Wednesday 01 April 2020 02:42 PM IST

'ഹം ആപ്കേ സാഥ് ഹേ, ഭായ്..'; ഒറ്റദിവസം കൊണ്ട് നാടിനും നാട്ടുകാർക്കും ഹീറോയായ 'കരുണാകരേട്ടൻ' ദാ ഇവിടെയുണ്ട്!

Shyama

Sub Editor

police

കൊഴുക്കല്ലൂർ പഞ്ചായത്തിലേക്ക് ഡ്യൂട്ടിയ്ക്കായി പോകുന്നതിനിടയിലാണ് കേരളവും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളും നെഞ്ചോടു ചേർത്ത് വച്ച 'കരുണാകരേട്ടൻ' ഫോൺ എടുക്കുന്നത്. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ അന്യദേശ തൊഴിലാളികളോട് കരുണാകരേട്ടൻ ഹിന്ദിയിൽ നിർദേശങ്ങൾ വ്യക്തമായി പറയുന്ന വിഡിയോ എറണാകുളം കലക്ടർ സുഹാസ് ഐഎഎസ്‌ വരെ ഷെയർ ചെയ്ത്, അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച സന്തോഷം പങ്കുവച്ചിരുന്നു.

22 വർഷത്തെ കരസേനയിലെ സർവീസിൽ നിന്ന് വിരമിച്ചശേഷം 10 വർഷമായി കേരള പൊലീസിന്റെ ഹോം ഗാർഡായി ജോലി ചെയ്യുകയാണ് കരുണാകരൻ കാരക്കണ്ടി മാപ്പാട് എന്ന് മുഴുവൻ പേരുള്ള നമ്മുടെ കരുണാകരേട്ടൻ.

"സി. അനൂപ് സാറിന്റെ നിർദ്ദേശം കിട്ടിയതിനെ തുടർന്ന് എസ്പി സാർ പറഞ്ഞിട്ടാണ് മേപ്പയ്യൂർ പഞ്ചായത്ത് അധികൃതരും ജനമൈത്രി പൊലീസും ചേർന്ന് ക്യാമ്പുകളിലേക്ക് പോയത്. അന്ന് 4-5 ക്യാമ്പുകളിൽ പോയിരുന്നു. അതിലൊന്നിൽ നിർദേശം കൊടുക്കുന്ന വിഡിയോ സഹപ്രവർത്തകരിൽ ഒരാൾ പകർത്തി, അതിങ്ങനെ വൈറൽ ആകുമെന്നൊന്നും ഓർത്തില്ല. എന്റെ ഒപ്പമുള്ളോരൊക്കെ ചെയ്യും പോലെ ഞാനും എന്റെ ഡ്യൂട്ടി ചെയ്തു അത്രമാത്രം.

ഇതുകണ്ട് എല്ലാവരും അഭിന്ദിച്ചു, വടകര എസ്പി എന്നെ കോഴിക്കോടിന്റെ മാസ്കോട്ട് ആയി പ്രഖ്യാപിച്ചു. വളരെ സന്തോഷം. നമ്മുടെ നാട് ഒറ്റക്കെട്ടായി ഒരു വിപത്തിനെതിരെ പോരാടുമ്പോ ഈ നാട്ടിൽ വന്നവരെയും ഈ നാടിനു വേണ്ടി എല്ലുമുറിയെ പണിയെടുത്തവരെയും നമുക്കെങ്ങനെ മറക്കാനാകും? അവർക്കുള്ള എല്ലാ ആശങ്കകളും മാറ്റിക്കൊടുക്കാനും അവർക്ക് നമ്മളൊരുക്കിയ സുരക്ഷയും ഭക്ഷണവും മറ്റ് ആവശ്യങ്ങളെയും ഒക്കെ പറ്റി ഇപ്പോഴും പറഞ്ഞു കൊടുക്കുന്നു. അവരൊക്കെ നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ഒരു തരത്തിലുള്ള കബളിപ്പിക്കലുകളും വ്യാജ സന്ദേശങ്ങളും വഴി ഈ നാടിന്റെ കരുത്ത് ചോർത്താതിരിക്കാനും ഞങ്ങൾ എല്ലാം ഒറ്റക്കെട്ടായി ശ്രമിക്കുന്നുണ്ട്." -കരുണാകരേട്ടൻ വളരെ നിഷ്കളങ്കമായി പറയുന്നു. രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്നതാണ് കരുണാകരേട്ടന്റെ കുടുംബം. വീട്ടുകാർക്കും നാട്ടുകാർക്കും ഈ നാടിനും ഒക്കെ മുന്നിൽ കരുണാകരേട്ടൻ ഹീറോ ആണ്. ഇരുട്ടിൽ പ്രകാശിക്കുന്ന വഴിവിളക്കാണ്!