Thursday 08 February 2024 10:52 AM IST : By സ്വന്തം ലേഖകൻ

ഷർട്ടും തോർത്തും തലമുടിയുടെ കുറച്ചു ഭാഗങ്ങളും ലഭിച്ചു, കലേന്ദ്രനെ കാണാതായിട്ട് ഒന്നരമാസം; അന്വേഷണം ശക്തമാക്കണമെന്ന് നാട്ടുകാര്‍

kalendran77899

വനത്തില്‍ തടിപ്പണിക്ക് പോയ തൊഴിലാളിയെ കാണാതായിട്ട് ഒന്നരമാസം കഴിയുന്നു. കൊല്ലം അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി കലേന്ദ്രനെയാണ് കാണാതായത്. പൊലീസ് അന്വേഷണം ശക്തമാക്കണമെന്ന് നാട്ടുകാര്‌‍ ആവശ്യപ്പെട്ടു. ഡിസംബർ പതിനാറിനാണ് മൂങ്ങോട് സ്വദേശി 47 വയസുളള കലേന്ദ്രൻ വനത്തിൽ തടി പിടിക്കാനായി പോയത്. ചണ്ണപ്പേട്ട സ്വദേശിയോടൊപ്പം പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് 23 ന് പൊലീസില്‍ പരാതി നല്‍കി. 

പൊലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയപ്പോള്‍ കലേന്ദ്രന്റേതെന്ന് സംശയിക്കുന്ന വസ്ത്രത്തിന്റെ ഒരു ഭാഗം കിട്ടുകയുണ്ടായി. തുടര്‍ച്ചയായുളള പരിശോധനയില്‍ ഒരു കിലോമീറ്റർ മാറി ഷർട്ടും തോർത്തും തലമുടിയുടെ കുറച്ചു ഭാഗങ്ങളും ലഭിച്ചു. തോർത്ത് മരത്തിൽ കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല.

സഹോദരിക്കൊപ്പമാണ് കലേന്ദ്രൻ മൂന്നുവർഷമായി താമസിക്കുന്നത്. കലേന്ദ്രന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹത മാറിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. 

Tags:
  • Spotlight