Friday 25 May 2018 02:32 PM IST

അരങ്ങിലേക്ക്് കയറാനൊരുങ്ങി നിൽക്കുന്ന കഥകളിനടനല്ല ഇത്; ഈ കലാകാരൻ അനശ്വരമാക്കിയ ശിൽപ്പം

Rakhi Parvathy

Sub Editor

kathakali-Main അജിത് കോടിമത തന്റെ ശില്‍പ്പത്തോടൊപ്പം

വിടർന്ന കണ്ണുകളിൽ ആട്ടവിളക്കിന്റെ പ്രഭയിൽ ആടിത്തിമിർക്കാൻ ഒരുങ്ങുന്ന, മുഖത്ത് ശുഭാപ്തി വിശ്വാസം നിറച്ച് അരങ്ങിലേക്ക് കയറുന്ന നടനല്ല ഇത്. ആറടി വലുപ്പത്തിൽ കോട്ടയത്തെ ഒരു കലാകാരൻ ഒരുക്കിയ മനോഹരമായ കഥകളി പ്രതിമയാണിത്. മെയ്യും മുഖവും മിനുക്കി തയാറായി നിൽക്കുന്ന കലാകാരനെപോലെയുള്ള ഈ ശിൽപ്പമൊരുക്കിയത് അജിത് കോടിമത എന്ന കലാകാരനാണ്. പിവിസി പൈപ്പും എംസീലും കൊണ്ട് ഉണ്ടാക്കിയ ശിൽപ്പങ്ങൾ കടലും കടന്ന് അമേരിക്കയിലും ലണ്ടനിലും വരെ എത്തിയിട്ടുണ്ട്. യോജിപ്പിക്കാവുന്ന നാല് ഭാഗങ്ങളായിട്ടാണ് അജിത് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. അജിത് ഓട്ടോമൊബൈൽ എൻജിനീയറിങ് ജോലിയിൽ നിന്നും കഥകളി ശിൽപ്പ നിർമാണത്തിലേക്ക് തിരിഞ്ഞത് നിയോഗമെന്നാണ് വിശ്വസിക്കുന്നത്.

kathakali03

കഥകളി എന്ന കലയെ ഏറെ സ്നേഹിച്ച് കഥകളിയുടെ സ്ഥിരം അരങ്ങുകളിലെ നിത്യകാഴ്ചക്കാരനായിരുന്ന അജിതിനെ ആകർഷിച്ചിരുന്നത് കഥകളി അരങ്ങിൽ മിന്നി മറയുന്ന കൃഷ്ണനും ദുര്യോധനനും കീചകനുമെല്ലാം എടുത്തണിഞ്ഞിരുന്ന ചമയങ്ങളായിരുന്നു. അജിത് തന്റെ കഥകളിശിൽപ്പരംഗത്തെക്കുറിച്ച് വനിത ഓൺലൈനോട് പറയുന്നു. ‘ചെറുപ്പത്തിൽ അച്ഛൻ വാസുദേവൻ പിള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്നിട്ടുകൂടി കലാകാരന്മാർക്ക് അഭിനയസാമഗ്രികളും ഒരുക്കങ്ങളും നിർമിച്ച് നൽകിയിരുന്നു. നാടകവും നൃത്തവുമെല്ലാം അരങ്ങിലെത്തിക്കുമ്പോൾ കലാകാരന്മാർക്ക് ചെറിയ ഒരു സഹായം. അത് ഞാൻ നോക്കി നിൽക്കുമായിരുന്നു.

kathakali2

മനസിലെ ഓട്ടോമൊബൈൽ എൻജിനീയറാണ് പിവിസി പൈപ്പും എംസീലും കയ്യിൽ വച്ച് തന്നത്, തിളക്കമുള്ള ചമയങ്ങൾ അച്ഛന്റെ ഓർമകളും. അതിൽ നിന്നാണ് തുടക്കം. 2000ത്തിലായിരുന്നു തുടക്കം. ആദ്യം കഥകളിയുടെ തലമാത്രം രൂപപ്പെടുത്തി. പിന്നീടാണ് ഉടലുമായി ചേർത്ത് നാലടിയുള്ള രൂപം ഒരുക്കൽ തുടങ്ങിയത്. ഇപ്പോൾ ആറടിപ്പൊക്കത്തിലെ ലൈഫ് സൈസ് ശിൽപ്പങ്ങളും ഉണ്ട്.

കോട്ടയം പള്ളിപ്പുറത്തുകാവ് അമ്പലത്തിന് സമീപം സൗത്ത് വെള്ളൂർ വീട്ടിൽ ഇന്ന് ദുര്യോധനനും അർജുനനും കൃഷ്ണനുമെല്ലാം ഒരുങ്ങിയിരിക്കുന്നു. കഥകളിയെ സ്നേഹിക്കുന്ന പലരും വിവിധ ഭാഗങ്ങളിൽ നിന്ന് അജിത്തിനെ അന്വേഷിച്ച് വരുന്നുണ്ട്. ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് ഹോമുകളിലും വീടുകളിലുമെല്ലാം അജിത്തിന്റെ കരവിരുതിൽ വിരിഞ്ഞ കഥകളി ശിൽപ്പങ്ങളുണ്ട്. ചുട്ടികുത്ത് പോലെ തന്നെ ഇതിനും ഒരുക്കങ്ങളുണ്ട്. വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമെല്ലാം വേണ്ട വസ്തുക്കൾ വാങ്ങി അജിത് തന്നെയാണ് വേഷഭൂഷാദികൾ തയാറാക്കുന്നത്. ഏകദേശം 10 മുതൽ 15 വരെ ദിവസം കൊണ്ട് അജിത് കോടിമത തന്റെ ശിൽപ്പങ്ങൾ പൂർത്തിയാക്കുന്നു.

kathakali-Hyderali അജിത് നിര്‍മിച്ച (ലൈഫ് സൈസ്) ശ്രീകൃഷ്ണ ശില്‍പ്പത്തോടൊപ്പം കലാമണ്ഡലം ഹൈദരാലി മാഷ്

കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി ആശാന് സപ്തതി സമ്മാനമായി കഥകളി ശിൽപ്പം സമ്മാനിച്ച് അനുഗ്രഹം തേടാനും അജിത് മറന്നിട്ടില്ല. കഥകളി ആചാര്യന്മാരായ കലാമണ്ഡലം ഹൈദരാലി മാഷ്, കൃഷ്ണകുമാർ എന്നിവരോടും അജിത് ചുട്ടികുത്തിലെ മാർഗ നിർദേശങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നു. പിവിസി പൈപ്പ് കൊണ്ട് അസ്ഥികൂടവും എംസീലുകൊണ്ട് യഥാർത്ഥ ചർമത്തെ വെല്ലുന്ന ചർമവും അജിതിന്റെ കരവിരുതിൽ റെഡി. 5 മുല്‍ 15 കിലോ വരെയാണ് ഭാരം വരുക. ശിൽപ്പങ്ങൾ കേടുകൂടാതെ വർഷങ്ങളോളം സൂക്ഷിക്കാനുള്ള പോളി കാർബണേറ്റ് ക്യാബിനുകളും അജിത് ഉണ്ടാക്കി നൽകും, ജീവസുറ്റ ശിൽപ്പങ്ങൾക്ക് (കലാകാരന്മാർക്ക്) ഭംഗി ചോരാതിരിക്കാൻ.

ajith_gopi_ashan കലാമണ്ഡലം ഗോപി ആശാനൊപ്പം അജിത്

കഥകളി കലാകാരനല്ലെങ്കിലും ഇത്രയധികം കഥകളിയെ സ്നേഹിച്ച തനിക്ക് ബിസിനസല്ല നിയോഗമാണ് ഇതെന്നാണ് അജിത് പറയുന്നത്. കോട്ടയം ബിഎസ്എൻഎൽ ജീവനക്കാരിയായ ഭാര്യ ചിത്രയും മകൻ അച്യുത് നായരും എല്ലാം പ്രോത്സാഹനങ്ങളോടും കൂടി അജിതിനൊപ്പമുണ്ട്.