Saturday 30 July 2022 01:01 PM IST

പോകാം ഗുദാം ആർട്ട് ഗാലറിയിലേക്ക്; അവിടെ മുറി നിറയെ കൗതുകങ്ങളും മനസ്സു നിറയെ കഥകളുമായി കോഴിക്കോടിന്റെ ബഷീർ ബഡേക്കണ്ടി

Shyama

Sub Editor

gudam-art-gallary-kozhikode-basheer-cover ഗുദാം ആർട്ട് ഗാലറി, ബഷീർ ബഡേക്കണ്ടിയും ഭാര്യയും

ഒരു മുറി മാത്രം തുറക്കാതെ വയ്ക്കാം ഞാൻ... അതി ഗൂഢമെന്നുടെ ആരാമത്തിൽ...

സ്വപ്നങ്ങൾ കണ്ട് നിനക്കുറങ്ങീടുവാൻ പുഷ്പത്തിൻ തൽപമൊന്ന് ഞാൻ വിരിക്കാം....

കേരളത്തലെ ഓരോ ജില്ലയ്ക്കും ഓരോ പാട്ട് ബാക്ഗ്രൗണ്ട് ആയി കേൾക്കാൻ തുടങ്ങിയാൽ ഒരുപക്ഷേ, കോഴിക്കോടിന് ഈ ഈണമായിരിക്കും ഏറെ ചേരുക. പാട്ടിന്റെ വരി പോലെ തന്നെ തേടി വരുന്ന കാഴ്ച്ചക്കാർക്ക് മുന്നിൽ അതിഗൂഢമായൊരു മുറിയും അതിൽ നിറയെ കാഴ്ച്ചകളും ഒരുക്കുന്ന നാട്. കാണാൻ പല കാഴ്ച്ചകളുള്ള നാട്ടില്‍ എത്ര കണ്ടാലും മതിവരാതത്ര കാഴ്ച്ചകളൊരുക്കുന്ന ഇടം.... ഗുദാം ആർട്ട് ഗാലറി.

ബേപ്പൂർ സുൽത്താന്റെ അതേ പേരുകാരനായൊരാളുടെ നാവിൽ നിന്ന് തന്നെ നല നാടുകളിലെ കഥകൾ ഇമ്പമോടെ കേൾക്കണോ? ബഷീർ ബഡേക്കണ്ടി നടത്തുന്ന കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ‘ഗുദാം’ ലേക്ക് ചെല്ലാം... കോഴിക്കോട് ബീച്ചിലെ തിരമാലകൾ കണ്ട് ഐസ് ഒരത്തിയും അരിയടുക്കയും കഴിച്ച് റോഡു മുറിച്ച് കടന്നാൽ ഗുജറാത്തി സ്ട്രീറ്റിലെത്തും. അവിടെയൊരു ഓരത്തായി പ്രൗഡിയോടെ നിൽക്കുന്നൊരു കെട്ടിടം. ആ കെട്ടിടത്തിലാണ് ബഷീർ ബഡേക്കണ്ടി താൻ കണ്ട കാഴ്ച്ചകളുടെ ചില തുട്ടുകൾ അടുക്കി വച്ചിരിക്കുന്നത്. വർഷങ്ങളോളമുള്ള യാത്രകളിൽ ഒപ്പം കൂട്ടിയ കൗതുക വസ്തുക്കളൊക്കെ ഭാര്യയ്ക്ക് പകുത്ത് കിട്ടിയ പഴയ കെട്ടിടത്തിലേക്ക് കരുതലോടെ എടുത്ത് വച്ചിരിക്കുന്നു.

ഗോഡൗൺ ‘ഗുദാം’ ആകുന്നു

gudam-art-gallary-kozhikode

160 വർഷം പഴക്കമുള്ള പാണ്ടികശാല (ഗോഡൗൺ) ആൺ ബഷീർ പുതുക്കിപ്പണിതു ശക്തിപ്പെടുത്തി കലാ പ്രദർശനത്തിനുള്ള ഇടമാക്കിയത്. ഗോ ഗൗൺ എന്ന വാക്കിൽ നിന്നുരുത്തിരിഞ്ഞ ‘ഗുദാം’ എന്ന പേര് തന്നെ അതിനു നൽകി. ഗുദാമിലേക്ക് കാലെടുത്ത് വച്ച് അകത്തേക്ക് കടക്കുമ്പോൾ തൊട്ട് പെട്ടന്നൊരു ടൈം മെഷീൻ തിരികെ കറങ്ങി നമ്മൾ ഭൂതകാലത്തെ കൺമുന്നിൽ കാണും പോലെ തോന്നും... ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത ഉപകരണങ്ങൾ, നാണയങ്ങൾ, ക്യാമറകൾ, ടൈപ്റൈറ്ററുകൾ, വിളക്കുകൾ, ടെലിഫോണുകൾ, പാത്രങ്ങൾ, ചിത്രങ്ങൾ, ഘടികാരങ്ങൾ, റേഡിയോകൾ തുടങ്ങി പലതും കാണാം. ഒപ്പം അവയുടെയൊക്കെ ശബ്ദമായി ബഷീറിന്റെ കഥകളും.

എന്റെ ശേഖരത്തിൽ വച്ച് ഏറ്റവും മൂല്യമേറിയത്’

അറുപതു വയസിന് ശേഷം ജീവിതത്തിന്റെ മറ്റൊരു വസന്തം ആഘോഷിച്ച് ബഷീറും ഭാര്യയും ഗുദാമിലുണ്ട്... ‘എന്റെ ശേഖരത്തിൽ വച്ച് ഏറ്റവും മൂല്യമേറിയത്’ എന്നാണ് ഭാര്യയെക്കുറിച്ച് ബഷീറിന്റെ കമന്റ്... ഭാര്യയാണ് താൻ കൊണ്ടു വന്ന് വച്ചതൊക്കെയും പൊട്ടാതെയും ഉറയാതെയും ഇത്രയും നാൾ സൂക്ഷിച്ചതെന്നും സാക്ഷ്യം. 2015ലാണ് ഗുദാം തുടങ്ങുന്നത്. അത്രയും നാൾ ശേഖരിച്ചതൊക്കെയും വീട്ടിൽ തന്നെയാണ് ഇവർ സൂക്ഷിച്ചിരുന്നത്.

gudam-art-gallary-kozhikode-exhibits2

‘‘ജോലിയിൽ നിന്നൊക്കെ വിരമിച്ചു കഴിഞ്ഞപ്പോൾ ജീവിതത്തിന് വന്ന യൂ–ടേണാണ് ഗുദാം. ഇവിടെ വന്ന് ആളുകളെ കാണും, മിണ്ടും, പുതിയ കഥകൾ കേൾക്കും, പറയും... കഥകല്ലേ നമ്മളെയൊക്കെ ഇങ്ങനെയടുപ്പിച്ച് നിർത്തുന്ന പശ...’’ ബഷീർ ചിരിക്കുന്നു...

gudam-art-gallary-kozhikode-exhibits

ദുബായ് പൊലീസ് അസിസ്റ്റന്റായി ജോലി ചെയ്യവെ 1976ലാണ് ബഷീറിന് യാത്രയിൽ കമ്പം കയറുന്നത്. 18 വര്‍ഷം ജോലി ചെയ്ത ശേഷം പിന്നീട് കുടുംബ ബിസിനസിൽ പങ്കാളിയായി. യാത്രകളുടെ ബലത്തിൽ ചൈന, അമേരിക്ക തുടങ്ങി പല നാടുകളുമായി ഫർണീച്ചർ ബിസിനസ് ചെയ്തു. ആ സമയം തൊട്ടാണ് പുരാവസ്തുക്കളുടെ ശേഖരണം തുടങ്ങുന്നത്. ആർട്ട് ഗാലറി, ആർട്ട് കഫേ, ആന്റീക്സ് ഈ മൂന്നും ചേരുന്ന ഇടമാണ് ഗുദാം. ചരിത്രാന്വേഷികൾക്ക് വന്ന് കാണാനും കൂടുതൽ പഠിക്കാനുമുള്ള ഇമ്പമുള്ളൊരിടമാണ് ഗുദാം...