Thursday 29 July 2021 03:18 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വഴിമുടക്കിയെങ്കിലും പിൻമാറിയില്ല; ഫ്രം പാലക്കാട് ടു ലഡാക്ക്, റെക്കോർഡിലേക്ക് ബൈക്കോടിച്ച് പത്തൊൻപതുകാരൻ

hariprasaddd4444

യാത്രകളെ ഇഷ്ടപ്പെടുന്ന എച്ച്. ഹരിപ്രസാദിന്റെ(19) ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഇന്ത്യൻ പര്യടനം. 2020 മാർച്ചിൽ സൈക്കിളിൽ ഇന്ത്യ കാണാൻ ഇറങ്ങാൻ തീരുമാനിച്ചെങ്കിലും കോവിഡ് വഴിമുടക്കി. എന്നാൽ ഹരി പിൻമാറാൻ തയാറായില്ല. ഈ മാസം എട്ടിന് തന്റെ ബൈക്കുമായി ഇറങ്ങി.

തൃശൂർ ചേതന കോളജിൽ രണ്ടാം വർഷ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിയായ ഹരിപ്രസാദ് വണ്ടിത്താവളം അയ്യപ്പൻകാവിൽ കൃഷിക്കാരനായ എം. ഹാരിഷ്, അധ്യാപിക ലത ദമ്പതികളുടെ ഇളയ മകനാണ്. ബിഎഎംഎസ് മുന്നാം വർഷ വിദ്യാർഥി എച്ച്. വിദ്യയാണ് സഹോദരി. യാത്ര തുടങ്ങി ആദ്യദിനം തന്നെ 1050 കിലോമീറ്റർ താണ്ടി ഹൈദരാബാദിൽ എത്തിച്ചേർന്നു.

അവിടെനിന്ന് ഡൽഹി, കശ്മീർ വഴി 18ന് ലഡാക്കിൽ എത്തിച്ചേർന്നു. യാത്രയിലുടനീളം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി ഇടപഴകാനും അവരുടെ ജീവിത രീതി മനസ്സിലാക്കാനും സാധിച്ചതായി ഹരിപ്രസാദ് പറയുന്നു. കാർത്തുങ്, കിഷ്കിന്ദ്, തുർതുക്ക്, ത്വാക്കി വില്ലേജ്, പൊൻഗോങ് ലൈക്ക്, ചൈന പാക്കിസ്ഥാൻ ബോർഡർ, കരൂർ തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

ബൈക്കിൽ ഒറ്റയ്ക്ക് കേരളത്തിൽ നിന്നു ലഡാക്ക് വരെ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യം കൂടി ഹരിയുടെ യാത്രയ്ക്കു പിന്നിലുണ്ട്. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് ഹരി പറഞ്ഞു.

Tags:
  • Spotlight