മനസ്സുണ്ടെങ്കിൽ എന്തും നടക്കും. യോഗ അങ്ങനെയാണെന്നു മാത്രമല്ല, യോഗ പറയുന്നതും അതുതന്നെ. മനസ്സിന്റെയും ശരീരത്തിന്റെയും ഒന്നായ പ്രവർത്തനമാണു യോഗ. മനസ്സിന്റെ ഊർജമാണു ശാരീരിക ആരോഗ്യത്തിന്റെ അച്ചുതണ്ട്. മനസ്സുണ്ടെങ്കിൽ ആർക്കും യോഗ ചെയ്യാം, യോഗ ചെയ്താൽ നല്ല മാനസികാരോഗ്യം ഉണ്ടാകുകയും ചെയ്യും. ഇനി സംശയങ്ങളകറ്റി യോഗ ശീലിച്ചു തുടങ്ങാം.
കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ
പത്തുവയസ്സു മുതൽ ശരീരവ്യായാമം എന്ന രീതിയിൽ യോഗാസനങ്ങൾ ചെയ്യാം. ഈ പ്രായത്തിനു മുൻപ് ഒരിടത്തിരുന്നു യോഗ ചെയ്യാനുള്ള സന്നദ്ധത കുട്ടികൾക്ക് ഉണ്ടാകില്ല. ഹൈപ്പർ ആക്ടീവ് കുട്ടികൾക്കു ശാന്തസ്വഭാവം വരുത്താൻ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുള്ള കുട്ടിയെ എല്ലാ ദിവസവും ശ്വസനവ്യായാമം ചെയ്യിച്ചാൽ ഉത്സാഹവും സന്തോഷവും കൂടും. തിത്തിലി ആസനം, ഗജാസനം, പാദഹസ്താസനം, പവനമുക്താസനം എന്നിവ ആദ്യം ശീലിപ്പിച്ചു തുടങ്ങാം.
മാനസിക പിരിമുറുക്കം അകറ്റാൻ
ന്യു മില്ലേനിയം ഡിസീസ് ആണു മാനസികസമ്മർദം. ജോലിത്തിരക്ക്, വീട്ടുകാര്യങ്ങൾ, ഇതിനിടയിൽ നഷ്ടമാകുന്ന വർക്–ലൈഫ് ബാലൻസ്... ഇതെല്ലാം മനസ്സിനെ പിരിമുറുക്കത്തിലാക്കും. ശ്വാസത്തിന്റെ താളത്തിനനുസരിച്ചാണു യോഗ ചെയ്യുന്നത്. ഇതു മനോവ്യാപാരങ്ങളെ നിയന്ത്രിച്ചു സംഘർഷവും പിരിമുറുക്കവും ഇല്ലാതാക്കും. ശ്വസനത്തിലും പോസുകളിലും ശ്രദ്ധ നൽകുമ്പോൾ മറ്റു ചിന്തകൾ കുറയും. ഏകാഗ്രത വർധിക്കും.
ദേഷ്യം അടക്കാനാകാത്തവരും പെട്ടെന്നു വിഷാദത്തിലേക്കു വീണു പോകുന്നവരും യോഗ ശീലിക്കുന്നത് സന്തോഷം നൽകും.
പ്രതിരോധശേഷി കൂട്ടാൻ
യോഗ സ്വീകരിക്കുന്നതിലൂടെ ശരീരമനസ്സുകൾ തുലനാവസ്ഥയിലെത്തി, ശുദ്ധീകരിക്കപ്പെട്ടു രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടും.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലേക്ക് ഊർജത്തിന്റെ പ്രവാഹം സുഗമമാകാതെ വരുമ്പോഴാണു രോഗമുണ്ടാകുന്നത് എന്നു യോഗാശാസ്ത്രം പറയുന്നു. ശ്വസനക്രിയയും പ്രാണായാമവും ഉൾപ്പെടെ യോഗ പതിവാക്കിയാൽ ഊർജപ്രവാഹം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുണ്ടാകും. ശരീരത്തിലെ മാലിന്യം കുറയും. ഒപ്പം മിതമായ ആഹാരശീലവും പാലിക്കണം. മാനസിക ഉണർവു കൂടുമ്പോൾ കോശങ്ങളും അവയവങ്ങളും ഊർജസ്വലതയോടെ ജോലി ചെയ്തു തുടങ്ങും. ഇതു പ്രതിരോധശക്തി കൂട്ടും.
ശാരീരിക മാനസിക അസ്വസ്ഥതകൾക്കു യോഗയിലൂടെ പരിഹാരം കണ്ടെത്തുന്നതാണ് യോഗ തെറാപ്പി. ഇതിലൂടെ ഓരോ ശരീരഭാഗത്തിന്റെയും ആരോഗ്യം വർധിപ്പിക്കാനും രോഗസാധ്യത കുറയ്ക്കാനുമാകും.
ആഹാരത്തിൽ അറിയാൻ
ശുചിത്വം, മിതത്വം, ചിട്ട എന്നീ മൂന്നു കാര്യങ്ങളാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ശുദ്ധമായ ആഹാരം മിതമായ അളവിൽ ചിട്ടയായ രീതിയിൽ കഴിക്കുക. ഒരു നേരം അര വയർ ആഹാരം മതി. മൂന്നു നേരത്തെ ആഹാരം ആറു നേരമായി കഴിച്ചാൽ ഏറ്റവും നല്ലത്. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇലക്കറികളും പാലും പാലുൽപ്പന്നങ്ങളും നട്സും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം. മത്സ്യമാംസാദികൾ വർജിക്കേണ്ടതില്ല. ശരീരത്തിനു വേണ്ട പോഷണം നൽകുന്നതെന്തോ അതു കഴിക്കുക. അധികം കൊഴുപ്പുള്ളതും മധുരമുള്ളതും വറുത്തവയും പൊരിച്ചവയും ഒഴിവാക്കുന്നതു പൊതുവായ ആരോഗ്യത്തിനു നല്ലതാണ്.
അമിതമായി ഭക്ഷിച്ചതിനു ശേഷമോ പട്ടിണി കിടന്നതിനു ശേഷമോ യോഗ ചെയ്യരുത്. ഭക്ഷണശേഷം ചെയ്യാനാകുന്ന ഏക യോഗാസനമാണ് വജ്രാസനം (കാലുകൾ പിന്നോട്ടു മടക്കി തുടയോടു ചേർത്തു വച്ച്, കൈകൾ കാൽമുട്ടിൽ വച്ച് നട്ടെല്ലു നിവർന്നിരിക്കുക). ദഹനം വർധിപ്പിക്കാൻ നല്ലതാണിത്. ബാക്കി യോഗാസനങ്ങളെല്ലാം പ്രധാന ഭക്ഷണം കഴിഞ്ഞു മൂന്നു മണിക്കൂറിനു ശേഷവും ലഘുഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷവും ചെയ്യാം.
യോഗ ചെയ്യുമ്പോൾ
മനസ്സ് ആഗ്രഹിക്കുന്ന ഏതൊരു സമയത്തും യോഗ ചെയ്യാം. സാധാരണ ഗതിയിൽ രാവിലെ യോഗ പരിശീലിക്കുന്നതിനും വൈകുന്നേരം യോഗ പഠിക്കുന്നതിനും ഉത്തമം.
അമിതമായി ഉറങ്ങിയതിനു ശേഷം ഉടനെയോ ഉറക്കമിളച്ചതിനു ശേഷമോ യോഗ ചെയ്യരുത്. ശാന്തതയും വൃത്തിയും ശുദ്ധമായ വായു ലഭിക്കുന്നതുമായ സ്ഥലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് ഒരു വിരിപ്പിൽ യോഗാ പരിശീലനം നടത്താം.
ഓരോ യോഗാസനവും ശരീരത്തിന്റെ ഇരുഭാഗത്തിനും (ക്ലോക്ക് വൈസ്– ആന്റി ക്ലോക്ക് വൈസ്, ഇടതു– വലത്) മൂന്നു തവണയെങ്കിലും ആവർത്തിക്കണം. ഓരോ യോഗാസനവും പൂർണമായാൽ ആ പോസിൽ പത്തു സെക്കൻഡ് എങ്കിലും നിൽക്കാൻ ശ്രമിക്കുക. സാവധാനം വേണം സാധാരണ നിലയിലേക്കു വരാൻ.
എല്ലാവർക്കും ഒരേ യോഗയല്ല
ഓരോരുത്തരും അവരവർക്ക് വേണ്ട ലക്ഷ്യങ്ങൾ അനുസരിച്ച്, ശാരീരിക മാനസിക തലങ്ങൾ മനസ്സിലാക്കി വിദഗ്ധ നിർദേശത്തോടെ യോഗ പരിശീലിക്കുന്നതാണ് നല്ലത്.
യോഗാസനങ്ങളിൽ സൂര്യനമസ്കാരമാണു മിക്കവർക്കും സുപരിചിതം. അതുപക്ഷേ, എല്ലാവർക്കും ചെയ്യാവുന്ന വ്യായാമമല്ല. പേശീബലക്കുറവ്, സന്ധിവേദന, അമിത ര ക്തസമ്മർദം, കടുത്ത ഹൃദയാരോഗ്യ പ്രശ്നങ്ങൾ, വെർട്ടിഗോ, കടുത്ത വാതരോഗങ്ങൾ തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളവർ സൂര്യനമസ്കാരം ചെയ്യാതിരിക്കുന്നതാണു നല്ലത്.
മതവും ആയുർവേദവുമായി ബന്ധമില്ല
ഒരു പ്രത്യേക മതവുമായോ വിശ്വാസവുമായോ ആരോഗ്യശാഖയുമായോ യോഗയ്ക്കു ബന്ധമില്ല. യോഗ ഒരു സ്വതന്ത്ര ജീവിതരീതിയാണ്. മരുന്നുകളെല്ലാം നിർത്തി യോഗ മാത്രം പിന്തുടരൂ എന്നു യോഗശാസ്ത്രവും പറയുന്നില്ല. വ്യക്തികൾക്കു കംഫർട്ടബിളായ രീതിയിൽ ഏതു ജീവിതശൈലിക്കൊപ്പവും യോഗ നിർദേശിക്കുകയാണു ചെയ്യുക.
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു നിർദേശിക്കുന്ന ബ്രീതിങ് എക്സർസൈസും പ്രാണായാമവും ഒന്നാണ്. ഗ്ലൂട്ടൻ ബ്രിജ് എക്സർസൈസ് എന്ന പേരിലുള്ള വ്യായാമാണു സേതുബന്ധാസനം. കീഗൽ എക്സർസൈസിനു സമാനമാണ് വജ്രോളി മുദ്ര. യോഗാസനങ്ങൾ പലതും ഇംഗ്ലിഷ് പേരുകളിൽ ചികിത്സാർഥം ചെയ്യുന്നുമുണ്ട്.
സ്ത്രീ രോഗങ്ങൾക്കു യോഗ
യോഗ പരിശീലിക്കുന്ന ആർക്കും ഗുണം ലഭിക്കും. അതിനു സ്ത്രീ പുരുഷ ഭേദമില്ല. ആർത്തവത്തകരാറുകൾ, പിസിഒഡി, ഗർഭാശയം താഴേക്കിറങ്ങുക എന്നിങ്ങനെയുള്ള ഗർഭാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സ്ത്രീകളെ പ്രധാനമായി അലട്ടുന്നത്. തൈറോഡ്, ഹോർമോൺ തകാരാറുകൾ എന്നിവയും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. ഇവയ്ക്കെല്ലാം യോഗ ഗുണകരമാണ്.
സമ്മർദം കാറ്റിൽ പറത്താം
എന്തൊരു ടെൻഷനാണെന്നോ’ ഈ ഡയലോഗ് ഒരു തവണയെങ്കിലും പറയാത്തവർ ചുരുക്കമായിരിക്കും. സ്കൂൾ കൂടി തുറന്നതോടെ ഓഫിസ് ഫയലുകളുടെയും വീട്ടുജോലിയുടെയും സമ്മർദക്കൂമ്പാരത്തിലേക്കു കുട്ടികളുടെ പഠനവും സ്കൂൾ വണ്ടിയുടെ ഹോണടിയും കൂടി എത്തിയിട്ടുണ്ട്.
തിരക്കുകൾക്കിടയിൽ അൽപസമയം മാറ്റിവയ്ക്കാൻ തയാറായാൽ ഫലവത്തായ യോഗസനങ്ങളിലൂടെ മാനസിക ആരോഗ്യം വീണ്ടെടുക്കാം. നാഡീശുദ്ധി പ്രാണായാമം, ഭ്രമരി പ്രാണായാമം, ചന്ദ്രശ്വസനം എന്നിങ്ങനെയുള്ള ശ്വസന പരിശീലനങ്ങളാണ് ടെൻഷൻ അകറ്റാൻ ഏറ്റവും നല്ലത്. ആഞ്ജാചക്ര ധ്യാനം, ബാലാസനം, ശശാസനം, വൃക്ഷസാനം എന്നിവയും പരിശീലിക്കുന്നതു മാനസിക സമ്മർദമകറ്റി ശാന്തി നൽകും.
നാഡീശുദ്ധി പ്രാണായാമം
വജ്രാസനം, ചമ്രം പടഞ്ഞിരുന്നുകൊണ്ടുള്ള സുഖാസനം എന്നിങ്ങനെ ധ്യാനത്തിനു യോജിച്ച ഏത് ആസനത്തിൽ ഇരുന്നും നാഡീശുദ്ധി പ്രാണായാമം ചെയ്യാം. നിലത്തിരിക്കാൻ പ്രയാസമുള്ളവർക്കു കസേരയിലിരുന്നും പ്രാണായാമം ചെയ്യാം. നട്ടെല്ലു നിവർത്തിയിരിക്കണം.
കൈവിരലുകൾ ചിത്രം ഒന്നിൽ കാണുന്നതുപോലെ പിടിക്കുക. വലതുകൈയുടെ തള്ളവിരൽ കൊണ്ടു വലതു നാസാദ്വാരം അടച്ച് ഇടതു നാസാദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക (ചിത്രം 2). മോതിരവിരലും ചെറുവിരലും ചേർത്ത് ഇടതുനാസാദ്വാരം അടയ്ക്കുക. ഇനി സാവധാനം വലതു നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്കു വിടുക (ചിത്രം 3). ഇരുവശവും ആവർത്തിക്കുക.
സാവധാനം ദീർഘമായി ശ്വസിക്കാനും നിശ്വസിക്കാനും ഓർക്കുക. താളത്തിലുള്ള ശ്വസോച്ഛ്വാസത്തിലായിരിക്കണം പൂർണ ശ്രദ്ധ. മൂന്ന് – അഞ്ചു മിനിറ്റ് ചെയ്യാം.
ശശാസനം
കാലുകൾ രണ്ടും മടക്കി അതിനു മുകളിൽ ഇരിക്കുക (ചിത്രം 1). ഇരുകൈകളും മുകളിലേക്ക് ഉയർത്തി സമയമെടുത്ത് പരമാവധി പിന്നിലേക്കു വളയുക (ചിത്രം 2).
ഏതാനും സെക്കൻഡുകൾക്കു ശേഷം ശ്വാസം വിട്ടുകൊണ്ടു സാവധാനം മുന്നിലേക്കു കുനിഞ്ഞുവന്ന് കൈകളും മുഖവും തറയിൽ സ്പർശിച്ചു വയ്ക്കുക (ചിത്രം 3).
ഏതാനും സെക്കൻഡുകൾക്കു ശേഷം ശ്വാസമെടുത്തുകൊണ്ടു പൂർവസ്ഥിതിയിലേക്കു വരാം. അഞ്ചു – പത്തു പ്രാവശ്യം ആവർത്തിക്കാം.
നടുവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ
പല കാരണങ്ങൾ കൊണ്ടു പല ഘട്ടങ്ങളിൽ സ്ത്രീകൾക്കു നടുവേദന വരാം. ആർത്തവസമയത്തും ഗർഭകാലത്തും പ്രസവശേഷവും വേദന ബുദ്ധിമുട്ടിക്കാറുണ്ട്. ഇതുകൂടാതെ നട്ടെല്ലിന്റെ അകൽച്ച, തേയ്മാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ട്. നടുവേദനയുടെ കാരണം മനസ്സിലാക്കി അതിനനുസരിച്ചുള്ള യോഗ തിരഞ്ഞെടുത്താൽ കൂടുതൽ ഫലം കിട്ടും.
ഏതു പ്രശ്നം കൊണ്ടുള്ള നടുവേദനയ്ക്കും യോജിക്കുന്നതാണു കാലുകൾ മടക്കി വച്ചുകൊണ്ടു ശവാസനത്തിൽ കിടക്കുന്നത്. മർക്കാടസനത്തിന്റെ ആദ്യ പോസിൽ വിശ്രമിച്ചു വേദന കുറയുമ്പോൾ അടുത്ത പോസിലേക്കു പോകാം. നട്ടെല്ലിനും ചുറ്റുമുള്ള ഭാഗത്തിനും ബലം നൽകുന്ന യോഗാസനങ്ങളാണു മർക്കടാസനവും അർധമത്സ്യേന്ദ്രാസനവും.
ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാം
ക്രമം തെറ്റിയ ആർത്തവം, ഒരു ദിവസം മാത്രമോ നീണ്ടു നിൽക്കുന്നതോ ആയ ആർത്തവം, പീരിയഡ് തുടങ്ങുന്നതിനു മുൻപുള്ള അസ്വസ്ഥതകൾ (പിഎംഎസ്) എന്നിങ്ങനെ പല ആർത്തവ തകരാറുകളും സ്ത്രീകൾക്കുണ്ടാകാറുണ്ട്.
അതികഠിനമായ യോഗ മുറകൾ ഒഴിവാക്കി ആർത്തവസമയത്തും യോഗ ചെയ്യാം. സ്ട്രച്ചിങ് വ്യായാമങ്ങൾ വേദന കുറയ്ക്കും. പ്രാണായാമം മനസ്സിനും ശരീരത്തിനും ഒരുപോലെ വിശ്രമം നൽകും.
ആർത്തവ പ്രശ്നങ്ങൾക്കു പരിഹാരമാകുന്ന, ഗർഭാശയത്തിന് ആരോഗ്യം നൽകുന്ന, ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കുന്ന യോഗാസനങ്ങളാണു ബദ്ധകോണാസനം, തിത്തിലി ആസനം, ഭുജംഗാസനം, ധനുരാസനം, പവനമുക്താസനം എന്നിവ.
ബദ്ധകോണാസനം
കാലുകൾ മടക്കി ഉള്ളം കാലുകൾ ചേർത്തു തൊഴുതു വരുന്ന വിധത്തിൽ നിവർന്നിരിക്കുക. കൈകൾ രണ്ടും പാദത്തിനു താഴെയായി കോർത്തു ബലമായി പിടിക്കണം (ചിത്രം 1). ദീർഘമായി ശ്വസിക്കുക. ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു ശരീരം കുനിച്ചു സാവധാനം നെറ്റി പാദത്തിൽ മുട്ടിക്കുക (ചിത്രം 2). തറയിൽ മുട്ടിക്കാനായാൽ നല്ലത്. ഈ സമയം പൂർണമായും നിശ്വസിച്ചിരിക്കണം. അൽപസമയം തുടർന്നശേഷം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ടു പഴയ നിലയിലേക്കെത്തുക. അഞ്ചു പ്രാവശ്യം ആവർത്തിക്കുക.
ഭുജംഗാസനം
കൈകൾ രണ്ടും അതതു തോളുകൾക്കു തൊട്ടടുത്തു പതിഞ്ഞിരിക്കുന്ന വിധത്തിൽ താടി തറയിൽ തൊട്ടു കമഴ്ന്നു കിടക്കുക (ചിത്രം 1). കാലുകൾ പരമാവധി നീട്ടി വയ്ക്കണം. സാവധാനം ശ്വാസം ഉള്ളിലേക്കു വലിച്ചുക്കെടുത്തു കൊണ്ടു കൈകൾ കുത്തി തലയുയർത്തി നിവരുക. മുതുക് പരമാവധി പിന്നിലേക്കു വളയ്ക്കണം. ഇനി ശ്വാസം സാവധാനം വിട്ടുകൊണ്ടു പൂർവസ്ഥിതി പ്രാപിക്കാം. അഞ്ചു പ്രാവശ്യം ആവർത്തിക്കാം.
മർക്കടാസനം
നേരെ കിടക്കുക. കൈകൾ പരത്തി നീട്ടി വയ്ക്കുക. ഉള്ളം കൈകൾ മലർന്നാകണം. രണ്ടു കാലുകളും കാൽമുട്ടുകൾ വരെ മടക്കുക. അവയെ ഇടുപ്പുകൾക്കടുത്തു വയ്ക്കുക (ചിത്രം 1). കാൽമുട്ടുകളെ വലതു വശത്തേക്കു തിരിച്ചു വലത്തെ കാൽമുട്ടു നിലത്തു മുട്ടിക്കുക. ഇടതു കാൽമുട്ട്, വലതു കാൽമുട്ടിനു മുകളിൽ വയ്ക്കുക. ഇടതു കണങ്കാൽ, വലതു കണങ്കാലിനോടും ചേർന്നിരിക്കണം. കഴുത്ത് ഇടത്തോട്ടു തിരിയ്ക്കുക.
ഇരുവശത്തും ആവർത്തിച്ചു ചെയ്യുക. ശ്വാസം എടുത്തു വിട്ടുകൊണ്ട് അഞ്ചു പ്രാവശ്യം ആവർത്തിക്കുക.
അർധമത്സ്യേന്ദ്രാസനം
കാലുകൾ രണ്ടും നീട്ടി തറയിൽ ഇരിക്കുക (ചിത്രം 1) . ഇനി കൈകള്‍ പുറകോട്ടു വച്ചശേഷം വലതു കാൽ മടക്കി ഇടതു പൃഷ്ഠഭാഗത്തു കൊള്ളിക്കുന്ന തരത്തിൽ വയ്ക്കുക (ചിത്രം 2). ഇനി ഇടതു കാൽപാദം വലതുകാൽ മുട്ടിന്റെ വലതു ഭാഗത്തേക്കു നിർത്തുക. വലതുകൈ പിന്നിലൂടെയെടുത്ത് വലതു പാദത്തിൽ പിടിക്കുക. ഇടതുകൈ ഇടതുകാ ലിന്റെ കണങ്കാലിൽ പിടിച്ചു നിവർന്നിരിക്കുക. മുഖം വലതുവശത്തേക്ക്. മറുഭാഗത്തേക്കും ആവർത്തിക്കുക.
പിസിഒഡി വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ ?
ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോ ർമോണുകളുടെ വ്യതിയാനം മൂലുമുണ്ടാകുന്ന സങ്കീർണതകളാണ് പിസിഒഡി.
ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത് 20 മുതൽ 35 വയസ്സുവരെയുള്ള പ്രത്യുൽപാദന കാലഘട്ടത്തിലാണ്. ഇതുമൂലം മുഖക്കുരു, അമിത രോമ വളർച്ച, ആർത്തവ തകരാറുകൾ, അമിതവണ്ണം, ഗർഭധാരണത്തിലെ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളും വരാം.
മാർജാരാസനം, വ്യാഘ്രാസനം, മാലാസനം, ധനുരാസനം, ഭുജംഗാസനം പാദഹസ്താസനം, കപാലഭാതി പ്രാണായാമം, ഭസ്ത്രിക പ്രാണായാമം, ഭ്രമരി പ്രണായാമം എന്നിവ പിസിഒഡി നിയന്ത്രിക്കാൻ ശീലിക്കാം.
ഈ യോഗാസനങ്ങൾ പലതും ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ്.
ധനുരാസനം
കാലുകൾ പിന്നിലേക്കു നീട്ടി കമഴ്ന്നു കിടക്കുക. ഇനി ഓരോ കാലുകളും പിന്നിലേക്കു മടക്കി ഇരുകൈകൾ കൊണ്ടും കണങ്കാലിൽ പിടിക്കുക (ചിത്രം 1). ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തുകൊണ്ടു തലയും തോളുകളും നെഞ്ചും തുടയും മുകളിലേക്ക് ഉയർത്തുക (ചിത്രം 2,3). കുലച്ച വില്ലുപോലെയാകും ഇപ്പോൾ ശരീരം. സാവകാശം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു പൂർവസ്ഥിതിയിലാകാം. കാൽ വിരലുകളിൽ പിടിച്ചുകൊണ്ടു പൂർണധനുരാസസനവും ചെയ്യാം. അഞ്ചു തവണ ആവർത്തിക്കാം.
സേതുബന്ധാസനം
കാലുകൾ നീട്ടി മലർന്നുകിടക്കുക (ചിത്രം 1). രണ്ടു കാലുകളും മടക്കി നിലത്തു ചവിട്ടി നിർത്തുക (ചിത്രം 2). ശ്വാസമെടുത്തു കൊണ്ട് ഇരുകൈകളും ഇടുപ്പിൽ സപ്പോർട്ട് ചെയ്ത് അരക്കെട്ടു പരമാവധി മുകളിലേക്ക് ഉയർത്തുക. നടുഭാഗം പരമാവധി വളഞ്ഞിരിക്കണം (ചിത്രം 3). ശ്വാസം വിട്ടുകൊ ണ്ടു ശരീരം താഴ്ത്തി കിടക്കുക. അഞ്ചു തവണ ആവർത്തിക്കാം.
തൈറോയ്ഡ് പ്രശ്നങ്ങൾ അകറ്റാൻ
സ്ത്രീകളെ അലട്ടുന്ന മറ്റൊരു പ്രധാന രോഗമാണ് തൈറോയ്ഡ് സംബന്ധമായവ. തൈറോയ്ഡ് ഹോർമോണുകൾ കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. ജീവിതത്തിന്റെ താളം തന്നെ തെറ്റിപ്പോകാം. കാരണം ഇതു ശാരീരിക അസ്വസ്ഥകൾ മാത്രമല്ല, മാനസികബുദ്ധിമുട്ടുകളും ഉണ്ടാക്കും.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സന്തുലിതമാക്കുന്ന യോഗാസനങ്ങളാണ് മാർജാരാസനം, വ്യാഘ്രാസനം എന്നിവ.
കഴുത്തിന്റെ ചലനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള വ്യയാമങ്ങളും ചെയ്യാം. ഗ്രീവചലനം ശീലമാക്കാം. ആഞ്‍ജാചക്ര ധ്യാനം ശീലിക്കുന്നതും ഫലം നൽകും.
മാർജാരാസനം
കൈകൾ രണ്ടും തറയിൽ വച്ചു മുട്ടുകുത്തി നിൽക്കുക (ചിത്രം 1). ശ്വാസം ഉള്ളിലേക്കു വലിച്ചു തലയും നെഞ്ചും മുകളിലേക്ക് ഉയർത്തുക (ചിത്രം 2). അരക്കെട്ടിന്റെ ഭാഗം ഈ സമയത്തു താഴ്ന്നിരിക്കണം. ഇനി ശ്വാസം പുറത്തേക്കു വിട്ടു മുതുകുഭാഗം ഉയർത്തുക (ചിത്രം 3). ഈ സമയത്തു തല കൈകൾക്കിടയിലേക്കു പരമാവധി താഴ്ത്തി താടി നെഞ്ചുഭാഗത്തു മുട്ടിക്കാൻ ശ്രമിക്കുക. ആറു തവണ ആവർത്തിക്കാം.
വ്യാഘ്രാസനം
മാർജാരസനത്തിൽ നിൽക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് വലതുകാൽ പുറകിലേക്ക് നീട്ടി പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് കാൽ മടക്കി ഉള്ളിലേക്കു കൊണ്ടുവന്ന് നെറ്റി കാൽമുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുക. ഇപ്രകാരം ഇരുകാലുകളിലും മാറി മാറി ചെയ്യാം. സാധാരണരീതിയിൽ ശ്വസിക്കാം. അഞ്ചു തവണ ആവർത്തിക്കാം.
തയാറാക്കിയത് : ഡോ. ടോംസ് എബ്രഹാം
ഡയറക്ടർ,
യുവത സ്കൂൾ ഓഫ് യോഗ.
എക്സപർട് കമ്മിറ്റി മെംബർ (യോഗ), DLLE & CYN,
MG യൂണിവേഴ്സിറ്റി, കോട്ടയം.
സ്മിത സുനിൽകുമാർ
യോഗ ഇൻസ്ട്രക്ടർ
ചെറുവത്തൂർ
കലാക്ഷേത്ര,
കാസർകോട്