Friday 28 February 2020 04:02 PM IST : By സ്വന്തം ലേഖകൻ

മകന് കൂട്ടുപോയി ഒടുവിൽ രാജ്യാന്തര കിക്ക് ബോക്സിങ്ങിൽ ‘ഗോൾഡടിച്ച’ ആൻമേരിയുടെ വിജയകഥ! 35 വയസ്സിലും തളരാത്ത പോരാട്ടവീര്യം

ann-mary-philip

ന്യൂഡൽഹിയിൽ നടന്ന രാജ്യാന്തര കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടി മലയാളി വീട്ടമ്മ. എറണാകുളം സ്വദേശിയായ ആൻമേരിയാണ് അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മകന്റെ പരിശീലത്തിനു കൂട്ടുപോയി ഒടുവിൽ കിക്ക് ബോക്സറായ കഥയാണ് ആൻമേരിയുടേത്. നാലാം ക്ലാസ്സുകാരൻ ക്രിസ് ജൂബിൻ 2018 ഡിസംബറിൽ കേരള കിക്ക് ബോക്സിങ് അസോസിയേഷന്റെ എറണാകുളത്തെ ട്രെയിനിങ് സെന്ററിൽ ബോക്സിങ് പഠനം തുടങ്ങിയതാണ് വഴിത്തിരിവായത്. 

മകന്റെ പ്രാക്റ്റിസ് കഴിയുന്നത് വരെ രണ്ടു- രണ്ടര മണിക്കൂർ ആൻമേരി എല്ലാം കണ്ട് അവിടെ ഇരിക്കും. അങ്ങനെ മൂന്ന് മാസത്തെ കൂട്ടിരിപ്പിനുശേഷം ആൻമേരിയും കിക്ക് ബോക്സിങ് പരിശീലത്തിന് ഇറങ്ങി. ഫിറ്റ്നസ് എന്ന ചിന്തയിലാണ് പഠനം തുടങ്ങിയത്. "അവരുടെ ഉള്ളിലൊരു പാഷൻ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പരിശീലനത്തിൽ നന്നായി പ്രതികരിക്കുന്നുണ്ട്."- പരിശീലകനായ കിരൺ വി എസ് പറയുന്നു. പ്രായം ആൻമേരിക്ക് ഒരു തടസ്സമേ ആയിരുന്നില്ല. 

"ഞാനൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയായിരുന്നു. ജോലി, വീട് എന്നിങ്ങനെ നടക്കുമ്പോഴാണ് മകനെ മാർഷൽ ആർട്സ് പഠിപ്പിക്കണമെന്ന ആഗ്രഹം തോന്നിയത്. അങ്ങനെ അവനെ കേരള കിക്ക് ബോക്സിങ് അസോസിയേഷന്റെ എറണാകുളത്തെ ട്രെയിനിങ് സെന്ററിൽ ബോക്സിങ് പഠനത്തിനു ചേർത്തി. 

രണ്ടു- രണ്ടര മണിക്കൂർ പ്രാക്റ്റിസ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആകെ മടുപ്പാകും. വീട്ടിൽ പോയിട്ട് വരാനുള്ള സമയവുമില്ല. അങ്ങനെയാണ് ഫിറ്റ്നസിനു വേണ്ടി എനിക്ക് കൂടെ ജോയിൻ ചെയ്താലോ എന്ന് ചിന്തിച്ചത്. ചാമ്പ്യൻഷിപ്പ് എന്നൊന്നും അന്ന് ചിന്തിച്ചിട്ട് പോലുമില്ല. മാസ്റ്റർ നിർബന്ധിച്ച് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനു പോയപ്പോൾ ഗോൾഡ് മെഡൽ കിട്ടി. അതോടെ സീരിയസ്സായി കിക്ക് ബോക്സിങ്ങിനെ കണ്ടുതുടങ്ങി"- ആൻമേരി പറയുന്നു.

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ ഓപ്പൺ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ലൈറ്റ് കോണ്ടാക്ട്, കിക്ക് ലൈറ്റ് എന്നീ വിഭാഗങ്ങളിലാണ് ആൻമേരിയുടെ സ്വർണനേട്ടം. പോയിന്റ് ഫൈറ്റിൽ മകൻ ക്രിസിന് വെങ്കലവും ലഭിച്ചു. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ആൻമേരി.   

Tags:
  • Spotlight
  • Motivational Story