Friday 03 August 2018 04:44 PM IST

‘ശവശരീരങ്ങൾ അഴുകാതിരിക്കാൻ പുരട്ടുന്ന അതേ ഫോർമാലിൻ’; മലയാളികളുടെ തീൻ മേശയിലെത്തും മുമ്പ് മീനിന് സംഭവിക്കുന്നത്

V N Rakhi

Sub Editor

fish-cover

ഉച്ചയൂണെന്നു കേൾക്കുമ്പോഴേ അയല, മത്തി, ചൂര, ചാള, അയ്ക്കൂറ, നത്തോലി... എന്നു പാട്ടു പാടുന്നവരായിരുന്നു മലയാളികൾ. പോഷകങ്ങളും പ്രോട്ടീനുമടങ്ങിയ, എളുപ്പത്തിൽ ദഹിക്കുന്ന മീൻ കഷണം ‘ഒരു കുഞ്ഞ്യേതെ’ങ്കിലും വേണം, ഊണിന് ‘കംപ്ലീറ്റ് ഫീൽ’ കിട്ടാൻ. പക്ഷേ, ഇപ്പോൾ കുറച്ചു നാളുകളായി മീൻ എന്നു കേൾക്കുമ്പോഴേ ഫോർമാലിൻ എന്ന വിഷത്തിന്റെ രൂക്ഷഗന്ധം മൂക്കി ലടിക്കുന്ന അവസ്ഥയാണ്. കേൾക്കുന്ന കഥകളോ? മീൻ ചട്ടി കാണുമ്പോഴേ ഒാടി രക്ഷപ്പെടാൻ തോന്നിക്കുന്നതും.

രാസവസ്തുക്കളുടെ സ്വന്തം മീൻ

ഒന്നു രണ്ടു കൊല്ലമായി മീനിൽ പല തരത്തിലുള്ള രാസവസ്തുക്കൾ ചേർക്കുന്നത് ശ്രദ്ധയിൽപെട്ടിട്ട്. സോഡിയം ബെൻസോവേറ്റ് ആയിരുന്നു ആദ്യം ചേർത്തിരുന്നത്. സോഫ്റ്റ് ഡ്രിങ്ക്സിലും അച്ചാറിലും കേക്കിലും ജാമിലുമൊക്കെ വളരെ ചെറിയ അളവിൽ ചേർക്കാറുള്ള ഫൂഡ് പ്രിസർവേറ്റിവ് ആണ് സോഡിയം ബെൻസോവേറ്റ്. പൊതുവെ സുരക്ഷിതമെന്നു കണക്കാക്കപ്പെട്ടിട്ടുള്ള പ്രിസർവേറ്റീവുകളിൽ ഒന്നാണെങ്കിലും നിശ്ചിത അളവിലേ ഇത് ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കാവൂ. എത്ര ഹാനികരമല്ലാത്ത രാസവസ്തുവും ഒരളവിൽ കൂടുതൽ ശരീരത്തിനക ത്തു ചെന്നാൽ ദോഷമായി മാറും. ഇതേ പ്രിസർവേറ്റിവ് ചേർത്ത മീൻ ദിവസവും കഴിച്ചാൽ അലർജി പോലുള്ള അസുഖങ്ങൾ ഉണ്ടാകാം.

കഴിഞ്ഞ കൊല്ലം മീനുകൾ അമോണിയ കലർത്തിയാണ് എത്തിയത്. െഎസിനു മുകളിൽ അമോണിയ ചേർത്താൽ എത്ര പഴകിയ മീൻ ആയാലും ഫ്രെഷ് മീൻ പോലെ തിളങ്ങും. ഫോർമാലിന്റെ അത്രയുമില്ലെന്നേയുള്ളൂ, അമോണിയയും ദോഷകരം തന്നെ.

40 ശതമാനം വെള്ളം ചേർത്തു നേർപ്പിച്ച ഫോർമാൽഡി ഹൈഡ് അഥവാ മെതനാൽ ലായനിയാണ് ഫോർമാലിൻ. മൃതശരീരങ്ങൾ കേടുവരാതിരിക്കാൻ ഫോർമാലിൻ ലായിനിയിൽ സൂക്ഷിക്കാറുണ്ട്. ശ്വാസകോശ രോഗങ്ങൾക്കും തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനത്ത കരാറിനും കാരണമാകുക മാത്രമല്ല, ചെറിയ അളവിലാണെങ്കിൽക്കൂടി ഇത് ശരീരത്തിനുള്ളിലെത്തിയാൽ പല ആന്തരി കാവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും.

ജീനുകളിൽ മാറ്റം വരുത്തി കാൻസർ ഉണ്ടാക്കാൻ കാരണമാകുന്ന ഗ്രൂപ്പ് വൺ കാർസിനോജിൻ വിഭാഗത്തിൽപെടുന്നതാണ് ഫോർമാൽഡിഹൈഡ്. പതിവായി ഫോർമാലിൻ കലർന്ന മീൻ കഴിച്ചാല‍്‍ വൃക്കരോഗങ്ങൾക്കുള്ള സാധ്യത വളരെ വളരെ കൂടുതലാണ്.

നല്ലതു പോലെ വെള്ളത്തിൽ കുതിർത്തു വച്ച് കഴുകിയാലും നല്ല ചൂടിൽ പാചകം ചെയ്താലും ഫോർമാലിൻ മീനിൽ നിന്നു നീക്കാനാകില്ല. ഈ വിഷം കൂടുതലുണ്ടെങ്കിൽ രുചി വ്യത്യാസം തീർച്ചയായും അറിയാനാകും. മീനിന്റെ രുചി ഒട്ടും തന്നെ ഉണ്ടാകില്ല. ചകിരി പോലെയിരിക്കും. പക്ഷേ, നമ്മുടെ പാചകരീതിയിൽ മസാലകളും എരിവും പുളിയുമെല്ലാം ന ന്നായി ചേർക്കുന്നതു കൊണ്ട് ചിലപ്പോൾ ആ വ്യത്യാസം തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. ഡീപ് ഫ്രൈ ചെയ്ത മീനാണെങ്കിൽ തീരെയും അറിയില്ല.

ഒാർത്തുനോക്കൂ, കറിവേപ്പിലയിലും പച്ചക്കറികളിലും വിഷമുണ്ടെന്ന് കണ്ടെത്തിയ ശേഷം പലരും വീട്ടിൽ കൃഷി ചെയ്തു തുടങ്ങിയില്ലേ?. അതോടെ വിഷമുള്ള പച്ചക്കറികളുടെ വരവ് എത്രയോ കുറഞ്ഞു. മീനിന്റെ കാര്യത്തിലും നല്ലതു മാത്രമേ വാങ്ങൂ എന്ന് നമ്മൾ ഉറച്ച തീരുമാനമെടുത്താൽ മാത്രമേ ഈ അവസ്ഥയ്ക്കു മാറ്റം വരൂ.

fish-1

മീൻ വാങ്ങാം, ബുദ്ധിപൂർവം

എത്ര കാലം മീനിനെ പടിക്കു പുറത്തു നിർത്താനാകും? മീൻ വാങ്ങാനും ഇത്തിരി കോമൺസെൻസ് ഒക്കെ ഉപയോഗിച്ചാൽ ടെൻഷനില്ലാതെ മീൻ കഴിക്കാം. ഞായറാഴ്ചകളിൽ ഫിഷിങ് ബോട്ടുകൾ കടലിൽ പോകാറില്ലെന്ന കാര്യം അറിയാത്തവരില്ല. അതുകൊണ്ട് തിങ്കളാഴ്ചകളിൽ മീൻ മാർക്കറ്റിൽ ചെന്നാല‍്‍ കിട്ടുന്നത് ശനിയാഴ്ചയോ മറ്റോ പിടിച്ച മീനാകും. അതുകൊണ്ട് തിങ്കളാഴ്ച മീൻ വാങ്ങൽ ഒഴിവാക്കാം.

മീൻ ഒന്നു വെറുതെ മണത്തു നോക്കൂ. അമോണിയയു ടെയോ ഫോർമാലിൻ പോലുള്ള ഏതെങ്കിലും രാസവസ്തുക്കളുടെയോ മണമുണ്ടെന്ന് സംശയം തോന്നിയാൽ ധൈര്യമായി തിരിച്ചു കൊടുക്കാം. പുതുമയുള്ള മീനിന് തിളങ്ങുന്ന, നല്ല തെളിച്ചമുള്ള, വൃത്താകൃതിയിലുള്ള കണ്ണുകളാകും. തിളക്കമില്ലാത്ത കുഴിഞ്ഞ ഇളം നീലനിറമുള്ള കണ്ണുകളാണെങ്കിൽ മീൻ പഴകിയെന്നർഥം. ചെകിളപ്പൂക്കൾക്ക് നല്ല രക്തവർണമാണെങ്കിൽ ഉറപ്പിച്ചോളൂ, മീൻ ഫ്രെഷ് തന്നെ.

വൃത്തിയാക്കുമ്പോൾ ചെതുമ്പലുകൾ മുഴുവനായി കള യണം. തൊലി കളയേണ്ട മീനാണെങ്കിൽ തൊലി നല്ലപോലെ നീക്കുക. വെള്ളം മാറ്റി മൂന്നു തവണ കഴുകിക്കോളൂ. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു കുറച്ചു നേരം വച്ചാൽ മീൻ കൂടുതൽ ശുദ്ധിയുള്ളതാകും. മീനിന്റെ അകം വൃത്തിയാക്കുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറമുള്ളതാണെങ്കിലും വിരൽകൊണ്ടമർത്തുമ്പോൾ മാംസത്തി ന് ദൃഢതയുണ്ടെങ്കിലും നല്ല മീൻ തന്നെ. പഴകിയ മീനിൽ വിരലമർത്തിയാൽ മാംസം താണു പോകും.

fish-2