Thursday 21 December 2023 12:34 PM IST : By സ്വന്തം ലേഖകൻ

‘തണുത്ത വെള്ളത്തിൽ കാൽ മരവിച്ച് നീന്താനാവാതെ മുങ്ങിപ്പോകും’; എട്ടു മാസത്തിനിടെ മാർമല അരുവിയിൽ പൊലിഞ്ഞത് നാലു ജീവന്‍!

marmala-waterfalls

കോട്ടയം തീക്കോയി മാർമല അരുവിയിൽ എട്ടു മാസത്തിനിടെ മുങ്ങിമരിച്ചത് നാലുപേർ. നേവി ഉദ്യോഗസ്ഥൻ ഉൾപ്പെടെ നീന്തൽ അറിയാവുന്നവരാണ് അപകടത്തിൽപ്പെട്ട് മരിച്ചവരെല്ലാം.  പരിചിതമല്ലാത്ത വെള്ളച്ചാട്ടത്തിലേക്ക് അയൽ സംസ്ഥാനക്കാരായ വിനോദസഞ്ചാരികൾ  നിയന്ത്രണമില്ലാതെ എത്തുമ്പോഴും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഹൈദരാബാദ് സ്വദേശി നിര്‍മല്‍ , നേവി ഉദ്യോഗസ്ഥൻ അഭിഷേക്, ബoഗളുരു സ്വദേശി അഫലേഷ് , തമിഴ്നാട് സ്വദേശി മനോജ് കുമാര്‍.. തീക്കോയി മാർമല അരുവിയിൽ മുങ്ങി മരിച്ചവരുടെയും അപകടത്തിൽപ്പെട്ടവരുടെയും പേരുകൾ നീളുന്നു. നീന്തല്‍ അറിയാമെന്ന ധൈര്യവുമായി ഇറങ്ങി അപകടത്തില്‍പെടുന്നവരാണ് ഏറെയും. അരുവിയിലെ ചിലയിടങ്ങളിലെ തണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ കാൽ മരവിച്ച് നീന്താനാവാതെ മുങ്ങിപ്പോകും.. 

മുങ്ങി മരിക്കുന്നവരുടെ പേടിപ്പെടുത്തുന്ന കണക്കുകൾ പുറത്തു വരുമ്പോഴും എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്ന് തന്നെയാണ് ഉത്തരം, സുരക്ഷാ ജീവനക്കാർ വേണമെന്ന് സന്ദർശനം പാസ് വച്ച്‌ നിയന്ത്രണവിധേയമാക്കണമെന്നുമുള്ള നിർദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല. എല്ലാം പരിഗണിക്കാം എന്ന്  പഞ്ചായത്ത് ഉറപ്പു പറയുന്നുണ്ടെങ്കിലും ക്രിസ്മസിനോട് അനുബന്ധിച്ച് നിരവധി വിനോദസഞ്ചാരികൾ എത്താൻ ഇരിക്കെ ക്രമീകരണങ്ങൾ ഒന്നുമില്ല.

Tags:
  • Spotlight