Wednesday 12 July 2023 12:18 PM IST

‘എന്താണെന്ന് അറിയില്ല ഒരു നെഗറ്റീവ് ഫീലിങ്’: ആ മാനസികാവസ്ഥ മരണത്തിന്റെ മുന്നറിയിപ്പായിരുന്നോ?: സുധി കണ്ണീരോർമ

V R Jyothish

Chief Sub Editor

sudhi-kollam-prajod

കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.

ഉത്സവപറമ്പുകളിലും ആർട്സ് ക്ലബുകളിലും തുടങ്ങി ചാനലുകളിലൂടെ സിനിമയിലെത്തിയ കലാകാരനായിരുന്നു കൊല്ലം സുധി. അനുകരണ കലയിൽ തന്റേതായ ഇടം സുധി കണ്ടെത്തി. സുധിയുെട കഥാപാത്രങ്ങൾക്ക്, പ്രത്യേകിച്ചു സ്ത്രീകഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു.

‘പരിപാടികൾ ഹിറ്റാണെങ്കിലും ജീവിതം ഫ്ലോപ്പായിപ്പോയി’ തന്നെക്കുറിച്ച് സുധി പറഞ്ഞ ഈ ഡയലോഗാണ് ഇന്നു സുഹൃത്തുക്കളെ ഏറെ വേദനിപ്പിക്കുന്നത്. സുധിയുടെ സുഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇവിടെ.

ആ മാനസികാവസ്ഥ മുന്നറിയിപ്പായിരുന്നോ ?

പതിനഞ്ചു വർഷത്തിലേറെയായി ഞാനും സുധിയും വേദികൾ പങ്കിടുന്നു. സ്വദേശത്തും വിദേശത്തും അമ്പലപ്പറമ്പിലും റിയാലിറ്റിഷോകളിലും തുടങ്ങി മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപും അവൻ എന്നൊടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാകും സുധി മരിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ തോന്നുന്നില്ല.

ഏതു പരിപാടിക്കു പോകുമ്പോഴും ഞാൻ കഴിയുന്ന അമ്പലങ്ങളിലും പള്ളികളിലും കയറാറുണ്ട്. അന്ന് വടകര പരിപാടിക്കു പോയപ്പോഴും ഞാൻ അങ്ങനെ ചെയ്തു. ഇ ടപ്പള്ളി പള്ളിയിൽ നേർച്ചയിട്ടു. ഞാനും ടിനി ടോമും ബിജുക്കുട്ടനുമാണ് എറണാകുളത്തു നിന്നു പോകാനുണ്ടായിരുന്നത്. മൂന്നു വണ്ടികളാണു ഞങ്ങൾക്കു േവണ്ടി സംഘാടകർ ഒരുക്കിയത്. ഒറ്റപ്പെട്ട ദ്വീപുകളായി മൂന്നു വണ്ടിയിൽ പോകുന്നതിനു പകരം ഒരു വണ്ടിയിൽ പോയാൽ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. യാത്ര തുടങ്ങി കുറച്ചുസമയം കഴിഞ്ഞപ്പോൾ ടിനി എന്നോടു ചോദിച്ചു;

‘നീ എന്താണ് വല്ലാെതയിരിക്കുന്നത് ?’

‘എന്താണെന്ന് അറിയില്ല ഒരു നെഗറ്റീവ് ഫീലിങ്.’ ഞാൻ പറഞ്ഞു. വടകരയെത്തി. പരിപാടി ഗംഭീരവിജയമായിരുന്നു. വൻജനപങ്കാളിത്തം. നല്ല കാഴ്ചക്കാരാണല്ലോ ഏതു പരിപാടിയുടെയും വിജയം. ഞാനും ടിനിയും ബിജുക്കുട്ടനും ആഹാരത്തിനു നിന്നില്ല. പോകാൻ നേരം സുധിയോടു യാത്ര പറയാനും മറന്നില്ല.

ആ ഷോയിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയവരിൽ ഒരാൾ കൊല്ലം സുധിയായിരുന്നു. പതിവു പോലെ സുരേഷ് ഗോപിയെയും ജഗദീഷിനെയും സ്റ്റേജിൽ അനുകരിച്ചു. എന്നിട്ട് ‘ഫിഗർ നോക്കരുത്.’ എന്ന് കൂടെക്കൂടെ പറയുകയും ചെയ്തു. ജഗദീഷിനും സുരേഷ് ഗോപിക്കുമെല്ലാം ആ മിമിക്രി ഇഷ്ടമായിരുന്നു. അതുകൊണ്ടാണല്ലോ സുരേഷേട്ടൻ സുധിയെ കാണാൻ ഓടിയെത്തിയതും അമ്മയ്ക്ക് അവസാനമായി സുധിെയ കാണാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്തതും.

സുധി നല്ലൊരു ഗായകനാണെന്ന് ആദ്യമൊന്നും ഞ ങ്ങൾ അറിയില്ലായിരുന്നു. അതു ബോധ്യമായ ശേഷം എ ല്ലാ പരിപാടികളിലും സുധിയുടെ ഒരു പാട്ട് നിർബന്ധമായിരുന്നു. അവസാനത്തെ പരിപാടിക്കും പാടി. ‘സിന്ദൂര തിലകവുമായി പുള്ളിക്കുയിലേ പാടു നീ...’ എന്ന പാട്ട്.

കലാകുടുംബമായിരുന്നു സുധിയുടേത്. അച്ഛൻ ശിവദാസ് സർക്കാർ ജീവനക്കാരനായിരുന്നു. നല്ലൊരു ക ലാകാരനുമായിരുന്നു. മക്കളുടെ കലാപ്രവർത്തനങ്ങളെ അ ദ്ദേഹത്തിന്റെ മരണം വരെ പ്രോത്സാഹിപ്പിച്ചിരുന്നു. സുധിക്കൊപ്പം സഹോദരൻ സുനിലും പരിപാടികളിൽ പങ്കെടുത്തിരുന്നു. മറ്റൊരു സഹോദരൻ സുഭാഷ് ചെറുപ്പത്തിലേ മരിച്ചു. ഒരു സഹോദരിയുമുണ്ട് സുധിക്ക്.

സുഭാഷിന്റെ മരണമായിരുന്നു സുധിയുടെ കുടുംബത്തെ ആദ്യം ഉലച്ചത്. പിന്നീട് ശിവദാസിനു പിടിപെട്ട രോ ഗം. ചികിത്സയ്ക്കു വേണ്ടി കിടപ്പാടം പോലും വിൽക്കേണ്ടി വന്നു. ശിവദാസ് ജീവിതത്തിലേക്കു തിരിച്ചു വന്നതുമില്ല. അതോടെ കുടുംബത്തിന്റെ ബാധ്യതകൾ കൂടി സുധിക്ക് ഏറ്റെടുക്കേണ്ടിവന്നു.

ആദ്യവിവാഹത്തിലെ പൊരുത്തക്കേടുകൾ സുധിയുടെ കലാജീവിതത്തെ തന്നെ സാരമായി ബാധിച്ചു. കുഞ്ഞിന്റെ സംരക്ഷണം സുധിക്ക് ഏറ്റെടുക്കേണ്ടി വന്നു. ആ കുഞ്ഞാണ് ഇന്നത്തെ പ്ലസ് ടുക്കാരൻ രാഹുൽ. രേഷ്മയെ വിവാഹം കഴിക്കുന്നതുവരെ രാഹുലിന്റെ അച്ഛനും അമ്മയും സുധി തന്നെയായിരുന്നു. സുധിയുടെ രണ്ടാമത്തെ കുഞ്ഞ് ഋതുലിനെ കാണുമ്പോൾ മൂത്തകുട്ടിയുമായി സ്റ്റേജുകളിൽ എത്തിയിരുന്ന സുധിയെയാണ് ഓർമ വരുന്നത്.

വടകരയിലെ പരിപാടി കഴിഞ്ഞ് പുലർച്ചെയാണ് ഞ ങ്ങൾ വീട്ടിലെത്തിയത്. അധികം വൈകാതെ തന്നെ ആ വാർത്തയുമെത്തി. യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും വടകരയിലേക്കു പോയ ആ ദിവസം എനിക്കു മറക്കാൻ കഴിയുന്നില്ല.