Monday 27 April 2020 01:03 PM IST

13 വയസ്സ് മുതൽ ഏട്ടുവർഷത്തോളം അതിജീവനത്തിന്റെ നാളുകൾ; പോരടിച്ചു നിവർന്നുനിന്ന, ചിത്രകലയെ സ്നേഹിച്ച വിനീതയുടെ കഥ

Nithin Joseph

Sub Editor

nithin-final-

ചെറുപ്പം മുതൽക്കേ ചിത്രരചനയാണ് വിനീത മേനോന് എല്ലാം. പാലക്കാട്ടെ വീട്ടിൽ പഠനവും വരയുമൊക്കെയായി പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന സമയത്താണ് കാൽമുട്ട് വിനീതയോട് പിണങ്ങുന്നത്. വേദന സഹിക്കാനാവാതെ വന്നപ്പോൾ ആശുപത്രിയിലെത്തി. കാൽമുട്ടിന്റെ ഡിസ്‌ലൊക്കേഷൻ ആയിരുന്നു പ്രശ്നം. എന്നാൽ, അത് കൃത്യമായി കണ്ടെത്താനും ചികിൽസിക്കാനും ഡോക്ടർമാർക്ക് സാധിച്ചില്ല. ഫലമോ, പതിമൂന്നാം വയസ്സ് മുതൽ ഏട്ടുവർഷത്തോളം തനിയെ എഴുന്നേറ്റ് നടക്കാൻ പോലുമാവാതെ കട്ടിലിൽ തന്നെയായി ജീവിതം.

കാലിലെ വേദനയും മനസിലെ സങ്കടവും മറന്ന് മനസിന് സന്തോഷം നൽകാൻ വിനീത ആശ്രയിച്ചതും തനിക്കേറെ പ്രിയപ്പെട്ട കലയെ തന്നെയാണ്. ചിത്രരചനയിലും ക്രാഫ്റ്റ് വർക്കുകളിലും മുഴുകിയ നാളുകൾ. വീട്ടുകാരുടെയും ഡോക്ടർമാരുടെയും പിന്തുണ കൂടി ലഭിച്ചപ്പോൾ മുഴുവൻ സമയവും ചിത്രരചനയിൽ മുഴുകി. സ്വന്തമായി നിരവധി എക്സിബിഷനുകൾ നടത്തി. വനിതയുൾപ്പെടെ നിരവധി മാധ്യമങ്ങളിൽ വിനീത വാർത്തയായി. അപ്പോഴും സ്വന്തം കാലിൽ നിവർന്ന് നിൽക്കാനും നടക്കാനുമുള്ള പ്രയത്നങ്ങൾ വിനീത തുടർന്നു. കൊച്ചുകുഞ്ഞിനെപ്പോലെ വീണ്ടുമൊരു വട്ടം പിച്ചവച്ചു നടക്കാൻ ശ്രമിച്ചു. ഒടുവിൽ ആ ശ്രമങ്ങൾ ഫലം കണ്ടു. വിനീത വീണ്ടും നടന്നു.

nithin-2

ജീവിതത്തിലെ ഏറ്റവും വലിയ പാഷൻ എന്താണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഈ വിനീത പറയും, ചിത്രകലയാണെന്ന്. കഴിഞ്ഞ 18 വർഷങ്ങളായി വരയുടെ ലോകത്താണ് ഈ വനിത. പാലക്കാട്ടുനിന്ന് കൊച്ചിയിലേക്ക് സ്വയം പറിച്ചുനട്ടതിന് കാരണവും ചിത്രകലയോടുള്ള അടങ്ങാത്ത പ്രണയമാണ്. 'മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം പണ്ടേ മനസിൽ ഉണ്ട്. പാലക്കാട് ചിറ്റൂരാണ് വീട്. ചിത്രകലയ്ക്ക് കൂടുതൽ സാധ്യത ഉള്ളതുകൊണ്ടാണ് കൊച്ചിയിലേക്ക് വന്നത്. നാല്‌ വർഷങ്ങൾക്കു മുൻപ് പനമ്പിള്ളി നഗറിൽ 'Atelier De Vine' എന്ന പേരിൽ ഒരു ആർട്ട് ഗാലറി ആരംഭിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലായി നിരവധി ആർട്ട് എക്സിബിഷനുകൾ നടത്തി. അതോടൊപ്പം തന്നെ, ഇന്റീരിയർ ഡിസൈനർമാരുടെയും ആർക്കിടെക്ടുകളുടെയും ആവശ്യാനുസരണം പെയിന്റിങ്ങുകൾ ചെയ്യുന്നുണ്ട്.'

വിനീതയെ വ്യത്യസ്തയാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. ആരുടെയും ശിക്ഷണത്തിൽ ചിത്രകല പഠിച്ചിട്ടില്ല. ചെറുപ്പം മുതൽ വരയോടുള്ള ഇഷ്ടംകൊണ്ട് സ്വയം പഠിച്ചെടുത്തതാണ്. ഏതെങ്കിലുമൊരു ഗുരുവിന്റെ കീഴിൽ പഠിച്ചാൽ നമ്മൾ അദ്ദേഹത്തെ അനുകരിക്കാൻ സാധ്യതകൾ കൂടുതലാണെന്ന് വിനീത വിശ്വസിക്കുന്നു. എല്ലാത്തരം പെയിന്റിങ്ങുകളും അനായാസം ചെയ്യുന്ന ഈ കലാകാരിയ്ക്ക് കൂടുതൽ പ്രിയം അബ്‌സ്ട്രാക്ട് പെയിന്റിങ്ങിനോടാണ്.

പാലക്കാട് ചിറ്റൂർ സ്വദേശി ജയകുമാറിന്റെയും ലതയുടെയും മകൾ വിനീതയ്ക്ക് ചിത്രരചന പ്രഫഷനേക്കാളുപരി പാഷനാണ്. 'ചിത്രരചനയെ പ്രഫഷനാക്കുമ്പോൾ ചിലപ്പോഴെങ്കിലും അതിൽ കോംപ്രമൈസുകൾ ചെയ്യേണ്ടി വരാം. അതുകൊണ്ടാണ് മറ്റൊരു പ്രഫഷൻ കൂടി വേണമെന്ന് തീരുമാനിച്ചത്. പക്ഷേ, അപ്പോഴും അത് പ്രകൃതിയ്ക്കും സമൂഹത്തിനും ചുറ്റുമുള്ളവർക്കുമെല്ലാം ഗുണം ചെയ്യുന്ന തരത്തിലുള്ളതാവണം എന്നും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് 'Vinieco Products എന്ന കമ്പനി ആരംഭിച്ചത്. പ്രകൃതിയ്ക്ക് ദോഷകരമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ചിന്തയാണ് ഈ ഉദ്യമത്തിന് പിന്നിൽ. പ്ലാസ്റ്റിക്കിന് പകരം തുണി ബാഗുകൾ, പേപ്പർ ഉൽപന്നങ്ങൾ, പാളകൊണ്ടുള്ള പാത്രങ്ങൾ, പേപ്പർ സ്ട്രോകൾ എന്നിങ്ങനെയുള്ള പരിസ്ഥിതി സൗഹാർദ്ദ ഉൽപന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

Tags:
  • Spotlight