Friday 03 February 2023 11:22 AM IST : By സ്വന്തം ലേഖകൻ

ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും ആർത്തുവിളിച്ച് യാത്രക്കാര്‍; കഴിയുന്നില്ലെന്ന് നിസ്സഹായ മറുപടി! മനസ് തകർക്കുന്ന ദുരന്ത കാഴ്ച

prajith-reesha4466

കണ്ണൂർ ജില്ലാ ആശുപത്രി റോഡിൽ ഇന്നലെ രാവിലെ യാത്ര ചെയ്തവർ സാക്ഷികളാകേണ്ടി വന്നത് മനസ്സ് തകർക്കുന്ന ദുരന്ത കാഴ്ചയ്ക്കായിരുന്നു. ആളിപ്പടർന്ന തീയുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്നതിന്റെ ദുഃഖം അവരുടെ വാക്കുകളിലുണ്ടായിരുന്നു. പ്രജിത്ത്– റീഷ ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് തീയിൽ അമർന്നത്. 

അതേദിശയിൽ വരുകയായിരുന്ന ബൈക്ക് യാത്രക്കാരൻ സജീർ നാലകത്തും വാനിൽ യാത്ര ചെയ്തിരുന്ന 5 യാത്രക്കാരും കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനങ്ങൾ നിർത്തി കാറിനടുത്തേക്ക് ഓടിയെത്തി മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ ആർത്തു വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെയുള്ള മറുപടി. രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയ ഓട്ടോക്കാര്‍ മുൻ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

സീറ്റിനടിയിൽ നിന്ന് ഉയരുന്ന തീയുടെ മുകളിൽ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിൻസീറ്റിലിരുന്ന് നിലവിളിക്കുന്ന മകൾ ശ്രീപാർവതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. സ്റ്റിയറിങ്ങിനടിയിൽ നിന്നും സീറ്റിനടിയിൽ നിന്നും തീ ഉയരുന്നതിനിടയിലും പിന്നിലുള്ള ഡോർ തുറക്കാൻ കൈ എത്തിപ്പിടിച്ച് സഹായിച്ചത് പ്രജിത്തായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

മുന്നിലെ ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രജിത്തിന്റെയും റീഷയുടെയും ജീവനെടുത്തുകൊണ്ട് തീ ആളിപ്പടർന്നതെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. ഈ സമയം അഗ്നിരക്ഷാസേനസ്ഥലത്തേക്ക് കുതിച്ചെത്തി. തീ അണയ്ക്കും വരെയും കാറിന് സമീപത്ത് നിന്ന് റീഷയുടെ അച്ഛനും അമ്മയും ഇളയമ്മയും മാത്രമല്ല, ദൃക്സാക്ഷികൾ വരെ വാവിട്ടു നിലവിളിക്കുകയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ശ്രീപാർവതിയെ കെട്ടിപ്പിടിച്ചു റോഡിന് വശത്ത് തളർന്നിരുന്നു. ഒടുവിൽ കാറിന്റെ ഡോർ പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒപ്പം, കുടുംബാഗങ്ങളെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ആശുപത്രിയിലെ കാഴ്ചകളും കരളലിയിക്കുന്നതായിരുന്നു. വിശ്വനാഥന്റെ സഹോദര ഭാര്യയായ സജിന, ശ്രീപാർവതിയെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരഞ്ഞു. മക്കളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിലവിളിക്കുന്ന ശോഭനയെയും വിശ്വനാഥനെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചുറ്റുമുള്ളവർക്ക് അറിയില്ലായിരുന്നു.

kannur-pregnant-woman-and-husband-die-after-car-catches-fire2.jpg.image.845.440

സീറ്റ് ബെൽറ്റ് കുരുങ്ങി, ഡോർ തുറക്കാനായില്ല

തീ പിടിച്ച കാറിനകത്ത് സീറ്റ് ബെൽറ്റ് കുരുങ്ങുകയും ഡോർ തുറക്കാനാവാതെ വരുകയും ചെയ്തതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന സംശയമാണ് ദൃക്സാക്ഷികൾ പ്രകടിപ്പിക്കുന്നത്. പുറകിലെ സീറ്റിലുണ്ടായിരുന്നവർക്ക് ഡോർ തുറന്നു രക്ഷപ്പെടാനായതും മുൻ സീറ്റുകളിലുണ്ടായിരുന്ന പ്രജിത്തിനും റീഷയ്ക്കും പുറത്തിറങ്ങാൻ കഴിയാതെ വന്നതും ഇതുകൊണ്ടാകാമെന്നാണ് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നത്. പിന്നിലിരുന്ന റീഷയുടെ അച്ഛനും അമ്മയും മകളും ബന്ധുവും അതിവേഗത്തിൽ പുറത്തിറങ്ങി.

എന്നാൽ പ്രജിത്തിനും റീഷയ്ക്കും മുൻഭാഗത്തെ വാതിലിലെ ഓട്ടമാറ്റിക് ലോക്കും സീറ്റ് ബെൽറ്റും കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് നിഗമനം. അഗ്നിരക്ഷാ സംഘം ഡോർ ബ്രേക്കർ കൊണ്ടുവന്നാണ് വാതിൽ പൊളിച്ചത്. അപ്പോഴേക്കും സീറ്റിൽ ഇരുന്ന് തന്നെ പ്രജിത്തും റീഷയും മരണത്തിന് കീഴടങ്ങി. പൂർണ ഗർഭിണിയായതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനും പരിമിതിയുണ്ടായിട്ടുണ്ടാകാമെന്നാണ് അഗ്നിരക്ഷാ സംഘം പറയുന്നത്. 

kannur-pregnant-woman-and-husband-die-after-car-catches-fire1.jpg.image.845.440

ഓടിയെത്തി അഗ്നിരക്ഷാസേന 

അപകടവിവരം അറി‍യുമ്പോൾ അഗ്നിരക്ഷാസേനാ സ്റ്റേഷനിൽ ക്ലാസ് നടക്കുകയായിരുന്നു. വിവരം കേട്ടയുടൻ സേനാംഗങ്ങളും ഓഫിസ് ജീവനക്കാരും ഓടിയെത്തി. സംഭവസ്ഥലത്ത് എത്തി 2 മിനിട്ടു കൊണ്ടു തീ കെടുത്തിയെന്നു ജില്ലാ ഫയർ ഓഫിസർ എ. ടി. ഹരിദാസൻ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൽ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.രാജീവൻ, ഓഫിസർമാരായ വി.എം.സതീശൻ, പി.മനോജ്, വി.കെ.റസീഫ്, കെ.ഐ.അനൂപ്, എം.സജാദ്, ഡ്രൈവർമാരായ കെ.രാജേഷ്, കെ.പി.നസീർ, എം.അനീഷ്കുമാർ, ഹോംഗാർഡുമാരായ എൻ.വി.നാരായണൻ, സി.വി.അനിൽകുമാർ, കെ.മോഹനൻ എന്നിവർ പങ്കെടുത്തു.

Tags:
  • Spotlight