുവാദം നൽകിയതോടെ 2017 ൽ കേൾവിപരിമിതർക്കു വേണ്ടി നവധ്വനി എന്ന പ്രസ്ഥാനം ആരംഭിച്ചു.

കേരളത്തിലെ പല ജില്ലകളിലെ കേൾവിപരിമിതർക്കു വേണ്ടി നവധ്വനിയുടെ സേവനം ഉറപ്പാക്കുന്നു. ഇവരെ ഒരു സമൂഹമാക്കി മാറ്റി അവർക്കു വേണ്ട സാമൂഹികമായും ആത്മീയമായും ആവശ്യമുള്ള കാര്യങ്ങൾ ചെയ്തു നൽകുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ആത്മീയമായ ഉന്നമനത്തിനു വേണ്ടി ആംഗ്യഭാഷയിൽ കുർബാന നടത്തുകയും സെമിനാറുകളും ഒട്ടേറെ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുമായി സഹകരിച്ചു കേരളത്തിലെ പല ഇടങ്ങളിലും ബെംഗളൂരുവിലും ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന നടത്താറുണ്ട്.

സർക്കാരിൽ നിന്നുള്ള സഹായവും തൊഴിലവസരവും ഉറപ്പാക്കാൻ ശ്രമം നടത്തും. കേൾവി പരിമിതിയുള്ളവർക്കു വേണ്ടി കൗൺസലിങ് നൽകാറുണ്ട്. വിവാഹ ഒരുക്കത്തിനായുള്ള സെമിനാർ സംഘടിപ്പിക്കും. എല്ലാ മതസ്ഥർക്കും ഈ സെമിനാറിൽ പങ്കെടുക്കാം.

father-biju-2

വിവാഹം കഴിഞ്ഞാലും അവരോട് ആശയവിനിമയം ന ടത്തുകയും വേണ്ട മാനസിക പിന്തുണയേകുകയും ചെയ്യും. കോടതി കാര്യങ്ങളിലും ആശുപത്രി സംബന്ധമായ കാര്യങ്ങളിലും ആംഗ്യഭാഷ വ്യാഖ്യാനം ചെയ്യാൻ പോകാറുണ്ട്. ചെറിയ പിന്തുണ പോലും ഇവർക്കു പ്രചോദനമാകുമെന്നാണ് അനുഭവം.

കുറേക്കാലം മുൻപ് ലോട്ടറി വിൽപന നടത്തുന്ന കേൾവി പരിമിതിയുള്ള ഒരമ്മയെ പരിചയപ്പെട്ടു. ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നതു കൊണ്ട് എന്നോടു ഹൃദയം തുറക്കാറുണ്ട്. അടുത്തിടെ അവർ പറയുകയാണ് ‘ഞങ്ങൾ മുൻപ് തഴയപ്പെട്ടവരായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരച്ചനുണ്ട്. കുറേ സിസ്റ്റർമാരുണ്ട്. വിലമതിക്കാനാവില്ല ഈ പിന്തുണ.’ ആ അമ്മയുടെ രണ്ടു മക്കളും നല്ല വിദ്യാഭ്യാസം നേടി.

അന്യസംസ്ഥാനങ്ങളിൽ നിന്നു പലരും വിളിക്കും. വിദ്യാഭ്യാസം നേടുന്നതിനു സഹായിക്കാമോ എന്നു ചോദിച്ച്. കേൾവി പരിമിതിയുള്ളവർക്കു വേണ്ടി നവധ്വനിയുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കണമെന്നുണ്ട്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി പുതിയ തലമുറയുെട ജീവിതം ഉയർന്ന തലത്തിലേക്കെത്തിക്കണം. വിജയത്തിന്റെ പുതുശബ്ദമായി അവർ ഓരോരുത്തരും മാതൃകയാകുന്ന കാലമാണ് എന്റെ സ്വപ്നം.’’

ചൈത്രാലക്ഷ്മി

ഫോട്ടോ: ഹരികൃഷ്ണൻ, ശ്രീകുമാർ എരുവട്ടി