പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളുടെ വിജയം ആഘോഷിക്കുന്നതു കാണുമ്പോൾ എന്റെ പത്താം ക്ലാസ്സിലെ മാർക്ക് ഓർമ വരും. 260 മാർക്ക്. ജയിക്കാൻ വേണ്ടിയിരുന്നത് 210. പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ എവിെടത്താനാണ് എന്നു ചിന്തിക്കുന്നവരോടു ‘ദാ, ലോകത്തിന്റെ നെറുകയിൽ വരെ..’ എന്നു ഞാൻ പറയും.’’
മത്സരപ്പരീക്ഷകളിലെ മാർക്കല്ല വിജയത്തിേലക്കുളള ചവിട്ടുപടിയെന്നു തെളിയിക്കുകയാണു ലോകാരോഗ്യസംഘടനയിലെ ഉദ്യോഗസ്ഥനായ തോമസ്. ജനീവയിൽ ഡബ്ല്യുഎച്ച്ഒയുടെ മുഖ്യകാര്യാലയത്തിൽ എമർജൻസി റെസ്പോൺസ് ഡിവിഷനിലെ പ്രോജക്ട് മാനേജ്മെന്റ് ഓഫിസറാണു മലയാളിയായ കെ.തോമസ്.
അമ്മയുടെ യാത്രകൾ, എന്റേതും
‘‘ഇടുക്കി കോതപ്പാറയിലാണു ഞാൻ ജനിച്ചത്. കാക്കകൂടുംങ്കൽ സ്കറിയയുടെയും ത്രേസിയാമ്മയുടെയും ആറു മക്കളിൽ ഇളയ ആൾ. കുട്ടിക്കാലത്തു നാ ലു സഹോദരിമാരും ഒരു ചേട്ടനും ബന്ധുവീടുകളിൽ നിന്നായിരുന്നു പഠനം. അയ്യപ്പൻ കോവിൽ, മുത്തംപടി എന്നിവിടങ്ങളിൽ വിപുലമായ വ്യാപാരം നടത്തിയിരുന്നു ചാച്ചൻ. പക്ഷേ, ഇടുക്കി ഡാം നിർമാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിനു ശേഷം ചാച്ചന്റെ വ്യാപാരങ്ങൾ അടിതെറ്റി.
ചെറിയ വ്യാപാരങ്ങളായിരുന്നു ജീവിതമാർഗം. പിടിച്ചു നിൽക്കാൻ പലചരക്കും മലഞ്ചരക്കും മാറിമാറി പയറ്റി നോക്കി. വീടും കടയുമെല്ലാം ഒരുമിച്ചു തന്നെ. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താണു കച്ചവടം തകർച്ചയിലേക്കു നീങ്ങിയത്. അതോടെ ജീവിതം ബുദ്ധിമുട്ടിലായി. ആറു മക്കളെ വളർത്താനുള്ള ചെലവാകണം കച്ചവടത്തെ ബാധിച്ചത്.
ഇതിനിടെ ചാച്ചനു വയ്യാതെ കുറച്ചുനാൾ കിടപ്പിലായി. കാര്യങ്ങൾ കൈവിട്ടു പോകുമെന്നായതോടെ അമ്മ എന്നെയും കൂട്ടി അടുത്തുള്ള വീടുകളിൽ നിന്നു കശുവണ്ടി ശേഖരിക്കാൻ തുടങ്ങി. വൈകാതെ ആ യാത്ര അടുത്തുള്ള ഗ്രാമങ്ങളിലേക്കും നീണ്ടു. അവിടെയും വീടുവീടാന്തരം കയറി പല സാധനങ്ങളും വാങ്ങിത്തുടങ്ങി. അന്ന് അമ്മ നടത്തിയ ആ യാത്രകൾക്കു മുന്നിൽ ഇന്നു ഞാൻ നടത്തുന്ന യാത്രകളൊക്കെ എത്രയോ നിസ്സാരം. ചാച്ചനും അമ്മയും ഏതു പ്രതിസന്ധിയിലും പതറാതെ പിടിച്ചു നിന്നിരുന്നു. ഓരോ തകർച്ചയ്ക്കും േശഷവുമുണ്ടാകും വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പ്.
ശരാശരി വിജയവും പല പല ജോലികളും
ഇതിനിടയിലൂടെ എന്റെ പഠനം തട്ടിയുംമുട്ടിയും മുന്നോട്ടു നീങ്ങി. പത്താംക്ലാസ് ഫലം വന്നു. 600ൽ 260 മാർക്ക്. വീട്ടിലെ അവസ്ഥ, എന്റെ ജാഗ്രതക്കുറവ്, സ്കൂളിലെ പരിമിതമായ സൗകര്യങ്ങൾ ഇങ്ങനെ മാർക്ക് കുറയാൻ കാരണങ്ങളേറെയായിരുന്നു. അധ്യാപകരുടെ മാർഗനിർദേശങ്ങൾ കൊണ്ടാണു ജയിച്ചതു തന്നെ.
കണക്കിനു ഭേദപ്പെട്ട മാർക്ക് ഉണ്ടായിരുന്നു. അതുെകാണ്ടു പ്രീഡിഗ്രി കൊമേഴ്സ് ഗ്രൂപ് തിരഞ്ഞെടുത്തു. എല്ലാ വിഷയങ്ങളിലും ആദ്യതവണ തന്നെ പാസ്സായെങ്കിലും ഇംഗ്ലിഷിൽ തട്ടിത്തടഞ്ഞു വീണു. ആ സമയത്ത് അടുത്തുള്ള പാൽ സൊസൈറ്റിയിൽ ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചു. പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയെങ്കിലും വീട്ടിൽ വളർത്തുമൃഗങ്ങൾ ഇല്ലാത്തതിനാൽ ഞാൻ അയോഗ്യനായി. അതോടെ വീണ്ടും പഴയ േജാലി തുടങ്ങി. കശുവണ്ടി, കാപ്പിക്കുരു, ചക്കക്കുരു, കൊക്കോ, പഴയ പുസ്തങ്ങൾ തുടങ്ങിയവ വാങ്ങി ചുമടായി വിൽക്കും.
ഇതിനിടയിൽ മൂന്നാമത്തെ ശ്രമത്തിൽ ഇംഗ്ലിഷ് പാസ്സായി. തുടർന്നു കുട്ടിക്കാനം മരിയൻ കോളജിൽ ബികോമിനു ചേർന്നു. ബികോം പരീക്ഷ കഴിഞ്ഞും പല ജോലികൾ തുടർന്നു. കപ്പത്തോട്ടമൊരുക്കാനും പത്രവിതരണത്തിനും പോയി. പാറമടയിലെ ലോഡിങ്ങിനു വന്ന ലോറിയിൽ സഹായി ആയി. ബന്ധുവിന്റെ വീടുപണിക്കു കട്ട ചുമക്കാനും പോയി. ഇതിനിടെ സ്ഥിരം നിർമാണത്തൊഴിലാളിയായി. അപ്പോഴേയ്ക്കും ബികോം ഫസ്റ്റ് ക്ലാസിനടുത്ത മാർക്കോടെ പാസായി.
പോരാളികൾക്ക് പിന്നാലെ
ആ വിജയം നൽകിയ സന്തോഷം ചെറുതായിരുന്നില്ല. പ ഠനം തുടരണമെന്നായിരുന്നു മോഹം. പക്ഷേ, ആ സമയത്തു ജോലി അത്യാവശ്യമായിരുന്നു. എന്റെ മുതിർന്ന സഹോദരിമാർ അക്കാലത്തു ഡൽഹിയിലാണു ജോലി ചെയ്തിരുന്നത്. അവരുടെ ഒപ്പം താമസിച്ച് എന്തെങ്കിലും േജാലി കണ്ടെത്താമെന്നു തീരുമാനിച്ചു. കണ്ണഞ്ചിപ്പിക്കുന്ന അദ്ഭുതകാഴ്ചകളുള്ള മഹാനഗരമായിരുന്നു സ്വപ്നങ്ങളിൽ. പക്ഷേ, ഡൽഹിയിലെത്തിയ ഞാൻ നിരാശനായി.
ഒറ്റമുറിയിൽ വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് എന്റെ സഹോദരിമാർ കഴിഞ്ഞിരുന്നതെന്ന് അവിടെയെത്തിയപ്പോഴാണു മനസ്സിലായത്. മലയാളിപ്പെൺകുട്ടികളുടെ നിശബ്ദയാത്രകളാണല്ലോ പല കേരളീയരുടെയും ലോകസഞ്ചാരങ്ങളുടെ അടിത്തറ. പിന്നാലെ വരുന്നവർക്കു വഴിയൊരുക്കാൻ കഠിനവഴികളിലൂടെ പട വെട്ടിയ യഥാർഥ പോരാളികൾ. എന്റെ സഹോദരിമാരും മറിച്ചായിരുന്നില്ല. അവരുടെ സഹായത്തോടെ കാൽനൂറ്റാണ്ടോളം നീണ്ട ഡൽഹി ജീവിതത്തിനു ഞാൻ തുടക്കം കുറിച്ചു.
എന്നും രാവിലെ ആ ഒറ്റമുറി വീട്ടിൽ നിന്നു ജോലി തേടിയിറങ്ങും. കംപ്യൂട്ടർ പരിജ്ഞാനമോ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമോ ഇല്ലാത്ത എനിക്കു കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഏറെ ശ്രമത്തിനൊടുവിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസിലെ ട്രെയ്നി ആയി േജാലി കിട്ടി. ഭാഷ പ്രശ്നമായെങ്കിലും നന്നായി ജോലി ചെയ്തു.
സിഎ പഠിച്ചാൽ പത്തിരട്ടി അലവൻസ് തരാമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ അവസ്ഥയിൽ േജാലിയായിരുന്നു പ്രധാനം. കംപ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചു. ഹിന്ദി വശമാക്കി. ഇംഗ്ലിഷ് സംസാരിക്കുമ്പോൾ വിറയൽ മാറാൻ നാളുകളെടുത്തു.
പിന്നീട് ഒരു കരിസ്മാറ്റിക് ഓഫിസിൽ അക്കൗണ്ടന്റാ യി േജാലി ചെയ്തു. തസ്തിക അക്കൗണ്ടന്റിന്റേതാണെങ്കിലും മൈക്കും സ്പീക്കറും വെളളവുമെല്ലാം ചുമക്കുന്നതും എന്റെ ജോലിയായിരുന്നു. ഒപ്പം പാർട്ട് ടൈമായി പല ഓഫിസുകളിലെയും കണക്കുകൾ നോക്കി. 2007 ലാണ് ഡൽഹിയിൽ നഴ്സായ ദീപ ജീവിതപങ്കാളിയായെത്തിയത്. ദീപയുടെ പിന്തുണയാണു മുന്നോട്ടുള്ള വിജയങ്ങളിലേക്കു നയിച്ചത്. 2008 ൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു വിദൂരവിദ്യാഭ്യാസത്തിലൂടെ ഫിനാൻസിൽ എംബിഎ സ്വന്തമാക്കി.
ആ വാചകമാണ് ആത്മവിശ്വാസമായത്
2012 ലാണു ലോകാരോഗ്യസംഘടനയിൽ ജോലിക്ക് അ പേക്ഷിച്ചത്. എഴുത്തു പരീക്ഷയിലും ഇംഗ്ലിഷ് പരിജ്ഞാന പരീക്ഷയിലും വിജയിച്ചു. അഭിമുഖത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഒരേ ഒരു പോസ്റ്റാണ് ഒഴിവ്.
അവിടെ ഇരിക്കുന്നവരിൽ ഞാനൊഴിച്ചുള്ള ബാക്കി അ ഞ്ചു പേരും സിഎ, െഎസിഡബ്ല്യൂഎ യോഗ്യതയുള്ളവർ. അപകർഷതയും ആത്മവിശ്വാസമില്ലായ്മയും എന്നെ കു ഴക്കി. അഭിമുഖത്തിൽ പങ്കെടുക്കാതെ അവിടെ നിന്നു പോകാമെന്നു തന്നെ കരുതി.
പെട്ടെന്നാണു മുൻപുണ്ടായ ഒരു സംഭവം ഓർമ വന്നത്. എന്നെക്കുറിച്ച് ഒരാൾ മറ്റൊരാളോടു പറഞ്ഞതാണ്. ‘തോമസ് ഈസ് ഗുഡ് ആസ് എ ചാർട്ടേഡ് അക്കൗണ്ടന്റ്’. അഭിമുഖം തീരുന്നതു വരെ ആ വാചകം ഞാൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേയിരുന്നു. അങ്ങനെ അഭിമുഖം ആത്മവിശ്വാസത്തോടെ നേരിട്ടു. 2012ൽ ലോകാരോഗ്യസംഘടനയുടെ ഡൽഹിയിലുള്ള ഇന്ത്യൻ പ്രതിനിധി ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു.
മത്സരപ്പരീക്ഷകളിലൂടെ പല തസ്തികകളിലെത്താനാകും. അക്കൗണ്ടിങ്, പ്ലാനിങ്, പ്രോഗ്രാം തുടങ്ങിയ മേഖലകളിൽ പത്തു വർഷത്തോളം ജോലി ചെയ്തു. ഇതിനിടെ ലോകാരോഗ്യ സംഘടനയുടെ എമർജൻസി റെസ്പോൺസ് ദൗത്യസംഘത്തിന്റെ ഭാഗമായി ബംഗ്ലാദേശിലും ജനീവയിലും സേവനം ചെയ്യാൻ പല തവണ തിരഞ്ഞെടുക്കപ്പെട്ടു.
ഓരോരുത്തരുടെയും കഴിവിനും അഭിരുചിക്കും അനുസരിച്ചു വൈവിധ്യമാർന്ന പഠന അവസരങ്ങളാണു ലോ കാരോഗ്യസംഘടന നൽകുക. അങ്ങനെ യുകെയിലെ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻഡ് അക്കൗണ്ടൻസിയിൽ നിന്ന് ഇന്റർനാഷനൽ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് ഡിപ്ലോമ സ്വന്തമാക്കി.
പ്രവൃത്തിപരിചയത്തോടൊപ്പം കൂടുതൽ യോഗ്യതക ൾ നേടിയാൽ മറ്റു തസ്തികകളിലേക്കു മത്സരിക്കാനാകും. അങ്ങനെ പല തസ്തികകൾ കടന്ന് 2022 ൽ സ്വിറ്റ്സർലാൻഡിലെ ജനീവയിലുളള ലോകാരോഗ്യസംഘടനയുടെ മുഖ്യകാര്യാലയത്തിലെ എമർജൻസി റെസ്പോൺസ് ഡിവിഷനിൽ പ്രോജക്ട് മാനേജ്മെന്റ് ഓഫിസറായി. ലോകമെമ്പാടുമുളള ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഭാഗമാകാനും െഎക്യരാഷ്ട്രസംഘടനയുടെ മറ്റ് ഏജൻസികൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാനും കഴിയുന്നു.
മൂത്ത മകൻ അർപ്പിത് ഇന്റർനാഷനൽ ബകാലോറിയേറ്റ് ഡിപ്ലോമ െചയ്യുന്നു. രണ്ടാമത്തെ മകൻ പ്രേഷിത് എട്ടാം ക്ലാസ്സിലും ഇളയ മകൾ ആർദ്ര ഏഴാം ക്ലാസ്സിലും പഠിക്കുന്നു. ഇവിടെ മത്സരപ്പരീക്ഷകളിലെ മാർക്കുകൾ മാത്രം അടിസ്ഥാനമാക്കിയല്ല പഠനനിലവാരം വിലയിരുത്തുന്നത്. പ്രയത്നവും ആശയങ്ങളുടെ പ്രായോഗിക ഉപയോഗവും കൂടി കണക്കിലെടുക്കുന്നു.
മത്സരപ്പരീക്ഷകളിലെ മാർക്ക് മാത്രമല്ല ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും മാർക്ക് കുറഞ്ഞാൽ ആകുലരാകേണ്ടതില്ലെന്നും നമ്മുടെ മക്കൾ പഠിക്കേണ്ടതുണ്ട്. പരാജയങ്ങളെ ബോധപൂർവം നേരിടുക. പുതിയ ലോകം ഓേരാ ദിവസവും കൂടുതൽ അവസരങ്ങളും വെല്ലുവിളികളുമായാണു മുന്നിലെത്തുക. പ്രതിസന്ധികൾക്കെതിരേ മുഖം തിരിക്കുകയോ നിരാശരാകുകയോ ചെയ്യരുത്.പൂർവാധികം ഉത്സാഹത്തോടെ മുന്നേറുമ്പോഴാണു വിജയങ്ങളിലേക്ക് എത്തിപ്പെടുന്നത്.’’
വിജയിക്കാം ഈ വഴിയേ
∙ കഴിവും അഭിരുചിയും മനസ്സിലാക്കി കുട്ടികളെ മുന്നോട്ടു നയിക്കുക. ഇങ്ങനെ ചെയ്താൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ മാർക്ക് കുറഞ്ഞവർക്കും തുടർപഠനകാലത്തു ശോഭിക്കാനാകും. ഈ മാർക്ക് ഉപരിപഠനത്തിനു ശേഷം അ പ്രസക്തമാകുമെന്നോർക്കുക.
∙ വിദ്യാർഥികളെന്ന നിലയിൽ ആദ്യത്തെ പ്രതിബദ്ധത അക്കാദമിക് പഠനങ്ങളായിരിക്കണം. ക്ലാസ്സുകളും അസൈൻമെന്റുകളും പരമാവധി പ്രയോജനപ്പെടുത്തുക.
∙ മുന്നോട്ടു നല്ല കോഴ്സുകളും നല്ല സ്ഥാപനങ്ങളിൽ അഡ്മിഷനും ലഭിക്കുന്നതിനു കഴിവിനൊത്തു പരിശ്രമിക്കുക.
∙ മനസ്സിൽ കൃത്യമായ ലക്ഷ്യമുണ്ടാകണം. സമയം ക്രമീകരിക്കുകയും. സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും വേണം. ലോകഭാഷകളിൽ പ്രാവീണ്യം നേടണം. രാജ്യാന്തരതലത്തിൽ അവസരങ്ങൾ സ്വപ്നം കാണണം.
ചൈത്രാലക്ഷ്മി