Friday 05 April 2024 11:52 AM IST : By കൃഷ്ണപ്രിയ ടി ജോണി

‘സാത്താൻ സേവയിലേക്ക് ആകൃഷ്ടരാകുന്നവർ ആദ്യം മാമോദിസ റദ്ദാക്കും, തിരുവോസ്തി മോഷ്ടിക്കും’; കൊച്ചിയിലും കോട്ടയത്തും സംഘങ്ങള്‍ സജീവം

istockphoto-1337217628-612x612

ആഭിചാരങ്ങളുടെയും ദുർമന്ത്രവാദത്തിന്റെയും കുരുക്കിൽപെട്ട്, സ്വന്തം ജീവൻ കളയാൻ മടിയില്ലാതെ, അപകടകരമായ അന്ധവിശ്വാസത്തിന്റെ ഇരുണ്ട കാലത്തേക്കു പോകുകയാണോ മലയാളികളിൽ ചിലരെങ്കിലും? ഏതാനും വർഷങ്ങൾക്കിടെ കേരളത്തിൽ നടന്ന ചില സംഭവങ്ങൾ നൽകുന്ന സൂചന അങ്ങനെയാണ്. 2017ലെ നന്തൻകോട്ടെ കൊലപാതകങ്ങൾ,  2022ൽ പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി, കട്ടപ്പനയിലെ ഇരട്ടക്കൊല തുടങ്ങി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ചില കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പിന്നിൽ സാത്താൻ സേവയും ഉദ്ദിഷ്ടകാര്യസിദ്ധിക്കായുള്ള നരബലിയുമൊക്കെയാണെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. അതിന്റെ ഒടുവിലത്തെ കണ്ണികളാണ് അരുണാചൽ പ്രദേശിൽ ആത്മഹത്യ ചെയ്ത നവീനും ദേവിയും ആര്യയും. 

എന്താണ് സാത്താൻ സേവ?

1966 ൽ ആന്റൺ സാൻഡോർ ലാവേയാണ് സാത്താൻ സഭ (ചർച്ച് ഓഫ് സാത്താൻ) സ്ഥാപിച്ചത്. ദൈവത്തെക്കാൾ പ്രബലനും സകലതിനെയും ചോദ്യം ചെയ്യാൻ കഴിവുള്ളവനും സാത്താനാണെന്ന് സാത്താൻ സേവക്കാർ വിശ്വസിക്കുന്നു. ലൂസിഫറിനെയാണ് സാത്താൻ സഭ ആരാധിക്കുന്നത്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മാലാഖയായ ലൂസിഫർ ഭൂമിയിലേക്ക് പോകാനാഗ്രഹിച്ച് യുദ്ധം ചെയ്തെന്നും പിന്നീട് ദൈവം ശപിച്ച് ഭൂമിയിലേക്കയച്ചെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ലൂസിഫറിന്റെ പിൻഗാമികളാണ് തങ്ങളെന്നാണ് സാത്താൻ വിശ്വാസികൾ കരുതുന്നത്. 

ബ്ലാക്ക് മാസ് ആണ് സാത്താൻ സേവകരുടെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്ന്. വിശ്വാസികൾ വിശുദ്ധവസ്തുക്കളായി മാനിക്കുന്നവയെ അശുദ്ധമാക്കുകയാണ് ഇതിൽ പ്രധാനം. രക്തം ഇറ്റിച്ചോ മലമൂത്ര വിസർജനം നടത്തിയോ പള്ളികളിൽനിന്നുള്ള തിരുവോസ്തി (വിശ്വാസികൾക്ക് നൽകുന്ന അപ്പം) അശുദ്ധമാക്കിയാണ് ബ്ലാക്ക് മാസ് തുടങ്ങുന്നത്. ബൈബിൾ നശിപ്പിക്കുക, മനുഷ്യന്റെ തലയോട്ടിയിൽ വീഞ്ഞ് കുടിക്കുക, അമിത–പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയവയും ഇവരുടെ ആചാരങ്ങളിൽപ്പെടുന്നു.

‘‘സാത്താൻ സേവയിലേക്ക് ആകൃഷ്ടരാകുന്നവർ ആദ്യം ചെയ്യുക മാമോദിസ റദ്ദാക്കലാണ്(അൺബാപ്റ്റിസം). അതിനായി ആദ്യം കൈകൾ ചേർത്തുകെട്ടും. പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നോണം കെട്ടഴിച്ചുമാറ്റും. തുടർന്ന്  മാമോദീസ പൂർണമായും റദ്ദാക്കാനായി ബൈബിളിന്റെ പേജുകൾ കീറും’’– 2023 ൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന സാത്താൻ കോൺഫറൻസിൽ പങ്കെടുത്ത ബിബിസി റിപ്പോർട്ടർ റെബേക്ക സീൽസ് പറഞ്ഞത് ഇങ്ങനെയാണ്. അമേരിക്ക, യുകെ, കാനഡ, ജപ്പാൻ, ഫിൻലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പരസ്യമായിട്ടാണ് സാത്താൻ സേവ നടത്തുന്നത്. എന്നാൽ ഇവരുടെ നീക്കങ്ങൾ സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 

തിരുവോസ്തി മോഷ്ടിക്കുന്ന സാത്താൻ സേവകർ

വർഷങ്ങൾക്കു മുൻപ് പള്ളികളിൽനിന്നു തിരുവോസ്തി മോഷണം പോകുന്ന സംഭവങ്ങൾ കേരളത്തിൽ അടിക്കടിയുണ്ടായിരുന്നു. മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും പോകാത്തതിനാൽ ആരും കേസിനു പോയില്ലെങ്കിലും സാത്താൻ സേവക്കാർക്ക് പണം കൈപ്പറ്റിയോ അല്ലാതെയോ കൈമാറാനാണ് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നതെന്ന് പള്ളി അധികൃതർക്കും പൊലീസിനും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് തിരുവോസ്തി കയ്യിൽ നൽകുന്നതിനുപകരം വൈദികർ വിശ്വാസികൾക്കു നാവിൽവച്ചു നൽകാൻ തുടങ്ങിയത്. തിരുവോസ്തി സ്വീകരിക്കുന്നവർ ഇത് കഴിക്കുന്നുവെന്നും ഇതരമതസ്ഥർക്ക് നൽകുന്നില്ലെന്നും ഉറപ്പാക്കണമെന്നും സിറോ മലബാർ സഭ പള്ളികൾക്ക് കർശന നിർദേശം നൽകിയിരുന്നു.

കേരളത്തിൽ കൊച്ചിയാണ് സാത്താൻ സേവകരുടെ പ്രധാന താവളമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊച്ചിയിലും പരിസരങ്ങളിലും ഇത്തരം പത്തിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിനു ലഭിച്ച രഹസ്യവിവരം. ടൂറിസത്തിൽ മറവിൽ വിദേശികളുടെ നേതൃത്വത്തിലും വിവിധയിടങ്ങളിൽ സാത്താനെ ആരാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

കേരള പൊലീസിനെ ചുറ്റിച്ച ആസ്ട്രൽ പ്രൊജക്‌ഷൻ - പൂര്‍ണ്ണമായും വായിക്കാം

Tags:
  • Spotlight