Thursday 11 February 2021 11:03 AM IST

സമരം ചെയ്തതിന് കേട്ടാൽ അറയ്ക്കുന്ന സൈബർ ആക്രമണം, സ്വന്തം നിലപാട് അടിയറവ് വയ്ക്കില്ലെന്ന് ലയ! പിഎസ്‌സി സമരത്തിന്റെ മുഖമായ യുവതി പറയുന്നു, ഞങ്ങൾക്കിത് ജീവിതം

Priyadharsini Priya

Senior Content Editor, Vanitha Online

laya440099

‘‘നടുറോഡിൽ പൊരിവെയിലത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇരിക്കുന്നു. ചിലർ തളർന്ന് കിടക്കുകയാണ്. അസഹ്യമായ ചുടിൽ പലരും തലകറങ്ങിവീഴുന്നുണ്ട്. അവരിൽ രണ്ടു മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തളർച്ച നേരിട്ടവർക്ക് വെള്ളം കൊടുക്കുന്നുണ്ട്. അപ്പോഴേക്കും മന്ത്രിസഭായോഗം കഴിഞ്ഞിരുന്നു. പക്ഷെ, ഇത്രനേരമായിട്ടും ഞങ്ങളുടെ കാര്യത്തിൽ എന്താണ് തീരുമാനം എന്നൊന്നും അറിയില്ല. തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി എന്ന് ചിലർ വന്ന് അറിയിച്ചു. പക്ഷേ, ആ തസ്തികകൾ എന്തിന്റെയാണെന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ. ലാസ്റ്റ് ഗ്രേഡിന്റെ തസ്തികകൾ ആണെങ്കിൽ മാത്രമേ ഞങ്ങൾക്ക് ഉപകാരമുള്ളൂ."- പറയുന്നത് സെക്രട്ടേറിയറ്റിലെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അവകാശ പോരാട്ടത്തിന്റെ മുഖമായി മാറിയ തൃശൂർ സ്വദേശിനി ലയ രാജേഷ്. പോരാട്ടവീഥിയിൽ ചൂടേറ്റ് തളർന്നെങ്കിലും ലയയുടെ സമരവീര്യത്തിന് കുറവൊന്നുമില്ല. അതേക്കുറിച്ച് ചോദിച്ചാൽ ലയയുടെ മറുപടി ഇങ്ങനെ:

‘‘എനിക്ക് ഇപ്പോൾ 36 വയസ്സായി. ഇനി അവസരങ്ങള്‍ കിട്ടില്ല. ആറു വര്‍ഷമായി ഞാൻ പിഎസ്സി പരീക്ഷ എഴുതുന്നു. ആദ്യമായിട്ടാണ് റാങ്ക് ലിസ്റ്റിൽ കയറുന്നത്. 583 മത്തെ റാങ്കാണ്. ഇത് ഒട്ടും മോശമല്ലാത്ത റാങ്കാണ്. മുൻകാലങ്ങളിൽ 1000 റാങ്ക് വരെ നിയമനം നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷയുമുണ്ട്. അടുത്ത ഓഗസ്റ്റ് വരെയാണ് ലിസ്റ്റിന്റെ കാലാവധി. ഇത്തവണ ജോലി കിട്ടിയില്ലെങ്കിൽ എനിക്ക് ഇനിയൊരു സർക്കാർ ജോലി വേണ്ട. അതെന്റെ തീരുമാനമാണ്. മാസങ്ങളോളം കഷ്ടപ്പെട്ട്, ഉറക്കമൊഴിച്ചു പഠിച്ചതാണ്. കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര വർഷമായി. ഞങ്ങൾക്ക് അനുകൂലമായി ഒരു നിർദേശം സർക്കാരിൽ നിന്ന് ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് തീരുമാനം. വരും ദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ സമരവേദിയിൽ എത്തിക്കും, ഞങ്ങൾക്ക് ഇത് അതിജീവനത്തിനുള്ള പോരാട്ടമാണ്. 

വൈറൽ ആകാൻ വേണ്ടി സമരത്തിന് ഇറങ്ങിയതല്ല. ഞാൻ മുൻപും ഇത്തരം പ്രവർത്തനങ്ങളിലൊക്കെ ആക്റ്റീവായി ഇടപെടുന്ന ഒരാളാണ്. തൃശൂർ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് പ്രസിഡന്റ് എന്ന നിലയിൽ രണ്ടര വർഷത്തിൽ അധികമായി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ കാര്യങ്ങൾക്കായി ഓഫിസിലും മറ്റുമായി എല്ലാ കാര്യങ്ങൾക്കും ഓടിനടക്കുന്നത് ഞാനാണ്. പരമാവധി പേർക്ക് ജോലി കിട്ടണം എന്ന ആഗ്രഹത്തിൽ ആണ് പ്രവർത്തിക്കുന്നത്. എന്തൊക്കെയാണ് ഉത്തരവാദിത്തങ്ങൾ എന്ന് എനിക്ക് അന്നുതൊട്ടേ അറിയാം. 26 നു സമരം തുടങ്ങി, തൃശൂർ ജില്ലയിൽ നിന്ന് ഞാനാണ് സമരത്തിന് നേതൃത്വം നൽകിയത്. ഇതൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല, അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ്.’’  

laya00111

സൈബർ അറ്റാക്ക് വന്ന വഴി 

ഞാനൊരു സ്ത്രീയല്ലേ? കണ്മുന്നിൽ ഒരാൾ ഭാര്യയ്ക്ക് വേണ്ടിയും മറ്റൊരാൾ സ്വന്തം ജോലിയ്ക്ക് വേണ്ടിയും തലയിൽ മണ്ണെണ്ണ ഒഴിക്കുന്നു. അവരെ കൊണ്ടുപോയതിനു ശേഷം സ്വാഭാവികമായും സംസാരിക്കുമ്പോൾ വൈകാരികമായി പോകില്ലേ? എന്തായാലും ചിരിക്കാൻ പറ്റുന്ന വികാരമല്ലല്ലോ ആ സമയത്ത് വരുക. സങ്കടം വന്നു, എന്റെ കണ്ണുനിറഞ്ഞു. മാധ്യമങ്ങളുടെ ഇടയിൽ നിന്ന് ഞാൻ മാറിനിന്നു കരഞ്ഞു. എന്റെ കൂടെവന്ന പെൺകുട്ടി ചേർത്ത് പിടിച്ചപ്പോൾ കൂടുതൽ ഇമോഷണലായി. അത് ഫോട്ടോ എടുത്തതൊന്നും ഞാൻ അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് തൃശൂരിൽ നിന്ന് എന്റെ സുഹൃത്തുക്കൾ വിളിച്ചു ഫെയ്സ്ബുക് നോക്കാൻ പറഞ്ഞത്. 2016 ൽ ഞാൻ ഷെയർ ചെയ്ത പോസ്റ്റൊക്കെ നോക്കി എന്റെ രാഷ്ട്രീയം വിലയിരുത്തി അസഭ്യം പറച്ചിൽ തുടങ്ങിയിരുന്നു. സോണിയ ഗാന്ധി, ഇന്ദിരാ ഗാന്ധിയുടെ ഇവരുടെ ചിത്രങ്ങൾ കണ്ടാണ് അവർ എന്നെ കോൺഗ്രസുകാരി ആക്കിയത്. 

എല്ലാം എന്റെ അഭിനയം ആണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. എന്റെ അമ്മയെ കുറിച്ച് കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ വരെ ചിലർ എഴുതി. മരിച്ച അച്ഛനെയും വെറുതേ വിട്ടില്ല. എന്റെ പതിമൂന്നാം വയസ്സിൽ അച്ഛൻ മരിച്ചതാണ്. ഇന്നലെ രാത്രി വരെയും അസഭ്യം പറച്ചിലുകൾ ഉണ്ടായിരുന്നു. എത്രയോ നല്ല പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. അതൊന്നും കാണാതെ അഞ്ചു വർഷം മുൻപുള്ള രണ്ടു പോസ്റ്റുകൾ ഉയർത്തിക്കാട്ടിയാണ് ചീത്തവിളികൾ. ആക്ഷേപമാണ് ഏറെയും. അച്ഛന്റെ വീട്ടുകാർ കോൺഗ്രസ് ആണ്. അമ്മ ഇതുവരെ സിപിഎമ്മിന് മാത്രമാണ് വോട്ട് ചെയ്തിരിക്കുന്നത്. ഭർത്താവിനും എനിക്കും പ്രത്യേക രാഷ്ട്രീയമൊന്നും ഇല്ല.   

എന്റെ ഇഷ്ടം വ്യക്തികളെ നോക്കിയിട്ടാണ്, അല്ലാതെ അതിലെ രാഷ്ട്രീയവും ആദർശവും നോക്കിയിട്ടല്ല. ഇന്ദിരാഗാന്ധിയുടെ പടം വീട്ടിൽ വച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭരണാധികാരിയാണ്. എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൂടെ നിൽക്കാൻ പറ്റില്ല. കാരണം അവർ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്ന ഒരാളല്ല ഞാൻ. എന്റേതായിട്ടുള്ള സ്വതന്ത്ര ചിന്താഗതിയുള്ള, അഭിപ്രായങ്ങൾ എവിടെയും പറയുന്ന ഒരാളാണ്. 

laya44421

തൃശൂരാണ് നാട്, നിലപാടാണ് മെയിൻ

തൃശൂർ കോർപ്പറേഷനിലെ ഒളരിയിലാണ് സ്ഥലം. കലക്ട്രറേറ്റ് ഉൾപ്പെട്ട എന്റെ വാർഡ് സിവിൽ സ്റ്റേഷനാണ്. ആറു വർഷമായി അവിടുത്തെ കുടുംബശ്രീകളുടെ സിഡിഎസ് പ്രസിഡന്റ് ആണ്. രണ്ടു തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു. നിലവിൽ കോർപ്പറേഷനിൽ കുടുംബശ്രീയുടെ സിഡിഎസ് മെമ്പർ കൂടിയാണ് ഞാൻ. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അന്ന് ഇടതുപക്ഷം പറഞ്ഞതു യുഡിഎഫിന്റെ പണം വാങ്ങിച്ചാണ് ഞാൻ മത്സരിക്കുന്നതെന്നാണ്. അവരാകട്ടെ തിരിച്ചും. ബിജെപിക്കാർ അവരുടെ കൂടെ നിൽക്കാനും ക്ഷണിച്ചിരുന്നു. എന്നിട്ടും സ്വതന്ത്രയായി മത്സരിക്കാനാണ് ഞാൻ ശ്രമിച്ചത്. ഇപ്പോഴത്തെ സമരം അവസാനിപ്പിക്കാൻ പുറത്തുനിന്ന് സമ്മർദ്ദം ഒന്നുമില്ല. ഓരോ പാർട്ടിക്കാരും അവരുടെ രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് സമരത്തിന് പിന്തുണ നൽകുന്നതെന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു, എന്നെ അറിയുന്ന സിപിഎം കാരൊന്നും എനിക്കെതിരെ പോസ്റ്റ് ഇടില്ല എന്ന്. അതിനുശേഷം അവരിൽ സമ്മർദ്ദം ഉണ്ടായി. ചിലർ പോസ്റ്റ് ഇട്ടു. പിന്നീടത് ഡിലീറ്റ് ചെയ്തു. 

വ്യക്തിപരമായ അധിക്ഷേപമാണ് കൂടുതലും. നാണംകെട്ട സംസാരങ്ങളാണ്, എനിക്ക് പറയാൻ തന്നെ അറപ്പാകുന്നു. എം എം ഹസന്റെ കൂടെയുള്ള ഒരു സ്ത്രീയുടെ ചിത്രം ഞാനാണെന്ന രീതിയിൽ പങ്കുവച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഞാൻ അനിൽ അക്കരയുടെ ബന്ധുവായി. അനിൽ അക്കര സാംവിധാനം ചെയ്ത നാടകം എന്നുപറഞ്ഞാണ് ആ പോസ്റ്റ് വന്നത്. ‘നിങ്ങൾ ജോലി കൊടുക്കാതെ നടുറോഡിൽ കിടക്കുന്ന എല്ലാ ലയമാരും എന്റെ ബന്ധുക്കളാണ്’ എന്നാണ് ഈ വിഷയത്തിൽ അനിൽ അക്കര പ്രതികരിച്ചത്. 

നാട്ടുകാർക്ക് വേണ്ടി എനിക്ക് പറ്റാവുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്തു കൊടുക്കാറുണ്ട്. രാഷ്ട്രീയം മാറ്റിവച്ച് ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ സത്യസന്ധമാണോ എന്ന് അന്വേഷിക്കണം. ഇന്ന പാർട്ടിയിൽ വിശ്വസിച്ചാൽ മാത്രമേ അവരെ പിന്തുണയ്ക്കാൻ പാടൂ എന്ന നിലപാട് ശരിയല്ല. അതുപോലെ സ്വന്തം പാർട്ടിക്കാർ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. തെറ്റ് ആര് ചെയ്താലും അത് ചൂണ്ടിക്കാണിക്കാൻ കഴിയണം. തെറ്റ് തെറ്റ് തന്നെയാണ്, അത് തുറന്നുപറയാനുള്ള ചങ്കൂറ്റം വേണം.

laya3322

വാഴകൃഷി നശിപ്പിച്ച കർഷക സ്നേഹികൾ

കർഷകസമരത്തെ കുറിച്ച് ചോദിച്ചത് കൊണ്ട് ഞാനൊരു സംഭവം പറയാം. ഞങ്ങളുടെ കുടുംബശ്രീയുടെ ഭാഗമായി കുറച്ചു പുറമ്പോക്ക് സ്ഥലം കിടക്കുന്നുണ്ട്. അവിടെ രാത്രിയായാൽ മദ്യപാനം ഒക്കെയായി സമൂഹവിരുദ്ധരുടെ ശല്യമാണ്. അത് അവസാനിപ്പിക്കാൻ ഞങ്ങൾ അവിടം വൃത്തിയാക്കി വാഴ കൃഷി തുടങ്ങി. അങ്ങനെ ഞങ്ങളുടെ വാഴകളൊക്കെ കുലയ്ക്കാറായ സമയം, അവിടെ കെട്ടിടം പണിയാൻ ആണെന്ന് പറഞ്ഞ് ഇതേ പാർട്ടിക്കാർ വന്ന് ഒരൊറ്റ ദിവസം കൊണ്ട് ജെസിബി വച്ച് ഞങ്ങളുടെ വാഴകളൊക്കെ നശിപ്പിച്ചു. ഈ ആളുകളാണ് കർഷക സമരത്തിന് വേണ്ടി മുന്നോട്ട് ഇറങ്ങുന്നത്. അന്ന് രണ്ടു പാർട്ടിക്കാരോടും ഞങ്ങൾ പരാതി പറഞ്ഞു. രണ്ടുപേരും കൈമലർത്തി കാണിച്ചു. നമ്മുടെ നാട്ടിലെ കർഷകരെ സഹായിക്കാൻ പറ്റാത്തവരാണ് അങ്ങ് ഡൽഹിയിൽ പോയി കർഷകരെ സഹായിക്കുന്നത്.

പറയുന്നത് എന്റെ നിലപാട്

എനിക്ക് അങ്ങനെ പേടിയൊന്നും ഇല്ല. ഞാൻ എന്റെ അഭിപ്രായം ആണ് പറയുന്നത്. അത് മറ്റുള്ളവർ അംഗീകരിക്കണം എന്ന് പറയുന്നില്ലല്ലോ. ജയിച്ചുവരുന്ന ജനപ്രതിനിധികൾ കൃത്യമായി അവരുടെ ജോലി ചെയ്‌താൽ തീരുന്ന പ്രശ്നങ്ങളെ നമ്മുടെ നാട്ടിൽ ഉള്ളൂ.. ഇലക്ഷൻ സമയം വോട്ട് തേടി ഓരോ വീടും കയറി ഇറങ്ങുന്നവർ ജയിച്ചശേഷം മാസത്തിൽ ഒരു തവണയെങ്കിലും ആ വീടുകളിൽ എത്തി അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹരിക്കണം. അങ്ങനെയൊരു സിസ്റ്റം വന്നാൽ നമ്മുടെ നാട്ടിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റും. ഉപയോഗശൂന്യമാകുന്ന നിരവധി ഫണ്ടുകൾ, അനൂകൂല്യങ്ങൾ ഒക്കെയുണ്ട്. അതൊക്കെ ആവശ്യക്കാർ അറിയുന്നില്ല എന്ന് മാത്രം.

ഭർത്താവ് രാജേഷ് ഓട്ടോ ഡ്രൈവറാണ്. രണ്ടു ആൺമക്കളാണ്‌, അദ്വൈതും ദീക്ഷിതും. മക്കൾ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നു. ഭർത്താവ് ഓട്ടോ ഓടിച്ചാണ് കുടുംബം കഴിയുന്നത്. കൊറോണ വന്ന ശേഷം ക്ഷീണമാണ്. പക്ഷെ, പട്ടിണി കിടക്കുന്നൊന്നുമില്ല. രണ്ടു രൂപയ്ക്ക് റേഷനരി കിട്ടുന്നത് കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നു. അത് പറയാൻ അഭിമാനക്കുറവൊന്നും ഇല്ല. ഞാനൊരു സാധാരണ വീട്ടമ്മയാണ്. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസം വഴി സോഷ്യോളജിയിൽ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്. സർക്കാർ ജോലി കിട്ടും എന്ന് തന്നെയാണ് ഇപ്പോഴും എന്റെ പ്രതീക്ഷ. 

layaa544bb
Tags:
  • Spotlight